വിശുദ്ധിയുടെ കീര്‍ത്തിയും അടയാളങ്ങള്‍ക്കും പേരുകേട്ടതിനാല്‍ മദര്‍ ഏലീശ്വയെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികളുടെ പ്രാരംഭമായി 2008-നും 2014നും ഇടയില്‍ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലായി വരാപ്പുഴ അതിരൂപതയുടെ സഭാ കോടതിയില്‍ രൂപതാ അന്വേഷണം നടത്തി. ഇപ്പോള്‍ റുവാണ്ടയില്‍ പ്രേഷിതശുശ്രൂഷ ചെയ്യുന്ന വരാപ്പുഴ സ്വദേശിനിയായ മദര്‍ ഡാഫ്നി സിടിസി സുപ്പീരിയര്‍ ജനറലായിരിക്കെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ് നാമകരണ നടപടികള്‍ക്കായി വിശുദ്ധര്‍ക്കായുള്ള റോമിലെ കാര്യാലയത്തിന്റെ അനുമതി തേടിയത്. 2008 മേയ് 30ന് ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പില്‍ ഏലീശ്വാമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. ഫാ. ആന്റണി പിന്‍ഹീറോ ഒസിഡി ആയിരുന്നു രൂപതാതലത്തിലെ നടപടികള്‍ക്കായുള്ള ആദ്യ പോസ്റ്റുലേറ്റര്‍. റോമിലെ കര്‍മലീത്താ ജനറലേറ്റിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം റോമില്‍ വച്ച് മരിച്ചു. ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പിലിന്റെയും എപ്പിസ്കോപ്പല്‍ ഡെലഗേറ്റായിരുന്ന മോണ്‍. ബ്രൂണോ ചെറുകോടത്തിന്റെയും വേര്‍പാടിനെ തുടര്‍ന്ന് ട്രൈബ്യൂണല്‍ നടപടികള്‍ പുനരാരംഭിച്ചത് മദര്‍ ലൈസ സിടിസി സുപ്പീരിയര്‍ ജനറലായിരിക്ക ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലാണ്.
കേരളത്തിലെ ആദ്യ തദ്ദേശീയ സന്ന്യാസിനീസമൂഹമായ നിഷ്പാദുക കര്‍മലീത്താ മൂന്നാംസഭ (തേര്‍ഡ് ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്സ് ഡിസ്കാല്‍സ്ഡ് – ടിഒസിഡി) സ്ഥാപിച്ചത് മദര്‍ ഏലീശ്വ വാകയില്‍ ആണെന്നതിനു ചരിത്രരേഖകളുടെ ആധികാരിക തെളിവുകള്‍ നിരത്തി ടിഒസിഡിയുടെയും അതില്‍നിന്നു രൂപംകൊണ്ട കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി), സുറിയാനി വിഭാഗത്തിന്റെ കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നിവയുടെയും അടിസ്ഥാന ചരിത്രത്തിന്മേലുള്ള ഗവേഷണ പ്രബന്ധത്തിന് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ സിടിസി 2010 മാര്‍ച്ചില്‍ മദര്‍ ഏലീശ്വയുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്ററായി നിയോഗിക്കപ്പെട്ടു. ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ മുന്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജേക്കബ് പള്ളിപ്പറമ്പില്‍ എപ്പിസ്കോപ്പല്‍ ഡെലഗേറ്റും ഫാ. നെല്‍സണ്‍ ലിവേര പ്രമോട്ടര്‍ ഓഫ് ജസ്റ്റിസും സിഎസ്എസ്ടി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിനീത നോട്ടറിയും സിസ്റ്റര്‍ കൊച്ചുത്രേസ്യ എസ്എംഐ അസിസ്റ്റന്റ് നോട്ടറിയുമായുള്ള ട്രൈബ്യൂണലിന്റെ രൂപതാതലത്തിലുള്ള നടപടികള്‍ 2014 നവംബറില്‍ പൂര്‍ത്തിയായി. ‘സൂപ്പര്‍ വീത്ത, വിര്ത്തൂത്തിബുസ് എത് ഫാമ സാങ്തിതാത്തിസ്’ എന്ന പേരില്‍ 900 പേജുള്ള സമഗ്രമായ ‘പെസിസിയോ’ രേഖ തയാറാക്കുന്നതിന് റോമില്‍ എക്സ്റ്റേണല്‍ കൊളാബൊറേറ്ററായി പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ 2018 മുതല്‍ നാമകരണനടപടികളുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്നു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ധന്യ പ്രഖ്യാപനത്തിലേക്കു നയിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പുണ്യങ്ങളുടെ നാട്ടുവഴികള്‍
കേരളത്തിലെ ആദ്യ തദ്ദേശീയ സന്ന്യാസിനീസമൂഹമായ നിഷ്പാദുക കര്‍മലീത്താ മൂന്നാംസഭ (തേര്‍ഡ് ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്സ് ഡിസ്കാല്‍സ്ഡ് – ടിഒസിഡി) സ്ഥാപിച്ചത് മദര്‍ ഏലീശ്വ വാകയില്‍ ആണെന്നതിനു ചരിത്രരേഖകളുടെ ആധികാരിക തെളിവുകള്‍ നിരത്തി ടിഒസിഡിയുടെയും അതില്‍നിന്നു രൂപംകൊണ്ട കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി), സുറിയാനി വിഭാഗത്തിന്റെ കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നിവയുടെയും അടിസ്ഥാന ചരിത്രത്തിന്മേലുള്ള ഗവേഷണ പ്രബന്ധത്തിന് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ സിടിസി 2010 മാര്‍ച്ചില്‍ മദര്‍ ഏലീശ്വയുടെ നാമകരണത്തിനായുള്ള പോസ്റ്റുലേറ്ററായി നിയോഗിക്കപ്പെട്ടു. ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ മുന്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജേക്കബ് പള്ളിപ്പറമ്പില്‍ എപ്പിസ്കോപ്പല്‍ ഡെലഗേറ്റും ഫാ. നെല്‍സണ്‍ ലിവേര പ്രമോട്ടര്‍ ഓഫ് ജസ്റ്റിസും സിഎസ്എസ്ടി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിനീത നോട്ടറിയും സിസ്റ്റര്‍ കൊച്ചുത്രേസ്യ എസ്എംഐ അസിസ്റ്റന്റ് നോട്ടറിയുമായുള്ള ട്രൈബ്യൂണലിന്റെ രൂപതാതലത്തിലുള്ള നടപടികള്‍ 2014 നവംബറില്‍ പൂര്‍ത്തിയായി. ‘സൂപ്പര്‍ വീത്ത, വിര്ത്തൂത്തിബുസ് എത് ഫാമ സാങ്തിതാത്തിസ്’ എന്ന പേരില്‍ 900 പേജുള്ള സമഗ്രമായ ‘പെസിസിയോ’ രേഖ തയാറാക്കുന്നതിന് റോമില്‍ എക്സ്റ്റേണല്‍ കൊളാബൊറേറ്ററായി പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ 2018 മുതല്‍ നാമകരണനടപടികളുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്നു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ സൂസമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ധന്യ പ്രഖ്യാപനത്തിലേക്കു നയിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മുള്ളരഞ്ഞാണം, ചമ്മട്ടി, മോശമായ സംസാരത്തിന് പ്രായശ്ചിത്തമായി ഉപയോഗിക്കുന്ന കടികോല്, കണ്ണടക്കത്തിനുള്ള വേന്ത, കട്ടിലില്‍ കൂര്‍ത്തകല്ലുകള്‍, തലയണയായി മരപ്പലക തുടങ്ങി ശരീരദണ്ഡനവും അനുതാപവും കര്‍മലീത്താ സന്ന്യസ്തര്‍ക്ക് തപശ്ചര്യയുടെ ഭാഗമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍, മലയാളനാട്ടിലെ ആദ്യത്തെ കന്യാമഠത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വ എന്ന ധന്യയായ എലിസബത്ത് വാകയില്‍ ഉപയോഗിച്ചിരുന്ന പ്രായശ്ചിത്തഅനുഷ്ഠാനങ്ങളുടെ ഉപകരണങ്ങള്‍ കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ഏലീശ്വാഭവന് മ്യൂസിയത്തില്‍ കാണാനാകും. ബാഹ്യമായ ഈ ദണ്ഡനവിധികളെക്കാള് ശ്രേഷ്ഠം ആന്തരിക സഹനങ്ങളാണെന്ന് ഏലീശ്വാമ്മ ‘തങ്ങളെ ദൈവത്തിനു പ്രതിഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ മഹിമകളുടെ മെല്‍,’ ‘ഒരു കന്യാസ്ത്രീ തന്റെ മണവാളന് ഈശൊമിശിഹായുടെ നെരെയുള്ള സ്നെഹത്തില്‍ വളരുന്നതിന്ന ഉത്സാഹിപ്പിക്കുന്ന ചുരുങ്ങിയ ന്യായങ്ങള്‍’ എന്ന തന്റെ പ്രബോധനങ്ങളുടെ കൈയെഴുത്തു നോട്ടുബുക്കുകളില്‍ കുറിക്കുന്നുണ്ട്. ആധുനികകാലത്ത് കേരളസഭയില്‍ രക്തം ചിന്താതെ രക്തസാക്ഷിത്വം വരിച്ച വീരസുകൃതിനിയെ ‘നന്മകൊണ്ട് മുറിവേറ്റവള്‍’ എന്ന് ജീവചരിത്രകാരനായ ഫാ. ജോര്‍ജ് അറയ്ക്കല്‍ വിശേഷിപ്പിക്കുന്നു.
ഉത്തരീയത്തിന്റെ തവിട്ടുനിറം കിട്ടാന്‍ വെള്ളയ്ക്കയും കടുക്കയും ഇടിച്ചുപിഴിഞ്ഞുണ്ടാക്കിയ ചായത്തില്‍ മുക്കിയ വിലകുറഞ്ഞ വെള്ളകോറതുണി തയ്ച്ചുണ്ടാക്കുന്ന സഭാവസ്ത്രം പിഞ്ഞികീറിയാലും കഷ്ണങ്ങള്‍ വച്ചുപിടിപ്പിച്ച് തീരെ മോശമാകുന്നതുവരെ ഉപയോഗിക്കുന്നത് ദാരിദ്ര്യവ്രതത്തിന്റെ ഭാഗമായിരുന്നു. ചാണകം മെഴുകിയ തറയില്‍ കിടക്കാനായി ഒരു തഴപ്പായും തലയണയും വെള്ളമെടുക്കാന്‍ ചിരട്ടപാത്രവും. മരംകൊണ്ടുള്ള കാല്പ്പെട്ടിയില് വസ്ത്രങ്ങള്‍ സൂക്ഷിക്കുകയും അതു മേശയാക്കി നിലത്തിരുന്ന് എഴുതുകയും പെട്ടിപ്പുറത്തിരുന്ന് വായിക്കുകയും തുന്നുകയുമൊക്കെ ചെയ്യും – ഇറ്റലിയിലെ ജനോവയില്‍ നിന്നു കിട്ടിയ കര്‍മലീത്താ രണ്ടാംസഭയുടെ നിയമാവലി മലയാള സംസ്കാരത്തിന് അനുരൂപമായി മൊഴിമാറ്റിയെടുത്ത് കാലാതീതമായ വിശുദ്ധിയുടെ ദൈവാനുഭവത്തില്‍ ജീവിക്കാന്‍ ഭാരതസഭയില്‍ പതിനായിരകണക്കിന് സന്ന്യാസിനിമാര്‍ക്ക് ധ്യാനനിര്‍ലീനതയില്‍ അനന്യമായ മാതൃക സൃഷ്ടിക്കുകയായിരുന്നു ഏലീശ്വ.
മലബാറിലെ റീത്തുവിഭജനത്തിന്റെ നിഷ്ഠുരമായ തീര്‍പ്പുകളില്‍ ഏറ്റവും ഹൃദയഭേദകമായ അനീതിയുടെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ട തന്റെ പുണ്യജീവിതം സഹനത്തിലൂടെ വീണ്ടെടുത്ത മദര്‍ ഏലീശ്വ വരാപ്പുഴയിലെ സെന്റ് ജോസഫ് കോണ്‍വെന്റില്‍ തെരേസ്യന്‍ കര്‍മല സിദ്ധിയുടെ അനശ്വര സുകൃതങ്ങളിലൂടെ മലയാളക്കരയെ മാത്രമല്ല ഭൂഖണ്ഡങ്ങളെയും സാര്‍വത്രികസഭയുടെ പ്രേഷിതചൈതന്യത്തെയും നവീകരിച്ചത് എങ്ങനെയെന്ന് ആഴത്തില്‍ ധ്യാനിക്കാനുള്ള ധന്യവിചിന്തനങ്ങളിലേക്കുള്ള ഒരു തീര്‍ഥാടനം…
പനമ്പുമഠം
തെങ്ങും മുളയും പനമ്പും കൊണ്ടുണ്ടാക്കി ഓലമേഞ്ഞതായിരുന്നു കേരളത്തിലെ ആദ്യത്തെ കന്യകാലയം. താമസയോഗ്യമായ മൂന്നു മുറികളും ഒരു പ്രാര്ഥനാമുറിയും ഒരു ഊട്ടുമുറിയുമാണ് അതില്‍ ഒരുക്കിയിരുന്നത്. കര്‍മലീത്താ മൂന്നാംസഭയുടെ ഇന്ത്യയിലെത്തന്നെ ആദ്യത്തെ സന്ന്യാസിനീസമൂഹത്തിന്റെ മഠം മലയാളനാട്ടിലെ ദരിദ്രരുടെ ജീവിതസാഹചര്യവുമായി അത്രമേല്‍ ഇഴുകിച്ചേരുന്നതാകണം എന്നതായിരുന്നു മൗലികദര്‍ശനം.
