തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശം എന്താണെങ്കിലും അത് നടപ്പിലാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിശുദ്ധ പശുവാണെന്നും കോടതിയുടെ നിർദേശം എന്തായാലും അത് പാലിക്കുമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയിൽ പഞ്ചാബ് ഗവർണർ വിഷയത്തിലെ ഉത്തരവിന്റെ പകർപ്പ് പരിശോധിക്കാൻ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം വിഷയത്തില്‍ നിലപാട് അറിയിക്കാനും രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.
പഞ്ചാബ് വിധി പരിശോധിക്കാൻ സെക്രട്ടറിയോടാണ് പറഞ്ഞത്. പരിശോധിച്ചോ എന്ന് സെക്രട്ടറിയോട് ചോദിക്കണം. കോടതി വിധി കൈവശമുണ്ടെങ്കിൽ നൽകാനും ഗവർണർ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താൻ മറുപടി പറയില്ലെന്നും ഗവർണർ പറഞ്ഞു.
നവംബർ 8നാണ് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷ്ക്രിയത്വം കാട്ടിയതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിലേറെയായി ഗവർണർക്ക് മുൻപിൽ ഇരിക്കുകയാണ്. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, പൊതുജനാരോഗ്യ ബിൽ എന്നിവ ഇതിൽപ്പെടുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഇതുവരെ ഗവർണർ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിൽ കൂടുതലായി ഗവർണർ വൈകിപ്പിക്കുന്നു എന്നാണ് കേരളത്തിന്റെ പരാതി. ഭരണഘടനയിലെ 200-ാം ആർട്ടിക്കിൾ പ്രകാരം നിയമസഭ പാസാക്കി പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകളിൽ എത്രയും വേഗം ഗവർണർ തീരുമാനം എടുക്കണമെന്നാണ്. എന്നാൽ ഗവർണറുടെ അനുമതിക്കായി ബില്ലുകൾ അവതരിപ്പിച്ചിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും കേരളം ഹർജിയിൽ പറയുന്നു.