ആറുമാസമായി കലാപകലുഷിതമായ മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 30ന് അയല്‍നാടായ മിസോറമില്‍ തിരഞ്ഞെടുപ്പുപ്രചാരണത്തിന് എഴുന്നരുളുന്നു! രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഏഴുകൊല്ലത്തോളമായി തന്റെ പാര്‍ട്ടി ഭരിക്കുന്ന മണിപ്പുര്‍ സംസ്ഥാനത്ത് കുക്കി-സോ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാരെ ലക്ഷ്യമാക്കി ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ ഭൂരിപക്ഷ മെയ്തെയ് വിഭാഗക്കാര്‍ കൊളുത്തിയ വംശീയ കലാപത്തിന്റെ തീ അണയ്ക്കുന്നതിന് കഴിഞ്ഞ 180 ദിവസത്തിനിടെ അര്‍ത്ഥവത്തായ ഒരു സമാധാന ആഹ്വാനം പോലും നടത്താതെ ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി എന്തു രാഷ്ട്രീയ വെളിപാടുമായാവും കുക്കി-സോ വംശജരുമായി ഭ്രാതൃബന്ധമുള്ള മിസോകളെ അഭിമുഖീകരിക്കുക?
ക്രിസ്ത്യാനിയും മിസോ നേതാവുമെന്ന നിലയില്‍ തനിക്ക് പ്രധാനമന്ത്രിയുമായി വേദി പങ്കിടാനാവില്ലെന്ന് മിസോറം മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അധ്യക്ഷനുമായ സോറംതാംഗാ വ്യക്തമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലും (എന്‍ഡിഎ) അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിലും (എന്‍ഇഡിഎ) എംഎന്‍എഫ് ഉണ്ടെങ്കിലും മിസോറമിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആ സഖ്യമില്ല. വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്കു നേരിട്ട് ഭരണം പിടിക്കാനോ കൂട്ടുകക്ഷിയായി ഭരിക്കാനോ കഴിയാത്ത ഏക സംസ്ഥാനമാണ് ക്രൈസ്തവര്‍ ജനസംഖ്യയില്‍ 87.16% വരുന്ന മിസോറം. ”മണിപ്പുരില്‍ മെയ്തെയ് വിഭാഗക്കാര്‍ നൂറുകണക്കിന് പള്ളികള്‍ കത്തിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ബിജെപിയോട് അനുഭാവം കാണിക്കാനാവുമോ? മിസോറമിലെ മിസോ ക്രിസ്ത്യാനികള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം വേദിയിലിരിക്കുന്നത് ഞങ്ങള്‍ക്ക് ദോഷകരമാണ്. അദ്ദേഹം ഒറ്റയ്ക്കിരിക്കുന്നതാണു ഭേദം,” മിസോ ദേശീയതയുടെ കാവലാളായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള എഴുപത്തൊമ്പതുകാരനായ സോറംതാംഗാ ബിബിസി ന്യൂസ് ഹിന്ദി അഭിമുഖത്തില്‍ പറഞ്ഞു.
മിസോ, കുക്കി, സോമി, അമര്‍ ചിന്, ചിന്-കുക്കി ഗോത്രങ്ങള്‍ ഒരേ പൈതൃകവും സംസ്കാരവും ഭാഷയും പാരമ്പര്യവും പിന്തുടരുന്ന സോ വംശജരാണ്. രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത് മ്യാന്മറിലും (ബര്‍മ്മ) ബംഗ്ലാദേശിലുമുള്ള ചിന്-കുക്കി ഗോത്രങ്ങളും മണിപ്പുരിലെ കുക്കി-സോ ഗോത്രങ്ങളും ”തങ്ങളുടെ സ്വന്തം രക്തവും” സഹോദരങ്ങളുമാകയാല് അവരെ സംരക്ഷിക്കേണ്ടതുണ്ടെന്ന ഉറച്ച നിലപാടെടുത്താണ്, 2021 ഫെബ്രുവരിയില്‍ മ്യാന്മറിലെ ‘തട്മഡോ’ സൈനിക അട്ടിമറിക്കുശേഷം അവിടത്തെ ചിന് സംസ്ഥാനത്തുനിന്നും, 2022 നവംബറില്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലമ്പ്രദേശങ്ങളില്‍ നിന്നുമായി അതിര്‍ത്തി കടന്നെത്തിയ 34,700 അമര്‍ ചിന് അഭയാര്‍ഥികളെയും, കഴിഞ്ഞ മേയില്‍ മണിപ്പുരില്‍ നിന്നെത്തിയ 12,584 കുക്കി അഭയാര്‍ഥികളെയും സോറംതാംഗാ മിസോറമില്‍ സ്വീകരിച്ച് അവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും തൊഴിലിനും സൗകര്യമൊരുക്കിയത്. മ്യാന്മറില് നിന്നുള്ള കുടിയേറ്റക്കാരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം സോറംതാംഗാ തള്ളി.
