നെറ്റ്ഫ്ളിക്സില്‍ 2021-ല്‍ റിലീസ് ചെയ്ത് വലിയ സ്വീകരണം ലഭിച്ച തുര്‍ക്കിയില്‍ നിന്നുള്ള സിനിമയാണ് കഗിത്തന് ഹയാത്ലര് (പേപ്പര്‍ ലൈവ്സ്). ക്യാന്‍ ഉല്കേയാണ് സംവിധായകന്. തെരുവില്‍ കടലാസും കുപ്പികളും മറ്റും പെറുക്കി ജീവിക്കുന്നവരുടെ കഥയാണ് ഉല്കേ പറയുന്നത്; അതല്ലെങ്കില്‍ തെരുവുജീവിതം പ്രമേയമാക്കി ലോകമെങ്ങും സംഭവിക്കാവുന്ന ചില കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു എന്നും പറയാം.
കടലാസുകള്‍ ജീവിതങ്ങളാണ്, ഓര്‍മകളാണ്. ചില ഓര്‍മകള്‍ എളുപ്പത്തില്‍ മറക്കാന്‍ കഴിയാത്ത ഭൂതകാലവുമായി എല്ലാവരേയും ബന്ധിപ്പിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള സൈക്കോളജിക്കല്‍ ഡ്രാമയാണ് പേപ്പര്‍ ലൈവ്സ്. കാവ്യാത്മക രൂപകങ്ങളിലൂടെയും യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന സെറ്റുകളിലൂടേയും അതിശയിപ്പിക്കുന്ന ഛായാഗ്രഹണത്തിലൂടെയും കടന്നുപോകുന്ന ഒരു മാസ്റ്റര്‍പീസ്. നമ്മള് കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാണോ, അതോ അതിനൊരു മറുപുറമുണ്ടോ?
ഒരു കാര്യം ഉറപ്പാണ്: ഒന്നും നമ്മള് കരുതുന്നതുപോലെയും പ്രതീക്ഷിക്കുന്നതുപോലെയുമല്ല; ജീവിതവും.
തുര്‍ക്കിയിലെ മനോഹര നഗരമായ ഇസ്താംബൂളിലാണ് സിനിമയുടെ പശ്ചാത്തലം. നഗരത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങള്‍ നമുക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയും: ധനികനും ദരിദ്രനും. ഒരേ പട്ടണത്തിലെ രണ്ടു വ്യത്യസ്ത ലോകങ്ങള്‍. നായകന് മെഹ് മത് (കഗതയ് ഉലുസോയ്) ഒരു ആക്രികച്ചവടക്കാരനാണ്. അയാള്‍ക്കു കീഴില്‍ അല്ലെങ്കില്‍ അയാള്‍ക്കൊപ്പം കുട്ടികളടക്കം നിരവധി പേര് തൊഴിലെടുക്കുന്നു. ആളുകള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്നവ അവര്‍ തെരുവുകളില്‍ നിന്ന് ശേഖരിക്കുന്നു. പുതിയ ഒരു ഉല്പന്നമായി വീണ്ടുമത് ജനങ്ങളിലേക്കെത്തിക്കാനായി റീസൈക്ലിംഗ് കമ്പനികള്‍ക്ക് വില്‍ക്കുന്നു. മെഹ് മതിനൊപ്പം ജോലി ചെയ്യുന്ന എല്ലാവര്ക്കും പിന്നില്‍ ദുഷ്കരമായ ഒരു ഭൂതകാലമുണ്ട്.
സിനിമ തുടങ്ങുമ്പോള്‍ കനത്ത മഴയത്ത് ജോലി ചെയ്യുന്ന മെഹ് മതിനെയാണ് കാണുന്നത്. അയാളൊരു വൃക്കരോഗിയാണ്. ജോലി ചെയ്ത് അയാള്‍ തളരുന്നു. അയാളുടെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ ഗൊണ്സി തക്കസമയത്തെത്തി അയാളെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ മെഹ് മത് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്ന് കാണാതാകുമ്പോള്‍ അയാളെ അവരുടെയെല്ലാം വളര്‍ത്തച്ഛനായ തഹ്സില്‍ മാമയുടെ സഹായത്തോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു. വൃക്ക മാറ്റിവയ്ക്കലിന് വിധേയനാകേണ്ട രോഗിയാണ് നിങ്ങളെന്നും സൂക്ഷിക്കണമെന്നും ഡോക്ടര്‍ മെഹ് മതിനു മുന്നറിയിപ്പു നല്കുന്നു.
തെരുവിലുള്ളവരെല്ലാം മെഹ് മതിന്റെ സുഹൃത്തുക്കളാണ്. കുട്ടികള്‍ വന്ന് ഇടയ്ക്ക് അയാളോടു പണം വാങ്ങിപ്പോകും. മയക്കുമരുന്ന് വാങ്ങാനാണെങ്കില്‍ കാശു തരില്ലെന്ന് അയാള്‍ പറയും. ഭക്ഷണം വാങ്ങാനാണെന്നു പറഞ്ഞ് കുട്ടികള്‍ പണം വാങ്ങും. പിറ്റേന്ന് ആക്രിക്കടയിലെത്തിയപ്പോള് ഗൊണ്സി മെഹ് മതിനെ ശാസിച്ചു. ഇന്നലെ നിങ്ങള്‍ മരിക്കേണ്ടതായിരുന്നു. ഇനി ആക്രി പൊറുക്കാന്‍ പോകരുതെന്ന് അയാള്‍ പറയുമ്പോള്‍, ”മരണമൊന്നും ഒരു പ്രശ്നമല്ല” എന്നാണ് മെഹ് മത് പറയുന്നത്. അയാള്‍ മേശവലിപ്പു തുറന്ന് ഒരു കുറിപ്പെടുക്കുന്നു. അത് അയാളും ഗൊണ്സിയും ചേര്‍ന്ന് എഴുതിവച്ച അവരുടെ സ്വപ്നങ്ങളുടെ കുറിപ്പാണ്. ഒന്നാമത്തേത് തങ്ങളുടെ അമ്മമാരെ കണ്ടെത്തുക എന്നതാണ്. രണ്ടാമത്തേത് ഒരു ആഡംബരഹോട്ടലില്‍ ഒരു ദിവസം താമസിക്കുക എന്നതും, മൂന്നാമത്തേത് വിമാനത്തില്‍ കയറുക എന്നതും. രണ്ടുപേരും പറയുന്നു, ആദ്യത്തേത് ഒരിക്കലും നടക്കില്ല; അതു വെട്ടിക്കളഞ്ഞേക്ക് എന്ന്.
ഗൊണ്സി ആക്രിപെറുക്കാന്‍ പോകുമ്പോള്‍ തങ്ങളുടെ ഏരിയ കടന്നുപോകരുതെന്ന് മെഹ് മത് മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഗൊണ്സി അതിര്‍ത്തി വിട്ട് ആക്രി പെറുക്കുന്ന മറ്റുള്ളവരുടെ മേഖലയിലേക്കെത്തി. അവിടെ അയാള്‍ ആക്രമണം നേരിടുന്നു. ഒരു കണക്കിന് തന്റെ ആക്രിവണ്ടിയും വലിച്ച് അയാള്‍ രക്ഷപ്പെടുന്നു. സംഭവിച്ചതൊന്നും പറയാതെ ഗൊണ്സി താന്‍ പെറുക്കിയ ആക്രിയില്‍ നിന്ന് ഒരു കാലിക്കുപ്പി മെഹ് മതിനു സമ്മാനിക്കുന്നു. അതൊരു വിലപിടിച്ച സാധനമാണെന്ന് ഇരുവരും പറയുന്നുണ്ട്. അവരുടെ ജീവിതത്തിലെ വിലപിടിപ്പുള്ള ഒന്നാണ് ആ കാലിക്കുപ്പിയെന്ന് നമ്മളറിയണം.
