കേരളത്തിലെ പ്രഥമ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക ദൈവദാസി മദര്‍ ഏലീശ്വയെ ധന്യയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ ഡിക്രിക്ക് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്കി.
എറണാകുളം: കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സന്ന്യാസിനിയും പ്രഥമ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപികയുമായ ദൈവദാസി മദര്‍ ഏലീശ്വയെ ധന്യയായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിക്ക് അനുമതി നല്കി. ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്ച്ചേലോ സെമരാരോയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ഡിക്രി പുറപ്പെടുവിക്കാന്‍ പരിശുദ്ധ പിതാവ് കല്പന നല്‍കിയത്.
പെണ്‍കുട്ടികള്‍ക്കായി കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്കൂളും ബോര്‍ഡിങ് ഹൗസും അനാഥശാലയും സ്ഥാപിച്ച മദര്‍ ഏലീശ്വയെ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായി വീരോചിത സുകൃതങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സഭ ധന്യയായി പ്രഖ്യാപിക്കുന്നത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കലാണ് നാമകരമത്തിനുള്ള അടുത്ത നടപടി.
മലയാളക്കരയില്‍ സ്ത്രീവിദ്യാഭ്യാസത്തിന് അടിത്തറ പാകിയ ഇന്ത്യയിലെ ആദ്യത്തെ ഏതദ്ദേശീയ നിഷ്പാദുക കര്‍മലീത്താ സന്ന്യാസിനിമാരുടെ മൂന്നാം സഭയുടെ (തേഡ് ഓര്‍ഡര്‍ ഡിസ്കാല്‍സ്ഡ് കാര്‍മലൈറ്റ് കോണ്ഗ്രിഗേഷന് – ടിഒസിഡി) സ്ഥാപികയാണ് പരിശുദ്ധ കന്യകമറിയത്തിന്റെ ഏലീശ്വ എന്ന കര്‍മലീത്താ അര്പ്പിതജീവിത നാമം സ്വീകരിച്ച ഏലീശ്വ വാകയില്‍.
വരാപ്പുഴ വികാരിയാത്തില്‍ കൂനമ്മാവിലെ പനമ്പുമഠത്തില്‍ 1866 ഫെബ്രുവരി 13ന് മദര്‍ ഏലീശ്വ സ്ഥാപിച്ച ടിഒസിഡി സന്ന്യാസിനീ സമൂഹം പിന്നീട് ലത്തീന്‍, സുറിയാനി റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതില്‍ നിന്നാണ് കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി), കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നീ സന്ന്യാസിനീ സമൂഹങ്ങള്‍ രൂപപ്പെട്ടത്. ഇരുസമൂഹങ്ങളിലുമായി ഇന്ന് ഏഴായിരത്തിലേറെ സന്ന്യാസിനിമാരുണ്ട്. മലയാളക്കരയിലെ അര്പ്പിതകളുടെയെല്ലാം അമ്മയാണ് മദര്‍ ഏലീശ്വ.
വരാപ്പുഴ അതിരൂപതയിലെ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ (കുരിശിങ്കല്‍ പള്ളി) വൈപ്പിശേരി കപ്പിത്താന് കുടുംബത്തില്‍ തൊമ്മന്-താണ്ട ദമ്പതികളുടെ എട്ടു മക്കളില്‍ ആദ്യ സന്താനമായാണ് ഏലീശ്വ ജനിച്ചത്. ഏലീശ്വായുടെ മൂന്നാമത്തെ സഹോദരന് ലൂയിസ് വൈപ്പിശേരി നിഷ്പാദുക കര്‍മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പത്താം പീയൂസ് പ്രോവിന്സില് വൈദികപട്ടം സ്വീകരിച ആദ്യ സന്ന്യാസിയും ‘സത്യനാദകാഹളം’ പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്നു.
1847-ല്‍ പതിനാറാം വയസില്‍ കൂനമ്മാവില്‍ വാകയില്‍ വത്തരുവിന്റെ ഭാര്യയായ ഏലീശ്വ, അന്ന എന്ന കുഞ്ഞിന് ജന്മം നല്കി. ഇരുപതാം വയസില്‍ വിധവയായ ഏലീശ്വ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചും വഴങ്ങാതെ വാകയില്‍ തറവാട്ടിലെ കളപ്പുരയില്‍ പ്രാര്‍ഥനയ്ക്കായി രൂപപ്പെടുത്തിയ മുറിയില്‍ ധ്യാനത്തിലും പരിത്യാഗപ്രവര്ത്തനങ്ങളിലും മുഴുകി ജീവിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാ പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറി ഫാ. ലെയോപ്പോള്‍ഡ് ബെക്കാറോയാണ് ഏലീശ്വായുടെ ആധ്യാത്മിക സിദ്ധി തിരിച്ചറിഞ്ഞ് സമര്പ്പിതജീവിതത്തിനായുള്ള ഏലീശ്വായുടെ ആഗ്രഹം വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ബെര്നര്ദീന് ബച്ചിനെല്ലിയുടെ മുന്‍പാകെ അവതരിപ്പിച്ചത്. ഏലീശ്വായുടെ അനുജത്തി ത്രേസ്യയും മകള്‍ അന്നയും ഏലീശ്വായുടെ പാത പിന്തുടര്ന്ന് അര്‍പ്പിത ജീവിതം നയിക്കാനുള്ള താല്പര്യം ഫാ. ബെക്കാറോയെ അറിയിച്ചിരുന്നു.
