തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ സർവ്വകാല റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. രണ്ടാം ശനി ഞായർ അവധി കഴിഞ്ഞ ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച എന്നീ ദിനങ്ങളിൽ 9.03 കോടി രൂപ എന്ന പ്രതിദിന വരുമാനമുണ്ടാക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
ഡിസംബർ 1 മുതൽ ഡിസംബർ 11 വരെ 84.94 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനം ലഭിച്ചത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നതായും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഡിസംബർ 4 ന് 8.54 കോടി, 5 ന് 7.88 കോടി, 6 ന് 7.44 കോടി, 7 തിന് 7.52 കോടി, 8 തിന് 7.93 കോടി, 9 ന് 7.78 കോടി, .10 ന് 7.09 കോടി, 11 ന് 9.03 കോടി എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെ കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ.റെക്കോഡ് വരുമാനം ലഭിക്കാൻ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും സിഎംഡി ബിജു പ്രഭാകർ അഭിനന്ദനം അറിയിച്ചു. ഈ വർഷം സെപ്റ്റംബർ നാലിന് ലഭിച്ച 8.79കോടി എന്ന റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. 10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എൻസിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണെന്നും ബിജു പ്രഭാകർ അറിയിച്ചു.