രാത്രിയില്‍ ആക്രികടക്കു പുറത്തുവച്ചിട്ടുള്ള ഗൊണ്സിയുടെ വണ്ടിയില്‍ നിന്ന് അനക്കം കേള്‍ക്കുന്ന മെഹ് മത് വണ്ടി പരിശോധിക്കുമ്പോള്‍ അതിലൊരു ആണ്‍കുട്ടിയെ (അമീര്‍ അലി ഡോഗ്രുള്) കണ്ടെത്തുന്നു. അവന് അവശനായി കിടക്കുകയായിരുന്നു. അയാളവനെ എടുത്തുകൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നു. പിന്നീടയാള്‍ അവനെപറ്റി അന്വേഷിക്കുമ്പോള്‍ തന്റെ പേര് അലിയെന്നാണെന്നും തനിക്ക് അച്ഛനില്ലെന്നും അവന് പറയുന്നു. നിന്റെ അമ്മയോ എന്ന് മെഹ് മത് ചോദിക്കുമ്പോള്‍ അവനൊന്നും മിണ്ടുന്നില്ല. മെഹ് മത് കുട്ടിയെ തന്റെ വീട്ടിലേക്കു കൊണ്ടുവരുന്നു. വീണ്ടും അവനെ ചോദ്യം ചെയ്യുന്നു. അവന്റെ വീടെവിടെയാണെന്ന് അന്വേഷിക്കുന്നു. മറുപടി പറഞ്ഞില്ലെങ്കില്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുമെന്നു പറഞ്ഞപ്പോള്‍ അവന് പറഞ്ഞു, രണ്ടാനച്ഛനില്‍ നിന്നു തന്നെ രക്ഷിക്കാനായി അമ്മ തന്നെ ചാക്കില്‍ കെട്ടി ചവറ്റുവണ്ടില് ഉപേക്ഷിച്ചതാണെന്ന്. മെഹ് മത് പരിശോധിക്കുമ്പോള്‍ അവന്റെ ദേഹത്ത് മുഴുവനും മര്‍ദനമേറ്റ പാടുകള്‍ കണ്ടു.
ഗൊണ്സിയെ അയാള്‍ ചോദ്യം ചെയ്യുന്നു. ഗൊണ്സി അതിര്‍ത്തി ലംഘിച്ച് ആക്രിപെറുക്കാന്‍ പോയ കാര്യം താന്‍ കണ്ടുപിടിച്ചെന്ന് പറയുന്നു. കട്ടിലില്‍ ഉറക്കികിടത്തിയിരുന്ന അലിയെ കാണിച്ചുകൊടുക്കുന്നു. മെഹ് മത് അലിയെ കാണിച്ചുകൊടുക്കുമ്പോള്‍ ഗൊണ്സിയുടെ മുഖത്തുണ്ടാകുന്ന പരിഭ്രമം പിന്നീട് അലിയെകുറിച്ച് മെഹ് മത് പറയുമ്പോളെല്ലാം അയാളില്‍ കാണാന്‍ കഴിയും. കലാശക്കൊട്ടില്‍ ട്വിസ്റ്റ് ആകുന്നത് ഗൊണ്സിയുടെ ഈ ഭാവമാണ്.
