എറണാകുളം: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ, ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഗുരുശ്രേഷ്ഠ അവാര്‍ഡിന് സി.ജെ റോബിനെയും (കോഴിക്കോട് രൂപത), വനിതാ ശാക്തീകരണ അവാര്‍ഡിന് ഡോ. ഐറിസ് കൊയ്ലിയോയെയും (തിരുവനന്തപുരം അതിരൂപത), യുവത അവാര്‍ഡിന് സജീവ് ബി.യെയും (പുനലൂര്‍ രൂപത), സമൂഹനിര്‍മിതി അവാര്‍ഡിന് ബ്രദര്‍ ജോയി പുതിയവീട്ടിലിനെയും (കോട്ടപ്പുറം രൂപത), സാഹിത്യ അവാര്‍ഡിന് പി.എഫ് മാത്യൂസിനെയും (വരാപ്പുഴ അതിരൂപത), വൈജ്ഞാനിക സാഹിത്യ അവാര്‍ഡിന് ഷാര്‍ബിന്‍ സന്ധ്യാവിനെയും (ആലപ്പുഴ രൂപത), മാധ്യമ അവാര്‍ഡിന് ഫാ. സേവ്യര്‍ കുടിയാംശ്ശേരിയെയും (ആലപ്പുഴ രൂപത), സംരംഭക അവാര്‍ഡിന് ഷൈജ റൂഫസിനെയും (വരാപ്പുഴ അതിരൂപത), കലാപ്രതിഭ അവാര്‍ഡിന് റെക്സ് ഐസക്കിനെയും (വരാപ്പുഴ അതിരൂപത), വിദ്യാഭ്യാസ-ശാസ്ത്ര അവാര്‍ഡിന് ജോയി സെബാസ്റ്റിയനെയും (ആലപ്പുഴ രൂപത), കായിക അവാര്‍ഡിന് ക്ലെയോഫസ് അലക്സിനെയും (തിരുവനന്തപുരം അതിരൂപത) തിരഞ്ഞെടുത്തു.
ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ മൂന്നിന് 2.30ന് എറണാകുളം ഇന്‍ഫന്റ് ജീസസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വരാപ്പുഴ അതിരൂപതയുടെ ജനജാഗര സമ്മേളനത്തില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും മറ്റു സഭാമേലധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും സംബന്ധിക്കും.
ബ്രദര്‍ ജോയി പുതിയവീട്ടിൽ
കോട്ടപ്പുറം കുറുമ്പന്തുരുത്തില് 1957ല്‍ ജനിച്ച ജോയ് പുതിയവീട്ടിൽ 1980 വരെ മദ്യപാനത്തിലും മദ്യവ്യവസായത്തിലുമായി ജീവിക്കുകയായിരുന്നു. പിന്നീട് മനഃപരിവര്‍ത്തനം വന്ന് ശേഷമുള്ള ജീവിതം ആതുരര്‍ക്കും നിരാലംബര്‍ക്കുമായി ഉഴിഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചു. നാലേക്കര്‍ ഭൂമിയും അമ്പതിനായിരം ചതുരശ്രഅടി വരുന്ന കെട്ടിട സമുച്ചയങ്ങളും സജ്ജമാക്കി അനാഥമന്ദിരം, വൃദ്ധസദനം, ധ്യാനകേന്ദ്രം, സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ പണികഴിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ധനരായ നിരവധി യുവതികളുടെ വിവാഹം നടത്തിക്കൊടുത്തു. അനാഥകുട്ടികളെ വളര്‍ത്തി പഠിപ്പിച്ച് ഉന്നതവിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇവരില്‍ ഡോക്ടര്‍മാരും പ്രഫസര്‍മാരും എന്ജിനീറിംഗും നഴ്സിംഗും പഠിച്ച് ഉന്നതിയിലെത്തിയവരുണ്ട്. ബ്രദര്‍ ജോയി സ്ഥാപിച്ച ദൈവപരിപാലനസഭയ്ക്ക് കോട്ടപ്പുറം രൂപതയുടെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു. കെസിബിസി, കെഎല്‍സിഎ, മുസിരിസ് പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്. അഞ്ച് അസീസി ഭവനങ്ങള്‍ ഇപ്പോള്‍ നടത്തിവരുന്നു.
