ആഴ്ചയില്‍ രണ്ട് റൊട്ടിക്കഷണങ്ങള്‍ കൊണ്ട് വിശപ്പടക്കേണ്ടിവരുന്ന ലക്ഷങ്ങള്‍ ഉള്ള യുദ്ധഭൂമിയില്‍, ആയുധങ്ങള്‍ സുലഭമായി എത്തുന്നു! വിരോധാഭാസങ്ങളും കിറുക്കുകളും കൊണ്ട് ഭൂമി നരകുതുല്യമായതുപോലെ!
മണിപ്പൂര്‍ ചര്‍ച്ചയേ അല്ലാതായിക്കൊണ്ടിരിക്കേ, യുക്രെയ്നില്‍ വെടിയൊച്ചകള്‍ നിലച്ചില്ലെങ്കിലും, ലോകം അത് കേള്ക്കാതെയായിക്കൊണ്ടിരിക്കേ, പലസ്തീന് തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരിക്കേ, 2024-ന്റെ വരവറിയിച്ച് ലോകം പൂത്തിരികള്‍ കത്തിക്കുകയും മണിനാദം മുഴക്കുകയും ചെയ്യുന്നു. ആരുടെ പക്ഷത്തായിരിക്കും നമ്മള് ഈ പുത്തനാണ്ടില്‍? കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ എഴുന്നേറ്റുവന്ന് പുത്തന്വര്ഷത്തിലും തുടരുന്ന നമ്മുടെ നിസ്സംഗതകളെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുമോ? അറിയില്ല. ലോകത്തിലെ മുഴുവന്‍ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഞാനും നിങ്ങളും ഉത്തരവാദികളാണെന്ന് ഫ്രഞ്ചു ദാര്‍ശനികനായ ഴാങ് പോള്‍ സാര്‍ത്ര് എഴുതി. ആരെങ്കിലുമൊക്കെ യുദ്ധം ചെയ്യുന്നതിന് ഞങ്ങളെങ്ങനെയാണ് ഉത്തരവാദികളാകുന്നതെന്ന് പലരും അദ്ദേഹത്തെ വിമര്‍ശിച്ചു.
കുറേക്കൂടി സന്തോഷവും സമാധാനവും നിറഞ്ഞ ലോകത്തിനുവേണ്ടി സ്വരം ഉയര്‍ത്താത്ത എല്ലാ നിസ്സംഗതകളും, നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് സമ്മതം മൂളലാണെും അത് ആധികാരികമല്ലാത്ത നിലനില്‍പ്പാണെന്നും സാര്‍ത്ര് വിശദീകരണമെഴുതി.
നാലഞ്ച് ഭീമന് കമ്പനികള്‍ വിചാരിച്ചാല്‍ ലോകത്തെ ഇല്ലാതാക്കാന്‍ കഴിയുംവിധം സകല തീവ്രവാദികളുടെയും കൈകളിലേക്ക് ആയുധങ്ങള്‍ എത്തിക്കാനാകുമെന്ന് ഈ കാലം പറയുന്നു. ന്യൂയോര്‍ക്കിന്റെ തെരുവുകളില്‍ ക്രിസ്തുമസ് കാലത്തിന്റെ വരവറിയിച്ച്, പിറവിത്തിരുന്നാളിന്റെ സിംബലുകള്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആയി അവതരിപ്പിക്കപ്പെട്ട ഡിസംബര്‍ മാസത്തിന്റെ ഒരു സായാഹ്നത്തില്‍, ജനങ്ങള്‍ സമാധാനത്തിന്റെ രാജാവിനെ ഓര്ത്തുകൊണ്ടുനില്ക്കുന്ന ആ ദിനത്തില്‍, ജോ ബൈഡന് സര്‍ക്കാര്‍ നയിക്കുന്ന അമേരിക്കന്‍ ഭരണകൂടം, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇസ്രായേലിന് നൂറ്റിമുപ്പത്തിയഞ്ച് ദശലക്ഷം കോടി ഡോളറിന്റെ ആയുധങ്ങള്‍ വ്യാപാരം ചെയ്തുവെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നു. ഒന്നിനുശേഷം എത്ര പൂജ്യം നിരത്തിയാലാണ് ആ സംഖ്യയിലേക്ക് എത്തുകയെന്ന് അറിയില്ല. എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളവര്ക്കും സമ്പത്തായും ആയുധമായും സഹായങ്ങള്‍ കിട്ടുന്നുണ്ട്. ആഴ്ചയില്‍ രണ്ട് റൊട്ടിക്കഷണങ്ങള്‍ കൊണ്ട് വിശപ്പടക്കേണ്ടിവരുന്ന ലക്ഷങ്ങള്‍ ഉള്ള യുദ്ധഭൂമിയില്‍, ആയുധങ്ങള്‍ സുലഭമായി എത്തുന്നു! വിരോധാഭാസങ്ങളും കിറുക്കുകളും കൊണ്ട് ഭൂമി നരകുതുല്യമായതുപോലെ!