കുട്ടിയെക്കുറിച്ച് പൊലീസില്‍ അറിയിക്കാമെന്ന് ഗൊണ്സി പറയുമ്പോള്‍ മെഹ് മത് സമ്മതിക്കുന്നില്ല. കുട്ടിയെ അവന്റെ അമ്മയെ തിരികെ ഏല്പിക്കണമെന്നാണ് അയാള്‍ പറയുന്നത്. ഗൊണ്സി, തഹ്സില്‍ മാമയെ കൊണ്ടുവന്ന് ഇക്കാര്യം പറഞ്ഞിട്ടും മെഹ് മത് സമ്മതിക്കുന്നില്ല. അയാള്‍ തനിക്കും അലിക്കും പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുന്നു. അലിയുടെ ഇഷ്ടപ്രകാരം അയാളവന് ബെര്‍ഗര്‍ വാങ്ങിക്കൊടുക്കുന്നു. അവനെ നീന്തല്‍ പഠിപ്പിക്കുന്നു. അവന്റെ ബെര്‍ത്ത്ഡേ ആഘോഷിക്കണമെന്നു പറഞ്ഞ് കേക്കു വാങ്ങാന്‍ കടയില്‍ പോകുന്നു. കടയുടെ അകത്തുകടക്കുമ്പോള്‍ അലിയെ, ഗൊണ്സിയെ ഏല്പിച്ചാണ് പോകുന്നത്. ഗൊണ്സിയെ പിന്നെ നമ്മള് കാണുന്നത് പൊതുകുളിസ്ഥലത്താണ്. പാവപ്പെട്ടവരുടെ സന്തോഷത്തിന്റെ ഇടങ്ങളിലൊന്ന്.
ഗൊണ്സിയുടെ പുറത്ത് രണ്ടു രൂപങ്ങള്‍ പച്ചകുത്തിയിട്ടുണ്ട്. അതെന്താണെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍, തന്റെ അച്ഛനുമമ്മയുമാണെന്ന് അവന് പറയുന്നു.
മെഹ് മത് കേക്കു വാങ്ങിക്കൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് അലി അവിടേക്കു വരുന്നു. തന്നെ ചിലര്‍ ഉപദ്രവിച്ചതായി അവന് പറയുന്നു. മെഹ് മതിന് ദേഷ്യവും സങ്കടവും വന്നു. പുറത്തുണ്ടായിരുന്ന ചിലരുമായി അയാള്‍ ശണ്ഠ കൂടുന്നു. കുട്ടിയെ നോക്കാഞ്ഞ ഗൊണ്സിയേയും ഉപദ്രവിക്കുന്നു.
മെഹ് മതും അലിയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നു. നമ്മള് കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനിക്കുന്നതുപോലെ മെഹ് മത് അലിക്കു സമ്മാനിക്കുന്നത് ഒരു കൊച്ചുആക്രിവണ്ടിയാണ്. പക്ഷേ ഗൊണ്സിയും തഹ്സില്‍ മാമയുമെല്ലാം ഇതൊന്നും അംഗീകരിക്കുന്നില്ല. അവര്‍ മെഹ് മതിനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. ഒരു ദിവസം അലിയെ കാണാതാകുന്നു. മെഹ് മത് അലിയെ അന്വേഷിച്ച് ഭ്രാന്തനെ പോലെ തെരുവില്‍ അലയുന്നു. പിന്നീട് വീട്ടില്‍ സുരക്ഷിതനായി കണ്ടെത്തുന്നു. അലിയെ തെരുവിലെ കുട്ടികള്‍ മയക്കുമരുന്നു കഴിപ്പിക്കുന്നു. മെഹ് മത് അവനെ കൊണ്ടുവന്ന് ശുശ്രൂഷിച്ചെങ്കിലും അലിക്ക് സ്വബോധം കിട്ടുന്നില്ല. അസുഖബാധിതനായ മെഹ് മതിനെ ലഹരിയില്‍ അവന് ആക്രമിക്കുന്നു. അയാള്‍ അവശനായി താഴെവീഴുന്നു. മെഹ് മതിന്റെ മേശവലിപ്പിലുണ്ടായിരുന്ന മെഹ് മതിന്റേയും അമ്മയുടേയും ഫോട്ടോ അവന് വലിച്ചുകീറുന്നു. അതു താനും തന്റെ അമ്മയുമാണെന്നാണ് അലിയുടെ അവകാശവാദം.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സൂക്ഷിച്ചുവച്ചിരുന്ന പണവുമെടുത്ത് മെഹ് മത് അലിയുടെ വീടന്വേഷിച്ചു പോകുന്നു. ആ വീട്ടില്‍ ഒരു വൃദ്ധദമ്പതികളാണ് ഉണ്ടായിരുന്നത്. അത് അലിയുടെ വീടാണെന്ന് മെഹ് മതിന് ഉറപ്പാണ്. അയാള്‍ അവിടെ അതിക്രമിച്ചു കയറി അലിയെ അന്വേഷിക്കുന്നു. അപ്പോള്‍ ദമ്പതികള്‍ പറയുന്നു, നീയാണ് അലി. നിന്റെ മുഴുവന്‍ പേര് മെഹ് മത് അലിയെന്നാണ്.