ഷൈജ റൂഫസ്
സംരംഭക എന്ന നിലയില്‍ ഷൈജ റൂഫസ് ആരംഭിച്ച പ്രസ്ഥാനങ്ങളിലൂടെ ആയിരത്തില്‍പ്പരം വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും ഉപജീവനമാര്‍ഗവും കണ്ടെത്താനായിട്ടുണ്ട്. ഹാന്‍ഡിക്രാഫ്റ്റ് എംപോറിയം, ചെടികളുടെയും ഫലവൃക്ഷതൈകളുടെയും നഴ്സറി, പെറ്റ്സ് എംപോറിയം, കോഫിഷോപ്പ്, പൗള്‍ട്രി ഫാം, ഫിഷ് ഫാം ഹസ്തകലാ ട്രെയ്നിംഗ് സെന്റര്‍, പ്രിയദര്‍ശിനി കിയോക്സ്, ജനസേവനകേന്ദ്രം എന്നിവ ഷൈജയുടെ ഭാവനയില്‍ വിരിഞ്ഞ അതുല്യ സംഭാവനകളാണ്. ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രേഷ്ഠവനിതാ പുരസ്കാരം, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ മികച്ച സംരംഭക അവാര്‍ഡ്, 2005-2006 ലെ കേന്ദ്രസര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍ മന്ത്രാലയ അംഗീകാരപത്രം എന്നിവ ലഭിച്ചിട്ടുണ്ട്.
ജോയി സെബാസ്റ്റ്യന്‍
2020ല്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യാ ഇന്നൊവേഷന് ഫോര്‍ വീഡിയോ കോണ്‍ഫറന്‍സ് മത്സരത്തില്‍ വിജയിച്ച് ഒരു കോടി രൂപയുടെ പുരസ്കാരം കരസ്ഥമാക്കിയതോടെയാണ് ഇന്റര്‍നെറ്റ് കമ്യൂണിക്കേഷന്‍ മേഖലയില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയത്. ഇന്ത്യാ ഗവണ്മെന്റിന്റെ തന്നെ 2023ലെ ഭാഷണി ഗ്രാന്‍ഡ് ഇന്നൊവേഷന് ചലഞ്ച് അവാര്‍ഡും ജോയ് സെബാസ്റ്റ്യന്‍ കരസ്ഥമാക്കി. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ ഗ്രാമീണരുടെ ജനജീവിതം പുഷ്കലമാക്കാനുതകുന്ന നിരവധി സാങ്കേതികവിദ്യകള്‍ ആവിഷ്കരിക്കാന്‍ ഇദ്ദേഹം പല പരിശ്രമങ്ങളും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, സോഫ്റ്റ് വെയര്‍ ആര്‍കിടെക്ട്, സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ വിവിധ ജോലികളില്‍ പ്രവര്‍ത്തിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലങ്ങളില്‍ പല ഉന്നതസമിതികളിലും സേവനം ചെയ്യുന്നു.
ക്ലെയോഫസ് അലക്സ്
തിരുവനന്തപുരത്തെ തീരദേശഗ്രാമമായ പൊഴിയൂരിനെ കാല്പന്തിന്റെ മഹിമയിലേക്കു കൈപിടിച്ചുയര്‍ത്തിയ പരിശീലകനാണ് ക്ലെയോഫസ് അലക്സ്. മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, എം.ഫില്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. ഫുട്ബോളും മള്‍ട്ടിമീഡിയാ ടെക്നോളജിയും എന്ന വിഷയത്തില്‍ ഇപ്പോള്‍ ഡോക്ടറേറ്റ് ചെയ്യുന്നു. കോളജ് പ്രഫസര്‍ സ്ഥാനം വേണ്ടെന്നുവച്ചാണ് പരിശീലകന്റെ വേഷമണിഞ്ഞത്.
