ചെറിയ കാര്യങ്ങളിലാണ് വലിയ ആകാശമെന്ന് ഗുരുക്കന്മാര് പഠിപ്പിക്കുന്നു. അതു തന്നെയാണ് ഷൗക്കത്തിന്റെ തുറന്ന ആകാശങ്ങള്‍.
പതിനാലു വയസ്സുള്ള ഒരു മകള്‍ എപ്പോഴും തിരക്കുള്ള തന്റെ പിതാവിനോട് ഒരിക്കല്‍ ചോദിച്ചു; അച്ഛാ, എന്തിനാണ് അച്ഛന് ഇത്രയും കഷ്ടപ്പെടുന്നത്?
വാത്സല്യത്തോടെ മകളെ തലോടി അച്ഛന് പറഞ്ഞു: നമുക്ക് സന്തോഷത്തോടെ ജീവിക്കാന്‍. എന്നാണ് ആ സന്തോഷജീവിതം തുടങ്ങുക? അച്ഛന്റെ കണ്ണിലേക്കുനോക്കി ചിരിച്ചുകൊണ്ട് അവള് ചോദിച്ചു. അദ്ദേഹം ഒന്നും പറയാനാവാതെ നിശ്ചലനായി, മൗനമായി മോള്ക്കരികെ കുറച്ചുനേരം ഇരുന്നു. അവള് അച്ഛന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് സ്നേഹത്തോടെ പറഞ്ഞു; ഇന്ന് നമുക്ക് സന്തോഷിക്കാനായില്ലെങ്കില് പിന്നെ നാളെയും അതുണ്ടാവില്ല അച്ഛാ.. അത് തിരക്കിട്ട് നേടേണ്ടതല്ല. ഇപ്പോള്‍ അച്ഛന് എന്റെ കൂടെ ഇങ്ങനെ ഇരുന്നില്ലേ. ഒരു തിരക്കുമില്ലാതെ.. അങ്ങനെ ഉണ്ടാകേണ്ടതാണ്. സ്നേഹവാനായ ആ പിതാവിന്റെ കണ്ണില്‍ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ചുകൊടുത്ത് അവള് അകത്തേക്കു നടന്നു.
ഷൗക്കത്തിന്റെ പുതിയ പുസ്തകം ‘തുറന്ന ആകാശങ്ങള്‍’ ആദ്യ പേജില്‍ കുറിച്ചിട്ടുള്ളത് ഇങ്ങനെയാണ്. ദാര്‍ശനികനും എഴുത്തുകാരനും യാത്രികനും പ്രഭാഷകനുമായ ഷൗക്കത്തിനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ലല്ലോ? ഹിമാലയത്തെ കുറിച്ചുള്ള മികച്ച മലയാളപുസ്തകങ്ങളില്‍ ഒന്ന് ഹിമാലയം എന്ന പേരില്‍ തന്നെയുള്ള ഷൗക്കത്തിന്റേതാണ്.
ചെറിയ ചെറിയ കാര്യങ്ങള്‍. നമ്മുടെ ദൈനംദിന ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്ന ആത്മസ്പര്‍ശങ്ങള്‍. കുഞ്ഞുകാര്യങ്ങളിലാണ് വലിയ സാധ്യതകള്‍ നിറവാര്ന്നിരിക്കുന്നത് എന്ന് പറഞ്ഞുതന്ന അനുഭവങ്ങള്‍. ചിന്തകളില്‍ ഹൃദയപരത വേണമെന്ന് പറയാതെ പറഞ്ഞ സന്ദര്‍ഭങ്ങള്‍, നാം ശ്രദ്ധിക്കാതെ വിട്ടതോ നമ്മുടെ ശ്രദ്ധയേല്ക്കാതെ പോയതോ ആയ ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങള്‍. അങ്ങനെ കുറച്ചു കാര്യങ്ങള്‍ അത്രമാത്രമാണ് പുസ്തകം പകര്‍ന്നു തരുന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപികയായ സിസ്റ്റര്‍ പകര്‍ന്നു തന്ന യേശു അനുഭവത്തെക്കുറിച്ച് ഷൗക്കത്ത് പങ്കുവെക്കുന്നത് ഇങ്ങനെയാണ്.
