റോം: ‘ഇറ്റലിയിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരന്’ എന്ന പട്ടം നേടി മോഡലിങ് രംഗത്തെ താരമായി മാറിയ എദ്വാര്‍ദോ സന്തീനി ലൗകിക ലോകത്തെ താരപരിവേഷമെല്ലാം ഉപേക്ഷിച്ച് കത്തോലിക്കാ സഭയില്‍ വൈദികനാകാന്‍ പോകുന്നു.
പതിനേഴാം വയസിലാണ് 2019-ല്‍ സന്തീനി ദേശീയ മത്സരത്തില്‍ ഇറ്റലിയിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരന് എന്ന കിരീടം ചൂടിയത്. നര്‍ത്തകനും നീന്തല്വിദഗ്ധനും അഭിനേതാവുമാവുക എന്ന സ്വപ്നങ്ങളുമായി നടന്ന മധ്യ ഇറ്റലിയിലെ ടസ്കനി മേഖലയില്‍ നിന്നുള്ള ആ ചെറുപ്പക്കാരന് ഇന്ന് 21 വയസ്.
ദേശീയതലത്തില്‍ കമേഴ്സ്യല്‍ പരസ്യങ്ങളുടെ മോഡല്‍ എന്ന നിലയില്‍ വലിയ താരമായി മാറിയ സന്തീനി ഇക്കഴിഞ്ഞ നവംബര്‍ 23ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ”ദൈവഹിതം പോലെ” താന്‍ ഒരു വൈദികനാകാന്‍ പോകുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
”സഭയാവുക എന്നാല്‍ എന്താണെന്ന് അന്വേഷിക്കാനുള്ള ശക്തി തനിക്ക് കാണിച്ചുതന്ന ഏതാനും ആളുകളെ ഇതിനിടെ താന്‍ കണ്ടുമുട്ടി. കുഞ്ഞുനാള് തൊട്ട് താന്‍ ഈ ചോദ്യം കൊണ്ടുനടക്കുകയായിരുന്നു, എന്നാല്‍ അതിലേക്ക് ആഴ്ന്നിറങ്ങാന്‍ എനിക്ക് പേടിയായിരുന്നു,” സന്തീനി പറയുന്നു.
”യഥാര്‍ഥ സഭയെ” 2020 ജനുവരിയില്‍ താന്‍ കണ്ടെത്തിയതായി സന്തീനി സാക്ഷ്യപ്പെടുത്തുന്നു. സമൂഹമാധ്യമത്തില്‍ ദൈവത്തെക്കുറിച്ച് അന്നു മുതല്‍ സംസാരിക്കാന്‍ തുടങ്ങി. തന്റെ വിളിയെക്കുറിച്ചുള്ള സൂചനയും അതിലുണ്ടായിരുന്നു. ”ദൈവത്തില്‍ ജീവിക്കുക എന്നതിന്റെ അര്‍ഥം പള്ളിക്കുള്ളില്‍ സ്വയം അടച്ചിടുക എന്നല്ല, ജീവിതം പൂര്‍ണമായി ജീവിക്കുക എന്നാണ്,” ഇന്‍സ്റ്റഗ്രാമിലെ തന്റെ 11,000 ഫോളോവേഴ്സിനോട് സന്തീനി പറഞ്ഞു.
”തന്നില്‍ നിന്ന് മറ്റെന്തോ പ്രതീക്ഷിക്കുന്ന” അമ്മൂമ്മയ്ക്ക് തന്റെ തീരുമാനത്തോട് എതിര്‍പ്പുണ്ടെന്ന് സന്തീനി വെളിപ്പെടുത്തി. എന്നാല്‍ തന്റെ നിശ്ചയത്തില്‍ ”ഒറ്റപ്പെട്ടതായി” തോന്നുന്നില്ല. ”മറ്റുള്ളവരുടെ ഇംഗിതങ്ങള്‍ നിറവേറ്റുകയും സന്തുഷ്ടനും സുരക്ഷിതനുമാണെന്ന മട്ടില്‍ ഫോട്ടോകള്‍ പോസ്റ്റുചെയ്തും” താന്‍ മടുത്തിരിക്കയാണെന്ന് സന്തീനി പറയുന്നു.
