ദുബായ്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആഗോള കാലാവസ്ഥ വ്യതിയാനവും പരിഹാരങ്ങളും എന്ന വിഷയം പഠിക്കുന്നതിനും സംവദിക്കുന്നതിനുമായി ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മലയാളി യുവസാന്നിധ്യങ്ങള്. വരാപ്പുഴ അതിരൂപതാംഗവും ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് (ഐസിവൈഎം) ദേശീയപ്രസിഡന്റുമായ അഡ്വ. ആന്റണി ജൂഡിയും പുനലൂര്‍ രൂപതാംഗമായ ഗ്രേഷ്മ പയസ് രാജുവുമാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ യുഎഇ ആതിഥേയത്വം വഹിക്കുന്ന ലോകസമ്മേളനത്തില് പങ്കെടുക്കുന്നത്.
ദുബായില്‍ നടത്തപ്പെടുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രനേതാക്കള്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭ രൂപീകരിച്ചിരിക്കുന്ന യങ്ഗോയുടെ പ്രതിനിധിയായിട്ടാണ് അഡ്വ. ആന്റണി ജൂഡി പങ്കെടുക്കുന്നത്. G INDIA (Make Earth Green Again) എന്ന എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടന്നു വരികയാണ്. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഡ്വ. ആന്റണി ജൂഡി നിലവില്‍ ഡല്‍ഹിയില്‍ ആണ് സേവനമനുഷ്ഠിച്ചു വരുന്നത്. എറണാകുളം തേവര സ്വദേശിയാണ്.
തൃശൂര്‍ ലോ കോളേജില്‍ നിന്ന് നിയമബിരുദവും എറണാകുളം ചിന്മയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. എറണാകുളം പറമ്പലോത്ത് ജൂഡി – മിനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ജി20 സമ്മേളനത്തിന്റെ ഇന്റര്‍ഫെയ്ത്ത് ഫോറത്തില്‍ യുവജന സമാധാന ചര്‍ച്ചയുടെ ഭാഗമായി സംബന്ധിച്ച് കേരളത്തിന് അഭിമാനമായ ഗ്രെഷ്മാ പയസ് രാജുവിന് മതാന്തര സംവാദങ്ങളിലും പരിസ്ഥിതി സമാധാന നിര്‍മ്മാണത്തിലും പതിനഞ്ച് വര്‍ഷത്തെ പരിചയമുണ്ട്. പതിമൂന്നാം വയസ്സില്‍ വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള സഹപാഠികള്‍ക്കിടയില്‍ മതാന്തര സംവാദങ്ങള്‍ നടത്തിക്കൊണ്ടാണ് തന്റെ സമാധാന നിര്‍മ്മാണ യാത്ര ആരംഭിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദവും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി. 2019-ല്‍, കോസ്റ്റാറിക്കയിലെ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ഫോര്‍ പീസില്‍ നിന്ന് ഇന്റര്‍നാഷണല്‍ പീസ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടി. കഴിഞ്ഞ രണ്ട് വര്‍ഷമായി, കൗമാരക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിവര്‍ത്തന വിദ്യാഭ്യാസ പരിപാടിയായ എക്കോപീസ് ടീന്‍ കഫേ എന്ന പേരില്‍ സ്വന്തം പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തെ പരിപാലിക്കുക, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, അഹിംസാത്മക ആശയവിനിമയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷ്യേറ്റീവിന്റെ യൂത്ത് അംബാസഡറായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു. പ്രോജക്ട് ഡിസൈന്‍, മാനേജ്മെന്റ്, മൂല്യനിര്‍ണ്ണയം എന്നിവയില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്.