ആന്‍ഡ്രിയാസ് മാല്മിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ഡാനിയല്‍ ഗോള്ഡ്ഹാബര് സംവിധാനം ചെയ്ത ഹൗ ടു ബ്ലോ അപ്പ് എ പൈപ്പ്ലൈന് എന്ന സിനിമ പരിസ്ഥിതി കാലാവസ്ഥാ പ്രശ്നങ്ങള്‍ക്കെതിരേ തീവ്രമായി പ്രതികരിക്കുന്നു. തിരക്കഥ രചിച്ചത് നിര്‍വഹിച്ചത് ഏരിയല ബാരര്‍, ജോര്‍ദാന്‍ സ്ജോള്, ഗോള്ഡ്ഹാബര് എന്നിവര്‍ ചേര്‍ന്നാണ്. 2022 സെപ്റ്റംബര്‍ 10-ന് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥാ ദുരന്തങ്ങളെ എതിര്‍ത്ത് എട്ട് പേരടങ്ങുന്ന യുവാക്കളുടെ ഒരു സംഘം വെസ്റ്റ് ടെക്സാസിലെ ഒരു എണ്ണ പൈപ്പ്ലൈന് അട്ടിമറിക്കാന്‍ തീരുമാനിക്കുന്നു. ‘നിയമം നിങ്ങളെ ശിക്ഷിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ശിക്ഷിക്കും’ എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്ന ഘടകങ്ങളുടെ വ്യാപകവും നിരന്തരവുമായ നാശമാണ് ഫോസില്‍ ഇന്ധനങ്ങളെ ലാഭകരമാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന പുസ്തക രചയിതാവ് മാല്മിന്റെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ.
കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചില്‍ രണ്ടു സുഹൃത്തുക്കള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. എണ്ണ ശുദ്ധീകരണശാലകളില്‍ നിന്നുള്ള മലിനീകരണം മൂലം വലയുന്ന ഒരു നഗരത്തില്‍ ഉഷ്ണതരംഗത്തിനിടെ അവരിലൊരാളുടെ അമ്മ മരിച്ചു. തങ്ങളുടെ പ്രതിരോധ പ്രചാരണത്തിന്റെ മന്ദഗതിയിലുള്ള പുരോഗതിയില്‍ അവര്‍ നിരാശരാണ്. തിയോ, സോചിറ്റല്, അലിഷ എന്നിവര്‍ ചേര്‍ന്ന് തങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കണ്ടെത്തുകയും കൂടുതല്‍ ഫലപ്രദമായ മാര്‍ഗത്തിലേക്ക് നീങ്ങേണ്ടതിനെ കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്യുന്നു. അവരിലൊരാള്‍ സ്ഫോടകവസ്തു വിദഗ്ധനായ മൈക്കിളാണ്. സാഹസികരായ യുവ ദമ്പതികളായ റോവനും ലോഗനും സംഘത്തില്‍ ചേരുന്നു. പടിഞ്ഞാറന്‍ ടെക്സാസില്‍ അടുത്തിടെ നിര്‍മ്മിച്ച എണ്ണ പൈപ്പ്ലൈനിന്റെ സംരക്ഷണമില്ലാത്ത ഭാഗത്ത് തങ്ങള്‍ നിര്‍മിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ തന്ത്രപരമായി പൊട്ടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു. പൈപ്പ് ലൈന്‍ ഭാഗികമായി നിര്‍മ്മിച്ചിരിക്കുന്നത് സംഘാംഗമായ ഡ്വെയിന്റെ ഭൂമിയിലാണ്. പൈപ്പ്ലൈന്റെ നാശം കമ്പനിയെ ടെക്സാസിലെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലത്തേക്ക് നിര്‍ത്തിവക്കാന്‍ പ്രേരിപ്പിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സംഘം ആളൊഴിഞ്ഞ ഒരു ഗ്രാമപ്രദേശത്തെ ക്യാബിന് തങ്ങളുടെ താവളമാക്കുന്നു. അവിടെ അവര്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനും പൈപ്പ്ലൈനിന്റെ ഒരു ഭാഗം കുഴിക്കാനും തുടങ്ങുന്നു.
