സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ദി ഫാബല്‍മാന്‍സ്. സ്പില്‍ബര്‍ഗിന്റെ കൗമാരപ്രായവും ചലച്ചിത്ര നിര്‍മാതാവെന്ന നിലയിലുള്ള ആദ്യ വര്‍ഷങ്ങളും അടിസ്ഥാനമാക്കിയുള്ള ആത്മകഥാംശങ്ങളുള്ളതാണ് ചിത്രം. 2022 സെപ്റ്റംബര്‍ 10-ന് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദി ഫാബെല്‍മാന്‍സ് പ്രീമിയര്‍ ചെയ്തു. പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് ലഭിച്ചു. നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂവും അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും 2022 ലെ മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടി (വില്യംസ്), മികച്ച സഹനടന്‍ (ഹിര്‍ഷ്) എന്നിവയുള്‍പ്പെടെ 95-ാമത് ഓസ്കര് അവാര്‍ഡിലെ ഏഴ് നോമിനേഷനുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. 28-ാമത് ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകളില്‍ 11 നോമിനേഷനുകളും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളില്‍ മികച്ച ചലച്ചിത്രം, മികച്ച സംവിധായകന് എന്നിവയും നേടി.
1970കളില്‍ ഇറങ്ങിയ ജാസ് സിനിമ കണ്ട് നിരവധി പേര് കടലില്‍ പിന്നീടൊരിക്കലും നീരാട്ടിന് ഇറങ്ങിയിട്ടില്ലെന്നു കേട്ടിട്ടുണ്ട്. ഒരു കൊലയാളി സ്രാവിന്റെ കഥ പറഞ്ഞ ജാസ് ഏറെക്കാലം ഹോളിവുഡ് കളക്ഷനിലെ തകര്‍ക്കാനാകാത്ത റിക്കാര്‍ഡും കരസ്ഥമാക്കിയിരുന്നു. വംശനാശം സംഭവിച്ച മൃഗങ്ങള്‍ ഭൂമുഖത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. 50 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ സൂര്യനു താഴേയും മുകളിലുമുള്ള സകലവിഷയങ്ങളിലും സ്റ്റീവന്‍ സ്പില്‍ബര്‍ഗ് കഥകള്‍ മെനഞ്ഞു. ദിനോസറുകള്‍, ആളെക്കൊല്ലി സ്രാവ്, അന്യഗ്രഹജീവികള്‍, നക്ഷത്രയുദ്ധങ്ങള്‍, ചാരന്മാര്, നിധി വേട്ടക്കാര്‍, പട്ടാളക്കാര്‍, സാധാരണക്കാര്‍, തടവറയില്‍ നരകജീവിതം നയിക്കേണ്ടി വന്നവര്‍ എന്നിങ്ങനെ. വൈവിധ്യം, ശ്രേണി, സാങ്കേതിക തികവ് എന്നിവ ഇത്രയേറെ തികഞ്ഞ മറ്റു സംവിധായകര്‍ വിരളം.
പക്ഷേ ഇത്രകാലവും ചെയ്യാതിരുന്ന ഒരു വിഷയമാണ് തന്റെ പുതിയ സിനിമയില്‍ അദ്ദേഹം കൊണ്ടു വന്നിരിക്കുന്നത്. തന്നിലേക്കു തന്നെ തിരിഞ്ഞുനോക്കുക എന്നത്.
1946 ഡിസംബര്‍ 18ന് ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് സ്പില്‍ബര്‍ഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ലിയ പോസ്നെര്‍ ഒരു പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് ഇലക്ട്രിക്കല്‍ എന്‍ജിനിയറും. ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ താല്പര്യമുണ്ടായിരുന്ന സ്പില്‍ബര്‍ഗ് തന്റെ പതിനാറാമത്തെ വയസ്സില്‍ സംവിധാനം ചെയ്ത ‘എസ്കേപ്പ് ടു നോവേര്‍’ (1962) എന്ന ചിത്രം ഒരു ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു യുദ്ധചലച്ചിത്രമായിരുന്നു ഇത്. കാലിഫോര്‍ണിയ കോളജിലെ പഠനത്തിന് ശേഷം യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ ടെലിവിഷന്‍ വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്ന സ്പില്‍ബര്‍ഗ് വിവിധ ടിവി സീരീസുകളുടെ എപ്പിസോഡുകള്‍ സംവിധാനം ചെയ്തു. സാങ്കേതിക വിദ്യയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. സിനിമയ്ക്ക് ജനങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് സ്പില്‍ബര്‍ഗ് തെളിയിച്ചു. കേവലം വാണിജ്യ സിനിമകള്‍ക്കപ്പുറം ലോക സിനിമയെ ഇന്ന് കാണുന്ന രീതിയില്‍ വളര്‍ത്തുന്നതില്‍ സ്പില്‍ബര്‍ഗ് സിനിമകള്‍ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്റെ ബാല്യകാലത്തെക്കുറിച്ച് പരോക്ഷമായി പറയുന്ന സിനിമയാണ് ദി ഫാബല്‍മാന്‍സ്. ഒരു വ്യക്തിഗത സിനിമ പോലെ തോന്നിക്കുന്ന സ്വകാര്യ സിനിമ. ഒരു തരത്തില്‍ ഇത് ഒരു സ്ലോ-മോഷന്‍ റോഡ് ട്രിപ്പ് ചിത്രമാണെന്നു പറയാം. (സ്പില്‍ബര്‍ഗിന്റെ വ്യത്യസ്തമായ റോഡ് ട്രിപ്പ് ചിത്രം ‘ഡ്യുവല്‍’ ഓര്‍ത്തുപോകുന്നു) വ്യക്തിഗത അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന കൊച്ചുകൊച്ചു വിശേഷങ്ങളിലാണ് പുതിയ സിനിമയുടെ പല പ്രധാന സവിശേഷതകളും ഉള്‍ക്കൊള്ളുന്നത്. തന്റെ കുടുംബത്തെയും ചുറ്റുമുള്ളവരെയും കുറിച്ചുള്ള സത്യം കാണാന്‍ സിനിമകളുടെ ശക്തി എങ്ങനെ സഹായിക്കുമെന്ന് പര്യവേക്ഷണം ചെയ്യുന്ന കൗമാരപ്രായക്കാരനായ സമ്മി ഫാബെല്മാന്റെ (സ്പില്‍ബര്‍ഗിന്റെ സ്ക്രീനിലെ പതിപ്പ്) കഥയിലൂടെയാണ് ഇതിവൃത്തം പറയുന്നത്. സമ്മിയായി ഗബ്രിയേല്‍ ലാബെല്ലെ അഭിനയിക്കുന്നു. മിഷേല്‍ വില്യംസ്, പോള്‍ ഡാനോ, സേത്ത് റോജന്‍, ജൂഡ് ഹിര്‍ഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്പില്‍ബര്‍ഗിന്റെ മാതാപിതാക്കളായ ലിയ അഡ്ലര്, അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് എന്നിവരുടെ ഓര്‍മകള്‍ക്കായാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്പില്‍ബര്‍ഗ് 1999-ല്‍ തന്നെ ഇത്തരമൊരു പ്രോജക്റ്റ് വിഭാവനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ആനി ‘ഐ വില്‍ ബി ഹോം’ എന്ന പേരില്‍ ഒരു തിരക്കഥയുമിതിനു വേണ്ടി തയ്യാറാക്കിയിരുന്നു. തന്റെ മാതാപിതാക്കളെ വേദനിപ്പിക്കുമെന്ന ആശങ്കയില്‍ സിനിമാക്കഥ 20 വര്‍ഷത്തോളം തട്ടിന്പുറത്തുകിടന്നു. 2021 ല്‍ ഇരുവരുടേയും മരണശേഷമാണ് സിനിമ ചിത്രീകരിച്ചത്.