ദുബായില്‍ സമാപിച്ച സിഒപി 28-ന്റെ യു.എന്‍. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനാരോഗ്യത്താല്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് സാധിച്ചില്ല. കര്‍ദിനാള്‍ പീത്രോ പാരോളിന്‍ പാപ്പായുടെ സന്ദേശം ഉച്ചകോടിയില്‍ വായിച്ചു. ലോകമാധ്യമങ്ങള്‍ പാപ്പായുടെ സന്ദേശത്തിന്റെ തലക്കെട്ടായി എഴൂതിയത് ഭാവിക്കുള്ള മുദ്രാവാക്യമായിരുന്നു:
‘Choose life
Choose future’
‘ജീവനെ തിരഞ്ഞെടുക്കൂ! ഭാവിയെ തിരഞ്ഞെടുക്കൂ’.
2024-ന്റെ പുത്തന്‍പുലരി ഏറ്റുപറയേണ്ട, ഏറ്റെടുക്കേണ്ട മുദ്രാവാക്യം തന്നെ! പാപ്പായുടെ സന്ദേശമെഴുതിയ ശക്തമായ മറ്റൊരു വാക്യമിതായിരുന്നു: ‘പരിസ്ഥിതിയുടെ നാശം, ദൈവത്തിനെതിരായ തിന്മയാണ്’. ആയുധങ്ങള്‍ കൂമ്പാരം കൂട്ടുന്നവര്‍ക്കെതിരെയും പാപ്പാ ശക്തമായെഴുതി: ‘രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ കൂമ്പാരം കൂട്ടാനും, തങ്ങളുടെ സൈനികശക്തി ബലപ്പെടുത്താനും ഉപയോഗിക്കുന്ന പണം, രാഷ്ട്രങ്ങളുടെ സുസ്ഥിര വികസനത്തിനും, പട്ടിണിമാറ്റാനും, പരിസ്ഥിതി നാശമില്ലാതാക്കാനും ഉപയോഗിക്കാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍’! ക്രിസ്തുമസ് രാത്രിയിലെ പിറവിത്തിരുന്നാള്‍ വചനഘോഷണത്തില് പാപ്പാ പറഞ്ഞത് ആയുധവ്യാപാരികള്‍ മരണത്തിന്റെ വ്യാപാരികളാണെന്നാണ്. ആയുധനിര്‍മ്മാണവും വ്യാപാരവും വലിയ ലാഭമുള്ള കച്ചവടമായി മാറുന്ന കാലത്ത് നമുക്കെങ്ങിനെ സമാധാനത്തെപ്പറ്റി പറയാനാകുമെന്ന് പാപ്പാ ചോദിക്കുന്നു. യുദ്ധം ആയുധക്കച്ചവടത്തിന്റെ തിരക്കഥയിലാണ് രൂപമെടുക്കുന്നത്. ഇന്റര്‍നാഷണല്‍ സ്റ്റോക്ക് ഹോം പീസ് റിസര്‍ച്ച് ഇന്റ്സ്റ്റിറ്റിയൂട്ടിന്റെ 2018-ലെ കണക്കനുസരിച്ച് (പുതിയത് പുറത്തുവിട്ടിട്ടില്ല) 1822 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആയുധക്കച്ചവടം വര്‍ഷാവര്‍ഷം നടക്കുന്നു. അതില്‍ 40 ശതമാനം അമേരിക്കന്‍ കമ്പനികളുടേതാണ്. ആയുധം ഇറക്കുമതിയില്‍ ഇന്ത്യയുടെ പങ്ക് മൊത്തം ഇറക്കുമതിയുടെ 11 ശതമാനമാണ്. സൗദി അറേബ്യയുടെ പങ്ക് 9.6 ശതമാനം. ഖത്തറിന്റേത് 6.4 ശതമാനം. യുദ്ധം അരങ്ങേറുന്ന ഭൂപടം നോക്കിയാല്‍ ഈ സംഖ്യകളുടെ പ്രസക്തി അറിയാം. റഷ്യയുടെ ആയുധക്കച്ചവടശേഷി 16 ശതമാനമാണ്. ചൈനയുടേത് ലഭ്യമല്ല. രാജ്യങ്ങളെ മാറ്റിനിര്‍ത്തി കണക്കെടുത്താല്‍ നൂറ് ആയുധക്കമ്പനികളുടെ വിറ്റുവരവ് (ചൈനീസ് കമ്പനികള്‍ ഒഴികെ) 420 ബില്ല്യണ്‍ യു.എസ്. ഡോളറാണ്. തലപെരുക്കുന്ന സംഖ്യകള്‍ തന്നെ. ലോകരാഷ്ട്രങ്ങളില്‍നിന്ന് വിരമിക്കുന്ന സൈനിക മേലുദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നുകൂടി അറിയുമ്പോള്‍ യുദ്ധം എന്ന കച്ചവടത്തിന്റെ ഭീകരചിത്രം വ്യക്തമാകും. പാപ്പാ പറഞ്ഞതുപോലെ ആയുധക്കച്ചവടക്കാര്‍ മരണവ്യാപാരികള്‍ തന്നെ!
