ന്യൂഡൽഹി: ലോക്സഭയിൽ അതിക്രമിച്ച് കയറിയവർക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് പേർ ചേർന്നാണ് പ്രതിഷേധത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയതെന്നും നാല് പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്നും ഡൽഹി പൊലീസ് അറിയിച്ചു. യുഎപിഎ കൂടാതെ ഐപിസി പ്രകാരമുള്ള വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ലഖ്നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.55ന് ശൂന്യവേള നടക്കുമ്പോൾ ലോക്സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദർശക ഗാലറിയിലെ മുൻനിരയിൽ ഇരുന്ന സാഗർ ശർമ്മയും ഡി. മനോരഞ്ജനും മൂന്നാൾ ഉയരത്തിൽ നിന്ന് താഴോട്ട് ചാടുകയായിരുന്നു.