സംസ്ഥാന, ദേശീയ, സ്കൂള്‍തല, സന്തോഷ് ട്രോഫി, ഐ ലീഗ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത നൂറോളം കുട്ടികളുടെ പരിശീലകനായിരുന്നു. നിരവധി പ്രഫഷണല്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏജീസ് ഓഫീസ്, എസ്ബിഐ, കെഎസ്ഇബി, ഐഎഫ്സി, റെയില്‍വേ, ഇന്ത്യന്‍ നേവി തുടങ്ങിയ സ്ഥാപനങ്ങളുടെ ടീമുകളില്‍ ക്ലെയോഫസ് അലക്സിന്റെ കീഴില്‍ പരിശീലനം നേടിയ നിരവധി പേര് വിവിധ തസ്തികകളില്‍ തൊഴില്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം അതിരൂപതയുടെ കായിക പദ്ധതിയായ ലിഫ അക്കാദമിയുടെ ടെക്നിക്കല്‍ ഡയറക്ടറും പരിശീലകനുമാണ്.
ഡോ. ഐറിസ് കൊയ്ലിയോ
കോളജ് അധ്യാപനകാലത്തു തന്നെ തന്റെ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീപക്ഷ എഴുത്തുകാരിയും വനിതാ നേതാവുമാണ് ഡോ. ഐറിസ് കൊയ്ലിയോ. പിന്നാക്ക വിഭാഗങ്ങളുടെ സമുദ്ധാരണത്തിന് തന്റെ കഴിവുകള്‍ വിനിയോഗിച്ചു. ‘ഇന്ത്യന്‍ സാമൂഹികപ്രശ്നങ്ങള്‍ നോവലുകളില്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. നിയമബിരുദവും നേടിയിട്ടുണ്ട്. രചനാരംഗത്ത് പുതുമയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. സാഹിത്യത്തിലെ സ്ത്രീപക്ഷ നിരൂപണങ്ങളുടെ സമാഹാരമായ ‘പടരുന്ന മഷിച്ചാലുകള്‍’ എറെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘പക്ഷിയുടെ പാട്ട്’ റൂമി കവിതകളുടെയും, ‘പ്രതിബിംബങ്ങള്‍’ ശ്രീലങ്കന്‍ കവിതകളുടെയും മനോഹാരിയായ മൊഴിമാറ്റങ്ങളാണ്. ഫ്രാന്‍സിസ് പാപ്പായുടെ ‘ലെറ്റസ് ഡ്രീം’ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ പ്രൗഢ വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫാ. സേവ്യര്‍ കുടിയാംശ്ശേരി
ആലപ്പുഴയുടെ തീരദേശത്ത് ഏറെ കര്‍മനിരതനായി പ്രവര്‍ത്തിച്ചുവരുന്ന വൈദികനാണ് ഫാ. സേവ്യര്‍ കുടിയാംശ്ശേരി. മാധ്യമ ശുശ്രൂഷയെ തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വളരെ നന്നായി അദ്ദേഹം വിന്യസിച്ചിരിക്കുന്നു. കേരള കത്തോലിക്ക സഭയുടെ പൊതു കാര്യാലയമായ പിഒസിയില്‍ മീഡിയ കമ്മീഷന് സെക്രട്ടറി, താലന്ത് മാസിക ചീഫ് എഡിറ്റര്‍, ബൈബിള്‍ കമ്മീഷന് സെക്രട്ടറി തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എറണാകുളം ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം പാവപ്പെട്ടവര്‍ക്കു വേണ്ടി ഫീസില്ലാതെ വാദിക്കുന്ന വക്കീലാണ്. ആലപ്പുഴ രൂപത എഡ്യുക്കേഷന്‍ ഏജന്‍സി മാനേജരെന്ന നിലയില്‍ അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പഠനനിലവാരവും സാങ്കേതിക വളര്‍ച്ചയും സ്വഭാവരൂപവത്കരണവും കൈവരിക്കാന്‍ അത്യധ്വാനം ചെയ്തു. ആലപ്പുഴ രൂപതാ മുഖപത്രം ‘മുഖരേഖ’യില്‍ 15 വര്‍ഷം മുഖ്യപത്രാധിപരായിരുന്നു, നെയ്തല്‍ കമ്യൂണിറ്റി റേഡിയോയുടെ സാരഥിയും. കേരളത്തിലുടനീളം ആധ്യാത്മിക, ബൈബിള്‍ വിജ്ഞാനീയ, വിദ്യാഭ്യാസ വിഷയങ്ങളില്‍ ആയിരത്തിലധികം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ‘ദ് റിബല്‍’ അടക്കം നിരവധി ശ്രദ്ധേയ രചനകളുമുണ്ട്.