യേശുവിനോട് നിങ്ങള്‍ക്കെന്താണ് ഇത്രയും സ്നേഹമെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു. അതിനു എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ മൗനമായിരുന്നപ്പോള്‍ ഉള്ളില്‍ വന്നുനിറഞ്ഞത് ഞാന്‍ പഠിച്ച യു.പി സ്കൂളാണ്. സെന്റ് ആന്റണീസ് കോണ്‍വെന്റ് സ്കൂളിലാണ് പഠിച്ചത്. ചില ദിവസങ്ങളില്‍ സ്കൂള്‍ കോമ്പൗണ്ടിലുള്ള ചര്‍ച്ചില്‍ ചെന്നിരിക്കും.
ആ ഒഴിഞ്ഞ ഹാളില്‍ ഒരു ബഞ്ചിലിരുന്ന് കുരിശില്‍ കിടക്കുന്ന യേശുവിന്റെ മുഖത്തേക്ക് വെറുതെ നോക്കിയിരിക്കും. ആ കുഞ്ഞുമനസ്സ് ആര്ദ്രമാകും. അറിയാതെ കൈകള്‍ നെഞ്ചിനോടു ചേര്‍ത്തുവെയ്ക്കും. കണ്ണുകള്‍ എന്തിനെന്നില്ലാതെ നിറയും. ഉള്ളില്‍ വിങ്ങിനിന്നിരുന്ന വിഷാദം ഒഴുകിമറയും. ആഴമേറിയ ഒരു സമാധാനം ശരീരം മുഴുവന്‍ പ്രസരിക്കും.
ഒരു ദിവസം അവിടെയിരിക്കുമ്പോള്‍ ആരോ വന്ന് തലയില്‍ തലോടി. തിരിഞ്ഞു നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് ഒരു സിസ്റ്റര്‍. അവര്‍ എന്റെ തലയില്‍ തലോടിക്കൊണ്ടേയിരുന്നു. ഞാനന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയല്ല. അനുസരണക്കേട് ഏറെയുള്ള ഒരു വികൃതിയാണ്. എങ്കിലും അകമേ എന്തിനെന്നില്ലാതെ ഒരു പ്രാര്ഥനയുണ്ടായിയിരുന്നു.
സ്ഥിരമായി മസ്ജിദില്‍ പോയി നിസ്കരിക്കുന്ന വിശ്വാസിയായിരുന്നു ഞാന്‍. അമ്പലങ്ങള്‍ക്കു മുന്നില്‍ മന്ത്രോച്ചാരണങ്ങള്‍ കേട്ട് എന്തിനെന്നറിയാതെ മൗനമായി നില്ക്കുമായിരുന്നു. മൗനവും ശാന്തിയും നിറഞ്ഞുനില്ക്കുന്ന ഏതിടവും എനിക്ക് പ്രാര്ഥനാലയമായിരുന്നു. ആ പ്രശാന്തമായ മൗനം തന്നെയാണ് എന്നെ കോണ്‍വെന്റിലെ ചര്‍ച്ചിലേക്ക് സ്ഥിരമായി ആകര്‍ഷിച്ചതും.
ഞാന്‍ അവിടെ വരുന്നതും പോകുന്നതുമെല്ലാം സ്ഥിരമായി ശ്രദ്ധിച്ചിരുന്ന സിസ്റ്ററാണ് തലയില്‍ തലോടി നില്‍ക്കുന്നത്. അവര്‍ കുറച്ചുനേരം അങ്ങനെനിന്ന് സ്നേഹം പകര്‍ന്ന് തിരിച്ചുപോയി. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ക്രിസ്തുവിന്റെ മുഖത്തേക്കു നോക്കി. ആ തിരുമുഖം എന്നെനോക്കി മന്ദഹസിക്കുന്നതായി തോന്നി. എല്ലാ സ്നേഹവും വാത്സല്യവും കരുതലും ആ മന്ദഹാസത്തില്‍ നിറഞ്ഞു നിന്നിരുന്നു.
