തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടെ സംസ്ഥാന സർക്കാരിൻറെ നവകേരള സദസ്സ് തിരുവനന്തപുരത്ത് സമാപിച്ചു. 36 ദിവസം നീണ്ട കേരള പര്യടനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര അവസാനിപ്പിച്ചത്. സംസ്ഥാനത്തിൻറെ വികസന നേട്ടങ്ങളും കേന്ദ്ര അവഗണനയും നവകേരള സദസ്സിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ.
നവകേരള സദസ്സിൽ സ്വീകരിച്ച പരാതികളിലെ തുടർ നടപടികളും ഇനി പ്രധാനമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂര്‍ത്തിയാക്കും.
തുടർച്ചയായ വിവാദങ്ങൾക്കും പ്രതിഷേധ പരമ്പരകൾക്കുമിടെയാണ് നവകേരള സദസിന്റെ സമാപനം. നവകേരള സദസിനെ ചൊല്ലിയുള്ള പ്രതിഷേധവും പ്രതിരോധവും കരിങ്കൊടിയും ജീവൻരക്ഷാ സേനയും ഷൂവേറും തുടങ്ങി തെരുവ് യുദ്ധത്തോളമെത്തി. സർക്കാർ നിർദേശങ്ങളും പണപ്പിരിവും കോടതി കയറി. നവംബർ 18ന് കാസർകോട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സ് ഉദ്ഘാടനം ചെയ്ത് കേന്ദ്രത്തെയും പ്രതിപക്ഷത്തെയും മുഖ്യമന്ത്രി ഒരുപോലെ വിമർശിച്ചു.