മെഹ് മതിന്റെ മനസിനെയും ജീവിതത്തെയും മാറ്റിമറിച്ച അലി അയാളുടെ വെറുമൊരു സങ്കല്പമായിരുന്നു. അല്ലെങ്കില്‍ അയാളുടെ തന്നെ ഭൂതകാലമായിരുന്നു അയാള്‍ അനുഭവിച്ചുകൊണ്ടിരുന്നത്. ഗൊണ്സിയും തഹ്സില്‍ മാമയുമെല്ലാം പരിഭ്രമിച്ചിരുന്നത് മെഹ് മതിന്റെ മാനസികാവസ്ഥ കണ്ടിട്ടായിരുന്നു എന്ന് പ്രേക്ഷകരപ്പോള്‍ മനസിലാക്കുന്നു. മെഹ് മതിന്റെ ജീവിതം ഒരു മിഥ്യയായിരുന്നു. അയാളുടെ ഭാവനയാല്‍ സൃഷ്ടിക്കപ്പെട്ട ബാല്യത്തില്‍ അയാള്‍ കുറച്ചു ദിവസങ്ങള്‍ ജീവിക്കുന്നു. അലി എന്നു പേരുള്ള ഒരു കുട്ടി അയാളുടെ സമീപം ഉണ്ടെന്ന് പ്രേക്ഷകര്‍ക്കും യഥാര്‍ത്ഥത്തില്‍ തോന്നിപ്പിക്കാനായിരുന്നു സംവിധായകന് ശ്രമിച്ചത്. അതിലയാള്‍ വിജയിച്ചു.
ഭൂതകാല സ്മരണകള്‍ നായകനെ ശാരീരികമായും മാനസികമായും വേദനിപ്പിക്കുന്നു. ഭൂതകാലമാണ് അയാളുടെ വര്‍ത്തമാനകാലത്തിന്റെ അടിസ്ഥാനം. പ്രതീക്ഷകളും മിഥ്യാധാരണകളും തമ്മിലുള്ള അതിര്‍ത്തി കൈകാര്യം ചെയ്യാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. മെഹ് മതിന് ജീവനേകിയ കഗതയ് ഉലുസോയിയുടെ പ്രകടനം ഉജ്വലമാണ്.
കാര്യമായ വിശദീകരണങ്ങളൊന്നുമില്ലാതെ തന്നെ തെരുവില്‍ ജീവിക്കുന്നവരുടെ അനുഭവങ്ങള്‍, ചിന്തകള്‍, ആശയങ്ങള്‍, ദുഃഖം, പശ്ചാത്താപങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ചിരികള്‍, ഭയങ്ങള്‍, മറ്റ് വികാരങ്ങള്‍ എന്നിവ നമുക്ക് ഈ ചിത്രത്തിലൂടെ തിരിച്ചറിയാം. കന്നാസും കടലാസും ശേഖരിക്കുന്നവര്‍ അവരുടെ ജീവിതത്തെ തിരിച്ചറിയുന്നു. അവരുടെ സ്വപ്നങ്ങള്‍ എത്രയോ ലളിതമാണ്. അവരുടെ അത്യാഗ്രഹമാണെങ്കില്‍, അമ്മമാരെ കാണണമെന്നതും.
നിങ്ങള്‍ക്ക് ഒരു അമ്മ ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുമില്ല.