അവരുടെ പദ്ധതി പുരോഗമിക്കുമ്പോള്‍ തന്നെ നിരവധി തിരിച്ചടികളും വെല്ലുവിളികളും നേരിടുന്നു. ചിലര്‍ ലഹരിയില്‍ പെട്ടുപോകുന്നു. തയ്യാറെടുപ്പിനിടെ മൈക്കല്‍ അബദ്ധത്തില്‍ ഒരു സ്ഫോടനം നടത്തുന്നു. അലിഷയുടെ കാലൊടിയുന്നു. റോവനും ലോഗനും, ആയുധധാരികളായ കമ്പനി ഉദ്യോഗസ്ഥരുടെ മുന്നില്‍പെടുന്നു. ലോഗന് വെടിയേല്‍ക്കുന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും, ഗ്രൂപ്പ് വിജയകരമായി പൈപ്പ് ലൈന്‍ തകര്‍ത്തു. സ്ഫോടനത്തെത്തുടര്‍ന്ന്, സംഘം ചിതറി. പൊലീസ് അവരെ പലരേയും പിടികൂടി.
സിനിമയുടെ സമീപനം തീവ്രമായി എന്ന തോന്നല്‍ സ്വാഭാവികമായും ഉണ്ടാകും. കാലാവസ്ഥാ പ്രതിസന്ധികളെ നേരിടേണ്ടത് ഇത്തരത്തില്‍ വിനാശം വിതച്ചാണോ? അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? കാലാവസ്ഥാ പ്രതിസന്ധികളെ ജാഗ്രതാ പ്രവര്‍ത്തകരുടെ ചെറുസംഘങ്ങള്‍ കൊണ്ട് മാത്രം നേരിടാനാകില്ല എന്നത് ഉറപ്പാണ്. തങ്ങളുടെ പ്രതിഷേധം വിജയിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന വിനാശകരമായ തന്ത്രങ്ങള്‍ പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടോ? അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടുള്ള ആഹ്വാനമായി സിനിമയെ കാണേണ്ടതുണ്ടോ? സിനിമയെ അതിന്റെ കലാപരമായ ആവിഷ്കാരത്തിന്റെ പശ്ചാത്തലത്തിലല്ലേ കാണേണ്ടത് എന്നിങ്ങനെയുള്ള സംശയങ്ങളും സ്വാഭാവികം.
പ്രതിഷേധക്കാരായ എട്ടംഗ സംഘം വ്യക്തിപരമായ സാഹചര്യങ്ങളാല്‍ ഒരുമിച്ചവരാണ്, ഓരോ കഥാപാത്രവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളുടെ പ്രതീകങ്ങളാണ്: എണ്ണ ശുദ്ധീകരണശാലയുമായി ബന്ധപ്പെട്ട ക്യാന്‍സര്‍, മലിനീകരണം മൂലം രക്താര്‍ബുദം ബാധിച്ച തിയോയെപ്പോലുള്ള കഥാപാത്രങ്ങള്‍, ഉഷ്ണതരംഗത്തില്‍ നിന്നുള്ള മരണം, തദ്ദേശീയമായ ഭൂമിയുടെയും സംസ്കാരത്തിന്റെയും നാശം തുടങ്ങിയവ. നടപടി സ്വീകരിക്കേണ്ടവരുടെ നിഷ്ക്രിയത്വം അവരെ ക്ഷുഭിതരും പ്രകോപിതരുമാക്കുന്നു. പ്രാദേശിക വികസന വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും പ്രായോഗികമായ പരിഹാരങ്ങളായി അവര്‍ക്കു തോന്നുന്നില്ല. അവര്‍ കൂടുതല്‍ ഫലപ്രദമെന്നും എളുപ്പത്തില്‍ ശ്രദ്ധ നേടാന്‍ കഴിയുന്നതുമായ മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ്. എണ്ണ വ്യവസായത്തില്‍ ഒരു തടസം സൃഷ്ടിക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. പക്ഷേ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം സംബന്ധിച്ച് അവര്‍ക്കിടയിലും തര്‍ക്കങ്ങളുണ്ട്. ഒരു എണ്ണ റിഫൈനറി തകര്‍ക്കുന്നത് മറ്റൊരു പാരസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന് സംഘാംഗമായ ഷോണ്‍ ആശങ്കപ്പെടുന്നു. സച്ചിന് ഇതിനെ എതിര്‍ക്കുന്നു.