”ആദ്യ ചുവടുവയ്പ്” എന്ന നിലയില്‍ കഴിഞ്ഞവര്‍ഷം രണ്ടു വൈദികരോടൊത്ത് ജീവിക്കാന്‍ സന്തീനി തീരുമാനിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്നാണ് വൈദികരോടൊത്തുള്ള സഹവാസത്തെ സന്തീനി വിശേഷിപ്പിക്കുന്നത്. ”അനുദിന ജീവിതത്തില്‍ താന്‍ തേടിയിരുന്ന ഉത്തരങ്ങള്‍ ഉന്നതങ്ങളില്‍ നിന്ന് തനിക്ക് ലഭിക്കാന്‍ തുടങ്ങി” എന്നാണ് സന്തീനി സാക്ഷ്യപ്പെടുത്തുന്നത്.
2019-ല്‍, പതിനേഴാം വയസില്‍, ദേശീയ മത്സരത്തില്‍ ‘ഇറ്റലിയിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരന്’ എന്ന പട്ടം നേടി കമേഴ്സ്യല്‍ മോഡലിങ് രംഗത്ത് തിളങ്ങുന്ന താരമായി മാറിയ തസ്കാനായില് നിന്നുള്ള എദ്വാര്‍ദോ സന്തീനി രണ്ടു വൈദികരോടൊത്തുള്ള സഹവാസത്തിന്റെ മനോഹരമായ അനുഭവത്തില്‍ നിന്ന് പൗരോഹിത്യ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിക്കുന്നു
വര്‍ഷാവസാനമായപ്പോള്‍ ”സ്വാഭാവികമായും” വൈദികാര്‍ഥിയായി സെമിനാരിയില്‍ ചേരുന്നതിന് ഒരുക്കമായുള്ള കോഴ്സില്‍ പങ്കെടുക്കുന്നതിന് മെത്രാന്റെ അനുമതി തേടി. ”ഇപ്പോള്‍ ഞാന്‍ ദൈവശാസ്ത്രം പഠിക്കുകയാണ്. ഫ്ളോറന്‍സ് രൂപതയിലെ രണ്ട് ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്നു.” സന്തീനി വീഡിയോയില്‍ പറഞ്ഞു.
സ്വീകരിക്കപ്പെടുകയില്ല എന്ന പേടി തന്നെ ആദ്യം അലട്ടിയിരുന്നതായി സന്തീനി ഏറ്റുപറയുന്നു. അതിനാല്‍ ആദ്യ ചുവടുവയ്പ്പിന് കുറച്ചു താമസമുണ്ടായി. തീരുമാനമെടുക്കുമ്പോള്‍ താന്‍ ”ഭയവിഹ്വലനായിരുന്നു. എനിക്കു ചുറ്റും ഒട്ടേറെ മതിലുകള്‍ ഞാന്‍ കെട്ടിപ്പൊക്കി.”
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ലോക യുവജന ദിനത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ നിരവധി വീഡിയോകളിലൂടെ സന്തീനി പങ്കുവച്ചു. ”ജീവിതം ഇതിനു മുന്‍പും ഇതിനു ശേഷവും” എന്ന് അടയാളപ്പെടുത്താവുന്ന അനുഭവമായിരുന്നു അതെന്ന് സന്തീനി പറയുന്നു. ”ചിരികള്‍ക്കും നൃത്തത്തിനും തുള്ളിച്ചാടലിനുമിയില്, പുതിയ സൗഹൃദങ്ങള്‍ക്കിടയില്‍ സഭ മനോഹരമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.” കര്‍ത്താവിനോട് ”ഉവ്വ്” എന്നു പറഞ്ഞതോടെ താന്‍ ”യഥാര്‍ഥ സന്തോഷം” അനുഭവിക്കുകയാണെന്ന് സന്തീനി ഉറപ്പിച്ചുപറയുന്നു.