വിദേശികള്‍ക്ക് ‘അഭയാര്‍ഥി’ എന്ന പരിഗണന നല്‍കാനുള്ള അധികാരം സംസ്ഥാനത്തിനില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിക്കാതെയാണ് മ്യാന്മറില് നിന്നുള്ള ചിന് ക്രൈസ്തവ ഗോത്രക്കാരെ ‘സഹോദരങ്ങള്‍’ എന്ന് മിസോ നേതാവ് വിളിക്കുന്നത്.
മണിപ്പുരിലെ ഇംഫാല്‍ താഴ് വാരത്തെ കുക്കികളുടെ വീടുകളും പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബിസിനസ് കേന്ദ്രങ്ങളുമെല്ലാം ആക്രമിക്കപ്പെടുകയും കൊള്ളിവയ്ക്കപ്പെടുകയും, കുക്കി ഗോത്രവര്‍ഗക്കാരായ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തലസ്ഥാന നഗരത്തില്‍ കാലുകുത്താനാകാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ കുക്കി ഗോത്രമേഖലയ്ക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്ന ഏഴ് ബിജെപിക്കാരടക്കം 10 കുക്കി എംഎല്‍എമാരുടെയും ഗോത്രവര്‍ഗ മൂപ്പന്മാരുടെ സംഘടനയുടെയും ആവശ്യത്തെ സോറംതാംഗാ പിന്താങ്ങിയത് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലാണെന്ന് മണിപ്പുരിലെ മെയ്തെയ് പക്ഷക്കാരനായ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് കേന്ദ്രത്തോടു പരാതിപ്പെട്ടിരുന്നു. വിശാല മിസോ രാഷ്ട്രം സ്വപ്നം കാണുന്ന വിഘടനവാദികളും മ്യാന്മറില് നിന്നു നുഴഞ്ഞുകയറിയ ലഹരിമരുന്ന് കടത്തുകാരായ ഭീകരപ്രവര്ത്തകരുമാണ് മണിപ്പുര്‍ കലാപത്തിനു പിന്നിലെന്ന ബിരേന്‍ സിംഗിന്റെ വാദമാണ് ബിജെപിയുടെ കേന്ദ്ര ഭരണനേതൃത്വവും ഏറ്റുപിടിച്ചത്.
മണിപ്പുരിലെ ക്രൈസ്തവര്‍ക്കുനേരെയുള്ള വംശഹത്യയ്ക്കെതിരെ മിസോറമിലെ എല്ലാ രാഷ്ട്രീയ കക്ഷികളെയും സാമൂഹിക സംഘടനകളെയും അണിനിരത്തി ഐസോളില്‍ കുക്കി ഐക്യദാര്‍ഢ്യ റാലി നയിച്ച മുഖ്യമന്ത്രി സോറംതാംഗാ, മണിപ്പുര്‍ കലാപത്തില്‍ മൗനം ഭജിച്ച പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്താങ്ങാന് മിസോറമില്‍ നിന്നുള്ള എംഎന്‍എഫ് ലോക്സഭാ എംപി സി. ലാല്റോസംഗയോടും രാജ്യസഭാ എംപി കെ. വന്ലല്വേനയോടും നിര്‍ദേശിച്ചിരുന്നു. കേന്ദ്രം കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെ ഈ എന്‍ഡിഎ സഖ്യകക്ഷി എതിര്‍ത്തപ്പോള്‍ മിസോറമില്‍ ആ നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പുനല്‍കി. കേന്ദ്രത്തിന്റെ ഏകീകൃത സിവില്‍ കോഡിനും 2023-ലെ വനസംരക്ഷണ ഭേദഗതി നിയമത്തിനുമെതിരെ സോറംതാംഗാ നിയമസഭയില്‍ പ്രമേയം പാസാക്കി. ചുരുക്കത്തില്‍, എംഎന്‍എഫിന്റെ ബിജെപി സഖ്യം ‘പ്രശ്നാധിഷ്ഠിതം’ ആണെന്നും ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയെ തങ്ങള്‍ നാലയലത്ത് അടുപ്പിക്കില്ലെന്നും സോറംതാംഗാ ആവര്‍ത്തിക്കുന്നു.
