വരയുടെ ആത്മഹര്‍ഷവും ആവിഷ്കാര ചാരുതയും സാമൂഹിക യാഥാര്‍ഥ്യങ്ങളോടുള്ള മൂല്യാധിഷ്ഠിത പ്രതികരണത്തിന്റെ ഉണര്‍ത്തുപാട്ടുകളും ആധ്യാത്മികതയുടെ അന്തര്‍ധാരകളും വിന്‍സ് പെരിഞ്ചേരിയുടെ ചിത്രീകരണങ്ങളെയും പോസ്റ്ററുകളെയും വേറിട്ടതാക്കുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട് സ്വദേശിയായ വിന്‍സിന്റെ സ്കെച്ചുകള്‍ പ്രസിദ്ധമാണ്. ചെറുപ്പകാലം മുതലേ ബ്രഷും നിറക്കൂട്ടുകളുമായി സര്‍ഗാത്മക രചനയുടെ നവീനശൈലിയും സാക്ഷാത്കാരങ്ങളും തേടിയിരുന്ന ഈ കലാകാരന് പിന്നീട് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഗ്രാഫിക് ഡിസൈന്‍, ഇമേജിങ് ടെക്നോളജിയിലേക്കുള്ള പരിണാമത്തിലും തന്റെ പ്രതിഭയുടെ ഭാസുരകാന്തി സന്നിവേശിപ്പിക്കുന്നതില്‍ മികവു കാട്ടി.
അടുത്തകാലത്ത്, മണിപ്പൂര്‍ വിഷയത്തിലടക്കം വിന്‍സിന്റെ പോസ്റ്ററുകള്‍ തീക്ഷ്ണ സംവേദനത്തിന്റെ തുടര്പ്രതികരണങ്ങളുണര്ത്തി സമൂഹമാധ്യമങ്ങളില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ദൃശ്യാവിഷ്കാരങ്ങളില്‍ മാത്രമല്ല, തെരുവിലെ പോരാട്ടങ്ങളിലും മുന്നിലുണ്ട് ഈ പോരാളി. ലത്തീന്‍ കത്തോലിക്കരുടെ സമുദായ സംഘടനയായ കെഎല്‍സിഎയുടെ സംസ്ഥാനസമിതി അംഗം എന്നതിലുപരി സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനമേഖലയിലും ശ്രദ്ധേയനാണ്. റോമന്‍ മിസാളിന്റെ മലയാളം പതിപ്പ് ഉള്‍പ്പെടെ കേരളത്തിലെ കത്തോലിക്കാ സഭയുടെ പല ആധികാരിക ഗ്രന്ഥങ്ങളുടെയും മുഖത്താളുകളും മെത്രാന്മാരുടെ സ്ഥാനികമുദ്രയും ചരിത്രപ്രധാനമായ ജൂബിലിയാഘോഷങ്ങളുടെയും മറ്റും ലോഗോയും രൂപകല്പന ചെയ്യാനുള്ള നിയോഗങ്ങള്‍ വിന്‍സിന്റെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയെ സമ്പന്നമാക്കിയിട്ടുണ്ട്.
ചൊട്ടയിലെ ശീലം
ചെറുപ്പം മുതലേ ചിത്രങ്ങള്‍ വരക്കാന്‍ ശ്രമിക്കുമായിരുന്നുവെന്ന് വിന്‍സ് പറയുന്നു. വരയെക്കുറിച്ച് ഒന്നും അറിയാത്ത തന്റെ അമ്മച്ചിയും വല്ല്യപ്പച്ചന്റെ മകനായ ഷെവലിയര്‍ പ്രീമൂസ് പെരിഞ്ചേരിയുമാണ് “നീ നന്നായി വരക്കും” എന്നു പറഞ്ഞ് തന്നെ പ്രോത്സാഹിപ്പിച്ചത്. അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രോത്സാഹനങ്ങളാണ് വളര്‍ച്ചയ്ക്ക് പ്രേരണയായത്.
പ്രിയ മാധ്യമം
പേനയും പെന്‍സിലും ബ്രഷും കംപ്യൂട്ടറും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വിന്സിന് എക്കാലവും ഏറ്റവും പ്രിയപ്പെട്ടത് പേന കൊണ്ടുള്ള സ്കെച്ചുകളാണ്.
സാങ്കേതിക പരിശീലനം
എറണാകുളത്തെ കൊച്ചിന് സ്കൂള്‍ ഓഫ് ആര്‍ട്സ്, വൈഎംസിഎ സ്കൂള്‍ ഓഫ് ആര്‍ട്സ് (ഡ്രോയിങ് ആന്‍ഡ് പെയ്ന്റിങ് ഡിപ്ളോമ), കിത്തോ ആര്‍ട്സ്, പരസ്യകല എന്നിവിടങ്ങളില്‍ പരിശീലനം നേടി. ആര്‍ട്ടിസ്റ്റുമാരായ എം.ആര്.ഡി ദത്തന്, മോഹന്‍ദാസ്, നന്ദന് മാസ്റ്റര്‍, വെങ്കിട്ടരാമന്, കിത്തോ എന്നിവരാണ് പ്രിയ ഗുരുക്കന്മാര്.
ഇഷ്ടപ്പെട്ട ചിത്രകാരന്മാര്
വിന്‍സെന്റ് വാന്‍ ഗോഗാണ് തന്റെ ഹൃദയം കവര്‍ന്ന ചിത്രകാരനെന്ന് വിന്‍സ് പറയുന്നു. ഒരു ദശാബ്ദത്തിനിടെ അദ്ദേഹം ഏകദേശം 2,100 കലാസൃഷ്ടികള്‍ ഉണ്ടാക്കി. അവയില്‍ മിക്കതും തന്റെ ജീവിതത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആധുനിക ചിത്രകലയുടെ ചരിത്രത്തില്‍ അദ്വിതീയസ്ഥാനമാണ് വാന്‍ ഗോഗിനുള്ളതെന്ന് വിന്‍സ് പറയുന്നു. വര്‍ഷങ്ങളോളം ദാരിദ്ര്യവും മാനസികരോഗവും മൂലം വിഷമിച്ച വാന്‍ ഗോഗ് 37-ാം വയസില്‍ ആത്മഹത്യ ചെയ്തു. അതുവരെ അദ്ദേഹത്തിന്റെ ഒരു ചിത്രം മാത്രമാണ് വിറ്റുപോയിരുന്നത്. മരണത്തിനു ശേഷമാണ് വാന്‍ ഗോഗ് പ്രശസ്തനായത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവചിത്രകാരന്മാരെയും കലാകാരന്മാരെയും അദ്ദേഹമിന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
“മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാള്‍ കലാപരമായ മറ്റൊന്നില്ല എന്നെനിയ്ക്കു തോന്നുന്നു” എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. വാന്‍ഗോഗിന്റെ ദര്‍ശനം തന്റെ ജീവിതത്തെയും ആഴത്തില്‍ സ്പര്‍ശിച്ചതായി വിന്‍സ് പറയുന്നു. കേരളത്തിലെ ഇഷ്ടപ്പെട്ട ചിത്രകാരന് എറണാകുളത്തെ നന്ദന് മാസ്റ്ററാണ്.
മനസിലെ പ്രധാന തീം
ചിത്രരചന ആരംഭിക്കുന്ന കാലത്ത് സ്വാഭാവികമായും പ്രകൃതിയും മനുഷ്യരും മൃഗങ്ങളുമെല്ലാമാണ് വരയ്ക്ക് അടിസ്ഥാനമായിരുന്നത്. എന്നാല്‍ എല്ലാക്കാലത്തും, അപ്പോഴും ഇപ്പോഴും, ഗ്രാമഭംഗിയോടാണ് ഇഷ്ടം.
ഡ്രോയിംഗും സ്കെച്ചിംഗും
കലാകാരന് ആഗ്രഹിക്കുന്ന കൃത്യമായി വരയ്ക്കാനുള്ള ഡ്രാഫ്റ്റ്സ്മാന്ഷിപ്പാണ് ഡ്രോയിംഗ്. കൃത്യമായ നിമിഷമോ വികാരമോ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചെയ്യുന്നതാണ് സ്കെച്ചിംഗ്. രണ്ടിന്റെയും സങ്കലനം വിന്‍സിന്റെ ചിത്രങ്ങളില്‍ കാണുന്നുണ്ട്. ഡ്രോയിംഗും സ്കെച്ചിംഗും രണ്ടു വ്യത്യസ്ത രീതികളാണെങ്കിലും സ്കെച്ചാണ് തന്റെ ചിത്രങ്ങളുടെ അടിസ്ഥാനമെന്ന് വിന്‍സ് പറയുന്നു. അതുകഴിഞ്ഞ് കടുത്ത കളര്‍ – ഇതാണ് തന്റെ രീതി.
