ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ്. ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രജ്ഞന്‍ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും ക്ഷണമുണ്ട്.
സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില്‍ ലോക്സഭാ കക്ഷി നേതാവായ അധിര്‍രജ്ഞന്‍ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ചൗധരിക്കും പങ്കെടുക്കാന്‍ താല്പര്യമില്ലെന്നാണ് വിവരം.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാവുകയാണ് . പങ്കെടുക്കരുതെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ വിട്ടു നില്‍ക്കരുതെന്ന ആവശ്യവുമായി യുപി നേതാക്കള്‍ രംഗത്തെത്തി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലീം ലീഗ് കടുത്ത അതൃപ്തി പ്രകടപ്പിച്ചും രംഗത്തെത്തി. ബിജെപിയുടെ അജണ്ടയില്‍ വീഴരുതെന്ന് കോണ്‍ഗ്രസിനോട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു.