മാനന്തവാടി: വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്നു കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സാ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യ ഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി കൈകൊണ്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയ്ക്ക് കടുത്ത പനിയെ തുടർന്ന് വീടിനു സമീപത്തെ പൊരുന്നന്നൂർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സകൾക്കായി രേണുകയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിനു കീഴടങ്ങുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് മരിച്ച രതീഷിന്റെ ഭാര്യയുടെ മരണ കാരണവും ക്ഷയരോഗം തന്നെ. രേണുകയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി ആരോഗ്യ വകുപ്പ് അധികൃതർ പട്ടികവർഗ്ഗ വകുപ്പ് ഓഫീസറെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല .