വാഷിംഗ്ടണ്‍, യാക്കിമ: പുരോഹിതരെ ദൈവം എന്തൊക്കെ ദൗത്യങ്ങളാണ് ഏല്പിക്കുന്നതെന്ന് ചിലപ്പോള്‍ അദ്ഭുതപ്പെട്ടുപോകും. വാഷിംഗ്ടണിലെ യാക്കിമയിലുള്ള സെന്റ് പോള്‍ കത്തീഡ്രലിന് പുറത്ത് പാവപ്പെട്ട ഒരു സ്ത്രീക്ക് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കാന് സഹായിച്ചത് പുരോഹിതന്. മൂന്നു ജീവിതങ്ങളെ തന്റെ സമയോചിതമായ ധൈര്യത്തിലൂടെയും ഇടപെടലിലൂടേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഫാ. ജീസസ് മാരിസ്കലിനു സാധിച്ചു.
അസാധാരണമായ അനുഭവത്തിലൂടെ ദൈവം തന്നോട് എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ അദ്ദേഹം ആശ്ചര്യപ്പെടുന്നത്. വാഷിംഗ്ടണിലെ യാക്കിമയിലുള്ള സെന്റ് പോള്‍ കത്തീഡ്രലിലെ ഇടവക വികാരിയാണ് ഫാ. ജീസസ് മാരിസ്ക്കല്. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുമായുള്ള വിവാഹ ഒരുക്ക യോഗത്തിനിടെ അദ്ദേഹം റെക്ടറിയില്‍ നിന്ന് ഇറങ്ങി. കത്തീഡ്രല്‍ ഗ്രൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്റെ പ്രതിമയുടെ അരികിലൂടെ നടക്കുമ്പോള്‍, പാവപ്പെട്ട ഒരു സ്ത്രീ അതിനടുത്ത് നില്‍ക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
അവള് അലറി വിളിക്കുകയായിരുന്നു, ‘ എന്നെ സഹായിക്കൂ, ഞാന്‍ പ്രസവിക്കാന്‍ പോകുന്നു’
ഫാ. ജീസസ് മാരിസ്ക്കലിന് ആദ്യം താന്‍ കേട്ടത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം അവളുടെ അടുത്തുപോയി സൂക്ഷിച്ചു നോക്കിയപ്പോള്‍ രക്തം അവളുടെ കാല്പാദത്തില് അടിഞ്ഞിരിക്കുന്നതു കണ്ടു. അവള് കരഞ്ഞുപറഞ്ഞു,’ ഞാനിപ്പോള്‍ പ്രസവിക്കും, ഞാനിപ്പോള്‍ പ്രസവിക്കും’
ഫാ. ജീസസ് മാരിസ്ക്കല് ഉടനെ സഹായത്തിനായി 911ല്‍ ഡയല് ചെയ്തു. സ്ത്രീയെ താഴെ കിടക്കുവാന് സഹായിച്ചു. ഫോണ്‍ സ്പീക്കറില്‍ ഇട്ടശേഷം മെഡിക്കല്‍ സഹായിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സെക്കന്റുകള്‍ക്കുള്ളില്‍ സ്ത്രീ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്കി. കരയുന്ന കുട്ടിയെ കൈകളില്‍ കോരിയെടുത്ത് മാരിസ്കകലച്ചന് അമ്മയ്ക്കു നല്കി. അപ്പോള്‍ അവള് പറഞ്ഞു, ” ഒരു കുട്ടി കൂടിയുണ്ട്”.
ഞെട്ടലോടെയാണെങ്കിലും ഒട്ടും സമയം വൈകിക്കാതെ രണ്ടാമത്തെ കുട്ടിയെ പ്രസവിക്കാനും അച്ചന് അവളെ സഹായിക്കാന്‍ ആരംഭിച്ചു. കുട്ടി അപ്പോഴും അമ്നിയോട്ടിക് സഞ്ചിയിലായിരുന്നു (ഗര്‍ഭപാത്രത്തില്‍ കുട്ടിക്കു ചുറ്റുമുള്ള സംരക്ഷിത സ്തരം). അതിനുള്ളില്‍ കുഞ്ഞ് ചലിക്കുന്നത് അദ്ദേഹം കണ്ടു. ഫോണിലെ സഹായിയുടെ നിര്‍ദേശങ്ങള്‍ വന്നു. സംരക്ഷിത വലയം കീറാനായിരുന്നു അത്. അച്ചന്റെ കയ്യില്‍ ആ സമയത്ത് അതിനാവശ്യമായ ഒരു ഉപകരണവും ഉണ്ടായിരുന്നില്ല. കൂടുതല്‍ ആലോചിക്കാതെ കൈകൊണ്ടു തന്നെ അതു പൊട്ടിച്ചു. കുട്ടിയ്ക്ക് ശ്വാസമില്ലെന്ന് അപ്പോള്‍ അച്ചന് ഞെട്ടലോടെ മനസിലാക്കി. കുട്ടിയെ നിലത്തു കിടത്തി പുറത്ത് മൃദുവായി തട്ടാന്‍ ഫോണിലൂടെ നിര്‍ദേശം വന്നു, അദ്ദേഹം അനുസരിച്ചു. ഭീതിയുടെ ഏതാനും നിമിഷങ്ങള്‍ക്കു ശേഷം കുട്ടിയുടെ കരച്ചില് ഉയര്‍ന്നു. രണ്ടാമത്തെ കുട്ടിയേയും മാരിസ്ക്കലച്ചന് അമ്മയുടെ കൈകളില്‍ നല്കി. പിന്നീട് തന്റെ വസതിയിലേക്ക് ഓടി അത്യാവശ്യമുള്ള തുണികളും ഫസ്റ്റ് എയ്ഡ് സാധനങ്ങളും എടുത്തുകൊണ്ടുവന്നു. അപ്പോഴേക്കും മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിരുന്നു.
വിവാഹഒരുക്കത്തിനായി തന്നെ കാത്തു നില്ക്കുന്നവരുടെ കാര്യം അപ്പോഴാണ് അച്ചന് ഓര്‍ത്തത്. ഉടനെ അവര്‍ക്കൊരു ക്ഷമാപണ മെസേജ് അയച്ചു, ” ഞാന്‍ വൈകിയതില്‍ ക്ഷമിക്കണം. ഇരട്ടക്കുട്ടികളെ പ്രസവിക്കാന്‍ ഞാന്‍ ഒരു സ്ത്രീയെ സഹായിക്കുകയായിരുന്നു,” അദ്ദേഹം എഴുതി.
അച്ചന് വൈകുന്നതിന് കാരണം പറയുകയാണെന്ന് കരുതി, അവര്‍ പ്രതികരിച്ചു: അച്ചോ, കള്ളം പറയല്ലേ!”
സ്ത്രീയെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അച്ചന് പിന്നീടവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അല്പസമയത്തിനു ശേഷം സ്ത്രീ ആശുപത്രിയില്‍ നിന്നു പോകുകയും ചെയ്തു. അവള് തിരിച്ചുവന്നില്ല.
” പിന്നീടാലോചിച്ചപ്പോള്‍ എനിക്കു തന്നെ ഇതൊരു സിനിമാക്കഥ പോലെ തോന്നി” അച്ചന് പറയുന്നു. ” വൈദികവേഷമണിഞ്ഞ ഞാന്‍ കൈകളില്‍ നിറയെ ര്കതവുമായി നവജാതശിശുവിനെ എടുത്തിരിക്കുന്നു. എന്തായിരിക്കും ദൈവം എന്നോടു പറയാന്‍ ആഗ്രഹിച്ചത്?” അവശത അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതര്‍ക്കും നഗ്നര്‍ക്കും പ്രതിരോധമില്ലാത്തവര്ക്കും ദുര്‍ബലര്‍ക്കും ചുറ്റും അണിനിരക്കുന്ന ഒരു സഭയാണ് ക്രിസ്തു പണിയാന്‍ ഉദ്ദേശിച്ചത് എന്നു തന്നെ.
പിറ്റേ ദിവസത്തെ കുര്‍ബാനക്കിടെ ഈ അനുഭവം വിശ്വാസികളുമായി അച്ചന് പങ്കുവച്ചെങ്കിലും അവരാരും ഇതൊരു യഥാര്‍ഥ സംഭവമാണെന്ന് കരുതിയില്ല. പക്ഷേ, വൈദികന്റെ സമയോചിതമായ ഇടപെടലില്‍ മൂന്നു ജീവനുകള്‍ രക്ഷപ്പെട്ടു എന്നത് വാസ്തവം തന്നെയായിരുന്നു. രണ്ടു കുട്ടികള്‍ പുതിയ ലോകത്തേക്കു വന്നത് യേശുവിനെ പോലെ, തലചായ്ക്കാന്‍ ഇടമില്ലാതെയാണ്.