കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫോറൻസിക് പരിശോധനയുൾപ്പടെയുള്ള തെളിവെടുപ്പിനാണ് പ്രതികളെ എത്തിച്ചത്. ഫോറൻസിക് വിദഗ്ധർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്ന് തെളിവെടുപ്പുണ്ടായേക്കും
ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായാൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകും. ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക.
മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.