കൊല്ലം: സെനറ്റിലെയും സിന്‍ഡിക്കേറ്റിലെയും നിയമനത്തില്‍ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ. സുധാകരൻ ബിജെപിയുടെ വക്താവാണോ കോൺഗ്രസ് നേതാവാണോ എന്ന് സംശയം തോന്നിപോകുന്നുവെന്ന് മന്ത്രി പി രാജീവ് വാർത്താചാനലിനോട് പറഞ്ഞു.
കെ സുധാകരൻ കെപിസിസി പ്രസിഡന്റാണോ ബി ജെ പി പ്രസിഡന്റാണോ എന്ന് സംശയിക്കുന്നതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇങ്ങനെ പോയാൽ ബിജെപി പ്രസിഡന്റിന് പണിയില്ലാതെയാവും. കെ സുധാകരന്റെ പരാമർശത്തിൽ ഹൈക്കമാൻഡും പ്രതിപക്ഷ നേതാവും പ്രതികരിക്കണം. അദ്ദേഹത്തിന്റേത് ഔദ്യോഗിക നിലപാട് അല്ലെങ്കിൽ സുധാകരനെ പുറത്താക്കുമോ എന്നും എം ബി രാജേഷ് ചോദിച്ചു.
കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ.
കാവിവത്കരണത്തിൽ ഒരു ഓഹരി കിട്ടിയാൽ സ്വീകരിക്കാം എന്നാണ് സുധാകരന്റെ നിലപാട്. ഗവർണറുടെ കാവിവത്കരണ ശ്രമത്തിന് കോൺഗ്രസ് നൽകുന്ന പിന്തുണയാണ് കെ സുധാകരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മതേതര വിശ്വാസികളായ കോൺഗ്രസ്സുകാർ ഈ വിഷയത്തിൽ പ്രതികരിക്കണം. കേരളം വിട്ടാൽ കോൺഗ്രസ്സിന് മതനിരപേക്ഷതയില്ല. തെരുവിൽ നേരിടുന്ന കോൺഗ്രസ്സ് പ്രഖ്യാപനം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സർവകലാശാല സെനറ്റിൽ എബിവിപി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടിയെ അനുകൂലിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നിരുന്നു. ഇതിൽ കോൺഗ്രസ് നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.