1952 ജനുവരിയിലെ ഒരു രാത്രിയില്‍ ന്യൂജേഴ്സിയിലെ ഹാഡണ്‍ ടൗണ്‍ഷിപ്പില്‍ ജൂത ദമ്പതികളായ മിറ്റ്സിയും ബര്‍ട്ട് ഫാബെല്മാനും അവരുടെ ഇളയ മകന് സമ്മിയെ തന്റെ ആദ്യ സിനിമ കാണാന്‍ കൊണ്ടുപോകുന്നു: ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്. ഒരു ട്രെയിന്‍ അപകടരംഗം കണ്ട് സമ്മി അമ്പരക്കുന്നു. 8 എംഎം ക്യാമറ ഉപയോഗിച്ച് മറ്റൊരു ക്രാഷ് സീന്‍ ചിത്രീകരിക്കാന്‍ സമ്മിയെ പിന്നീട് മാതാപിതാക്കള്‍ അനുവദിക്കുന്നു. സമ്മിക്ക് അതൊരു തുടക്കമായിരുന്നു. അവന് ചലനചിത്രങ്ങളെടുക്കുന്നത് പതിവാക്കി. ചിലപ്പോള്‍ അതില്‍ തന്റെ സഹോദരിമാരെയും ഉള്‍പ്പെടുത്തി. ബര്ട്ടിന് അരിസോണയിലെ ഫീനിക്സില്‍ ഒരു പുതിയ ജോലി കിട്ടുന്നു. ഫാബെല്മാന് കുടുംബം ന്യൂജേഴ്സിയില്‍ നിന്ന് അരിസോണയിലേക്ക് പിന്നെ കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റുന്നു. സമ്മിയുടെ അമ്മ മിറ്റ്സിയുടെ നിര്‍ബന്ധപ്രകാരം പിതാവ് ബര്‍ട്ടിന്റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ബെന്നി ലോവിയും അവരുടെ കൂടെ പോകുന്നു. കുടുംബ ജീവിതത്തിന്റെ ഓരോ നിമിഷവും ആശ്ചര്യവും ആവേശവും നിറഞ്ഞതായിരിക്കണമെന്നില്ലല്ലോ.
അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും വിഷമകരമായ സത്യങ്ങളും നിറഞ്ഞ ഒരു കുടുംബകഥകൂടിയാണിത്.
സമ്മി തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറിയ സിനിമകള്‍ നിര്‍മ്മിക്കുന്നു, പോസ്റ്റ്-പ്രൊഡക്ഷന്‍ ഇഫക്റ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. ബെന്നി ഉള്‍പ്പെടെയുള്ളവര്‍ അവരുടെ അവധിക്കാലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമ്മിക്കൊപ്പം ഒരു ക്യാമ്പിംഗ് യാത്ര നടത്തുന്നു. മിറ്റ്സിയുടെ അമ്മ, സമ്മിയുടെ അമ്മൂമ്മ മരിക്കുന്നു. മിറ്റ്സിയെ സന്തോഷിപ്പിക്കാന്‍ അവധിക്കാലത്തെടുത്ത ഫൂട്ടേജുകള്‍ ഒരു സിനിമയാക്കാന്‍ സമ്മിയോട് ബര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. അടുത്ത ദിവസം രാവിലെ, മിറ്റ്സിയുടെ അമ്മാവന് ബോറിസ് അവരെ സന്ദര്‍ശിക്കുന്നു. ആ രാത്രിയില്‍, കലയും കുടുംബവുമായുള്ള ബന്ധം സംബന്ധിച്ച് അദ്ദേഹം സമ്മിയോട് സംസാരിച്ചു.
സമ്മി അവധിക്കാല ഫൂട്ടേജുകള്‍ എഡിറ്റുചെയ്യാന്‍ തുടങ്ങുന്നു. ഈ സമയത്ത് മിറ്റ്സിയും ബെന്നിയും തമ്മില്‍ മോശം ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ അവന് കണ്ടെത്തുന്നു. സ്വാഭാവികമായും അതവനെ വല്ലാതെ അസ്വസ്ഥനാക്കി. സ്ക്കൂളില്‍ അവന് ശത്രുക്കളുണ്ട്. ലോഗനും ചാഡും. മോണിക്ക എന്ന പെണ്‍കുട്ടിയുമായി നല്ല സൗഹൃദത്തിലുമാകുന്നു. മോണിക്ക തന്റെ പിതാവിന്റെ 16 എംഎം ആരിഫ്ലെക്സ് ക്യാമറ സമ്മിക്കു നല്‍കുന്നുണ്ട്. അതിനിടെ മിറ്റ്സിയും ബര്‍ട്ടും വിവാഹമോചനം പ്രഖ്യാപിച്ചു. അത് കുടുംബത്തിന്റെ ഹൃദയം തകര്‍ത്തു.
