ടെൽഅവീവ്: അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകിയ അമേരിക്ക പോലും ഇസ്രയേലിൻ്റെ യുദ്ധനീതിയെ വിമർശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ ഗാസയിൽ കനത്ത ആൾനാശമാണ് സംഭവിച്ചിരിക്കുന്നത്.
ആശുപത്രികൾ പോലും ആക്രമിക്കുന്ന ഇസ്രയേൽ നിലപാട് ലോകവ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച് 18,600ലേറെ ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. വീടുകളും സ്കൂളുകളും റോഡുകളും ഉൾപ്പെടെ തകര്‍ത്തതിലൂടെ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഗാസയിൽ സംഭവിച്ചിരിക്കുന്നത്.