പാലക്കാട്: നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിക്കും. രാവിലെ 9ന് ഷൊർണൂരിൽ പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുക. കാസർകോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം.
പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന സദസ്സിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകര് പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. തൂതയിൽ വെച്ചായിരുന്നു പ്രതിഷേധം. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയിൽ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്. പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും തൃത്താലയിലേക്ക് എത്തുമ്പോൾ , വർഷങ്ങളായി തൃത്താലക്കാർ കാത്തിരിക്കുന്ന നിരവധി ആവശ്യങ്ങളാണ് പരാതിയായി ഉയരുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ തൃത്താലയിൽ നവ കേരള സംഘത്തുമ്പോൾ , ഒട്ടനവധി വിഷയങ്ങളാണ് തൃത്താലകാർക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാനുള്ളത്.