ജമ്മു കശ്മീരിന്റെ സവിശേഷ ഭരണഘടനാപദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചതിന്റെ ചരിത്രനേട്ടം ആഘോഷിക്കുകയാണ് ബിജെപിയും സംഘപരിവാറും രാജ്യത്തെ ഹിന്ദുത്വ ദേശീയതാവാദികളും. ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്പത്തിനു കരുത്തേകുന്ന വിധിയിലൂടെ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും കോടതി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ‘എക്സ്’ മൈക്രോബ്ലോഗിങ് സൈറ്റിനു പുറമെ രാജ്യത്തെ പ്രധാന പത്രങ്ങളിലെല്ലാം പേരു വച്ചെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘോഷിക്കുന്നു. സംഘപരിവാര്‍ കാര്യകര്‍ത്താവ് എന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലംതൊട്ട് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനായുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ഭാഗമായ തനിക്ക് നാലു വര്‍ഷം മുന്‍പ് ആ മഹാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ചരിതാര്‍ഥത പങ്കുവയ്ക്കുകയാണ് മോദിജി.
ഇന്ത്യയിലെ ഏക മുസ് ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിന്റെ രാഷ്ട്രീയ രൂപരേഖ മാറ്റിയെഴുതാനുള്ള പദ്ധതിയില്‍, 370-ാം വകുപ്പ് നിര്‍വീര്യമാക്കിയതിനു പുറമെ സംസ്ഥാനത്തിന്റെ അസ്തിത്വംതന്നെ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി അതിനെ തരംതാഴ്ത്തിയ നടപടികളെ കോടതി പ്രാമാണീകരിക്കുന്നത്, അയോധ്യയിലെ ബാബരി മസ്ജിദ് കേസിന്റെ വിധിതീര്‍പ്പു പോലെ ബിജെപിക്കും ആര്‍എസ്എസിനും തങ്ങളുടെ പരമപ്രധാന രാഷ്ട്രീയ അജന്ഡകളിലൊന്നിന്റെ മഹത്തായ പരിസമാപ്തിയാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ആര്‍എസ്എസ് കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ 27 പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ബിജെപിയുടെ എല്ലാ തിരഞ്ഞെടുപ്പു പ്രകടനപത്രികകളിലും ഇതുണ്ടായിരുന്നു. നെഹ്റുവിന്റെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജി പിന്നീട് ”ഏക് ദേശ് മേം ദോ നിശാന്‍, ദോ വിധാന്‍ ഔര്‍ ദോ പ്രധാന് നഹി ഹോ സക്തേ” (ഒരു രാജ്യത്ത് രണ്ടു പതാകകള്‍, രണ്ടു ഭരണഘടനകള്‍, രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാകാന്‍ പാടില്ല) എന്ന മുദ്രാവാക്യവുമായി പെര്‍മിറ്റില്ലാതെ ജമ്മുവിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായി ശ്രീനഗറിനടുത്ത് കസ്റ്റഡിയില്‍ മരിക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളില്‍, സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച തിരുവിതാംകൂര്‍, ഭോപ്പാല്‍, ജോധ്പുര്‍, ജുനഗഢ്, ഹൈദരാബാദ്, ജമ്മു കശ്മീര്‍ എന്നിവയില്‍, ജുനഗഢും ഹൈദരാബാദും മുസ് ലിം നവാബുമാര്‍ ഭരിച്ചിരുന്ന ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളായിരുന്നു, ഹരി സിങ് എന്ന ഹൈന്ദവ മഹാരാജാവിന്റെ ഭരണത്തിലുള്ള മുസ് ലിം ഭൂരിപക്ഷ രാജ്യമായിരുന്നു ജമ്മു കശ്മീര്‍. ഇന്ത്യ-പാക്കിസ്ഥാന് വിഭജനത്തില്‍ ഒരുപക്ഷത്തും ചേരാതെ നിന്ന ഹരി സിങ് പാക്ക് അതിര്‍ത്തിയില്‍ നിന്നുള്ള ‘ഗോത്രവര്‍ഗക്കാരുടെ’ ആക്രമണം ചെറുക്കുന്നതിന് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടുകയും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള ഉടമ്പടിക്കു വഴങ്ങുകയുമായിരുന്നു. 1949 മേയില്‍ ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ വസതിയില്‍ ആരംഭിച്ച ചര്‍ച്ചകളില്‍ നിന്നാണ് കശ്മീരിലെ മുന്‍ ദിവാനും നെഹ്റുവിന്റെ മന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയുമായിരുന്ന തഞ്ചാവൂര്‍കാരന്‍ എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍ ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സഭയില്‍ അക്കൊല്ലം ഒക്ടോബറില്‍ അവതരിപ്പിച്ച ആര്‍ട്ടിക്കിള്‍ 370 രൂപപ്പെട്ടത്.
പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയിലൊഴികെ മറ്റെല്ലാ വകുപ്പുകളിലും കശ്മീരിന്റെ പരമാധികാരം നിലനിര്‍ത്താനായിരുന്നു വ്യവസ്ഥ. ഇന്ത്യന്‍ യൂണിയനിലെ നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ കശ്മീരിലെ ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം വേണമായിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പതാകയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തലവനെ സദര്‍ ഇ റിയാസത്ത് എന്നും മന്ത്രിസഭയുടെ തലവനെ പ്രധാനമന്ത്രി എന്നും വിളിച്ചു.
1952 ജൂലൈയില്‍ നെഹ്റുവും ജമ്മു കശ്മീരിലെ ഷെയ്ഖ് അബ്ദുല്ലയും ഡല്‍ഹി ഉടമ്പടിയില്‍ ഒപ്പുവച്ചതിലൂടെയാണ് സുപ്രീം കോടതിയുടെ അധികാര പരധിയില്‍ കശ്മീര്‍ വരുന്നത്. പല ഘട്ടങ്ങളിലായി രാഷ്ട്രപതിയുടെ ഉത്തരവുകളിലും പാര്‍ലമെന്റിലെ നിയമഭേദഗതികളിലുമായി സംസ്ഥാനത്തിന്റെ പ്രത്യേക അധികാരാവകാശങ്ങള്‍ ഒന്നൊന്നായി പരിമിതപ്പെട്ടുകൊണ്ടിരുന്നു. ഭരണഘടനയിലെ യൂണിയന് ലിസ്റ്റിലെ 97 ഇനങ്ങളില്‍ 94 എണ്ണവും, 395 അനുച്ഛേദങ്ങളില്‍ 260 എണ്ണവും കശ്മീരിലും ബാധകമാകുന്ന നിലയിലെത്തി. സംസ്ഥാനത്ത് 1927 മുതലുള്ള പരമ്പരാഗത നിവാസികള്‍ അല്ലാത്തവര്‍ക്ക് വസ്തു വാങ്ങാനും തൊഴിലിനും സ്ഥിരതാമസത്തിനുമുള്ള നിയന്ത്രണങ്ങള്‍ (ആര്‍ട്ടിക്കിള്‍ 35എ) ഒഴികെ കശ്മീരിന്റെ ‘പരമാധികാരം’ നാമമാത്രമായിരുന്നു.
എന്നാല്‍ ഭൂരിപക്ഷം കശ്മീരികള്‍ക്കും ‘ദഫാ 370’ ഭരണഘടനാ വ്യവസ്ഥ മാത്രമല്ല, വിശ്വാസപ്രമാണമാണ്.
ഷെയ്ഖ് അബ്ദുല്ല നിയമസഭയില്‍ പറഞ്ഞു, ”370 എന്നത് ഖുര്‍ആന്‍ വചനമൊന്നുമല്ല, ഭേദഗതിചെയ്യപ്പെടാതിരിക്കാന്.”
ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള ഉടമ്പടിയോടെ ജമ്മു കശ്മീരിന്റെ പരമാധികാരം തീര്‍ത്തും ഇല്ലാതായെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര് ഗവായ്, സൂര്യകാന്ത് എന്നിവര്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടികള്‍ ശരിവച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. ‘അസമമായ അധികാരവിഭജനത്തിന്റെ’ (അസിമെട്രിക്കല്‍ ഫെഡറലിസം) ചില അംശങ്ങളാണ് നിലവിലുണ്ടായിരുന്നത്. യുദ്ധസാഹചര്യത്തില്‍ ആ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയന്റെ അവിഭാജ്യഭാഗമായ ഒരു സംസ്ഥാനമായി മാറുന്നതിന് സഹായകമായ താത്കാലിക പ്രക്രിയ മാത്രമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്നും കോടതി പറയുന്നു. ഇത്രയുംകാലം ആര്‍എസ്എസും ബിജെപിയും കശ്മീരിലെ വിഘടനവാദത്തിനും തീവ്രവാദത്തിനും കാരണമായി ഉയര്‍ത്തിക്കാട്ടിയ ‘പരമാധികാരത്തിന്റെ സ്പെഷല്‍ സ്റ്റാറ്റസ്’ എന്ന പുകമറ എത്ര വലിയ രാഷ്ട്രീയ വഞ്ചനയായിരുന്നു!
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടന്നിട്ട് ഒന്‍പതു വര്‍ഷം കഴിഞ്ഞു. ബിജെപി-പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കൂട്ടുകക്ഷി ഭരണം തകര്‍ന്നതോടെ ജമ്മു കശ്മീര്‍ ഭരണഘടന അനുസരിച്ച് 2018 ജൂണില്‍ ആറുമാസത്തേക്ക് ഗവര്‍ണറുടെ ഭരണം പ്രഖ്യാപിച്ചു. 2018 നവംബറില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു, ഡിസംബറില്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി. 2019 ഓഗസ്റ്റില്‍ കനത്ത സൈനിക വിന്യാസത്തിന്റെ അകമ്പടിയോടെ, സംസ്ഥാനത്തെ രാഷ്ട്രീയവര്‍ഗത്തെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കി, മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ട്, ആള്‍ക്കൂട്ടങ്ങളെ നിരോധിച്ച്, സ്കൂളുകളും കോളജുകളും അടച്ചുപൂട്ടി, ടൂറിസ്റ്റുകളെ പുറത്താക്കി, ഇലക്ട്രോണിക്-ഇന്റര്‍നെറ്റ് കമ്യൂണിക്കേഷന്‍ ശൃംഖലകളെല്ലാം വിച്ഛേദിച്ച് കശ്മീരിലെ ജനങ്ങളെ അടിയന്തരാവസ്ഥയുടെ അന്തരീക്ഷത്തില്‍ ഒറ്റപ്പെടുത്തിക്കൊണ്ടാണ് രാഷ്ട്രപതിയുടെ രണ്ട് ഉത്തരവുകളിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ജമ്മു കശ്മീര്‍ പുനഃസംഘടന നടപ്പാക്കിയതും.
ഭരണഘടനാ ഭേദഗതിയുടെ നിയതപ്രക്രിയയും ജനാധിപത്യ നടപടിക്രമങ്ങളും പാലിക്കാതെ ഏകപക്ഷീയമായാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
370-ാം വകുപ്പ് റദ്ദാക്കുന്നതിന് ഭരണഘടനാ ഭേദഗതിക്കു പകരം രാഷ്ട്രപതിയുടെ 272-ാം ഭരണഘടനാ ഉത്തരവ് എന്ന വളഞ്ഞവഴിയാണ് സ്വീകരിച്ചതെന്നു കോടതി കണ്ടെത്തി. ഭരണഘടനാ നിര്‍മാണസഭ എന്നതിനെ സംസ്ഥാന നിയമനിര്‍മാണസഭ എന്നു വായിക്കണമെന്നും ജമ്മു കശ്മീര്‍ നിയമസഭ നിലവിലില്ലാത്തതിനാല്‍ പ്രസിഡന്റ് ഭരണത്തില്‍ പാര്‍ലമെന്റിനെ സംസ്ഥാന നിയമനിര്‍മാണസഭയായി കണക്കാക്കണമെന്നും രാഷ്ട്രപതിയുടെ ആദ്യ ഉത്തരവില്‍ പറയുന്നു. ഭരണഘടനാബാഹ്യമായ പ്രക്രിയയിലൂടെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന സ്ഥിരീകരണമാണിത്. എന്നാല്‍, 60 വര്‍ഷം മുന്‍പ് പിരിച്ചുവിട്ട ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭയുടെ അഭാവത്തില്‍ 370-ാം വകുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കോടതി തീര്‍പ്പാക്കുന്നു.
ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കാനോ അതിര്‍ത്തി പുനര്നിശ്ചയിക്കാനോ പേരും അടയാളങ്ങളും മാറ്റാനോ വ്യവസ്ഥയുണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്താന്‍ അതില്‍ വകുപ്പില്ല. സംസ്ഥാന നിയമസഭ നിലവിലില്ലാത്തപ്പോഴാണ് പാര്‍ലമെന്റ് ഏകപക്ഷീയമായി ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്തുന്ന ഇത്തരം നടപടി ആദ്യമാണ്. ജമ്മു കശ്മീരില്‍ നിന്ന് ബുദ്ധമതക്കാരുടെ മേഖലയായ ലഡാക്ക് വേര്‍പെടുത്തി കേന്ദ്രഭരണപ്രദേശമാക്കിയതിനെ കോടതി ശരിവയ്ക്കുന്നു. അതേസമയം, സംസ്ഥാന പദവി റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയതിന്റെ നിയമസാധുത പരിശോധിക്കുന്നതേയില്ല. സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്ന് സൊളിസിറ്റര്‍ ജനറല്‍ ഉറപ്പുനല്കിയതിനാല് അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല എന്നാണ് വിശദീകരണം.
കേന്ദ്ര ഭരണകൂടത്തിന് രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഏതെങ്കിലും സംസ്ഥാനത്തെ യുടി യൂണിറ്റുകളായി പകുത്ത് മാറ്റാനാകാത്തവണ്ണം ഭരണപരവും നിയമപരവുമായ പരിവര്‍ത്തനങ്ങള്‍ വരുത്തുകയും മണ്ഡലങ്ങള്‍ പുനഃക്രമീകരിച്ച് പുതിയ രാഷ്ട്രീയക്രമം രൂപപ്പെടുത്തുകയോ ചെയ്ത് ഭാവിയിലെപ്പോഴെങ്കിലും സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്ന ധാരണയില്‍ പ്രാഥമിക ഭരണഘടനാവിരുദ്ധ നടപടിക്കുനേരെ കണ്ണടയ്ക്കുന്നത് രാജ്യത്തെ ഫെഡറല്‍ ഭരണസംവിധാനത്തിന്റെ ഭാവി അപകടത്തിലാക്കും.
ഒരു ഹര്‍ജിയിലും ആവശ്യപ്പെടാതെ തന്നെ, കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് 2024 സെപ്റ്റംബര്‍ 30ന് അകം ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പു നടത്തണമെന്നു കല്പിക്കുന്നു. തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് നിശ്ചയിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷനാണ്.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടക്കാനിരിക്കെ, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഇത്രയും നീട്ടിക്കൊണ്ടുപോകേണ്ടതുണ്ടോ? തിരഞ്ഞെടുപ്പു തീയതിയല്ല, സംസ്ഥാന പ്രഖ്യാപനത്തിന് സമയപരിധി നിര്ണിയിക്കുകയാണ് വേണ്ടിയിരുന്നത്.
കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ജമ്മു കശ്മീരില്‍ 2022 മേയില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് 90 നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും പേരുമാറ്റവും പ്രഖ്യാപിച്ചു. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു മേഖലയില്‍ നേരത്തെ 37 സീറ്റുണ്ടായിരുന്നിടത്ത് 43 സീറ്റുകളായി. മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീര്‍ താഴ് വരയില്‍ 46 സീറ്റുണ്ടായിരുന്നു, ഒരു സീറ്റു മാത്രമാണ് ഇവിടെ കൂടുന്നത്. 1989 നവംബര്‍ ഒന്നിനുശേഷം ജമ്മു കശ്മീരില്‍ നിന്ന് പലായനം ചെയ്ത പ്രവാസികളുടെ രണ്ട് പ്രതിനിധികളെ (ഇതില്‍ ഒരാള്‍ വനിതയാകണം) ലഫ്. ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്യാം. പാക്ക് അധിനിവേശ കശ്മീരിലെ പ്രവാസി സമൂഹത്തില്‍ നിന്ന് ഒരു പ്രതിനിധിയുമുണ്ടാകും (പിഒകെ മേഖലയ്ക്കായി 24 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കയാണ്). ഏഴു സീറ്റില്‍ പട്ടികജാതിക്കും ഒന്‍പതു സീറ്റില്‍ പട്ടികവര്‍ഗത്തിനും സംവരണമുണ്ട്. കശ്മീരി പണ്ഡിറ്റുകളെ താഴ് വരയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയില്‍ ഒരു ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തുവത്രെ.