വൈപ്പിന്കരയിലെ ഓച്ചംതുരുത്ത് കുരിശിങ്കല്‍ 60 ഏക്കര്‍ കുടുംബസ്വത്തുണ്ടായിരുന്ന വൈപ്പിശ്ശേരി മുന്തിരികപ്പിത്താന്റെ മകളും കൂനമ്മാവില്‍ 480 ഭൂസ്വത്തുണ്ടായിരുന്ന വാകയില്‍ കുടുംബത്തിലെ ഇളയമകന് വത്തരുവിന്റെ ഭാര്യയുമായിരുന്ന ഏലീശ്വ ഇരുപതാം വയസില്‍ വിധവയാകുമ്പോള്‍ ഏഴു വലിയ പുരയിടങ്ങളും വിശാലമായ തെങ്ങിന്‍തോപ്പുകളും മാവിന് തോട്ടങ്ങളും ആറു വലിയ നെല്‍പ്പാടങ്ങളും രണ്ടായിരം രൂപയുടെ പണനിക്ഷേപവും അവളുടെ പേരിലുണ്ടായിരുന്നു. (കൂനമ്മാവ് സെന്റ് ഫിലോമിന ദേവാലയനിര്‍മാണത്തിന് വാകയില്‍ വത്തരുവും സഹോദരന്മാരും ഏറെ സ്ഥലം സംഭാവന ചെയ്തിരുന്നു.) ഏലീശ്വയുടെ മകള്‍ അന്നയ്ക്ക് പിതൃസ്വത്തായി കിട്ടിയ 25 ഏക്കര്‍ വരുന്ന പറമ്പുകളിലൊന്നായ കഷണ്ടിയാന്പറമ്പിലാണ് പനമ്പുമഠം കെട്ടിയത്. നാട്ടിലെ ഏറ്റവും സമ്പന്നമായ തറവാടുകളിലൊന്നിലെ രണ്ടു നിലമാളികയില്‍ കഴിഞ്ഞിരുന്ന ഏലീശ്വ തന്റെ മകള്‍ അന്നയോടൊപ്പം 14 വര്‍ഷത്തോളം തറവാട്ടിലെ കളപ്പുരയില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി താപസജീവിതം നയിച്ചതിന്റെ ഉള്വെളിച്ചവുമായാണ് തെരേസ്യന്‍ കര്‍മലീത്താ സന്ന്യാസജീവിതത്തിന്റെ സിദ്ധി കൈവരിച്ചത്. ഏലീശ്വയെക്കാള് 17 വയസ് ഇളപ്പമുള്ള അനുജത്തി ത്രേസ്യ അന്നയെക്കാള്‍ രണ്ടു വയസ് മൂത്തതായിരുന്നു. ത്രേസ്യയ്ക്ക് പിതൃസ്വത്തായി 14,000 ഫ്രാങ്ക്സ് ലഭിച്ചുവെന്ന് റോമിലേക്ക് പില്ക്കാലത്ത് വരാപ്പുഴ ആര്‍ച്ച്ബിഷപ് അയച്ച ഒരു രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.
1866 ഫെബ്രുവരി 13 ചൊവ്വാഴ്ച രാവിലെ കൂനമ്മാവ് സെന്റ് ഫിലോമിന പള്ളിയില്‍ ധ്യാനവും പ്രാര്‍ഥനയും കുര്‍ബാനയും കഴിഞ്ഞ് പനമ്പുമഠത്തില്‍ പ്രവേശിച്ച ഏലീശ്വയ്ക്കും ത്രേസ്യയ്ക്കും അന്നയ്ക്കും പ്രാര്ഥനാമുറിയില് വച്ച് കര്‍മലീത്താ ഉത്തരീയം നല്‍കിയത് വരാപ്പുഴ വികാരി അപ്പസ്തോലിക്കയുടെ ഡെലഗേറ്റും അവരുടെ കുമ്പസാരക്കാരനും ആത്മീയ ഉപദേഷ്ടാവുമായ യുവ ഇറ്റാലിയന്‍ കര്‍മലീത്ത മിഷനറി ഫാ. ലെയോപോള്‍ഡ് ബെക്കാറോയാണ്. നാട്ടുകാര്‍ കൊച്ചുമൂപ്പച്ചന്‍ എന്നു വിളിച്ചിരുന്ന ഫാ. ലെയോപോള്‍ഡ് അവരെ പരിശുദ്ധ കന്യകാമറിയത്തിന്റെ സിസ്റ്റര്‍ ഏലീശ്വ, ഈശോയുടെ സിസ്റ്റര്‍ ത്രേസ്യ, തിരുഹൃദയത്തിന്റെ സിസ്റ്റര്‍ അന്ന എന്ന സന്ന്യാസനാമം ചൊല്ലിവിളിച്ചു. തവിട്ടുനിറമുള്ള ഉത്തരീയവും വെള്ളനിറത്തില്‍ കൈനീളമുള്ള ചട്ടയും തുണിയും ശിരോവസ്ത്രവുമായി രൂപപ്പെടുത്തിയ നാടനും ആയിരുന്നു സന്ന്യാസവസ്ത്രം. ശ്രേഷ്ഠയായി നിയമിതയായ ഏലീശ്വയ്ക്ക് അന്ന് 34 വയസും, അന്നയ്ക്ക് 15 വയസും ത്രേസ്യയ്ക്ക് 17 വയസുമായിരുന്നു പ്രായം.
പനമ്പുമഠത്തിനോടു ചേര്‍ന്ന്, ആറു രൂപ നല്കി സമീപത്തുള്ള സ്ഥലം വാങ്ങി അടുക്കള നിര്‍മിച്ചതായി ടിഒസിഡി സന്ന്യാസിനീസമൂഹത്തിന്റെ നാളാഗമത്തില്‍ കാണാം. ഉയര്‍ന്ന പുറംവേലിയും അടക്കവേലിയും ഇതിനുള്ളില്‍ ആവൃതി രേഖപ്പെടുത്തുന്നതിന് പ്രത്യേക വേലിയുമുണ്ടായിരുന്നു. ആവൃതി നിയമം കര്‍ശനമായി പാലിച്ചിരുന്നു. പനമ്പുമഠത്തിന്റെ പുറത്തുള്ള പടിക്കകത്ത് പുരുഷന്മാര് കടന്നാല്‍ മൂന്നുമാസത്തെ പള്ളിപ്രായശ്ചിത്തം എന്ന് എഴുതിവച്ചിരുന്നു. കന്യാസ്ത്രീകള്‍ക്ക് നേരെ പള്ളിയിലേക്കു പോകുന്നതിനായി ഒരു വഴിയുണ്ടാക്കാന്‍ അന്യമതസ്ഥനായ ഭൂവുടമ ഫാ. ലെയോപോള്ഡിന് ഭൂമി വിട്ടുകൊടുക്കുന്നുണ്ട്. പള്ളിയില്‍ കന്യാസ്ത്രീകള്‍ക്കായി പ്രത്യേക മുറി ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി ഒരുക്കിക്കൊടുത്തു.
സുറിയാനി അര്‍ഥിനി
ടിഒസിഡി സന്ന്യാസിനീസമൂഹത്തിന്റെ ‘അടിസ്ഥാനശിലകള്‍’ എന്ന് മലബാറിലെ നിഷ്പാദുക കര്‍മലീത്ത സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ കൂടിയായിരുന്ന വരാപ്പുഴ വികാരി അപ്പസ്തോലിക്ക ബെര്ണദീന് ബച്ചിനെല്ലി പ്രഖ്യാപിച്ച ഏലീശ്വ, ത്രേസ്യ, അന്ന എന്നിവരുടെ പനമ്പുമഠത്തിലേക്ക് പുറത്തുനിന്ന് ആദ്യമായി എത്തിയ അര്‍ഥിനി വൈക്കം പുത്തനങ്ങാടി കൊച്ചുവര്‍ക്കി വൈദ്യന്റെ മകള്‍ ഏലീശ്വ (അച്ചാമ്മ) എന്ന സുറിയാനിക്കാരിയാണ്. പതിനാലാം വയസില്‍ വിവാഹിതയായി 24-ാം വയസില്‍ വിധവയായ അച്ചാമ്മ 13 കൊല്ലം സഹോദരന് ഇസഹാക്ക് വൈദ്യരുടെകൂടെ സ്വന്തം ഭവനത്തില്‍ കഴിയുകയായിരുന്നു. കൂനമ്മാവ് സെന്റ് ഫിലോമിന ആശ്രമത്തിലെ പ്രിയോര്‍ ആയിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ് മുപ്പത്തേഴുകാരിയായ അച്ചാമ്മയെ പനമ്പുമഠം ആശീര്‍വദിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഫാ. ലെയോപോള്ഡിനു ശുപാര്‍ശ ചെയ്തത്. അവളുടെ ദൈവവിളിസംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിട്ടില്ലാത്തതിനാല്‍ സഭാപ്രവേശനം അദ്ദേഹം നീട്ടിവയ്പ്പിച്ചു.
ടിഒസിഡി മഠം ആരംഭിച്ചതിന്റെ പിറ്റേന്ന് ഫാ. ലെയോപോള്‍ഡ് മഠാധിപയായ ഏലീശ്വയോട് ചോദിച്ചു: ”ഒരു പുതിയ അര്ഥിനിയെക്കൂടി സ്വീകരിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടോ?”
”ഞങ്ങള്‍ക്ക് ഒരു കൂടപ്പിറപ്പുകൂടെ ഉണ്ടാകുന്നത് അത്രയും സന്തോഷമല്ലോ” എന്നായിരുന്നു ശ്രേഷ്ഠത്തി ഏലീശ്വയുടെ മറുപടി. അച്ചാമ്മയെ കൂട്ടിക്കൊണ്ടുവരാന്‍ ഫാ. ലെയോപോള്‍ഡ് നിര്‍ദേശിച്ചതുപ്രകാരം ചാവറയച്ചന് അര്ഥിനിയെ കൊണ്ടുവന്നു.
തന്റെ മുന്പില് മുട്ടുകുത്തിനിന്ന അച്ചാമ്മയോട് ഫാ. ലെയോപോള്‍ഡ് ചോദിച്ചു: ”ഇവര്‍ക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് മരിപ്പൊളം ഇവിടെ പാര്പ്പാന് മനസ്സുണ്ടോ?” മനസ്സായിരിക്കുന്നു എന്ന് അച്ചാമ്മ പറഞ്ഞു. ”ഈ പാവപ്പെട്ട എന്നെക്കൂടെ നിങ്ങളുടെ വേലക്കാരിയായിട്ട് കൈക്കൊള്ളണമെന്ന് ശ്രേഷ്ഠത്തിയുടെ മുമ്പില്‍ മുട്ടുകുത്തി അപേക്ഷിക്ക” എന്ന് ഫാ. ലെയോപോള്‍ഡ് നിര്‍ദേശിച്ചു. മദര്‍ ഏലീശ്വായുടെ മുമ്പില്‍ മുട്ടുകുത്തി അപ്രകാരം അപേക്ഷിച്ച അച്ചാമ്മയെ സ്വീകരിച്ചുകൊണ്ട് മദര്‍ ഏലീശ്വ പറഞ്ഞു: ”ഞങ്ങള്‍ പാവപ്പെട്ടവരും പിച്ചക്കാരും ആകുന്നു. ഞങ്ങളില്‍ ഒന്നുപോലെ കൂടപ്പിറപ്പിനെയും കൈക്കൊള്ളാനും ദൈവം തന്ന ഭിക്ഷ നാം കൈക്കൊണ്ടു പാര്‍പ്പാനും മനസ്സായിരിക്കുന്നു.”
സിസ്റ്റര്‍ ക്ലാര എന്ന പേരാണ് അച്ചാമ്മയ്ക്ക് ഫാ. ലെയോപോള്‍ഡ് നല്‍കിയത്. പനമ്പുമഠത്തില്‍ മറ്റൊരു മുറിയോ കട്ടിലോ ഇല്ലായിരുന്നതിനാല്‍ മദര്‍ ഏലീശ്വ സിസ്റ്റര്‍ അന്നയുടെ മുറി ക്ലാരയ്ക്കു നല്കി തന്റെ മുറിയില്‍ നിലത്ത് പായില്‍ കിടക്കാന്‍ അന്നയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഊണുമുറി വിഭജിച്ച് അന്നയ്ക്ക് ഒരു കൊച്ചുമുറി അനുവദിച്ചു. ടിഒസിഡിയില് നിന്നു രൂപംകൊണ്ട കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്ന സുറിയാനി വിഭാഗത്തിന്റെ നാളാഗമത്തിലും രേഖപ്പെടുത്തിയിട്ടുള്ള ആഖ്യാനമാണിത്.
മദര്‍ ഏലീശ്വയുടെ വലിയ വ്യാകുലങ്ങള്ക്കും ടിഒസിഡി സമൂഹത്തിന്റെ വിഭജനത്തിനും കൊടിയ കൃതഘ്നതയ്ക്കും അനീതിക്കും ഇടയാക്കിയ ചരിത്രഗതിയിലെ ഒരു ദുര്‍ന്നിമിത്തമായി ക്ലാരയുടെ വരവിനെ കാലം അടയാളപ്പെടുത്തുമ്പോഴും, അവളെ കൂടപ്പിറപ്പായി ആശ്ലേഷിക്കാതിരിക്കാന് ആ മഹാസുകൃതിനിക്കു കഴിയുമായിരുന്നില്ല.
