കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ടെക്ഫെസ്റ്റ് കേരളത്തിന്റെ ഹൃദയത്തില്‍ തുളഞ്ഞുകയറിയ ഉണങ്ങാത്ത മുറിവായി. നവംബര്‍ 25ന് തിക്കിലും തിരക്കിലും പെട്ട് നാല് ഭാവി വാഗ്ദാനങ്ങള്‍ അവിടെ പൊലിഞ്ഞുവീണു. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളായ എറണാകുളം കുറുമ്പന്തുരുത്ത് സ്വദേശിനി ആന്‍ റിഫ്ത, കോഴിക്കോട് താമരശേരി കോരങ്ങാട് സ്വദേശിനി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്വിന് ജേക്കബ് എന്നിവരാണ് മരിച്ചത്.
നല്ലൊരു പാട്ടുകാരി
ആന്സന് കുറുമ്പത്തുരുത്ത്
‘എന്തന് ശെല്‍വിയെ എങ്കളിനി
എന്നാ ശെയ്കുറേന് മനവിയെ നീ കേളായ്തോ….’
വിശുദ്ധ ഗീവര്‍ഗീസ് ചവിട്ടുനാടകത്തില്‍ മകളെ നഷ്ടപ്പെടും എന്ന അവസ്ഥയില്‍ രാജാവ് തന്റെ ഭാര്യയോടു പറയുന്ന വരികള്‍…..
ചവിട്ടുനാടകം എന്ന കലാരൂപത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരു കുടുംബം. പ്രശസ്ത ചവിട്ടുനാടക ആചാര്യന് ജോര്‍ജ്കുട്ടി ആശാന്റെ മകന് റോയ് ജോര്‍ജ്കുട്ടിയും ഭാര്യ സിന്ധുവും മകന് റിതുലും മാലാഖയെപ്പോലെ കിടക്കുന്ന അവരുടെ നുന്നുമോളെ നോക്കിയിരിക്കുന്നത് കണ്ടുനില്ക്കുന്ന ഓരോരുത്തരുടെയും മിഴികള്‍ നിറച്ചു.
കുറുമ്പത്തുരുത്ത് ഇടവകയിലെ ദേവാലയ സംഗീത കൂട്ടായ്മയില്‍ സജീവമായിരുന്നു ആന്‍ റിഫ്റ്റ. കുട്ടിക്കാലം മുതല്‍ പള്ളിയുടെ ഗായകസംഘത്തില്‍ കൂട്ടുകാരോടൊപ്പം ദൈവസ്തുതികള്‍ ആലപിച്ചിരുന്ന ആന്‍ റിഫ്റ്റ ഇനി സ്വര്‍ഗത്തില്‍ മാലാഖമാരോടൊപ്പം ഈശ്വര സ്തുതികള്‍ ആലപിക്കും. ഇടവകയിലെ വിശിഷ്ട ആഘോഷ ദിനങ്ങളിലൊക്കെ കൂട്ടുകാരൊന്നിച്ച് ഒരേ വേഷത്തില്‍ വന്ന് ഗാനങ്ങള്‍ ആലപിക്കാനും നൃത്തം ചെയ്യാനും അവള് മുന്നില്‍ നിന്നു. ഇടപെടലുകളില്‍ സൗഹൃദത്തിന്റെ ഊഷ്മളഭാവം നിറച്ച് ആത്മീയതയുടെ ചൈതന്യം ജീവിതത്തോട് ചേര്‍ത്തുവെച്ച ആന്‍ റിഫ്റ്റ എന്ന ഗായികയെ കൂട്ടുകാര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ഒരിക്കല്‍പ്പോലും തന്റെ പിണക്കം കേള്‍ക്കാത്ത അരുമശിഷ്യയെ ദേവാലയ സംഗീതത്തിന് നേതൃത്വം കൊടുക്കുന്ന ജോസഫ് മാഷ് ഓര്‍ക്കുന്നത് നിറമിഴികളോടെയാണ്. അവരുടെ പ്രിയപ്പെട്ട നുന്നുമോള്ക്കുവേണ്ടി അവളില്ലാതെ അവര്‍ പാടി; ഇടയ്ക്ക് പൊട്ടികരഞ്ഞുപോയെങ്കിലും….
മാലാഖയായും രാജകുമാരിയായും
ചവിട്ടുനാടകത്തിന്റെ താളവും ചുവടുകളും നിറഞ്ഞുനില്ക്കുന്ന കുടുംബത്തില്‍ ജനിച്ചതുകൊണ്ട് ആന്‍ റിഫ്റ്റയും ആ കലാരൂപത്തെ ജീവിതത്തോടു ചേര്‍ത്തുവെച്ചു. കുട്ടിക്കാലം മുതല്‍ പിതാവ് റോയ് ജോര്ജുകുട്ടിക്കൊപ്പവും അമ്മ സിന്ധുവിനൊപ്പവും അവള് വേദികളില്‍ വന്നുതുടങ്ങി. കൊച്ചുകുട്ടിയായും മാലാഖയായുമൊക്കെ ബാല്യകാലത്ത് അവള് വേദികളില്‍ നിറഞ്ഞുനിന്നു. കൗമാരത്തിലെത്തിയപ്പോള്‍ പിതാവ് എഴുതുന്ന നാടകങ്ങളിലെ രാജകുമാരിയായി അവള് അരങ്ങ് തകര്‍ത്തു. ചേട്ടന് റിതുലും അവള്‍ക്കൊപ്പം നിറഞ്ഞുനിന്നു. ഒരു കുടുംബം മുഴുവന്‍ ചവിട്ടുനാടകം എന്ന കലയ്ക്കുവേണ്ടി സമര്‍പ്പിക്കുക എന്നത് വലിയ കാര്യമാണ്. അത്തരത്തിലൊരു കുടുംബത്തിലെ കൊച്ചുകലാകാരി തന്റെ പ്രകടന മികവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാനമായി കളിച്ച വിശുദ്ധ വാലെന്റൈന്‍ എന്ന നാടകത്തില്‍ അന്ധയായ യുവതിയുടെ വേഷം റിഫ്റ്റ മോള് ഭംഗിയായി അവതരിപ്പിച്ചു. കൊച്ചുകുട്ടിയായും മാലാഖയായും രാജകുമാരിയായും ചവിട്ടുനാടക വേദികളില്‍ നിറഞ്ഞുനിന്ന ആന്‍ റിഫ്റ്റ ഇന്ന് മുത്തച്ഛനായ ജോര്‍ജ്കുട്ടി ആശാനോടൊപ്പം സ്വര്‍ഗത്തിലിരുന്ന് ചവിട്ടുനാടക ഗീതികള്‍ ആലപിക്കുന്നുണ്ടാകും.
കുടുംബത്തിലെ നല്ല മകള്‍
നുന്നുമോള്‍ എന്നായിരുന്നു വീട്ടില്‍ അവളെ സ്നേഹത്തോടെ വിളിച്ചിരുന്നത്. പഠനത്തിലും മറ്റുകാര്യങ്ങളിലും ഒരു മകളെന്ന നിലയില്‍ കുടുംബത്തെ ഏറെ സന്തോഷിപ്പിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നു. പഠനത്തില്‍ ഫുള്‍ എ പ്ലസിന്റെ നിറവിലായിരുന്നു അവളെപ്പോഴും. ഒരു സൗഹൃദ അന്തരീക്ഷം കുടുംബത്തില്‍ നിലനിര്‍ത്താന്‍ അവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള നിരവധി സ്നേഹാനുഭവങ്ങളാല് സമ്പന്നമായിരുന്നു അവരുടെ ജീവിതം. ഇരുപതാം വയസിലും നുന്നൂ എന്ന് റോയ് വിളിക്കുമ്പോള്‍ ഏത് സാഹചര്യത്തിലും പപ്പേ എന്ന് വിളിച്ച് ഓടിവരുന്ന മോളെക്കുറിച്ച് റോയ് കരഞ്ഞുകൊണ്ട് പറയുന്നതു കേള്‍ക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവരുടെ മിഴികള്‍ നിറഞ്ഞുപോകും. ചേട്ടന്റെ അനിയത്തിക്കുട്ടിയായി എന്നും റിഫ്റ്റ വീട്ടില്‍ നിറഞ്ഞുനിന്നു. ചെറിയ ചെറിയ കുസൃതികളിലും സ്നേഹപ്രകടനങ്ങളിലും റിതുലിന്റെ ഒപ്പം റിഫ്റ്റ കുടുംബത്തെ സജീവമാക്കി. അമ്മ വിദേശത്തേക്ക് പോയപ്പോള്‍ അടുക്കളയിലെ പാചകത്തില്‍ പോലും അപ്പനും മക്കളും ഒന്നിച്ചുനിന്നപ്പോള്‍ എത്രയോ സ്നേഹാനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുപോയത്. കുടുംബത്തിലെ വെളിച്ചം ഇല്ലാതായ അവസ്ഥയില്‍ എങ്ങനെയാണ് ഈ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കഴിയുക?
സഹനപാതയിലൂടെ അമ്മ
സിന്ധു എന്ന അമ്മയെക്കുറിച്ചായിരുന്നു എല്ലാവരുടെയും ആകുലത. ഇറ്റലിയില്‍ ജോലിസ്ഥലത്തു വെച്ച് അമ്മേ ഞാന്‍ 10 മിനിറ്റ് കഴിഞ്ഞ് വിളിക്കാട്ടോ എന്നു പറഞ്ഞിട്ട് ഫോണ്‍ വെച്ച മകള്‍ വിളിക്കാതെയായപ്പോള്‍ തുടങ്ങിയ ആശങ്ക. ഒടുവില്‍ അവിടെ വെച്ചുതന്നെ അറിയുന്നു, തന്റെ മകള്‍ വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ദൂരത്തേക്ക് പോയി എന്ന്. ആ നിമിഷം മുതല്‍ അമ്മ അനുഭവിച്ച സങ്കടം വിവരിക്കാന്‍ പോലും സാധിക്കാത്തതാണ്. ഒറ്റയ്ക്കുള്ള യാത്രയില്‍ ആ അമ്മയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത് നുന്നു പകര്‍ന്ന ഓര്‍മകള്‍ മാത്രമാണ്. ഹൃദയത്തില്‍ എത്രയോ വലിയ ഭാരവും പേറിയിട്ടാണ് ആ അമ്മ യാത്ര ചെയ്തിട്ടുണ്ടാകുക. നാട്ടിലെത്തിയപ്പോള്‍ മകളുടെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്ന് ആ അമ്മ ഇടയ്ക്ക് പൊട്ടിക്കരയുകയും ഇടയ്ക്കിടെ എന്തൊക്കെയോ പറയുകയും ചെയ്യുന്നത് കണ്ടുനില്‍ക്കുന്നവര്‍ക്ക് സഹിക്കാന്‍ പറ്റാത്ത കാഴ്ചയായിരുന്നു..
രാജകുമാരിക്ക് രാജകീയമായ യാത്രയയപ്പ്
കുറുമ്പത്തുരുത്ത് ഇടവക ഇതുവരെ കാണാത്ത തരത്തിലുള്ള യാത്രയയപ്പാണ് നാടിന്റെ രാജകുമാരിക്കു ലഭിച്ചത്. കോട്ടപ്പുറം രൂപത അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയടക്കം നിരവധി പുരോഹിതന്മാര്, സന്ന്യസ്തര്‍ എന്നിവരുടെ പ്രാര്‍ഥനയാല്‍ നാടിന്റെ മാലാഖയ്ക്ക് യാത്രയയപ്പു നല്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഹൈബി ഈഡന് എംപി, മുന്‍ മന്ത്രി എസ്. ശര്‍മ, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും റോയിയുടെ നൂറുകണക്കിന് ശിഷ്യഗണങ്ങളാണ് അവരുടെ ആശാന്റെ മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരുടെയൊക്കെ സാന്നിധ്യവും ഉണ്ടായിരുന്നു.
നുന്നുമോള്‍ ജനിച്ച് ജീവിച്ച് ജ്വലിച്ച് കടന്നുപോയി. അവള് നല്ല മകളായിരുന്നു. നല്ല വിദ്യാര്‍ഥിയായിരുന്നു. നല്ല ഗായികയായിരുന്നു. നല്ല കലാകാരിയായിരുന്നു. സ്വര്‍ഗത്തില്‍ നല്ലൊരു മകളായി മാലാഖമാരുടെയിടയില് അവരോടൊപ്പം ദൈവസ്തുതികള്‍ ആലപിക്കുന്ന ഗായികയായി,
മുത്തച്ഛന്റെ മടിയില്‍ ചവിട്ടുനാടക ശീലുകള്‍ ആലപിക്കുന്ന പേരക്കുട്ടിയായി കുറുമ്പത്തുരുത്തിന്റെ രാജകുമാരിയുണ്ട്.
വാഴ്ക വാഴ്ക മാലാഖയായ് നീ
വാഴ്ക വാഴ്ക
ദൈവത്തിന് പൊന്മകളായ്!
നാടിന്റെ രാജകുമാരി ഇന്ന് സ്വര്‍ഗ്ഗത്തിലെ മാലാഖ
ജെയ്സന് ജേക്കബ്
(ചവിട്ടുനാടക ആശാനും ആന്‍ റിഫ്റ്റയുടെ ബന്ധുവും)
എന്റെ ഭാര്യ റീനയുടെ സഹോദരന് റോയിയുടെ മകളാണ് കുസാറ്റ് കാമ്പസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച ആന്‍ റിഫ്റ്റ. നുന്നു എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ചവിട്ടുനാടക ആചാര്യനായ ജോര്‍ജുകുട്ടി ആശാന് പകര്‍ന്നുനല്‍കിയ ചവിട്ടുനാടക പാരമ്പര്യം നെഞ്ചോടു ചേര്‍ത്ത കുടുംബമാണ് ഞങ്ങളുടേത്. എന്റെയും റോയിയുടെയും നാലു മക്കളും എല്ലാ കുടുംബാംഗങ്ങളും ചവിട്ടുനാടകവുമായി ബന്ധപ്പെട്ട് അരങ്ങിലും അണിയറയിലും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്. റിഥുലാണ് ആന്‍ റിഫ്റ്റയുടെ സഹോദരന്. റിഥുല്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് വിദേശത്തേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് സഹോദരിയുടെ വേര്‍പാട്. ചവിട്ടുനാടകത്തിനും വലിയ നഷ്ടമാണ് നുന്നുവിന്റെ വേര്‍പാട്.
നാട്ടിലും കോളജിലുമുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് ചവിട്ടുനാടകവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്ത്തുകൊടുക്കുവാന് ആന്‍ റിഫ്റ്റ ഉത്സാഹം കാണിക്കുമായിരുന്നു. പിതാവ് റോയ് കല്‍പ്പണി ജോലിക്കു പോകുമ്പോഴും കലോത്സവ വേദികളില്‍ ചവിട്ടുനാടക പരിശീലനത്തിന് സമയം കണ്ടെത്തുമായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു സ്കൂളില്‍ റോയി കലോത്സവ പരിശീലനത്തിന് നേതൃത്വം നല്‍കുമ്പോഴാണ് മകളുടെ ആകസ്മികമായ വേര്‍പാട്.
ആന്‍ റിഫ്റ്റ കുട്ടിക്കാലം മുതലേ ചവിട്ടുനാടകരംഗത്തേക്ക് പ്രവേശിച്ച കലാകാരിയാണ്. ഏറ്റവും പ്രിയപ്പെട്ട ഒരു സേവകയായി രംഗത്തു വന്നു. ജൊവാന് ഓര്‍ഫ് ആര്‍ക്കില്‍ മാലാഖയുടെ വേഷം ധരിച്ചു. പിതാവ് റോയി ഒരു സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അതില്‍ ആന്‍ റിഫ്റ്റ ഒരു മാലാഖയായാണ് അഭിനയിക്കേണ്ടിയിരുന്നത്. അതിനു വേണ്ടി തയ്യാറാക്കിയ വേഷം തന്നെയാണ് അവള് അന്ത്യയാത്രയിലും ധരിച്ചത്. മാലാഖയായി തന്നെ അവള് സ്വര്‍ഗത്തിലേക്കു യാത്രയായി എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ചവിട്ടുനാടകത്തില്‍ മാത്രമല്ല ഇടവകയിലെ ഗായക സംഘത്തിലും കുസാറ്റ് കാമ്പസിലെ ബാഡ്മിന്റണ്‍ ടീമിലും സജീവമായി ആന്‍ റിഫ്റ്റ ഉണ്ടായിരുന്നു. ഗാനമേളയുടെ വൊളന്റിയര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴാണ് ദുരന്തം തേടിയെത്തുന്നത്.
പത്താം ക്ലാസ്സു വരെ മേരി വാഡി സ്കൂളിലും തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഗേള്‍സ് സ്കൂളിലും പ്ലസ് ടു പൂര്‍ത്തിയാക്കി. നല്ലൊരു എന്‍ജിനീയര്‍ ആയി തീരണം എന്ന ആഗ്രഹത്തിലാണ് ബി.ടെക് ഇലക്ട്രോണിക്സ് പഠിക്കാന്‍ കുസാറ്റില്‍ ചേരുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മരിച്ച ആന്‍ റിഫ്റ്റ. റോയിയുടെ അമ്മ: റോസി ജോര്‍ജ്കുട്ടി. ഭാര്യ: സിന്ധു. മകന്: റിഥുല്‍ റോയ്. റോയിയുടെ സഹോദരി: റീന ജെയ്സന്.
ജോവന് ഓഫ് ആര്‍ക്കിനെ പോലെ
നുന്നൂ വിടപറയുമ്പോള്‍
ജോയി ഗോതുരുത്ത്
റോയി ജോര്‍ജ്കുട്ടി ആശാന് രചിച്ച അതിമനോഹരമായ ചവിട്ടുനാടകമാണ് ജോവന് ഓഫ് ആര്‍ക്ക്. ഫ്രാന്‍സിന്റെ ദേശീയ നായികയും സ്വര്‍ഗീയ മധ്യസ്ഥയുമാണ് വിശുദ്ധ ജോവന് ഓഫ് ആര്‍ക്ക്. അസാമാന്യവും ദൈവികവുമായ പോരാട്ട വൈഭവത്താലും നേതൃത്വപാടവത്താലും ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ച ധീരവനിതയായിരുന്നു ജോവന്.
തന്റെ നാടകത്തില്‍ നായിക വേഷത്തില്‍ അഭിനയിക്കാനായി റോയി ആശാന് നിശ്ചയിച്ചത് സ്വന്തം മകള്‍ ആന്‍ റിഫ്റ്റ എന്ന നുന്നുവിനെ തന്നെയാണ്.
ഫ്രാന്‍സിന്റെ ചരിത്രം മാറ്റിമറിച്ചെങ്കിലും പിന്നീട് ദുരാരോപണത്തില്‍ വധിക്കപ്പെട്ട ജോവന്റെ പാത്രാവതരണം അതീവ വൈദഗ്ധ്യത്തോടെയായിരുന്നു ആന്‍ റിഫ്റ്റ് അവതരിപ്പിച്ച് അരങ്ങ് തകര്‍ത്തത്. ഈ നാടകം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഹര്‍ഷോന്മാദത്തിലേക്ക് നയിച്ചു. നാടകശേഷം അണിയറയില്‍ എത്തി അഭിനന്ദിച്ച കാര്യം ഓര്‍ക്കുന്നു.
ചവിട്ടുനാടക ആചാര്യന് ജോര്‍ജ്കുട്ടി ആശാനില്‍ നിന്നും തലമുറയായി കൈമാറി കിട്ടിയ കലാപാരമ്പര്യം വിവിധ നാടകങ്ങളിലെ അഭിനയത്തിലൂടെ അതിന്റെ പൂര്‍ണ്ണിമയില്‍ തന്നെ പ്രശോഭിപ്പിക്കാന്‍ കൊച്ചുമകളായ നുന്നുവിന് തന്റെ കൊച്ചുജീവിതം കൊണ്ടു കഴിഞ്ഞു.
ജോവന് ഓഫ് ആര്‍ക്കിനെ പോലെ ചെറുപ്രായത്തില്‍ തന്നെ ഈ ലോകത്തില്‍ നിന്നു കടന്നുപോകേണ്ടിവന്ന ആന്‍ റിഫ്റ്റിന്റെ ഓര്‍മ്മകള്‍ ചവിട്ടുനാടക ചരിത്രത്തില്‍ ഒളിമങ്ങാതെ തന്നെ നിലനില്ക്കും.
മറയാതെ മറക്കാതെ ഓര്‍മകള്‍
നിത സ്റ്റാലിന്
(ചവിട്ടുനാടക പരിശീലക, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം)
കാറല്സ്മാന്, വിശുദ്ധ ഗീവര്‍ഗീസ്, വിശുദ്ധ സെബസ്ത്യാനോസ്, ജൊവാന് ഓഫ് ആര്‍ക്ക്, വിശുദ്ധ വാലെന്റൈന്‍ തുടങ്ങിയ ചവിട്ടുനാടകങ്ങളില് ഈ കൊച്ചുമിടുക്കിയുടെ ഏറെ മികച്ച അഭിനയം കണ്ടിട്ടുള്ളവരാണ് ഏവരും. ചവിട്ടുനാടകത്തിന് കോണത്ത് തറവാടുമായി കുടുംബപാരമ്പര്യമുള്ളതാണ്. ഞങ്ങള്‍ ഒരേ കുടുംബ ബന്ധമുള്ളതിനാലും നാട്ടിലേയും തറവാട്ടിലേയും ആശാന്മാരില് പ്രഗത്ഭനായ ജോര്‍ജ്കുട്ടി ആശാന്റെ കൊച്ചുമകളായ നുന്നു എന്റെ അടുത്ത ബന്ധുവായ റോയ് ജോര്‍ജ്കുട്ടിയുടെ പുത്രികൂടിയാണ്. ഞാന്‍ ചെറുപ്പകാലം മുതല്‍ കൈരളി കലാലയ കളരിയിലും ഇപ്പോള്‍ കേരള ചവിട്ടുനാടക അക്കാദമി ഗോതുരുത്ത് എന്ന സമിതിയിലും ചവിട്ടുനാടകം കളിച്ചുവരുന്നു. നുന്നുമോള്‍ പപ്പയുടെ സ്വന്തം സമിതിയായ യുവകേരള ചവിട്ടു നാടക കലാസമിതി കുറുമ്പത്തുരുത്തില്‍ അഭിനയിച്ചുവരികയായിരുന്നു. ഗോതുരുത്ത് ചുവടി ഫെസ്റ്റിവലില്‍ അടക്കം തന്റെ മികവ് കാഴ്ചവെച്ചിട്ടുള്ളതാണ് റിഫ്റ്റ. 2023 ചുവടി ഫെസ്റ്റ് നാടകവേദിയില്‍ ചുവടുകളും അഭിനയവുമായി അവള് വേദിയില്‍ വരില്ല എന്നത് ഞങ്ങള്‍ക്ക് വലിയ വേദനയാണ്.
തളിരാര്‍ന്ന പ്രായം മുതല്‍ ചവിട്ടുനാടക കലയെ ചവിട്ടുനാടകകളരിയില് കൊച്ചുകാലുകൊണ്ട് ചുവടുകള്‍ പഠിച്ചു കളിച്ചു വളര്‍ന്ന ഞങ്ങളുടെ നുന്നുവിന് സ്നേഹസ്മരണാഞ്ജലികള്‍.
ചവിട്ടുനാടക രാജ്യത്തെ രാജകുമാരി
തമ്പി ആശാന്
ചവിട്ടുനാടക കളരിയില്‍ എന്നെ ചുവടുവയ്പിച്ചത് ജോര്‍ജുകുട്ടി ആശാനാണ്. ആശാന്റെ കൊച്ചുമകളും കലാകാരിയുമായ ആന്‍ റിഫ്റ്റയുടെ അകാലവിയോഗം ചവിട്ടുനാടകത്തിനും എന്നെപോലുള്ളവര്‍ക്കും തീരാനഷ്ടമാണ്. ജോര്‍ജുകുട്ടി ആശാന് എന്നെ എന്നും ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്, പിതൃതുല്യമായ സ്നേഹം അദ്ദേഹമെനിക്കു പകര്‍ന്നുതന്നു. ആ സ്നേഹം ആശാന്റെ കുടുംബവുമായും നിലനിര്‍ത്താന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശാന്റെ കൊച്ചുമകളുടെ വിയോഗം എന്റെ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ മരണം പോലെ വേദനിപ്പിക്കുന്നു.
ചവിട്ടുനാടക കലാകാരി എന്ന നിലയില്‍ ആന്‍ റിഫ്റ്റ യുവതലമുറയ്ക്ക് പ്രചോദനവും ആവേശവുമായിരുന്നു. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ചവിട്ടുനാടക താളവും ചുവടുകളും വളരെ സുന്ദരമായി വേദിയില്‍ അവതരിപ്പിക്കാന്‍ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞിരുന്നു. ചുവിടഫെസ്റ്റില് ആന്‍ റിഫ്റ്റ അനശ്വരമാക്കിയ രാജകുമാരിയുടെ വേഷം ചവിട്ടുനാടക പ്രേമികളുടെ മനസില്‍ ഇപ്പോഴുമുണ്ട്.
മരണത്തിനു മായ്ക്കാന്‍ കഴിയാത്ത ഓര്‍മകളുമായി ആ രാജകുമാരി എന്നും ഹൃദയങ്ങളില്‍ ജീവിക്കും, ചവിട്ടുനാടകത്തിന്റെ വിശാലരാജ്യത്ത്.