കോടതി വിധി വന്ന ദിവസംതന്നെ ജമ്മു കശ്മീര്‍ സംവരണ ഭേദഗതി നിയമവും ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി നിയമവും പാര്‍ലമെന്റ് പാസാക്കി. പഹാഡികളെ പട്ടികവര്‍ഗത്തിലും വല്മീകി സമൂഹത്തെ പട്ടികജാതിയിലും ഉള്‍പ്പെടുത്തിയും ഹിന്ദു വല്മീകി വിഭാഗത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത ക്രൈസ്തവ ബിരാദരി ഉള്‍പ്പെടെ 15 സമുദായങ്ങളെ കൂടി ദുര്‍ബല പിന്നാക്കവിഭാഗ പട്ടികയില്‍ ചേര്‍ത്തും ഒബിസി, ഇഡബ്ല്യുഎസ് സംവരണം പരിഷ്കരിച്ചും സോഷ്യല്‍ എന്‍ജിനിയറിങ് സംരംഭങ്ങള്‍ മുന്നേറുന്നു. ജമ്മു കശ്മീരിലെ നിയമസഭയില്‍ വനിതകള്‍ക്ക് 33% സംവരണത്തിനുള്ള ബില്ല് അവതരിപ്പിക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് ഭരണകാലത്ത് 2001-ല്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള സംസ്ഥാനത്ത് വനിതകള്‍ക്ക് 33% സംവരണം നടപ്പാക്കിയത് അമിത് ഷാ അറിഞ്ഞ മട്ടില്ല.
നാല് അസംബ്ലി സീറ്റുണ്ടായിരുന്ന ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്. ബിജെപിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്, ഇക്കഴിഞ്ഞ ഒക്ടോബറില്‍ കാര്‍ഗിലില്‍ ലഡാക്ക് സ്വയംഭരണ ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 26 സീറ്റില്‍ 22 സീറ്റും പിടിച്ചു. ബിജെപി ജയിച്ചത് രണ്ടു സീറ്റില്‍ മാത്രം. കേന്ദ്രഭരണത്തിന് കീഴില്‍ ജമ്മു കശ്മീരില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, 2,135 പഞ്ചായത്ത് ‘ഹല്‍ഖ’കളില്‍ 708 എണ്ണത്തില്‍ സ്ഥാനാര്‍ഥികളുണ്ടായില്ല, 699 മണ്ഡലങ്ങളില്‍ എതിരില്ലാതെ ഒറ്റ സ്ഥാനാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2018 ഡിസംബര്‍ തൊട്ട് 700 പഞ്ചായത്തുകളിലെ 12,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
കശ്മീരി ചരിത്രത്തെയും ഇസ് ലാമിക, ഹൈന്ദവ, ബൗദ്ധ, സിഖ്, ക്രൈസ്തവ, സൂഫി പാരമ്പര്യങ്ങളുടെ മാനവദര്ശനവും സാഹോദര്യവും സമന്വയിക്കുന്ന കശ്മീരിയത്ത് സംസ്കൃതിയെയും ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക് കശ്മീരി ജനതയുമായി കബൂലാക്കിയ ഫെഡറല്‍ ഉടമ്പടിയെയും ശപിച്ചുതള്ളുന്നവര് വാഗ്ദാനം ചെയ്യുന്ന ‘നയാ കശ്മീര്‍’ അശാന്തിയുടെ വെടിയൊച്ചകളില്‍ നിന്ന് മുക്തമാകാനുള്ള ഒബിത്തര് ഡിക്തുമാകുമോ 1980കള്‍ മുതലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്കുമേല്‍ ഭരണകൂടവും ബാഹ്യശക്തികളും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ വസ്തുതാന്വേഷണ അനുരഞ്ജന കമ്മിഷനെ നിയോഗിക്കണമെന്ന കോടതിയുടെ നിര്‍ദേശം?