ന്യൂഡൽഹി: അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പങ്കെടുക്കില്ല. ക്ഷേത്ര സമിതിയുടെ ക്ഷണം യെച്ചുരി നിരസിച്ചു. അതേസമയം ക്ഷേത്ര സമിതിയുടെ ക്ഷണം സോണിയ ഗാന്ധി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. സോണിയ ഗാന്ധിയെ കൂടാതെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ക്ഷേത്ര നിർമാണ സമ്മതിക്ക് വേണ്ടി നൃപേന്ദ്ര മിശ്രയാണ് സ്പിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം നിരസിച്ചുവെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി വ്യക്തമാക്കി.
രാമക്ഷേത്രത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്ന വോട്ട് ബാങ്കിനെയും, ബിജെപിയുടെ വർഗീയ ധ്രുവീകരണത്തെയും എതിർക്കുന്ന നിലപാട് തന്നെയാണ് സിപിഐഎം മുന്നോട്ട് വെക്കുന്നത്. അതേ സമയം ക്ഷേത്ര കമ്മറ്റിയുടെ ക്ഷണം സോണിയ ഗാന്ധിയും കോൺഗ്രസും സ്വീകരിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയോ അല്ലെങ്കിൽ പകരം പ്രതിനിധികളോ പങ്കെടുക്കും. ദിഗ് വിജയ് സിങായിരുന്നു സോണിയ ഗാന്ധി ക്ഷണം സ്വീകരിച്ച വിവരം അറിയിച്ചത്. ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുൻനിർത്തിയാണ് കോൺഗ്രസ്സിന്റെ നീക്കം. മൃതു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര നിലപാടിലേക്ക് കടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനം.