വത്തിക്കാന്‍ സിറ്റി: പരമ ദരിദ്രരിലും അകറ്റിനിര്ത്തപ്പെട്ടവരിലും നിന്നു തുടങ്ങി ഏവരെയും ശ്രവിച്ചുകൊണ്ട് സഭയുടെ ഭാവി വിവേചിച്ച് അറിയാനുള്ള സിനഡാത്മക പ്രക്രിയ തുടരണമെന്ന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ ജനറല്‍ അസംബ്ലി ‘ദൈവജനത്തിന്’ എഴുതിയ കത്തില്‍ നിര്‍ദേശിച്ചു.
‘സിനഡ്’ എന്ന പദം സൂചിപ്പിക്കുന്ന പ്രേഷിത കൂട്ടായ്മയുടെ ചലനാത്മകയില് എല്ലാവരെയും പങ്കുകാരാക്കിക്കൊണ്ടുവേണം 2024 ഒക്ടോബറില്‍ നടക്കുന്ന സിനഡിന്റെ രണ്ടാംഘട്ടത്തിലേക്കു നീങ്ങേണ്ടതെന്ന് ഈമാസം 29നു സമാപിക്കുന്ന ഒന്നാം പാദത്തിലെ ”പരിശുദ്ധാത്മാവിന്മാല് പ്രേരിതരായുള്ള അസാധാരണ സിനഡാത്മക അനുഭവത്തിന്റെ വെളിച്ചത്തില്‍” ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച കത്തില്‍ ഓര്‍മിപ്പിക്കുന്നു.
സിനഡ് പ്രതിനിധികള്‍ 23-ാം തീയതി വായിച്ചുകേട്ട കത്തില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി അസംബ്ലിയില്‍ വോട്ടിനായി അവതരിപ്പിച്ചുവെന്ന് സിനഡ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന് പ്രസിഡന്റ് പൗളോ റുഫീനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 348 സിനഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നതില് 336 പേര് കത്തിനെ അനുകൂലിച്ചു; 12 പേര് നിഷേധ വോട്ടു രേഖപ്പെടുത്തി. വനിതകളും അല്മായരും അടക്കം മെത്രാന്മാരല്ലാത്ത 21% പ്രതിനിധികള്‍ സാര്‍വത്രിക സഭയ്ക്കായുള്ള സിനഡ് സന്ദേശത്തില്‍ വോട്ടുരേഖപ്പെടുത്തുന്നത് ആദ്യമായാണ്.
കഴിഞ്ഞ നാലിന് ആരംഭിച്ച സിനഡിലെ മുഖ്യ ചര്ച്ചാവിഷയങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ള അസംബ്ലിയുടെ സമന്വയ (സിന്തസിസ്) റിപ്പോര്‍ട്ട് 28ന് പുറത്തുവിടുമെന്നാണ് സൂചന. അടുത്ത നടപടിക്രമങ്ങള്‍ എന്താകണം എന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.
അപ്പസ്തോലിക പാരമ്പര്യത്തില്‍ വേരൂന്നിയ അനുഭവമാണ് ഈ സിനഡ് എന്ന് കത്തില്‍ പറയുന്നു. ഇത് പ്രത്യയശാസ്ത്രത്തിന്റെ കാര്യമല്ല. സമൂഹത്തില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരെയും, സഭ പോലും തങ്ങളെ അകറ്റിനിര്‍ത്തി എന്ന് കരുതുന്നരെയും ശ്രവിക്കേണ്ടതുണ്ട്. വര്‍ണവിവേചനത്തിന്റെ ഇരകളെയും, പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങളെയും കേള്‍ക്കണം. സഭയില്‍ ”വിവേചനാശക്തികൊണ്ടുള്ള പര്യാലോചനയിലും തീരുമാനമെടുക്കലിലും” സഭാംഗങ്ങള്‍ ക്രിയാത്മകമായി പങ്കുചേരണം. ഓരോരുത്തരും സകലരും പങ്കുചേരുന്നില്ലെങ്കില്‍ കൂട്ടായ്മയും പ്രേഷിതത്വവും അവ്യക്തമായ സങ്കല്പങ്ങളായി അവശേഷിക്കും.
ഓരോ ഭൂഖണ്ഡത്തിലെയും നമ്മുടെ സമൂഹങ്ങളിലെ സമ്പത്തിലും ദാരിദ്ര്യത്തിലും പങ്കുചേരാനും പരിശുദ്ധാത്മാവിന് ഇന്നത്തെ സഭയോട് പറയാനുള്ളത് എന്താണെന്നു കേള്‍ക്കാനും ഈ സിനഡ് അനുഭവത്തിലൂടെ കഴിഞ്ഞു. നമ്മുടെ ഭവനമായ ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി കേള്‍ക്കാനും ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നതുപോലെ ”ദൈവത്തിനു സ്തുതി” ചൊല്ലാനും നമുക്കു കഴിയണം.
ലോകം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴാണ് വത്തിക്കാനില്‍ ഈ സിനഡല്‍ അസംബ്ലി ചേരുന്നത്. ലോകത്തിന്റെ മുറിവുകളും അസമത്വത്തിന്റെ അപവാദങ്ങളും നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. സിനഡ് പ്രതിനിധികളില്‍ ചിലരെങ്കിലും യുദ്ധഭൂമിയില്‍ നിന്നാണു വരുന്നതെന്നത് സ്ഥിതിവിശേഷം കൂടുതല്‍ ഗൗരവതരമാക്കുന്നു.
നിരവധി ചോദ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഈ സിനഡില്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു. പൊതുധാരണയിലെത്തിയ ചില കാര്യങ്ങളും, ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും തുടര്‍നടപടികളും സംബന്ധിച്ച് അസംബ്ലിയുടെ സമാപന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കും. സഭാശുശ്രൂഷകശ്രേണിയിലെ അംഗങ്ങളില്‍ നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയായവരെ ശ്രവിക്കാന്‍ ഇന്നത്തെകാലത്ത് മറ്റെല്ലാറ്റിനെയുംകാള്‍ വലിയ ചുമതലയുണ്ട്. അത്തരം കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഘടനാപരമായും മൂര്‍ത്തമായും വേണ്ടതു ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത അനുപേക്ഷണീയമാണ്.
അല്മായ ശുശ്രൂഷയ്ക്ക് താല്പര്യം കാണിക്കുന്നവരെ ശ്രവിക്കാനും അവരെ പര്യാലോചനയും കാര്യങ്ങള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്താനും സഭ ശ്രമിക്കണം. സഭയുടെ വിശ്വാസം പങ്കുവയ്ക്കുന്നില്ലെങ്കിലും സത്യം അന്വേഷിക്കുന്നവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും സഭയ്ക്കാകണം.
സഭയില്‍ നിന്ന് തങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ദാരിദ്ര്യത്തില്‍ കഴിയുന്നവരോട് ഫ്രാന്‍സിസ് പാപ്പാ ചോദിച്ചപ്പോള്‍ അവരുടെ മറുപടി ”സ്നേഹം” എന്നായിരുന്നുവെന്ന് സിനഡ് പിതാക്കന്മാരുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.