കൊച്ചി: കുസാറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് അനുസരിച്ച് നരഹത്യാക്കുറ്റം ചുമത്തണം എന്നാണ് പരാതിയിലെ ആവശ്യം.
ഡൽഹിയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.പരിപാടിയുടെ സംഘാടകർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആണ് നിലവിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിന് പുറമെ യൂണിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥയാണ് കുസാറ്റ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് നിവേദനം നൽകിയത്.
മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ നാല് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതുൽ തമ്പി, ആന് റുഫ്ത, സാറ തോമസ്, ആൽബിൻ എന്നിവരാണ് മരിച്ച നാല് പേർ. അതുൽ തമ്പിയും സാറാ തോമസും ആൻ റുഫ്തയും കുസാറ്റിലെ എഞ്ചിനീയിറിംഗ് വിദ്യാർത്ഥികളാണ്.