ആലപ്പുഴ: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കട്ടപ്പന കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. പ്രതിയായ അർജ്ജുനെയാണ് കോടതി വെറുതെ വിട്ടത്. കൂടുതൽ കുറ്റങ്ങൾ തെളിയിക്കാൻ ആയിട്ടില്ലെന്ന് കട്ടപ്പന കോടതി വ്യക്തമാക്കി. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാക്ക് മാത്രമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്.
ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ 2021 ജൂൺ 30ന് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി അർജുനെ വെറുതെ വിട്ടിരിക്കുന്നത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പ്രസ്താവിച്ചത്. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞത് . കള്ളത്തെളിവുകൾ ഉണ്ടാക്കിയാണ് അർജുനെ അറസ്റ്റ് ചെയ്തതെന്നും പുനരന്വേഷണം വേണമെന്ന് ആയിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാചകം മാത്രമാണ് വിധി വാചകമായി ജഡ്ജി പറഞ്ഞത്. അപ്പീൽ സാധ്യത പരിശോധിക്കുമെന്നും അന്വേഷണത്തിൽ വീഴ്ച വന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിധി പ്രസ്താവത്തെ തുടർന്ന് വൈകാരിക നിമിഷങ്ങൾക്കാണ് കോടതി വളപ്പ് സാക്ഷ്യം വഹിച്ചത്. കുട്ടിയുടെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. പ്രതിഷേധങ്ങൾ ഉയർത്തി. ആറ്റുനോറ്റുണ്ടായ ഞങ്ങളുടെ കണ്മണിയെ തിരിച്ചു കിട്ടുമോ എന്ന് കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കൾ നിലവിളിയോടെ ചോദിച്ചു.ഇത് സംബന്ധിച്ചാണ് ഇന്ന് മുഖ്യമന്ത്രി പ്രതികരിച്ചത് .