പ്രസന്നയും വാത്സല്യവതിയുമായ സിസ്റ്ററുടെ വിരല്‍ത്തുമ്പിലൂടെ എന്നിലേക്ക് പെയ്തിറങ്ങിയത് ക്രിസ്തുവിന്റെ സ്നേഹംതന്നെയാണെന്ന് എനിക്കുതോന്നി. പെട്ടെന്നെനിക്ക് സിസ്റ്ററെ കാണാന്‍ തോന്നി. ഞാന്‍ എഴുന്നേറ്റ് ധൃതിയില്‍ പുറത്തേക്കു നടന്നു. എന്നെ കാത്തുനില്‍ക്കുന്നതുപോലെ സിസ്റ്റര്‍ ചിരിച്ചുകൊണ്ട് പുറത്തുതന്നെ ഉണ്ടായിരുന്നു. എന്നെയും കൂട്ടി അവര്‍ പൂന്തോട്ടത്തിലേക്കു നടന്നു.
പല തരത്തിലുള്ള പൂക്കളാല്‍ സമ്പന്നമായ പൂന്തോട്ടമായിരുന്നു കോണ്വെന്റിലേത്. നിറയെ പൂമ്പാറ്റകള്‍ അവിടെ പറന്നു കളിക്കുന്നുണ്ടായിരുന്നു. സിസ്റ്റര്‍ അതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു. ഞങ്ങള്‍ രണ്ടുപേരും അവരുടെ ആഹ്ലാദനൃത്തം കണ്ട് ഏറെ സന്തോഷിച്ചു.
ക്രിസ്തുവിനെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ ഒരു വാക്കുപോലും സിസ്റ്റര്‍ എന്നോടു പറഞ്ഞില്ല. എന്നാല്‍ ബൈബിളില്‍ നിന്നും ക്രിസ്തുവില്‍ നിന്നും അവര്‍ സ്വാംശീകരിച്ച സ്നേഹത്തെയും വാത്സല്യത്തെയും എനിക്ക് ആവോളം പകര്‍ന്നുതന്നു.
പുതിയകാലം പുതിയ തലമുറ എന്ന ശീര്‍ഷകത്തില്‍ പുസ്തകത്തിലുള്ള ഒരു കുറിപ്പ് പറഞ്ഞ് പുസ്തക വിചാരം ചുരുക്കാം. സ്കൂളില്‍ കുട്ടികള്‍ക്കായുള്ള ഒരു പരിപാടി നടക്കുന്നു. മുഖ്യാതിഥിയായുള്ളത് വലിയൊരു സെലിബ്രിറ്റിയാണ്. അദ്ദേഹം സംസാരം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ കറന്റ് പോയി. ശബ്ദം എല്ലാവര്ക്കും കേള്‍ക്കാതെയായി. എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു: എല്ലാവരുമൊന്ന് അടുത്തേക്കു വന്നിരുന്നാല്‍ നന്നായി. ഉടന്‍ സദസ്സില്‍നിന്ന് ഒരു കുട്ടി കൈപൊക്കി. എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അവള് പറഞ്ഞു: അല്ല സാര്‍, സാര്‍ ഇങ്ങോട്ട് ഞങ്ങളുടെ അടുത്തേക്കു വരികയാണെങ്കില്‍ ഒരാളല്ലേ വരേണ്ടതുള്ളൂ. ഞങ്ങളെല്ലാവരും അങ്ങോട്ടു വരുന്നതിനേ ക്കാള്‍ അതല്ലേ കൂടുതല്‍ നല്ലത്?
മദര്‍ തെരേസ പകര്‍ന്നു തന്ന ഇഷ്ടപ്പെട്ട സന്ദേശം ഏതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ പറയാന്‍ ഉള്ളില്‍ ഒരു ഉത്തരം സൂക്ഷിച്ചിട്ടുണ്ട്. മദര്‍ ഒരിക്കല്‍ പറഞ്ഞു: കഴിഞ്ഞദിവസം ഞാനൊരു സ്വപ്നം കണ്ടു. ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍പ്പടിയില്‍ നില്ക്കുന്നതായി. സെന്റ് പീറ്റര്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു ‘നീ ഭൂമിയിലേക്ക് തിരിച്ചുപോകു …. ഇവിടെ നിനക്ക് പാര്‍ക്കാന്‍ ചേരികള്‍ ഇല്ല.’