കൽപ്പറ്റ: സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മുട്ടിൽ മരംമുറി കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം നൽകുക. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. കേസിൽ 12 പ്രതികളാണ് ആകെയുള്ളത്.
85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് ഇവർ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്ന് കാട്ടിയാണ് കർഷകരെ വഞ്ചിച്ചതെന്നും വ്യാജരേഖയുണ്ടാക്കിഎന്നും തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. കെഎൽസി നടപടി പ്രകാരം 35 കേസുകളിൽ കർഷകർക്ക് ഉൾപ്പെടെ റവന്യൂവകുപ്പ് മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി പിഴ ചുമത്തിയിരുന്നു.