പുതിയ കാലത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധത്തിന്റെ ഭൂപടങ്ങളിലൂടെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ആര്‍ച്ച്ബിഷപ്പ് തോമസ് നെറ്റോ ക്രിസ്തുമസ് രാത്രി സന്ദേശത്തില്‍ പറഞ്ഞതുപോലെ, രക്ഷാപ്രവര്‍ത്തനങ്ങളുടെ പുതിയകാല വ്യാഖ്യാനങ്ങളുടെ നാളുകളില്‍ രക്ഷകനായ ദൈവത്തിന്റെ സന്ദേശം നമ്മള് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. പുതിയ വര്‍ഷം ഈ ദൗത്യത്തിന്റേതുകൂടിയാണ്. സത്യാനന്തരകാലത്ത് സത്യത്തിന് സാക്ഷ്യമേകുക എളുപ്പമുള്ള കാര്യമല്ല. പ്രതീക്ഷയുടെ പുതുകാലത്ത് സത്യമേവ ജയതേ എന്നുതന്നെ പറയണം.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് സമാപിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം മാസ്റ്റര്‍ മൈന്‍ഡ് മൂവീസ് ചിത്രങ്ങളിലൊന്നായ ‘The Old Oak’ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ വലിയ പ്രത്യാശ നിറയുന്നു. പലകാരണങ്ങളാല്‍ തകര്‍ന്നുപോയ മനുഷ്യര്‍ ജീവിതത്തെയും ജീവനെയും വാരിപ്പിടിച്ച് പ്രതീക്ഷയുടെയും ഭാവിയുടെയും ബാനര്‍ നിവര്‍ത്തിപ്പിടിച്ച് ഉറച്ച കാല്‍വെയ്പുകളോടെ മാര്‍ച്ച് ചെയ്തുപോകുന്നിടത്ത് ഫിലിം അവസാനിക്കുന്നു. സാധാരണനിലയില്‍ കൈയ്യടിയോടെയും ബഹളങ്ങളോടെയും മൂവി അവസാനങ്ങളില്‍ എഴുല്േക്കുന്ന കാണികള്‍, അസധാരണമായ കനത്ത നിശബ്ദതയിലാണ് ചിത്രത്തിനൊടുവില്‍ നിശാഗന്ധിയില്‍ നിന്ന് എഴുന്നേറ്റത്. കലകൊണ്ട് കലാപങ്ങളെ നേരിടുന്ന കരുത്ത് കാണികളെ കനത്ത നിശബ്ദതയിലാക്കും. വലിയ പ്രതീക്ഷകളോടെ കാലത്തിലൂടെ അവര്‍ കടന്നുപോകും.
പിന്‍കുത്ത്:
ബിനോയ് വിശ്വത്തിനുള്ള മറുപടി ജി. സുധാകരന് നല്‍കുന്നുണ്ട്: നാലുപേരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയരുത്. സഭ ഒട്ടും മറന്നിട്ടില്ല- മണിപ്പൂരും മധ്യപ്രദേശും ഛത്തീസ്ഗഢും സ്റ്റാന്‍സ്വാമി അച്ചനും ഒന്നും! എന്നിട്ടും ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് പ്രധാനമന്ത്രിയെക്കാണുന്നത് വലിയ അപരാധമൊന്നുമല്ല. കാരണം, കേരളത്തിലെ ക്രൈസ്തവസമൂഹത്തെ അവഹേളിക്കാന്‍, ‘ക്രിസ്തുമസ് മദ്യക്കച്ചവടം’ എന്ന് എഴുതി നിങ്ങള്‍ നിരത്തുന്ന കണക്കുകള്‍, മാധ്യമ പ്രഹസനങ്ങള്‍ ഞങ്ങളെ പൊള്ളിക്കുന്നുണ്ട്. അത് ഞങ്ങള്‍ മറക്കുന്നില്ല. ക്രിസ്തുമസും മദ്യവും തമ്മിലെന്ത്? ഞങ്ങളൊന്നും മറക്കുന്നില്ല. എന്നിട്ടും ‘മനാസ്സെ’ (മറക്കണം) എന്നുതന്നെയാണ് ഞങ്ങളുടെ ആഗ്രഹം.