കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ബാലാവകാശ കമ്മീഷൻ. എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നുണ്ട്. ശുഭകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും കൂടുതൽ വിവിരങ്ങൾ പുറത്തുവിടാനാകില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു.
ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.