സ്കെച്ചിന്റെ ലോകം
വിന്‍സിന്റെ സ്കെച്ചുകള്‍ ഏറെ പ്രസിദ്ധമാണ്. സ്കെച്ചിംഗ് മേഖലയിലേക്കു വന്നത് സിനിമാ പോസ്റ്റര്‍ രചനയിലൂടെയാണ്. “സിനിമാ മേഖലയില്‍ പരസ്യങ്ങളുടെ പോസ്റ്ററുകള്‍ ചെയ്തിരുന്ന കാലത്ത് – മുഖങ്ങളുടെ സ്കെച്ചിന് പ്രാധാന്യമുള്ള കാലം – കിത്തോച്ചേട്ടന്റെ (ആര്‍ട്ടിസ്റ്റ് കിത്തോ) കീഴിലാണ് ഇത്തരം മുഖസ്കെച്ചുകള് വരച്ചുതുടങ്ങിയത്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി കേരളത്തിലെ എല്ലാ ബിഷപ്പുമാരുടെയും മറ്റു പ്രമുഖരുടെയും പോര്‍ട്രേറ്റ് വരച്ചു. ദുബായിയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ സീനിയര്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തപ്പോള്‍ ഓഫീസ് സ്റ്റാഫിന്റെ മുഴുവന്‍ (80 പേര്) ഛായാചിത്രം വരച്ച് കമ്പനിയുടെ ഫെസ്റ്റിനോടനുബന്ധിച്ച് പ്രദര്‍ശനം നടത്തിയിരുന്നു.”
വരയുടെ ശൈലി
വരക്കാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്താന്‍, വരയ്ക്കുക, കൂടുതല്‍ വരയ്ക്കുക, നിരീക്ഷിക്കുക, കൂടുതല്‍ നിരീക്ഷിക്കുക, ഒപ്പം വരയ്ക്കുക എന്നിങ്ങനെയാണ് വേണ്ടതെന്ന് വിന്‍സ് പറയുന്നു. തുടര്‍ച്ചയായി വരച്ചുകൊണ്ടിരുന്നാല് മാത്രമേ സ്വന്തമായി ഒരു ശൈലി രൂപപ്പെട്ടുവരികയുള്ളു. പക്ഷേ തന്റെ കാര്യത്തില്‍ അതു കുറവുമാണെന്നും വിന്‍സ് പറയുന്നു.
മാറിയകാലം
കലാപരമായ പരീക്ഷണ ങ്ങളുടെയും നവോത്ഥാന ത്തിന്റെയും കാലഘട്ടമാണി തെന്നു പറയാം. താന്‍ വരച്ചുതുടങ്ങിയ കാലഘട്ടത്തെ അപേക്ഷിച്ച് സങ്കേതികത വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അക്കാലത്ത് സ്വാഭാവികമായ കഴിവുള്ളവര്‍ക്കു മാത്രമേ മുഖ്യധാരയിലേക്കു വരാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ കഴിവുകുറഞ്ഞവര്ക്കുപോലും സാങ്കേതിക സഹായം സ്വീകരിച്ചു കൊണ്ട് മികച്ച ചിത്രകാരനെന്നോ ഡിസൈനറെന്നോ പേരെടുക്കാന്‍ ഇക്കാലത്ത് പ്രയാസമില്ലെന്നാണ് വിന്‍സിന്റെ അഭിപ്രായം.
ടെക്നോളജി സഹായകരമാണോ?
സാങ്കേതികത ഇക്കാലത്ത് തീര്‍ച്ചയായും സഹായകരമാണ്. തൊഴിലിന്റെ ഭാഗമായി വര്‍ക്കു കള്‍ ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ടെക്നോളജിയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയുണ്ട്. പക്ഷേ സ്വാഭാവി കമായി ചെയ്യേണ്ട ചില കാര്യങ്ങ ളില്‍ ഈ സങ്കേതങ്ങള്‍ ഉപയോ ഗിക്കേണ്ടിവരുമ്പോള്‍ ഒരു കുറ്റ ബോധം മനസില്‍ ഉണ്ടാകാറുണ്ട്.
പരീശിലനം ആവശ്യമാണോ?