നവംബര്‍ ഏഴിന് നടക്കുന്ന മിസോറമിലെ വോട്ടെടുപ്പ്, ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ പോലെ ദേശീയതലത്തില്‍ ബിജെപിയും പ്രതിപക്ഷത്തെ ‘ഇന്‍ഡിയ’ സഖ്യവും തമ്മിലുള്ള നിര്‍ണായ പോരാട്ടത്തിന്റെ പ്രചണ്ഡപ്രഘോഷമൊന്നുമില്ലാത്തതാണെങ്കിലും, മണിപ്പുര്‍ പോലെ അതിസങ്കീര്‍ണ വംശീയ സന്ത്രാസങ്ങള്‍ നിലനില്‍ക്കുന്ന അതിര്‍ത്തിമേഖലയില്‍ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് വംശഹത്യയിലേക്കും സായുധസംഘര്ഷത്തിലേക്കും നയിക്കുന്ന ഭൂരിപക്ഷ ഹിന്ദുത്വ ദേശീയതയുടെ വിധ്വംസ രാഷ്ട്രീയത്തെ എട്ടരലക്ഷം വോട്ടര്‍മാര്‍ മാത്രമുള്ള മിസോറം എന്ന കൊച്ചുസംസ്ഥാനത്തെ ക്രൈസ്തവ സമൂഹം പ്രതിരോധിക്കുന്നതെങ്ങനെയെന്ന ചോദ്യം ഏറെ പ്രസക്തമാണ്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986 ജൂണില്‍ മിസോ നാഷണല്‍ ഫ്രണ്ടുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതിനുശേഷം 1987 മുതല്‍ ഇന്നേവരെ കോണ്‍ഗ്രസും എംഎന്‍എഫുമാണ് മിസോറം ഭരണം പങ്കുവച്ചിട്ടുള്ളത് – ലാല്‍ഡെംഗയുടെ ആദ്യ എംഎന്‍എഫ് മന്ത്രിസഭയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ലാല്‍ തന്ഹവല നാലുവട്ടവും എംഎന്‍എഫിന്റെ സോറംതാംഗാ മൂന്നുവട്ടവും. പത്തുവര്‍ഷത്തെ തുടര്‍ഭരണം എന്ന രീതിയില്‍ ഇരുപാര്‍ട്ടികളും മാറിമാറി അധികാരമേല്‍ക്കുന്ന പതിവനുസരിച്ച് സോറംതാംഗാ ഇത്തവണ തുടര്‍ഭരണം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമല്ല.
2018-ല്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ലാല്‍ തന്ഹവലയെ സേര്ചിപ് മണ്ഡലത്തില്‍ 410 വോട്ടിനു തോല്പിച്ച സോറം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാപക നേതാവ് ലാല്‍ഡുഹോമയും കൂട്ടരും 40 മണ്ഡലങ്ങളിലും ഇക്കുറി കടുത്ത മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ ലാല്‍ തന്ഹവല കഴിഞ്ഞതവണ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും തോറ്റപ്പോള്‍, മുന്‍ ഐപിഎസ് ഓഫിസറും കോണ്‍ഗ്രസിന്റെ മുന്‍ എംപിയുമായ ലാല്‍ഡുഹോമ സ്വതന്ത്രനായാണ് രണ്ടിടത്തുനിന്നു ജയിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്ന സെഡ്പിഎം സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി എട്ടു സീറ്റുകള്‍ നേടി അസംബ്ലിയില്‍ മുഖ്യ പ്രതിപക്ഷകക്ഷിയായി മാറിയപ്പോള്‍ കോണ്‍ഗ്രസിന് നാലു സീറ്റു മാത്രമാണ് കിട്ടിയത്. എംഎന്‍എഫ് 27 സീറ്റ് നേടി അധികാരം ഉറപ്പിച്ചു. സംസ്ഥാനത്ത് നിലനിന്ന ദ്വികക്ഷി രാഷ്ട്രീയത്തിന് മാറ്റം വരുത്താനുറച്ച് രംഗത്തിറങ്ങിയിട്ടുള്ള സെഡ്പിഎം ഐസോളിലും സേര്ചിപ്പിലും യുവവോട്ടര്‍മാര്‍ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷിയിലാണ്. കഴിഞ്ഞ ഏപ്രിലില്‍, സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയായ ലുങ്ലേയി മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 11 സീറ്റും പിടിച്ചെടുത്ത് സെഡ്പിഎം ഭരണകക്ഷിയായ എംഎന്‍എഫിനെ ഞെട്ടിക്കുകയുണ്ടായി.
പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം നാഷണലിസ്റ്റ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് മിസോറം സെക്യുലര്‍ അലയന്‍സ് രൂപീകരിച്ചാണ് കോണ്‍ഗ്രസ് എംഎന്‍എഫിന്റെയും സെഡ്പിഎമ്മിന്റെയും വെല്ലുവിളിയെ നേരിടുന്നത്. മണിപ്പുര്‍ പ്രശ്നത്തിലും സോ വംശജരായ അഭയാര്‍ഥികളുടെ കാര്യത്തിലും സംസ്ഥാനത്തെ ബിജെപി ഇതര പാര്‍ട്ടികളെല്ലാം ഒരേ നയമാണ് സ്വീകരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും എംഎന്‍എഫിനെതിരെ ഉയരുന്ന പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. കടബാധ്യതയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് മിസോറം – കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 53.1 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ലാല്‍ തന്ഹവലയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന മുന്‍ ധനമന്ത്രി ലാല്സവതയുടെ മികച്ച പ്രതിച്ഛായയിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ബുദ്ധ ധന് ഛക്മയെ 2018-ലെ തിരഞ്ഞെടുപ്പിനു മുന്‍പ് ചാക്കിട്ടാണ് മിസോറം അസംബ്ലിയില്‍ ബിജെപിക്ക് ഒരംഗത്തെ കിട്ടിയത്. ഇത്തവണ എംഎന്‍എഫ് ടിക്കറ്റ് നിഷേധിച്ച നിയമസഭാ സ്പീക്കര്‍ ലാല്‍റിന്‍ലിയാന സയ്ലോയെയും മുന്‍ എംഎന്‍എഫ് മന്ത്രി കെ. ബെയ്ച്ചുവായെയും ചാക്കിലാക്കിയ ബിജെപി മൂന്നു വനിതകളടക്കം 23 സ്ഥാനാര്‍ഥികളെ കണ്ടെത്തിയിട്ടുണ്ട്. മിസോ ഗോത്രത്തിനു പുറത്തുനിന്ന് വിവാഹം ചെയ്തവരെ സ്ഥാനാര്‍ഥിയാക്കരുതെന്ന മിസോ വിദ്യാര്‍ഥി യൂണിയന്റെ താക്കീത് അവഗണിച്ച് കോണ്‍ഗ്രസ് ലുങ്ലേയി സൗത്തില്‍ മെരിയം റാങ്ചലിനെ സ്ഥാനാര്‍ഥിയാക്കി. മുന്‍ ഉപമുഖ്യമന്ത്രി ലാല്മിംഗ്താംഗയുടെ മകളായ റാങ്ചലിന്റെ ഭര്‍ത്താവ് ഗൂര്‍ഖ വിഭാഗക്കാരനാണ്. അതേസമയം, ബിജെപി മിസോ വിദ്യാര്‍ഥി യൂണിയന്റെ നിര്‍ദേശത്തിനു വഴങ്ങി: ഒരു ആംഗ്ലോ-ഇന്ത്യനെ വിഹാഹം ചെയ്ത ജൂഡി സോമിങ്ലിയാനിയെ സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നു മാറ്റി.
ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കായും കോണ്‍ഗ്രസ് പോരാടുമ്പോള്‍, എംഎന്‍എഫും സെഡ്പിഎമ്മും മിസോറമില്‍ ആര്‍എസ്എസിനും ബിജെപിക്കും കടന്നുകൂടാന്‍ ഇടം ഒരുക്കുകയാണെന്ന് ഐസോളില്‍ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ഇല്ലാത്ത സാഹചര്യമുണ്ടായാല്‍ തങ്ങള്‍ക്ക് അധികാരത്തിലെത്താനാകുമെന്നാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം വീമ്പിളക്കുന്നത്. മണിപ്പുരില്‍ 60 അംഗ അസംബ്ലിയിലേക്ക് 2017-ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റു നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 21 സീറ്റ് മാത്രമുള്ള ബിജെപി നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയുടെ പിന്തുണയുടെ പേരില്‍ അധികാരത്തിലേറി. ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഗോവയിലും ഇതേതന്ത്രം ബിജെപി പയറ്റിയതാണ്. മിസോറമില്‍ കോണ്‍ഗ്രസിനെയും എംഎന്‍എഫിനെയും മറികടന്ന് സെഡ്പിഎം കാര്യമായ മുന്നേറ്റം നടത്തിയാല്‍ ബിജെപിയുടെ ‘ഓപ്പറേഷന് താമര’ ടീം അസമില്‍ നിന്നിറങ്ങും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കേണ്ടത് കേന്ദ്ര ഇലക്ഷന് കമ്മിഷന് ആണെങ്കിലും മിസോറമില്‍ ക്രൈസ്തവസഭകളുടെയും സാമുദായിക സംഘടനകളുടെയും പൊതുവേദിയായ മിസോറം പീപ്പിള്‍സ് ഫോറം (എംപിഎഫ്) ഇറക്കുന്ന മാര്‍ഗരേഖയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ശനമായി പാലിക്കുന്നത്. അഞ്ചു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുമായി എംപിഎഫ് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയം, തിരഞ്ഞെടുപ്പു ചെലവ്, പാര്‍ട്ടി പ്രകടനപത്രിക, പ്രചാരണരീതി എന്നിവയ്ക്കെല്ലാം എംപിഎഫ് പെരുമാറ്റച്ചട്ടമുണ്ട്. മദ്യപിക്കുന്നവരോ പുകവലിക്കുന്നവരോ ദാമ്പത്യേതര ബന്ധങ്ങളില്‍ മുഴുകുന്നവരോ ആകരുത് സ്ഥാനാര്‍ഥികള്‍. ഓരോ മണ്ഡലത്തിലും എംപിഎഫ് നിശ്ചയിക്കുന്ന പൊതുഇടങ്ങളില്‍ എല്ലാ സ്ഥാനാര്‍ഥികളും ഒരുമിച്ചാണ് വോട്ടര്‍മാരുമായി സംവദിക്കേണ്ടത്. കുടുംബസ്വത്ത് പണയംവച്ചും കടംവാങ്ങിയും സ്ഥാനാര്‍ഥി പാപ്പരാകുന്ന സ്ഥിതി ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പുചെലവ് സൂക്ഷ്മമായി പരിശോധിക്കും. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി അഞ്ച് ബാനറും 50 പതാകയും 30 പോസ്റ്ററുമാണ് അനുവദിക്കുന്നത്. പതാക, പോസ്റ്റര്‍, ബാനര്‍ എന്നിവയുടെ സൈസ് നിശ്ചയിച്ചിട്ടുണ്ട്. പണം, അരി, ഫുട്ബോള്‍, ജര്‍സി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങള്‍ പാടില്ല. പ്രസ്ബിറ്റേറിയന്‍ സഭയുടെ കീഴിലുള്ള യങ് മിസോ അസോസിയേഷനാണ് എംപിഎഫ് ജാഗ്രതാ സമിതിക്ക് ഊര്‍ജം പകരുന്നത്.
ഇംഫാലില്‍ നിന്ന് 169 കിലോമീറ്റര്‍ മാത്രം വ്യോമദൂരമുള്ള ഐസോളില്‍ എത്തിയാലും പ്രധാനമന്ത്രി മോദി, മണിപ്പുരി ജനതയെ ഇന്നത്തെ മഹാദുരന്തത്തിലെത്തിച്ച രാഷ്ട്രീയ പാതകത്തെ വെള്ളപൂശാന്‍, 1966-ല്‍ ഇന്ത്യന്‍ വ്യോമസേന മിസോറമില്‍ ബോംബിട്ട കഥ ആവര്‍ത്തിക്കുമോ? അതോ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറ്റിയ ബിജെപിയുടെ ‘ഇരട്ട എന്ജിന്’ വികസനക്കുതിപ്പിന് ബദലായി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സാഹിബാബാദില്‍ നിന്ന് 12 മിനിറ്റുകൊണ്ട് 17 കിലോമീറ്റര്‍ അകലെയുള്ള ദുഹായ് ഡിപ്പോയിലേക്കുള്ള റാപിഡെക്സ് ”നമോ ഭാരത്’ ട്രെയിന്‍ മാതൃകയിലുള്ള റീജനല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തെക്കുറിച്ചു പറഞ്ഞ് മണിപ്പുരി കുക്കി അഭയാര്‍ഥികളെയും മോഹിപ്പിക്കുമോ?