പി.എഫ് മാത്യൂസ്
മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് പി.എഫ് മാത്യൂസ്. തീരദേശം പ്രമേയമായി നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ചെറുകഥകള്‍, നോവലുകള്‍, തിരക്കഥകള്‍ എന്നിവ എഴുതുന്നു. കേരള ടൈംസ് ദിനപത്രത്തിലൂടെ മാധ്യമരംഗത്ത് പ്രവേശിച്ചു. ചാവുനിലം, അടിയാളപ്രേതം, കടലിന്റെ മണം, 13 കടല്‍കാക്കളുടെ ഉപമ, ഇരുളില്‍ ഒരു പുണ്യവാളന് തുടങ്ങിയ കൃതികള്‍ ഏറെ ശ്രദ്ധേയമാണ്.
മിഖായേലിന്റെ സന്തതികള്‍ എന്ന ടിവി സീരിയലിന്റെ രചന ഏറെ പുതുമയുള്ളതായിരുന്നു. കുട്ടിസ്രാങ്ക് എന്ന സിനിമയുടെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
റെക്സ് ഐസക്സ്
മാന്ത്രികസ്പര്‍ശമുള്ള വയലിന് വാദനത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന കലാകാരനാണ് റെക്സ് ഐസക്സ്. പിതാവ് ജോ ഐസക്സ്കില് നിന്ന് നന്നേ ചെറുപ്പത്തിലേ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. ലത്തീന്‍ ആരാധനക്രമത്തിലെ ഗാനങ്ങള്‍ പിതാവില്‍ നിന്നും സഹോദരന് എമില്‍ ഐസക്സില് നിന്നും സ്വായത്തമാക്കി. അവര്‍ക്കൊപ്പം പാടിയും വയലിന് മീട്ടിയുമാണ് അരങ്ങേറ്റം. മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്, ഫാ. മൈക്കള്‍ പനക്കല്‍, ജോബ് ആന്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ ശിക്ഷണം അദ്ദേഹത്തിന്റെ കഴിവുകളെ തേച്ചുമിനുക്കി. പ്രശസ്ത സംഗീതജ്ഞന് ജെറി അമല്‍ദേവും ഈ സംഘത്തില്‍ സജീവമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ദേവാലയസംഗീതത്തിലുണ്ടായ പരിഷ്കരണ നാളുകളിലും ഐസക്സ് സജീവമായുണ്ടായിരുന്നു. പിന്നീട് ഭക്തിഗാന, സിനിമാ രംഗത്ത് സജീവമായി. കലാഭവന്‍ സെക്രട്ടറിയും വയലിന് ഗുരുവുമായിരുന്നു. നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട്. സിഎസിയില്‍ പ്രിന്‍സിപ്പലായിരുന്നു. യേശുദാസിന്റെ ക്ഷണപ്രകാരം തട്ടകം മദ്രാസിലേക്കു മാറ്റി. ഇന്ത്യയിലെ പ്രമുഖ സംഗീതജഞരെല്ലാം തങ്ങളുടെ സംഗീതനിര്‍വഹണത്തില്‍ റെക്സ് മാഷിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
ഷാര്‍ബിന്‍ സന്ധ്യാവ്
ഒരു ചരിത്രാഖ്യായികയ്ക്കു വേണ്ട ചേരുവകകളെല്ലാം ചേര്‍ന്ന കൃതിയാണ് ഷാര്‍ബിന്‍ സന്ധ്യാവ് രചിച്ച ‘ഒരു തീരത്തിന്റെ കഥ.’ അസാമാന്യമായ കൈവഴക്കത്തോടെയാണ് താന്‍ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രസത്യങ്ങളെ അദ്ദേഹം സ്വന്തമായ രീതിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.ചരിത്രപുരുഷന്മാരുടെ സേവനങ്ങള്‍ ആ കാലഘട്ടത്തില്‍ ആ പ്രദേശങ്ങളില്‍ നടന്നിട്ടുണ്ടാകാമെന്നു കരുതാവുന്ന കാര്യങ്ങളും മികച്ച രീതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
സി.ജെ. റോബിന്
സഭയ്ക്കും സമൂഹത്തിനും നിസ്തുലമായ സംഭാവനകള്‍ നല്കിയ ശ്രേഷ്ഠ നായകനാണ് അഡ്വ. സി.ജെ. റോബിന്. 1974ലും 1980ലും കോഴിക്കോട് മേയറായിരുന്നു. റോമില്‍ നടന്ന വേള്‍ഡ് മേയേഴ്സ് കൗണ്‍സിലില്‍ സംബന്ധിച്ചിട്ടുണ്ട്. 1962ല്‍ കാലിക്കറ്റ് കാത്തലിക് യങ്മെന്‍സ് അസോസിയേഷന് സ്ഥാപക സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രസിഡന്റ് പദവിയിലെത്തി. 1988ല്‍ കെഎല്‍സിഎ കോഴിക്കോട് രൂപതാ സ്ഥാപക പ്രസിഡന്റായി. 1993ലും 1996ലും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം കോഴിക്കോട് ഭവനനിര്‍മാണ സഹകരണ സംഘം പ്രസിഡന്റായിരുന്നു. കോഴിക്കോട് കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡംഗവും കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന് പ്രസിഡന്റുമായിരുന്നു. കോഴിക്കോട് സ്പോര്‍ട്സ് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറിയായിരിക്കെ കോര്പറേഷന് സ്റ്റേഡിയം പവലിയന് നിര്‍മിച്ചു. കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിട്ടുണ്ട്. 1987ല്‍ ജഹവര്‍ലാല്‍ നെഹ്റു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ ജനറല്‍ കണ്‍വീനറും നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് പ്രസിഡന്റുമായിരുന്നിട്ടുണ്ട്.
സജീവ് ബി.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എംഫില്‍ ബിരുദധാരിയായ സജീവ് ബി. വയലില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചെറിയനാട് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്. പഠനകാര്യങ്ങളില്‍ ചെറുപ്പം മുതലേ മികവു പലുര്ത്തിയിരുന്നു. വിപരീത സാഹചര്യങ്ങളോടു പൊരുതിയാണ് അദ്ദേഹം ഉയരങ്ങള്‍ കീഴടക്കിയത്. അധ്യാപന രംഗത്ത് സ്വന്തമായ ഒരു രീതി വികസിപ്പിച്ചെടുത്തു. ഡോ. രാധാകൃഷ്ണന് ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്, ഭാരത് സേവക സമാജ് അവാര്‍ഡ് എന്നിവയ്ക്കു പുറമെ ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളിലും ബൈബിള്‍ കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. കായികമത്സരങ്ങളിലും മികവു പ്രകടിപ്പിച്ചു. സമുദായ, സഭാ സേവന രംഗത്ത് എന്നും മുന്നിലാണ്.