സെന്റ് തെരേസാസ് കോണ്‍വെന്റ്
ഇറ്റലിയിലെ ജനോവയില്‍ നിന്ന് കര്‍മലീത്ത രണ്ടാംസഭയിലെ സന്ന്യാസിനിമാരെ മലബാറിലേക്കു കൊണ്ടുവരാന്‍ പദ്ധതി തയാറാക്കിയ വികാരി അപ്പസ്തോലിക്ക ബെര്ണദീന് ബച്ചിനെല്ലി 1859-ല്‍ വരാപ്പുഴയ്ക്ക് അടുത്തുള്ള പുത്തന്‍പള്ളിയില്‍ ഒന്‍പത് ഏക്കര്‍ വരുന്ന മൂന്നുമുറി പറമ്പ് 188 പുത്തന്‍ വാര്‍ഷിക പാട്ടത്തിന് വാങ്ങി അഞ്ചുകോല്‍ പൊക്കമുള്ള മതില്ക്കെട്ടോടെ രണ്ടുവര്‍ഷംകൊണ്ട് പരിശുദ്ധ അമലോദ്ഭവ കര്‍മല ദൈവമാതാവിന്റെ നാമത്തില്‍ രണ്ടുനിലയുള്ള കന്യാസ്ത്രീമഠം നിര്‍മിക്കാന്‍ തന്റെ വികാരി ജനറല്‍ ഫാ. ഫിലിപ്പ് ഓഫ് സെന്റ് ജോസഫ് എന്ന കര്‍മലീത്ത മിഷനറിയെ നിയോഗിച്ചിരുന്നു. മലബാറിലെ സുറിയാനി കത്തനാര്മാരുടെ വൈദികപരിശീലനത്തിനുള്ള പരമ്പരാഗത മല്പാനേറ്റുകള്‍ നിര്‍ത്തലാക്കി വരാപ്പുഴ, പുളിങ്കുന്ന്, മാന്നാനം, എല്‍ത്തുരുത്ത്, വാഴക്കുളം സെമിനാരികളില്‍ പഠിച്ചവര്‍ക്കു മാത്രമേ വൈദികപട്ടം കൊടുക്കൂ എന്ന ബച്ചിനെല്ലിയുടെ നിലപാടിനെ വെല്ലുവിളിച്ച് ബാബേലിലെ യൗസേപ്പ് ഔദോ പാത്രിയാര്‍ക്കീസിന് നിവേദനം നല്കി തോമ്മാ റോക്കോസ് എന്ന മെത്രാനെ സുറിയാനിക്കാര്‍ 1861 മേയില്‍ കൊച്ചിയില്‍ വരുത്തിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത ശീശ്മയുടെ വലിയ പ്രതിസന്ധി തരണം ചെയ്ത ഘട്ടത്തില്‍ പുത്തന്‍പള്ളിയില്‍ യൂറോപ്യന്‍ മഠത്തിനുവേണ്ടി നിര്‍മിച്ച കെട്ടിടം മലബാറിലെ സുറിയാനിക്കാര്‍ക്കും ലത്തീന്കാര്ക്കുമായുള്ള സെന്‍ട്രല്‍ സെമിനാരിയാക്കി മാറ്റാന്‍ വികാരി അപ്പസ്തോലിക്ക തീരുമാനിക്കയായിരുന്നു.
ഈ നാടിന്റെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ തദ്ദേശീയരായ സന്ന്യാസിനിമാര്‍ തന്നെയാണ് നല്ലത് എന്ന് റോമിലെ നിഷ്പാദുക കര്‍മലീത്താസഭയുടെ സുപ്പീരിയര്‍ ജനറലിന് എഴുതിയ ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി ജനോവയിലെ കര്‍മലീത്ത രണ്ടാംസഭയുടെ നിയമാവലി വരുത്തുകയും അത് മലബാറിലെ സാഹചര്യങ്ങള്‍ക്ക് പാകത്തില്‍ ഭേദഗതി ചെയ്ത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്താന്‍ ഫാ. ലെയോപോള്‍ഡിനെ ഏല്പിക്കുകയും ചെയ്തുകൊണ്ടാണ് ഏലീശ്വ, ത്രേസ്യ, അന്ന എന്നിവരെ അതുപ്രകാരം പരിശീലിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ടിഒസിഡി സന്ന്യാസിനീസമൂഹത്തിന് അടിസ്ഥാനമിട്ടത്. രണ്ടുവര്‍ഷംകൊണ്ട് അര്‍പ്പിതരുടെ എണ്ണം എട്ടായതോടെ കൂടുതല്‍ ഭദ്രതയും കെട്ടുറപ്പുമുള്ള വലിയ മഠം പണിയാന്‍ ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി ഫാ. ലെയോപോള്‍ഡിനെ ചുമതലപ്പെടുത്തി.
അന്നയുടെ പിതൃസ്വത്തായി കിട്ടിയ പതിനായിരം രൂപയും ബച്ചിനെല്ലി പിതാവ് സംഭാവന ചെയ്ത 8,000 രൂപയും ത്രേസ്യയുടെ പത്രമേനിയായി വൈപ്പിശ്ശേരി കുടുംബത്തില്‍ നിന്നു കൊടുത്ത പതിനായിരം രൂപയും മഠത്തിനു മൂലധനമായി ഉണ്ടായിരുന്നു. പനമ്പുമഠത്തിനു സമീപം തളിച്ചുവാ പുരയിടം വാങ്ങി അവിടെയാണ് 1866 സെപ്റ്റംബറില്‍ ഫാ. ലെയോപോള്‍ഡ് ”അമ്മത്രേസ്യയ്ക്കു സമര്‍പ്പിച്ചിരിക്കുന്നു. അമ്മ സഹായിക്കുന്നില്ലെങ്കില്‍ എന്നാല്‍ ഒന്നും സാധിക്കില്ല” എന്നെഴുതിയ കടലാസില്‍ പരിശുദ്ധ മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധ അമ്മത്രേസ്യയുടെയും കാശുരൂപങ്ങള്‍ പൊതിഞ്ഞ് അതിന്മേല് കല്ലുവച്ച്, 13 പേര്‍ക്ക് താമസിക്കാന്‍ തക്കവണ്ണം രണ്ടുനിലയുള്ള മഠത്തിന്റെ പണി തുടങ്ങിയത്. 1867 മാര്‍ച്ച് 27ന് സെന്റ് തെരേസാസ് മഠത്തിന്റെ ആശീര്‍വാദം ഫാ. ലെയോപോള്‍ഡ് നിര്‍വഹിച്ചു. അന്നുതന്നെ ഏലീശ്വ, അന്ന, ത്രേസ്യ, ക്ലാര എന്നിവര്‍ക്ക് ഫാ. ലെയോപോള്‍ഡ് സഭാവസ്ത്രം നല്കി. 1868 ജൂലൈ 16ന് നാലുപേരും വ്രതവാഗ്ദാനം നടത്തിയതും ഫാ. ലെയോപോള്‍ഡിന്റെ കാര്‍മികത്വത്തിലാണ്. മഠത്തിന്റെ ശ്രേഷ്ഠത്തിയായി മദര്‍ ഏലീശ്വ തുടര്‍ന്നു. അന്ന ഉപശ്രേഷ്ഠത്തിയും നോവിസ് മിസ്ട്രസുമായി നിയമിതയായി.
