ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ-മഗാസി, ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയായിരുന്നു പ്രധാനമായും ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം. അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ “കൂട്ടക്കൊല” എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇതിനിടെ ഖാൻ യൂനിസിന് കിഴക്ക് മാൻ ഏരിയയിലെ ഒരു കെട്ടിടസമുച്ചയത്തിൽ ആക്രമണം ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതിനിടെ തെക്കൻ ഗാസയിൽ വ്യാപകമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പരിക്കേറ്റവരിൽ പലരെയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.