കൊല്ലം:കൊട്ടാരക്കര പൂയപ്പള്ളി ഓയൂർ മരുതമൺപള്ളിക്കു സമീപം 7 വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയായിരുന്നു സംഭവം .സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.തന്നെയും കാറിലേയ്ക്ക് വലിച്ചിഴച്ചതായി സഹോദരനായ എട്ടുവയസ്സുകാരൻ പറഞ്ഞു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്.
തട്ടിക്കൊണ്ടുപോയ 7 വയസ്സുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ അതിവേഗ അന്വേഷണം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘കൊല്ലം ഓയൂർ എന്ന സ്ഥലത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അതിവേഗ അന്വേഷണം നടക്കുകയാണ്. എല്ലാവിധ ജാഗ്രതയും പുലർത്താൻ വേണ്ട നിർദേശം നൽകിയിട്ടുണ്ട്’. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് വാഹന പരിശോധന വ്യാപകമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വാഹന പരിശോധന. എല്ലാ സ്റ്റേഷനുകളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും കൈമാറിയിട്ടുണ്ട്.
വെള്ള നിറത്തിലുള്ള കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്.
സഹോദരന്റെ നിലവിളി കേട്ടാണ് വിവരം അറിയുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ കാർ കുറച്ച് ദിവസമായി പരിസരത്ത് ഉണ്ടായിരുന്നു. കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു.കുട്ടിയുടെ മാതാപിതാക്കൾ നഴ്സുമാരാണ്.