സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിൽ ഒന്നായ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടു. ഈ സഹോദരങ്ങൾക്കുനേരെ, അജ്ഞത മൂലവും, മുൻവിധികൾ കാരണവും തിരസ്കാരത്തിന്റേതായ മനോഭാവം സ്വീകരിക്കുന്നതിനെ പാപ്പാ അപലപിച്ചു. എല്ലാ മാസങ്ങളിലെയും പതിവുപോലെ, കഴിഞ്ഞ ദിവസം പുറത്തുവിട്ട, ഡിസംബർ മാസത്തേക്കുള്ള പപ്പായുടെ പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോയിലാണ് ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടത്.
പൊതുസ്ഥാപനങ്ങൾ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. അവർക്ക് വിദ്യാഭ്യാസത്തിനും, തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോലിസാധ്യതകൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ മുൻപോട്ടുവയ്ക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെയും കൊണ്ടുവരുന്നതിന് സഹായകരമായ പദ്ധതികളുടെ ആവശ്യമുണ്ടെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു. എന്നാൽ ഏറ്റവുമുപരിയായി ഇത്തരത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ആളുകളെ അനുഗമിക്കുവാൻ തയ്യാറായുള്ള വലിയ ഹൃദയങ്ങളാണ് ആവശ്യമായുള്ളതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സഭയിലും പൊതുസമൂഹത്തിലും ഭിന്നശേഷിക്കാരായ ആളുകളോട് സ്വീകരിക്കുന്ന മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു. ഇത്തരം ആളുകളുടെ കഴിവുകളും, അവർ നൽകുന്ന ബഹുമുഖ സംഭാവനകളും കാണുവാനും അംഗീകരിക്കുവാനുമായി നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. ഇടവക സമൂഹങ്ങളിൽ, ഭിന്നശേഷിക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിനും, അവർക്ക് സമൂഹത്തിൽ സ്ഥാനം നൽകുന്നതിനായി മൂർത്തമായ തടസങ്ങൾ മാറ്റുക മാത്രമല്ല വേണ്ടത്, മറിച്ച്, ഞങ്ങളും അവരും എന്നതിൽനിന്ന് നമ്മൾ എന്നതിലേക്ക് സമൂഹത്തിന്റെ ഭാഷ ഉൾപ്പെടെ മാറേണ്ടതുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഭിന്നശേഷിക്കാരായ ആളുകൾ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നതിനും, സ്ഥാപനങ്ങൾ, സമൂഹത്തിൽ ഇത്തരം ആളുകളുടെ സജീവമായ പങ്കുചേരലിനെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.
ഡിസംബർ 28 ചൊവ്വാഴ്ചയാണ് ഡിസംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വിഡിയോ സന്ദേശം പുറത്തുവിട്ടത്. ഡിസംബർ 3 ഞായറാഴ്ചയാണ്, ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.