പരിശീലനം പല കലാകാരന്മാരും ഇഷ്ടപ്പെടുന്നില്ല എന്നത് വാസ്തവമാണ്. അത് അവരുടെ കഴിവുകളിലുള്ള വിശ്വാസമാകാം, മടിയാകാം. പക്ഷേ തുടക്കക്കാര്ക്കെങ്കിലും പരിശീലനം അത്യാവശ്യമാണെന്ന അഭിപ്രായക്കാരനാണ് വിന്‍സ്. ഒരു തുടക്കക്കാരന് എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട കഴിവുകള്‍ കൈയും കണ്ണും തമ്മിലുള്ള ഏകോപനം വികസിപ്പിക്കുക എന്നതാണ്. വരക്കുന്ന കടലാസില്‍ നിന്ന് പെന്‍സില്‍ ഉയര്‍ത്തരുത്, കടലാസിലേക്കു നോക്കരുത്, നിങ്ങളുടെ വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കണം എന്നിങ്ങനെയാക്കെയാണ് പ്രാഥമിക പാഠങ്ങള്‍. ഇതെല്ലാം പരിശീലിക്കാതെ കല സിദ്ധിക്കാന്‍ എളുപ്പമല്ല. പരിശീലനം ഇല്ലാതെയുള്ള കലയ്ക്ക് ആയുസില്ല.
വരയും നിരീക്ഷണവും
ഒരാളുടെ രൂപം തന്നെ വ്യത്യസ്ത കോണുകളില്‍ നിന്ന് വരക്കാറുണ്ട്. ഇത്തരം വരകള്‍ ചെയ്യുമ്പോള്‍ കണ്ണുകള്‍, മൂക്ക്, മുഖത്തെ ചുളിവുകള്‍, മുടി, തലയില്‍ തൊപ്പിയോ മറ്റോ ഉണ്ടെങ്കില്‍ അത്, വസ്ത്രം തുടങ്ങിയ വിശദാംശങ്ങള്‍ നിരീക്ഷിക്കണം. വരക്കപ്പെടുന്നയാളെ തിരിച്ചറിയാനുള്ള ഏറ്റവും പ്രാധാന്യമുള്ള പ്രത്യേകതയ്ക്ക് മുന്‍തൂക്കം കൊടുക്കലാണ് തന്റെ രീതി.
ക്ഷമ അത്യാവശ്യം
ഒറ്റനോട്ടത്തില്‍ വിന്‍സിന്റെ സ്കെച്ചുകള്‍ വളരെ ലളിതമാണ്. പക്ഷേ ജീവസ്സുറ്റതും. വരയുടെ പൂര്ണതയിലേക്കു വരാന്‍ എത്രമാത്രം ക്ഷമ, സമയം ആവശ്യമുണ്ട്? “ക്ഷമ എനിക്കു വലിയ പ്രശ്നമാണ്. തുടങ്ങിയാല്‍ പെട്ടെന്ന് തീര്‍ക്കണം. അതാണ് എന്റെ രീതി,” വിന്‍സ് പറയുന്നു.
മീഡിയം
ഷേഡിംഗ്, ഡ്രോയിംഗ് എന്നിവയ്ക്കായി പേനയും അക്രിലിക് പെയ്ന്റുമാണ് വിന്‍സ് ഉപയോഗിക്കുന്നത്.
പകര്‍ത്തുമ്പോള്‍
ഫോട്ടോകള്‍ പകര്‍ത്തുന്നതും ജീവിതത്തില്‍ നിന്ന് നേരിട്ട് വരയ്ക്കുന്നതും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. നേരിട്ടുള്ളവയില് തിരുത്തലുകള്‍ വരുത്താനാകും. പക്ഷെ ഫോട്ടോയില്‍ അതുണ്ടാകില്ല.
പ്രകാശം, ഷേഡുകള്‍, നിറങ്ങള്‍
ഓരോ ചിത്രകാരനും നിറങ്ങളുപയോഗിക്കുന്നതിലും മറ്റും തന്റേതായ സവിശേഷതയുണ്ടാകും. അതുകൊണ്ടുതന്നെ സ്ഥിരമായി നിരീക്ഷിക്കുന്നവര്‍ക്ക് ഓരോരുത്തരുടെയും രചനകള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. കടുപ്പമേറിയ ഷെയ്ഡും ശക്തമായ വെളിച്ചവും ഉപയോഗിക്കുന്നതാണ് വിന്സിന് ഇഷ്ടം. ഇതെല്ലാം ഉപയോഗിക്കുമ്പോള്‍ ചിത്രത്തിന് അഭംഗി ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നു മാത്രം.
ശീലങ്ങള്‍
എഎസ്സ് (മാതൃഭൂമി വീക്ക്ലി), നമ്പൂതിരി എന്നിവര്‍ മലയാളത്തിലെ മഹാന്മാരായ കലാകാരന്മാരായിരുന്നു. പക്ഷേ, അവര്‍ വ്യത്യസ്തരായ മനുഷ്യരെ വരക്കുമ്പോഴും അവരുടെ പാദങ്ങള്‍, മൂക്ക്, ചുണ്ട് ഇവയ്ക്കൊക്കെ വലിയ തരത്തിലുള്ള സാമ്യം ഉണ്ടായിരുന്നു. “അത് ഓരോ ചിത്രകാരന്റെയും ശീലങ്ങളുടെ പ്രത്യേകതയാണ്. ചിത്രങ്ങളുടെ മാറ്റ് അതു കുറയ്ക്കുന്നില്ല. എഎസ്സിന്റെയും നമ്പൂതിരിയുടെയും സ്കെച്ചുകളെ നമസ്കരിക്കുന്നു.”
പോസ്റ്ററുകളും
സ്കെച്ചുകളും
കലാകാരനും ഗ്രാഫിക് ഡിസൈനറുമായി വേറിട്ടുനില്‍ക്കുമ്പോള്‍ തന്നെ, പ്രഫഷണലായി വര്‍ക്കു ചെയ്യുമ്പോള്‍ വിന്‍സ് വ്യത്യസ്ത ശൈലി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് പോസ്റ്ററുകളുടെ വ്യത്യസ്ത രീതി. സ്വന്തം ഭാവനയില്‍ നിന്നുള്ള സ്കെച്ചുകള്‍ ചെയ്യുമ്പോഴും പ്രഫഷണല്‍ വര്‍ക്കുകള്‍ ചെയ്യുമ്പോഴും വ്യത്യസ്തമായിരിക്കാന്‍ ശ്രദ്ധിക്കുന്നതാവാം ഇതിനു കാരണമെന്ന് വിന്‍സ് പറയുന്നു. ഒരു പോസ്റ്റര്‍ ചെയ്യുമ്പോഴും സ്കെച്ചിന് അവിടെ സ്ഥാനം കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കാറുണ്ട്. മണിപ്പുരിലെ വംശീയകലാപത്തിന്റെ ദാരുണ യാഥാര്‍ഥ്യങ്ങള്‍ കേരള ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വിന്‍സിന്റെ പോസ്റ്ററുകള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
പ്രധാന വര്‍ക്കുകള്‍
ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട് നിരവധി അസൈന്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തില്‍ കത്തോലിക്കാ സഭയുടെ പൊതുകേന്ദ്രമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) നിന്ന് ഇറങ്ങിയിട്ടുള്ള നിരവധി പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍, കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുസ്തക ങ്ങള്, ലോഗോസ് ക്വിസ് ലോഗോ, റോമന്‍ മിസ്സാള്‍, കുടും ബ പ്രാര്‍ഥന തുടങ്ങിയ വയുടെ ഡിസൈന്‍, കെആര്‍ എല്‍സിസി അവാര്‍ഡ്, നിരവധി കമ്മീഷനു കളുടെ ലോഗോകള്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കും തലയുടെ സ്ഥാനിക ചിഹ്നം, കെആര്‍എല്‍സിബിസി ചില്‍ഡ്രന്‍ സ് കമ്മീഷന്ലോഗോ തുടങ്ങി നിരവധി വര്‍ക്കുകള്‍ ചെയ്തു.
ബഹുമതി
വരാപ്പുഴ അതിരൂപത യുവപ്രതിഭ പുരസ്കാരം.
കുടുംബം
എറണാകുളം പനങ്ങാട് കേളന്തറ കുടുംബാംഗമായ ക്രിസന്റീനയാണ് ഭാര്യ. എറണാകുളം ജനറല്‍ ആശുപത്രി നഴ്സിംഗ് ഓഫീസറാണ്. മകന് ആന്റണി നിര്‍മല്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പിജി വിദ്യാര്‍ഥിയാണ്.