യൂറോപ്പില്‍ നിന്ന് പ്രേഷിതസന്ന്യാസിനിമാരെ വരുത്താനായി വരാപ്പുഴ പുത്തന്‍പള്ളിയില്‍ വലിയൊരു മഠം പണിയാന്‍ ശ്രമിച്ചിരുന്ന ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി ഇറ്റലിയിലെ ജനോവയില്‍ നിന്ന് കര്‍മലീത്താ സന്നാസിനീ സഭയുടെ നിയമാവലി വരുത്തി, 1886 ഫെബ്രുവരി 12ന് സ്ത്രീകള്‍ക്കായുള്ള കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപക ഡിക്രി ഒപ്പുവച്ച് ഏലീശ്വായെയും ത്രേസ്യയെയും അന്നയെയും ‘അടിസ്ഥാനശിലകളായി’ പ്രഖ്യാപിച്ചു. പിറ്റേന്ന്, വാകയില്‍ കുടുംബത്തില്‍ നിന്ന് അവകാശമായി കിട്ടിയ സ്ഥലത്ത് നിര്‍മിച്ച പനമ്പുമഠത്തിലേക്ക് മൂവരും പ്രവേശിച്ചു. മലയാളക്കരയിലെ ആദ്യത്തെ കന്യകാമഠം അതായിരുന്നു. ഓരോ പള്ളിക്കുമൊപ്പം പള്ളിക്കൂടവും പണിയണം എന്ന് 1856-ല്‍ കല്പന പുറപ്പെടുവിച്ച ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി, സ്ത്രീവിദ്യാഭ്യാസം അപ്പസ്തോല പ്രവര്‍ത്തനമായി 1868 ജൂലൈ 20ന് ഈ തദ്ദേശീയ സന്ന്യാസിമാര്‍ക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ കേരളസഭയില്‍ ആദ്യത്തെ കോണ്‍വെന്റ് സ്കൂള്‍ കൂനമ്മാവില്‍ സ്ഥാപിക്കപ്പെട്ടു. ഇതിനിടെ സുറിയാനി റീത്തില്‍ നിന്നുള്ളവരെയും മദര്‍ ഏലീശ്വാ തന്റെ മഠത്തില്‍ അംഗങ്ങളായി സ്വീകരിച്ചു.
കൂനമ്മാവില്‍ മദര്‍ ഏലീശ്വയുടെയും മകള്‍ അന്നയുടെയും വകയായ ഭൂമിയില്‍ പണിതീര്‍ത്ത സെന്റ് തെരേസാസ് കോണ്‍വെന്റിലേക്ക് 1867 മാര്‍ച്ച് 27നാണ് പനമ്പുമഠത്തിലുള്ള അംഗങ്ങള്‍ താമസം മാറ്റിയത്.
ലെയോ പതിമൂന്നാമന്‍ പാപ്പാ ‘ക്വാദിയാം പ്രീദേം’ എന്ന തിരുവെഴുത്തുപ്രകാരം 1887 മേയ് 25ന് വരാപ്പുഴ വികാരിയാത്തിലെ സുറിയാനി റീത്തില്പെട്ടവര്ക്കായി കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിക്കുകയും അവരെ വരാപ്പുഴ വികാരിയാത്തില്‍ നിന്നു വേര്‍പെടുത്തുകയും ചെയ്തിനെ തുടര്‍ന്ന്
റോമിലെ വിശ്വാസപ്രചാരക തിരുസംഘം (പ്രൊപ്പഗാന്ത ഫീദെ) 1867 മാര്‍ച്ച് 27ന് കൂനമ്മാവിലെ സെന്റ് തെരേസാസ് മഠം തൃശൂര്‍ വികാരിയാത്തിനു നല്കാന് തീരുമാനിച്ചു. റീത്തുവിഭജനത്തെ തുടര്‍ന്ന്, 1890 സെപ്റ്റംബര്‍ 17ന് കൂനമ്മാവിലെ മഠവും സ്കൂളും അനാഥശാലയും ബോര്‍ഡിംഗും 25 ഏക്കറിലധികം വരുന്ന മറ്റു വസ്തുവകകളുമെല്ലാം വിട്ടുകൊടുത്തുകൊണ്ട് സഭാസ്ഥാപികയായ മദര്‍ ഏലീശ്വയ്ക്ക് കൂടെയുണ്ടായിരുന്ന ലത്തീന്‍ റീത്തുകാരായ സഹോദരിമാരോടൊപ്പം വെറുംകൈയോടെ ഇറങ്ങിപോകേണ്ടിവന്നു.