തങ്ങളുടെ പൈപ്പ്ലൈന് അട്ടിമറി പദ്ധതി ഒരു ജനപ്രിയ ചര്‍ച്ച ആരംഭിക്കുന്നതിനും മറ്റുള്ളവരെ അതില്‍ ചേരാന്‍ പ്രചോദിപ്പിക്കുന്നതിനും മതിയായ കാരണമാകുമെന്നാണ് അംഗങ്ങളില്‍ പലരും കരുതുന്നത്.
തങ്ങളുടെ ചെയ്തി ചരിത്രത്തില്‍ അലയൊലികളില്ലാത്ത ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം രേഖപ്പെടുത്തരുതെന്നവര്ക്കു നിര്‍ബന്ധമുണ്ട്. സംഘത്തിന്റെ ലക്ഷ്യങ്ങള്‍ ബോധപൂര്‍വമാണ്. തങ്ങള്‍ ആക്രമിക്കുന്നത് ഏതെങ്കിലും ജനങ്ങളെയല്ല, മറിച്ച് ഒരു പ്രതീകത്തെയാണെന്നവര് സ്വയം വിശ്വസിപ്പിക്കുന്നു. അവര്‍ ആരോടെങ്കിലും വ്യക്തിപരമായി വിദ്വേഷം പുലര്‍ത്തുന്നില്ല. മറിച്ച് കാര്യമായ മാറ്റത്തിന് ഉത്തേജനം നല്‍കാനുള്ള ഒരേയൊരു മാര്‍ഗ്ഗമായി അട്ടിമറിയെ കാണുന്ന അര്‍പ്പണബോധമുള്ളവരും ബുദ്ധിയുള്ളവരുമായ പ്രവര്‍ത്തകരാണ്. അതേസമയം അവര്‍ ഇക്കോ ടെററിസ്റ്റുകളാണോ അതോ ജനങ്ങളെ ബോധവത്കരിക്കാന്‍ ഇടപെടല്‍ നടത്തുന്ന ആക്ടിവിസ്റ്റുകളാണോ എന്ന സംശയം പ്രേക്ഷകന് തീര്‍ച്ചയായും ഉണ്ടാകും. നിങ്ങളത് സ്വയം തീരുമാനച്ചോളൂ എന്നാണ് സംവിധായകന് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കേണ്ടത് തൊഴിലാളിവര്‍ഗ സംഘടനകളാണെന്നാണ് അവര്‍ കരുതുന്നത്. കാരണം, മുതലാളിമാര്‍ ലാഭത്തിനുവേണ്ടി ഭൂമിയെ നശിപ്പിക്കുന്നു. മുതലാളിത്ത ലാഭം തകര്‍ക്കാന്‍ ഏറ്റവും വലിയ ശക്തിയുള്ള സമൂഹത്തിന്റെ പ്രതിനിധികളാണ് തൊഴിലാളികള്‍. അങ്ങിനെ വരുമ്പോള്‍ പുതിയൊരു വര്ഗസമരത്തിനാണ് യുവാക്കള്‍ കോപ്പുകൂട്ടുന്നതെന്നും പറയാം.
ഹൗ ടു ബ്ലോ അപ് എ പൈപ്പ്ലൈന് അതുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങളൊന്നും നല്‍കുന്നില്ല.
സിനിമ സാങ്കല്പികമാണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍, വ്യക്തികള്‍, പാരിസ്ഥിതിക അവബോധവും ആക്ടിവിസവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമാധാനപരമായ പ്രകടനങ്ങളില്‍ നിന്ന് കൂടുതല്‍ തീവ്രമായ കളത്തിലേക്ക് ചുവടുമാറ്റിയ യഥാര്‍ത്ഥ കാലാവസ്ഥാ പ്രവര്‍ത്തകരുടെ അനുഭവങ്ങളില്‍ നിന്നാണ് സിനിമ ഉണ്ടായിരിക്കുന്നത്. പൈപ്പ് ലൈനുകള്‍ക്കെതിരേ യഥാര്‍ത്ഥത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുമുണ്ട്.