സമ്മി മോണിക്കയോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുകയും ഹൈസ്കൂള്‍ കഴിഞ്ഞ് ഹോളിവുഡിലേക്ക് തന്നോടൊപ്പം വരാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സ്വന്തം ജീവിത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാതെ അവള് അവനുമായി വേര്‍പിരിയുന്നു. അടുത്ത വര്‍ഷം, സമ്മി ഹോളിവുഡില്‍ പിതാവിനൊപ്പം താമസമായി. കോളജ് പഠനം നിര്‍ത്താന്‍ അവനാഗ്രഹിക്കുന്നു. പക്ഷേ സിനിമയില്‍ ജോലി കണ്ടെത്താനായില്ല. ബര്‍ട്ട് തന്റെ മകന്റെ അഭിനിവേശം അംഗീകരിക്കുകയും അവന്റെ പാതയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു. സംവിധായകന് ജോണ്‍ ഫോര്‍ഡിനെ കാണാന്‍ സമ്മിക്ക് അവസരം ലഭിക്കുന്നു. അവരുടെ ഹ്രസ്വ മീറ്റിംഗില്‍ ഫ്രെയിമിംഗിനെക്കുറിച്ചുള്ള ചില സൂചനകള്‍ ഫോര്‍ഡ് സാമിക്ക് നല്‍കുന്നുണ്ട്. അതവനെ ആവേശഭരിതനാക്കുന്നു.
സിനിമ ആത്മകഥാപരമാണെങ്കിലും ഒരിക്കലും ഡോക്യുമെന്ററി തലത്തിലേക്ക് താഴുന്നില്ല എന്നതാണ് സ്പില്‍ബര്‍ഗിന്റെ മാന്ത്രികത. സ്പില്‍ബര്‍ഗ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി വല്ലാത്ത ഇഴച്ചില്‍ സ്വാഭാവികമായും അനുഭവപ്പെടുന്നുണ്ട്. എല്ലാവര്ക്കും സിനിമ രസിച്ചെന്നു വരില്ല. സ്പില്‍ബര്‍ഗിന്റെ ഏറ്റവും കളക്ഷന്‍ കുറവു നേടിയ ചിത്രം കൂടിയാണിത്. നാടകകൃത്തായ ടോണി കുഷ്നറും ചേര്‍ന്നാണ് സ്പില്‍ബര്‍ഗ് തിരക്കഥ രചിച്ചിരിക്കുന്നത്. മിഷേല്‍ വില്യംസ് അവതരിപ്പിച്ച മിറ്റ്സി ഫാബെല്മാന് ഗംഭീരമായ വേഷമായിരുന്നു. പല കാരണങ്ങളാല്‍ മാനസികമായി ബുദ്ധിമുട്ടുന്ന ഭാര്യയും അമ്മയുമായി മിഷേല്‍ നന്നായി അഭിനയിച്ചു. സാമ്മിന്റെ അച്ഛനായ ബര്‍ട്ടിനും (പോള്‍ ഡാനോ) ബെന്നി എന്ന സുഹൃത്തായി അഭിനയിച്ച സേത്ത് റോജനും മികവാര്‍ന്നു നിന്നു.
സിനിമകള്‍ ഒരു മതഗ്രന്ഥമാണെങ്കില്‍ സ്പില്‍ബര്‍ഗ് അതിന്റെ തിരുവെഴുത്തുകളില്‍ പുതിയൊരു അധ്യായം കൂടി ചേര്‍ത്തിരിക്കുന്നു ദി ഫാബല്മാന്സിലൂടെ.