എറണാകുളത്ത് സിഎസ്എസ്ടി സമൂഹത്തിന്റെ സ്ഥാപിക ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ, മദര്‍ ഏലീശ്വയ്ക്കും സഹോദരിമാര്‍ക്കും താത്കാലികമായി അഭയം നല്കി. 1890 സെപ്റ്റംബര്‍ 17 മുതല്‍ 1890 നവംബര്‍ 10 വരെ മദര്‍ ഏലീശ്വയും സഹോദരിമാരും എറണാകുളത്തു താമസിച്ചു. വരാപ്പുഴ മെത്രാപ്പോലീത്ത ലെയനാര്‍ദോ മെല്ലാനോ വരാപ്പുഴയില്‍ അവര്‍ക്കായി സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്ഥാപിക്കുകയും 1890 നവംബര്‍ 11ന് മദര്‍ ഏലീശ്വയെയും സഹസന്ന്യാസിനിമാരെയും അവിടേക്ക് മാറ്റിതാമസിപ്പിക്കുകയും ചെയ്തു. കൂനമ്മാവ് അനാഥമന്ദിരത്തില്‍ നിന്ന് പോയ അനാഥക്കുട്ടികളെ ആര്‍ച്ച്ബിഷപ് വരാപ്പുഴയില്‍ മദര്‍ ഏലീശ്വായുടെ കൈയില്‍ ഏല്പിച്ചുകൊടുത്തു. 41 അനാഥകുട്ടികളെ സ്വീകരിച്ചുകൊണ്ട് വരാപ്പുഴ മഠത്തിനോടു ചേര്‍ന്ന് ആദ്യദിവസം തന്നെ സെന്റ് ജോസഫ് അനാഥാലയവും തുറന്നു. 1891 വൃശ്ചികം മൂന്നിന് വരാപ്പുഴ സെന്റ് ജോസഫ്സ് സ്കൂള്‍ മെല്ലാനോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍, വരാപ്പുഴ, തുണ്ടത്തുംകടവ്, മുട്ടിനകം, ഏലൂര്‍, ചരിയംതുരുത്ത്, ചേന്നൂര്‍, മുളവുകാട്, കോതാട്, ചിറ്റൂര്‍, മൂലമ്പിള്ളി, പിഴല എന്നീ ദ്വീപുകളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ വഴിതെളിച്ചത് മദര്‍ ഏലീശ്വായുടെ ഈ വിദ്യാലയമാണ്.
കൂനമ്മാവിലെ സെന്റ് തെരേസാസ് കോണ്‍വെന്റ് കേന്ദ്രീകരിച്ച് സുറിയാനി റീത്തുകാര്ക്കായി രൂപവത്കരിച്ച കോണ്ഗ്രിഗേഷന് ഓഫ് ദ് മദര്‍ ഓഫ് കാര്‍മല്‍, വരാപ്പുഴയിലെ സെന്റ് ജോസഫ്സ് കോണ്‍വെന്റ് കേന്ദ്രീകരിച്ച് ആരംഭിച്ച കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സിടിസി) എന്നീ സമൂഹങ്ങള്‍ സ്ത്രീവിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ കേരള നവോത്ഥാനത്തിനു നല്കിയ സംഭാവനകള്‍ നിസ്തുലമാണ്.
മദര്‍ ഏലീശ്വ 1913 ജൂലൈ 18ന്, എണ്‍പത്തൊന്നാമത്തെ വയസില്‍, സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. തന്റെ ധന്യജീവിതത്തിന്റെ അവസാനത്തെ 23 വര്‍ഷം ജീവിച്ച വരാപ്പുഴയിലെ സെന്റ് ജോസഫ്സ് ആന്‍ഡ് മൗണ്ട് കാര്‍മല്‍ ദേവാലയത്തിന്റെ മുന്‍വശത്തായി മിഷനറി വൈദികരെ അടക്കം ചെയ്തിരുന്ന ഭാഗത്ത് പ്രത്യേക കബറിടത്തിലാണ് മദര്‍ ഏലീശ്വായുടെ പൂജ്യ ഭൗതികദേഹം അടക്കം ചെയ്തത്. പിന്നീട് സെന്റ് ജോസഫ്സ് കോണ്‍വെന്റ് വളപ്പിലെ കബറിടത്തിലേക്കും അവിടെ നിന്ന് 1977-ല്‍ അടുത്തുള്ള സ്മൃതിമന്ദിരത്തിലേക്കും പൂജ്യ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റി പ്രതിഷ്ഠിച്ചു.
നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് 2008 മേയ് 30ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ മദര്‍ ഏലീശ്വയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2017 ഏപ്രില്‍ ഏഴിനാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.