ഇപ്പോൾ ക്രിസ്മസ് കാർഡുകളുണ്ടോ?
ഇത്തരം കാർഡുകൾ നിങ്ങൾ അയച്ചിട്ടുണ്ടോ?
ആർക്കാണ് അയച്ചത് ?
പെൺമക്കൾക്കൊപ്പം കയറിക്കിടക്കാൻ കൂര ഇല്ലാത്തവന്, നാലു നേരം ഭക്ഷണം കഴിക്കാനില്ലാത്തവന്, ആശ്രയമില്ലാത്തവന് കാർഡ് അയച്ചുവോ?
മുമ്പ് ക്രിസ്മസ് ആഘോഷം ദൈവത്തിൻ്റെ സന്തോഷം ആഗ്രഹി ച്ചായിരുന്നു. ഇപ്പോഴോ? എത്ര പണം ഉണ്ടാക്കാമെന്ന ചിന്ത മാത്രം. ഇന്ന് പണം വലുത്. പണക്കാരൻ വലുത്.
ജീവിതത്തിൽ ഞാനൊന്നും കൊണ്ടുവന്നിട്ടില്ല. എല്ലാം തന്നത് ദൈവമാണ്. ഞാൻ സ്വയം വളർത്തിയെടുത്തത് എന്നിലെ അഹങ്കാരവും സ്വാർഥതയുമാണ്. അത് ഞാൻ തിരിച്ചറിയുന്നു.
നർമ്മവും നൈർമല്യവും കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല.
ക്രിസ്മസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ് മുകളിൽ പങ്കുവെച്ചത്. നൂറ് വർഷങ്ങളിൽ അധികം ജീവിച്ച അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള മനോരമ പ്രസിദ്ധീകരിച്ച ദൈവത്തിന് എന്താണ് ജോലി? അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ, അനുഭവങ്ങൾ പാളിച്ചകൾ, കാഴ്ചപ്പാടുകൾ നിരീക്ഷണങ്ങൾ, ദർശനങ്ങൾ എന്നിങ്ങനെ പുസ്തകത്തെ തരം തിരിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ ആരംഭത്തിൽ വളരെ ലഘുവായ ഒരു പ്രാർത്ഥനയുണ്ട്.
“വചനമായ ദൈവമേ അവിടുത്തെ വചനം കേൾക്കാനും അനുസരിക്കാനും അതിലൂടെ ജീവിതത്തിന്റെ അർത്ഥവും പൊരുളും കണ്ടെത്തുവാനും നൽകിയ കൃപകൾക്ക് സ്തോത്രം. ഈ പുസ്തകം നന്മയെ പ്രോത്സാഹിപ്പിക്കുകയും നല്ല പ്രവർത്തനങ്ങളെ ത്രസിപ്പിക്കുകയും വളർത്തുകയും അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്യേണമേ, ആമേൻ.”
ലളിതമെങ്കിലും ആശയ സമ്പുഷ്ടമാണ് ഈ പ്രാർത്ഥന. പുസ്തകവും വായനയും നല്ല പ്രവർത്തനങ്ങളെ ത്രസിപ്പിക്കണം.ഏത് പുസ്തകം കയ്യിലെടുക്കുമ്പോഴും പ്രാർത്ഥിക്കാവുന്ന ഒന്ന് തന്നെയാണ് ഇത്.
ദൈവത്തിന് എന്താണ് ജോലി എന്ന ചോദ്യത്തിനുള്ള ഉത്തരം പുസ്തകത്തിലുണ്ട്.
ഉത്തരം:
ദൈവം ഓരോ നിമിഷവും ലോകത്തെ സ്നേഹിക്കുന്നു ഓരോ നിമിഷവും ഈ ലോകത്ത് ജനിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പ്രതീക്ഷകളോടെ കാണുന്നു. അവർ വളർന്നു വരുമ്പോൾ തന്നിലേക്ക് അവർ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അത് സംഭവിക്കുന്നുണ്ടോ?
ഇല്ല.
കാരണമെന്താ?