കോണ്‍വെന്റ് സ്കൂള്‍
കൂനമ്മാവിലെ കുടിപ്പള്ളിക്കൂടത്തിലെ തണ്ണിക്കോട്ട് വറീത് സാല്‍വദോര്‍ ആശാന് മാസം 16 പുത്തന്‍ ശമ്പളം നല്‍കുന്നതിന് ഇടവകയുടെയും നാട്ടുകാരായ നാലു പ്രമുഖ കുടുംബങ്ങളുടെയും വിഹിതം ഉറപ്പാക്കി നാലു പുത്തന്‍ തന്റെ ഭാഗത്തുനിന്നും സംഭാവന ചെയ്ത് മലയാളക്കരയില്‍ അധ്യാപകര്‍ക്ക് ദക്ഷിണയ്ക്കു പകരം ശമ്പളവ്യവസ്ഥ നടപ്പാക്കുകയും, 1856-ല്‍ ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന ചരിത്രപ്രധാനമായ സര്‍ക്കുലറിലൂടെ ഓരോ കരയിലും ജാതിമതലിംഗ വ്യത്യാസമില്ലാതെ ഏവര്‍ക്കും സൗജന്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഒന്നോ അതിലധികമോ പള്ളിക്കൂടങ്ങള്‍ പണിയുന്നതിന് കല്പന പുറപ്പെടുവിക്കുകയും ചെയ്ത ആര്‍ച്ച്ബിഷപ് ബെര്ണദീന് ബച്ചിനെല്ലി, കൂനമ്മാവിലെ അമ്മത്രേസ്യയുടെ ടിഒസിഡി സന്ന്യാസിനീ സമൂഹത്തിന് ബാഹ്യ അപ്പസ്തോലിക പ്രേഷിതശുശ്രൂഷയായി സ്ത്രീവിദ്യാഭ്യാസ ദൗത്യം 1868 ജൂലൈ 20ന് കല്പിച്ചുനല്കി.
കോണ്‍വെന്റിന്റെ രണ്ടു മുറികള്‍ ക്ലാസ്റൂമാക്കി മാറ്റി. കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്കൂളിന്റെ തുടക്കം അതായിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസായി ഇരുപത്തിമൂന്നുകാരി സിസ്റ്റര്‍ ത്രേസ്യ ചുമതലേറ്റു. മലയാളം, തമിഴ് ഭാഷകളും ഗദ്യരചന, പദ്യരചന, കണക്ക്, ശാസ്ത്രം, പാചകം, സംഗീതം, തയ്യല്‍, കൊന്തകെട്ട്, കൈത്തൊഴിലുകള്‍, കരകൗശലം തുടങ്ങിയവയും വിശ്വാസത്തിലൂന്നിയുള്ള ജീവിതക്രമം, പ്രതിസന്ധികളെ നേരിടേണ്ടവിധം, നല്ല കുടുംബാന്തരീക്ഷത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പെണ്‍കുട്ടികള്‍ക്കായുള്ള പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ എണ്ണം 150 ആയതോടെ 1879-ല്‍ ബച്ചിനെല്ലിയുടെ പിന്‍ഗാമി ആര്‍ച്ച്ബിഷപ് ലെയൊനാര്‍ഡ് മെല്ലാനൊ മഠം വളപ്പില്‍ സ്ഥാപിച്ച സെന്റ് ജോസഫ് എല്‍പി സ്കൂള്‍ ഇന്നും നിലകൊള്ളുന്നു. ജാതിമതഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന മിഷന് വരാപ്പുഴ വികാരിയാത്തില്‍ ആദ്യം ഏറ്റെടുത്തത് കൂനമ്മാവിലെ ടിഒസിഡി സമൂഹമാണ്.
യൗസേപ്പിതാവിനു പ്രതിഷ്ഠിച്ച ഒരു അനാഥാലയവും വിശുദ്ധ അന്നയുടെ നാമത്തില്‍ ഒരു ബോര്‍ഡിങ് ഹൗസും (എദുക്കുംദാത്ത്) സെന്റ് തെരേസാസ് കോണ്‍വെന്റിനോട് അനുബന്ധിച്ച് ആരംഭിച്ചു. ”എദുക്കുംദാത്തില് കൈക്കൊള്ളുവാനുള്ള പൈതങ്ങള് എട്ടുവയസു തികഞ്ഞിരിക്കുന്നവരും പതിനാറുവയസിനുമീതെ ആകാത്തവരുമായിരിക്കയും വേണം. ഏത് ഇടവകക്കാരും അവസ്ഥക്കാരും ആയിരുന്നാലും ശ്രേഷ്ഠത്തിയമ്മയ്ക്ക് കൈക്കൊള്ളുകയുമാം. കൈക്കൊണ്ടശേഷം എപ്പോഴെങ്കിലും കാരണവന്മാര്ക്ക് കൊണ്ടുപോകയുമാം” എന്ന് നിയമാവലിയില്‍ പറയുന്നു. ”പൈതങ്ങളെ ദൈവഭീതിയിലും പട്ടാങ്ങയുള്ള പുണ്യത്തിലും മറ്റും വളര്‍ന്നുവരാനായി പ്രത്യേകം ഗുണദോഷിക്കണം. മലയാഴ്മയും തമിഴും വായനയും വേദോപദേശവും കൂട്ടമായ നമസ്കാരങ്ങളും ഓലയിലും കടലാസിലും ഉള്ള എഴുത്തും നല്ല കുടുംബത്തില്‍ അമ്മയാകുന്നതിനുള്ള ക്രമവും വെടിപ്പും പഠിപ്പിക്കയും വേണം.” സിസ്റ്റര്‍ ക്ലാരയായിരുന്നു ആദ്യ ബോര്‍ഡിങ് മിസ്ട്രസ്. കൊല്ലം, പുളിങ്കുന്ന്, അര്‍ത്തുങ്കല്‍, വൈക്കം, പള്ളുരുത്തി എന്നിവിടങ്ങളില്‍ നിന്നു പെണ്‍കുട്ടികള്‍ ബോര്ഡിങ്ങില് നിന്നു പഠിക്കാനെത്തിയിരുന്നു. വിശുദ്ധ എവുപ്രാസിയമ്മ 1888-ല്‍ കൂനമ്മാവിലെ ബോര്ഡിങ്ങില് പഠിക്കാനെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍വെന്റ് ബോര്ഡിങ്ങില് പഠിച്ചവരില്‍ പലരും സമര്‍പ്പിതജീവിതം സ്വീകരിച്ചു, ഏറെപ്പേര്‍ അധ്യാപികമാരായി. പെണ്‍കുട്ടികളെയും നിരാലംബരും വിധവകളുമായ സ്ത്രീകളെ സംരക്ഷിക്കാനും അവരുടെ സാമൂഹിക ശക്തിമത്കരണത്തിനായി തൊഴില്‍പരിശീലനം നല്‍കാനും മദര്‍ ഏലീശ്വ കേരളത്തിനു വഴികാട്ടിയായി.
പുറപ്പാട്
സുറിയാനിക്കാരെ വരാപ്പുഴ വികാരിയാത്തില്‍ നിന്ന് വേര്‍തിരിച്ച് തൃശൂര്‍, കോട്ടയം വികാരിയാത്തുകളുടെ അധികാരപരിധിയിലാക്കിയതിനെ തുടര്‍ന്നുള്ള അതിര്ത്തിനിര്ണയത്തില് കൂനമ്മാവ് പ്രദേശം തൃശൂര്‍ വികാരിയാത്തിന് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് കൂനമ്മാവ് പള്ളിയും ആശ്രമവും സെന്റ് തെരേസാസ് മഠവും കൈയടക്കാന്‍ സുറിയാനിക്കാര്‍ പ്രയോഗിച്ച കുടിലതന്ത്രങ്ങളില്‍ ഏറ്റവും വലിയ ക്ഷതമേറ്റത് മദര്‍ ഏലീശ്വയ്ക്കും ലത്തീന്‍ റീത്തുകാരായ ടിഒസിഡി സിസ്റ്റേഴ്സിനുമാണ്. ”ശീശ്മയിലേക്കു പോകാന്‍ വ്യഗ്രതയുള്ള സുറിയാനിക്കാരെ പ്രീണിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും, ലത്തീന്കാര് ഇടഞ്ഞാലും അവര്‍ റോമിനെതിരെ തിരിയുകയില്ല” എന്ന ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്ന അപ്പസ്തോലിക ദലഗാത്ത് ബിഷപ് ആന്‍ഡ്രൂ അയൂത്തിയുടെ മുന്നറിയിപ്പ് അംഗീകരിച്ചതു പോലെയായിരുന്നു റോമില്‍ നിന്നുള്ള വിധിതീര്‍പ്പ്.
