തിരുവനന്തപുരം: കേരളത്തിലെ ദലിത് ക്രൈസ്തവ സമൂഹം തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഭരണാധികാരികളുടെ മുന്നില്‍ എത്തിക്കുന്നതിനായി ദലിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്യും. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. കെസിബിസി എസ് സി/ എസ് റ്റി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം മുഖ്യപ്രഭാഷണം നടത്തും. ദലിത് ക്രൈസ്തവ ഏകോപന സമിതി കണ്‍വീനര്‍ ഷിബു ജോസഫ്, രക്ഷാധികാരി ഫാ. ജോസ് വടക്കേക്കൂറ്റ്, ചെയര്മാന് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ സംബന്ധിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്കവിഭാഗങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ച കമ്മിഷനുകള്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് പഠന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ യാതൊരു നടപടികളും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മാറിമാറിവരുന്ന എല്ലാ ഗവണ്മെന്റുകളും ഈ ജനതയുടെ ആവശ്യങ്ങളെ നിരാകരിക്കുകയാണെന്ന് ഏകോപന സമിതി ആരോപിച്ചു. പട്ടിക ജാതിയിലായിരുന്നുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേയ്ക്ക് ശുപാര്‍ശ ചെയ്യുക, ദലിത് ക്രൈസ്തവരുടെ ജാതി സെന്‍സസ് എടുക്കുക, ദലിത് ക്രൈസ്തവ കുട്ടികളുടെ സ്റ്റൈപന്റും ലംപസ്ഗ്രാന്റും സമയബന്ധിതമായി വിതരണം ചെയ്യുക, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, പട്ടികജാതിയില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമാക്കുക, പട്ടിക ജാതിക്കാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ഭവന നിര്‍മ്മാണ ആനുകൂല്യങ്ങളും ഭവനരഹിതരായ മുഴുവന്‍ ദലിത് ക്രൈസ്തവര്‍ക്കും കൂടി ലഭ്യമാക്കുക, ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് ദലിത് ക്രൈസ്തവര്‍ക്ക് മാത്രമായി സംവരണം ഏര്‍പ്പെടുത്തുക, ഉദ്യോഗ നിയമനത്തിന് നിലവിലുള്ള റൊട്ടേഷന്‍ ലിസ്റ്റില്‍ 48-62 എന്നത് 20-നും 50-നും ഉള്ളിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നത്.