മാതാപിതാക്കളും ബന്ധുക്കളും സമൂഹവും അവരെ ദൈവത്തിൽ നിന്ന് അകറ്റുംവിധം വളർത്തുന്നു. അവരെ കുറിച്ചുള്ള ദൈവോദ്ദേശ്യം നിറവേറ്റാൻ കുടുംബവും ഇടവകയും സഭയും സമൂഹവും അനുവദിക്കുന്നില്ല. അങ്ങനെ അവർ കൈവിട്ടു പോകുന്നു. തന്റെ വഴികളിൽനിന്നു മനുഷ്യൻ മാറിപ്പോകുന്നതിൽ ദൈവം സങ്കടപ്പെടുന്നു.
അവരുടെ തിരിച്ചുവരവിനായി ദൈവം അന്നും ഇന്നും കാത്തിരി ക്കുന്നു. അതിരുകളും അളവുകളുമില്ലാത്ത സ്നേഹത്തിലൂടെ ദൈവം പരിശ്രമിക്കുന്നു. മനുഷ്യൻ പശ്ചാത്തപിച്ച് പിന്തിരിയുവോളം ദൈവം ഈ പരിശ്രമം, ഈ ജോലി തുടരും. ഇതാകുന്നു വലിയവനായ ദൈവത്തിന്റെ ജോലി. പാപികളോടുള്ള സ്നേഹം. അനുതാപത്തിലൂടെ മനുഷ്യനെ തന്നിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൈവ ത്തിന്റെ പരിശ്രമം, ദൈവത്തിൻ്റെ അധ്വാനം, ദൈവത്തിന്റെ ജോലി.
ഉപദേശങ്ങൾ മാത്രമല്ല സാമൂഹ്യ വിമർശനത്തിന്റെ മുഖവും പുസ്തകത്തിലുണ്ട്. ഒരു ഉദാഹരണം കുറിക്കാം. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ മാത്രം ബാങ്കുകളിൽ അവകാശികളില്ലാതെ 200 കോടി രൂപ നിക്ഷേപമുണ്ട്. ആർക്കും ഉപകാരപ്പെടാത്ത പണം. മരിച്ചുപോയവരുടെ പേരിലുള്ള വലിയ നിക്ഷേപം. വലിയ തുക നിക്ഷേപിക്കുന്നവർ എന്തുകൊണ്ടാണ് അവകാശികളെ വയ്ക്കാത്തത്? കഴിഞ്ഞയിടെ പ്രായമായ ഒരാൾ ബാങ്കിലെത്തി ലക്ഷക്കണക്കിനു രൂപ സ്ഥിരനിക്ഷേപത്തിന് ഒരുങ്ങി. വിശദാംശങ്ങൾ നൽകവേ മാനേജർ അദ്ദേഹത്തോട് അപേക്ഷയിൽ താങ്കളുടെ കാലശേഷം ഈതുക ലഭിക്കേണ്ട വ്യക്തിയുടെ (നോമിനി) പേര് ചേർക്കണമെന്ന് പറഞ്ഞു. അപ്പോൾ വൃദ്ധൻ പറഞ്ഞു, “എന്റെ കാലശേഷം ഈ തുക എൻ്റെ രണ്ടാമത്തെ മകൻ്റെ രണ്ടാമത്തെ മകന് നൽകണമെന്നാണ് താൽപര്യം. പക്ഷേ, ഞാനവനെ നോമിനിയാക്കില്ല. കാരണം, ഈ പണം കിട്ടാൻ അവൻ എന്നെ കൊല്ലും’. അങ്ങനെ പേരു വയ്ക്കുന്നവരെ ആ തുക കിട്ടാനായി അവകാശി കൊല്ലുമത്രേ. എത്ര വിചിത്രമാണ് ലോകം.
ക്രിസ്മസ് കാലത്ത് നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പരിശോധനയ്ക്കും വിലയിരുത്തലിനുമുള്ള കണ്ണാടിയാണ് നൂറാം വയസ്സിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എഴുതിയ ഈ പുസ്തകം.