കൂനമ്മാവ് പള്ളി ലത്തീന്‍കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് കുറച്ചുനാള്‍ പൂട്ടിയിട്ടു. ഒടുവില്‍ പള്ളിയും ആശ്രമവും ലത്തീന്കാരുടേതുതന്നെയെന്ന് റോം കല്പിച്ചു. ലത്തീന്‍കാര്‍ക്കുവേണ്ടി ബച്ചിനെല്ലി 1857-ല്‍ സ്ഥാപിച്ച സെന്റ് ഫിലോമിന ആശ്രമത്തിലുണ്ടായിരുന്ന സുറിയാനി സന്ന്യാസിമാര്‍ 2,000 രൂപ നഷ്ടപരിഹാരം കൈപ്പറ്റിയാണ് 1889 മാര്‍ച്ച് മൂന്നിന് സ്ഥലം ഒഴിഞ്ഞത്. എന്നാല്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ സ്വന്തം ഗൃഹത്തില്‍ 24 വര്‍ഷം ഹൃദയത്തോടുചേര്‍ത്ത് വളര്‍ത്തിയെടുത്ത സെന്റ് തെരേസാസ് മഠം തങ്ങള്‍ ‘കൂടപ്പിറപ്പുകള്‍’ എന്നു വിളിച്ച് കൂടെതാമസിപ്പിച്ച അതിഥിക്കൂട്ടം ഒരു തത്ത്വദീക്ഷയുമില്ലാതെ കൈവശപ്പെടുത്തി മദര്‍ ഏലീശ്വയെയും മദര്‍ ത്രേസ്യയെയും കൂട്ടരെയും വെറുംകൈയോടെ ഇറക്കിവിടുകയായിരുന്നു. രോഗബാധിതയായി 1871 മേയില്‍ മരിച്ച് സെന്റ് തെരേസാസ് മഠത്തിലെ കപ്പേളയില്‍ അടക്കം ചെയ്യപ്പെട്ട മദര്‍ അന്നയുടെ കല്ലറ പോലും അന്യാധീനമായി. ”മലബാറില്‍ ഒരു കന്യാസ്ത്രീമഠത്തിന്റെ സംസ്ഥാപനത്തില്‍ സഹസ്ഥാപികയായി ഭവിച്ച്, പിതൃവഴിക്ക് തനിക്ക് അവകാശമായി കിട്ടിയ സ്വത്തു മുഴുവന്‍ ഈ പ്രസ്ഥാനത്തിനു നല്‍കുകയും ചെയ്ത…” സിസ്റ്റര്‍ അന്നയെ കബറിടത്തിലെ ലിഖിതത്തില്‍ അനുസ്മരിക്കുന്നുണ്ട്.
റീത്തുവിഭജനം നടക്കുമ്പോള്‍ സെന്റ് തെരേസാസ് മഠത്തില്‍ ലത്തീന്‍ സഹോദരിമാര്‍ ഏഴുപേര്‍ മാത്രമായിരുന്നു. സുറിയാനിക്കാര്‍ 19 പേരുണ്ടായിരുന്നു. വിഭജനത്തിന് ഒരുകൊല്ലം മുന്‍പുതന്നെ മഠത്തിലെ സുറിയാനി മദര്‍ കാതറൈന് ലത്തീന്‍കാരെ വീട്ടുതടങ്കലിലാക്കിയതുപോലെയായിരുന്നു. 1890 സെപ്റ്റംബര്‍ 17ന്, കേരളത്തിലെ പ്രഥമ കന്യാസ്ത്രീയും പ്രഥമ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപികയുമായ മദര്‍ ഏലീശ്വയും സഹകന്യാസ്ത്രീമാരും അഭയാര്‍ഥികളെ പോലെ കൂനമ്മാവ് മഠത്തോടു വിടവാങ്ങി കൂനമ്മാവ് പള്ളിക്കടവില്‍ നിന്ന് വള്ളത്തില്‍ എറണാകുളത്തേക്ക് യാത്രയായി. കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സമൂഹത്തിന്റെ സ്ഥാപിക ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയും കാന്തിദിയൂസ് പാദ്രിയും അവരെ ഹൃദയാര്‍ദ്രതയോടെ സ്വീകരിച്ചു. എറണാകുളത്ത് സിഎസ്എസ്ടി കോണ്‍വെന്റ് വളപ്പിലെ ഒരു ചെറുകെട്ടിടത്തില്‍ 52 ദിവസം കഴിഞ്ഞ മദര്‍ ഏലീശ്വയെയും കൂട്ടരെയും വരാപ്പുഴയില്‍ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് കത്തീഡ്രലിന് സമീപം ആര്‍ച്ച്ബിഷപ് ലെയൊനാര്‍ഡ് മെല്ലാനൊ ”യൗസേപ്പ് പുണ്യവാളന്റെ നാമധേയത്തില്‍ കാനോനമുറയ്ക്ക് സ്ഥാപിച്ച ലത്തീന്‍ റീത്തിലെ ക.ദി. മൂന്നാംസഭ കന്യാസ്ത്രീകളുടെ ആശ്രമത്തിലേക്ക്” 1890 നവംബര്‍ 10ന് വരവേറ്റത്.
കൂനമ്മാവിന്റെ സുകൃതം
പരിശുദ്ധ കന്യകാമറിയത്തിന്റെ മദര്‍ ഏലീശ്വ എന്ന ധന്യ എലിസബത്ത് വാകയിലിന്റെ വീരോചിത പുണ്യങ്ങള്‍ സാര്‍വത്രികസഭ അംഗീകരിക്കുന്നതിന്റെ കൃപാപൂരിതമായ ആഘോഷത്തില്‍ കൂനമ്മാവ് ഗ്രാമം കര്‍മലീത്ത പൈതൃകത്തിന്റെ അനുപമ ചരിത്രസൗഭാഗ്യങ്ങള്ക്ക് ഒരിക്കല്‍ കൂടി നന്ദിചൊല്ലുകയാണ്.
കര്‍മലീത്താ സന്ന്യാസജീവിതത്തിന്റെ അടയാളമായ ഉത്തരീയം, കൊന്ത, കാശുരൂപം, ക്രൂശിതരൂപം എന്നിവ തൊട്ട് വിശ്വാസജീവിതവും ഭക്ത്യാനുഷ്ഠാനങ്ങളും ആധ്യാത്മികചര്യകളുമായി ബന്ധപ്പെട്ട പൂജ്യവസ്തുക്കളും മെഴുകുതിരികളും തിരികാലുകളും തിരുസ്വരൂപങ്ങളും തിരുവസ്ത്രങ്ങളും മറ്റുമായി ബന്ധപ്പെട്ട റിലീജിയസ് ആര്‍ട്ടിക്കിള്‍സ്, സാക്രമെന്റല്‍സ് ഉത്പന്നങ്ങളുടെ വലിയൊരു ആവാസവ്യവസ്ഥ കൂനമ്മാവിന് വിശുദ്ധിയുടെ നറുമണം പകരുന്നു. കര്‍മലീത്താ സന്ന്യസ്തര്‍ അരപ്പട്ടയോടൊപ്പം വലിയ കൊന്തയും കുരിശുരൂപവും അണിയുന്ന പാരമ്പര്യമുണ്ട്. കേരളത്തിലെ ആദ്യത്തെ കന്യാമഠത്തില്‍ കൊന്തകെട്ട് പരിശീലിപ്പിച്ചു തുടങ്ങിയതില്‍ നിന്നാകണം റോമിലെയും വിശുദ്ധനാട്ടിലെയും ജപമാല വിപണിയെ വരെ അതിശയിക്കുന്ന കൂനമ്മാവ് കൊന്തകെട്ടിന്റെ മഹിമയുടെ രഹസ്യം ലോകം ഏറ്റുചൊല്ലിക്കൊണ്ടിരിക്കുന്നത്.
മദര്‍ ഏലീശ്വായുടെ കാലത്ത് കൊന്തകെട്ടല് ആരംഭിച്ചതിനെക്കുറിച്ച് കൂനമ്മാവ് ടിഒസിഡി നാളാഗമത്തിലെ പതിനൊന്നാം പേജില്‍ കുറിച്ചിട്ടുണ്ട്. തങ്ങള്‍ 1866ല്‍ പനമ്പുമഠത്തിലേയ്ക്ക് മാറിയപ്പോള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഒന്നൊന്നായി അടുക്കിവച്ചെന്നും അതില്‍ കൊന്തകെട്ടാനുള്ള കെട്ടിലും മണിയും കമ്പിയുമുണ്ടായിരുന്നുവെന്നും ഏലീശ്വാമ്മ രേഖപ്പെടുത്തിയിരിക്കുന്നു. കൊന്തകെട്ടല് കൈത്തൊഴില്‍ മാത്രമല്ല ധ്യാനാത്മകമായ പ്രാര്‍ഥനയും വിശ്വാസപരിശീലനത്തിന്റെ ആദ്യപാഠവും കൂടിയാണെന്ന തിരിച്ചറിവ് മദറിനുണ്ടായിരുന്നു. പരിശുദ്ധ അമ്മയെ സ്നേഹിക്കാനും അമ്മയോട് പ്രാര്‍ഥിക്കാനും വീടുകളില്‍തന്നെ ജപമാല ഉണ്ടാക്കണമെന്ന് ഏലീശ്വാമ്മ നിര്‍ദേശിച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും കോര്‍ത്തിണക്കുന്ന കൂട്ടായ്മയുടെ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ കൈത്തൊഴിലിനു കഴിയുമെന്നും കാലം തെളിയിച്ചു. കൊന്ത, കാശുരൂപം, വെന്തീഞ്ഞ എന്നിവയുടെ ഉത്പാദനത്തില്‍ പങ്കാളികളാകുന്നത് കൂനമ്മാവ് മേഖലയില്‍ ക്രൈസ്തവരെക്കാള്‍ കൂടുതല്‍ അന്യമതസ്ഥരാണ്.
ലാ കൊറോണ ദെല്‍ റോസാരിയോ എന്ന സ്ഥാപനം കൊവിഡ് മഹാമാരിക്കാലത്തും കൂനമ്മാവിലെ ആയിരത്തോളം ഭവനങ്ങളില്‍ കോര്‍ത്തിണക്കിയ ജപമാലകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. ആയിരത്തില്‍പ്പരം ആളുകള്‍ ഇവിടെനിന്ന് കൊന്തനിര്മിക്കാനുള്ള സാമഗ്രികള്‍ കൊണ്ടുപോയി സ്വഭവനങ്ങളിലിരുന്ന് മാനദണ്ഡങ്ങള്‍ പാലിച്ച് കൊന്തകെട്ടി വിപണനത്തിന് പറ്റിയ രീതിയില്‍ സപ്ലൈ ചെയിന്‍ പുഷ്ടിപ്പെടുത്തുന്നു. കൊന്തകെട്ടുന്നവരില് ഹിന്ദുക്കളും മുസ് ലിംകളുമൊക്കെയുണ്ട്. കൃപയുടെ ജപമണികള്‍ അനേകം മനസുകളെ ഒന്നിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനമാര്‍ഗം കൂടിയാണ് കൊന്തകെട്ട്.
ചരടില്‍ മുത്തുകൊണ്ടുള്ള കൊന്ത നിര്‍മിച്ചുതുടങ്ങിയത് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൂനമ്മാവ് കാരിക്കശേരി ചാണ്ടിപ്പിള്ളയാണ്. കൊന്തനിര്മാണത്തിന് ആവശ്യമായ മുത്തുകള്‍ ആദ്യകാലങ്ങളില്‍ ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് എത്തിയിരുന്നത്. ഇന്ന് കൊന്തകെട്ടലിനുള്ള മുത്തുകള്‍ ഇവിടെതന്നെ ഉത്പാദിപ്പിക്കുന്നു.
ഫാ. ലെയോപോള്‍ഡ് ബെക്കാറോ മദര്‍ ഏലീശ്വയ്ക്കും അന്നയ്ക്കും സമ്മാനിച്ച മുഴുത്ത കറുത്ത മണികളുള്ള കൊന്തയും കുരിശും മരംകൊണ്ടുള്ള കാസയും കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ഏലീശ്വാഭവനില് കാണാം. മദര്‍ തയ്ച്ചെടുത്ത തിരുവസ്ത്രങ്ങളും പ്രാര്ഥനപുസ്തകങ്ങളും അമൂല്യമായ നിരവധി പൂജ്യതിരുശേഷിപ്പുകളും ‘സാല്‍വേ റജീന’ കീര്‍ത്തനം ശനിയാഴ്ചതോറും ആലപിക്കുന്നതിന് അണിയുന്ന കാപ്പ ധരിച്ചുകൊണ്ടുള്ള അപൂര്‍വ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോയും കൂട്ടത്തിലുണ്ട്. ഒരുപക്ഷെ ഏറ്റവും ധന്യമായ ഒരു ദൃശ്യം ഏലീശ്വയും മകള്‍ അന്നയും കൂനമ്മാവ് സെന്റ് ഫിലോമിനാ ദേവാലയത്തിലെ അള്‍ത്താരയിലേക്കു കണ്ണുനട്ടുകൊണ്ട് പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി ജീവിച്ച പഴയ കളപ്പുരയുടെ അവശേഷിക്കുന്ന തറയിലെ പ്രാര്ഥനാകുടീരമാകും.