വത്തിക്കാന്‍ സിറ്റി: മാനുഷിക തന്ത്രങ്ങളും രാഷ്ട്രീയ കണക്കുകൂട്ടലുകളും പ്രത്യയശാസ്ത്ര പോരുകളും മാറ്റിവച്ച്, ഏവരെയും സ്വാഗതം ചെയ്യുന്ന ഒരു സഭയായി മാറാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ ജനറല്‍ അസംബ്ലിക്കു തുടക്കം കുറിക്കുന്ന സാഘോഷ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള മുഴുവന്‍ ദൈവജനത്തെയും ശ്രവിക്കാനും കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേഷിതദൗത്യത്തിലും പരിശുദ്ധാത്മാവിനോടൊപ്പം പ്രത്യാശയോടെയും സന്തോഷത്തോടെയും യാത്രചെയ്യാനും ആഗോളതലത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച അതിബൃഹത്തായ സിനഡല്‍ പ്രക്രിയയില്‍ നിന്നു രൂപംകൊണ്ട മുഖ്യപ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാര്വത്രികസഭാതലത്തിലുള്ള മൂന്നാഴ്ചത്തെ പൊതുസമ്മേളനം ആരംഭിച്ചത് സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തിലേക്ക് അല്മായ പ്രതിനിധികള്‍ മുന്‍നിരയില്‍ അണിനിരന്ന പ്രദക്ഷിണത്തോടെയാണ്.
”നാം ആരംഭിക്കുന്ന സിനഡിനെക്കുറിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള തങ്ങളുടെ ഇടയന്മാര്ക്കൊപ്പം ദൈവത്തിന്റെ വിശുദ്ധ ജനം പ്രതീക്ഷകളും പ്രത്യാശകളും ചില ഭയങ്ങളും പുലര്‍ത്തുന്നുണ്ടെങ്കില്‍, നമുക്ക് ഒരു കാര്യം ഓര്‍ക്കാം: ഇത് ഒരു പാര്‍ലമെന്ററി സമ്മേളനമല്ല; പരിശുദ്ധാത്മാവില്‍ വിളിച്ചുകൂട്ടപ്പെട്ട ഒരു യോഗമാണ്. ധ്രുവീകരിക്കപ്പെട്ട സഭായോഗമല്ല; കൃപയുടെയും കൂട്ടായ്മയുടെയും ഇടമാണ്. പരിശുദ്ധാത്മാവ്, നമ്മുടെ കണക്കുകൂട്ടലുകളെയും നിഷേധാത്മകതകളെയും മറികടക്കുന്ന പുതിയ എന്തെങ്കിലും സൃഷ്ടിക്കുന്നതിനായി നമ്മുടെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ക്കുന്നു. ഒരുപക്ഷേ, സിനഡിലെ ഏറ്റവും ഫലപ്രദമായ നിമിഷങ്ങള്‍ കര്‍ത്താവ് നമ്മില്‍ പ്രവര്‍ത്തിക്കുന്ന പ്രാര്ത്ഥനയുടെതാണെന്ന്, പ്രാര്‍ത്ഥനാ അന്തരീക്ഷമാണെന്ന്, എനിക്ക് പറയാന്‍ കഴിയും. നമുക്ക് അവനായി സ്വയം തുറന്നുകൊടുക്കാം. അവനെ വിളിച്ചപേക്ഷിക്കാം.
പരിശുദ്ധാരൂപിയാണ് സിനഡിന്റെ നായകന്. നമുക്ക് അവനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാം,”
പരിശുദ്ധ പിതാവ് സുവിശേഷ ചിന്തകള്‍ പങ്കുവച്ചുകൊണ്ട് പറഞ്ഞു.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാളില്‍ സിനഡിനു തുടക്കം കുറിക്കുമ്പോള്‍, ”നീ പോയി എന്റെ പള്ളി നന്നാക്കുക” എന്ന് ക്രൂശിതരൂപത്തില്‍ നിന്ന് ആ വിശുദ്ധനു ലഭിച്ച സന്ദേശം നാം ഓര്‍ക്കുന്നു. നമ്മുടെ സഭാ മാതാവിന് എല്ലായ്പ്പോഴും ശുദ്ധീകരണം ആവശ്യമാണ്, ‘കേടുപാടുകള്‍’ മാറ്റേണ്ടത് ആവശ്യമാണ്, കാരണം നാമെല്ലാവരും പാപമോചിതരായ പാപികളുടെ ജനതയാണ്, എല്ലായ്പ്പോഴും യേശുവെന്ന ഉറവിടത്തിലേക്ക് മടങ്ങുകയും എല്ലാവരിലേക്കും സുവിശേഷം എത്തിക്കുന്നതിന് പരിശുദ്ധാരൂപിയുടെ പാതയില്‍ തിരികെ പ്രവേശിക്കുകയും ചെയ്യേണ്ടത് നമുക്ക് ആവശ്യമാണ്.
ഭൗമികാധികാരങ്ങളും മതപരമായ ശക്തികളും തമ്മിലും, വ്യവസ്ഥാപിത സഭയും പാഷണ്ഡ ധാരകളും തമ്മിലും, ക്രൈസ്തവരും അക്രൈസ്തവരും തമ്മിലും ഉള്ള വലിയ പോരാട്ടങ്ങളുടെയും പിളര്‍പ്പിന്റെയും കാലത്ത്, ഫ്രാന്‍സിസ് അസ്സീസി ആരെയും വിമര്‍ശിച്ചില്ല, ആരുടെയും നേര്‍ക്ക് കല്ലെറിഞ്ഞില്ല. വിനയവും ഐക്യവും പ്രാര്‍ത്ഥനയും ഉപവിയും – സുവിശേഷത്തിന്റെ ഈ ആയുധങ്ങള്‍ മാത്രമാണ് ആ വിശുദ്ധന് കൈകളിലേന്തിയത്.
പിതാവിനെ സ്തുതിക്കുകയും ക്ലേശിതരെയും മര്‍ദ്ദിതരെയും സ്വീകരിക്കുകയും ചെയ്യുന്ന യേശുവിന്റെ വീക്ഷണത്തോടുകൂടി ഒത്തൊരുമിച്ച് ചരിക്കാനാണ് നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. അതിനാല്‍ നമുക്ക് യേശുവിന്റെ നോട്ടത്തില്‍ നിന്ന് ആരംഭിക്കാം, അത് അനുഗ്രഹദായകവും സ്വാഗതം ചെയ്യുന്നതുമായ നോട്ടമാണ്. കര്‍ത്താവിന്റെ ഈ അനുഗ്രഹപ്രദായക നോട്ടം, ആനന്ദഭരിതാത്മാവോടെ, ദൈവത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കുകയും വര്‍ത്തമാനകാലത്തെ വിവേചിച്ചറിയുകയും ചെയ്യുന്ന ഒരു സഭയാകാന്‍ നമ്മെയും ക്ഷണിക്കുന്നു.
നമ്മുടെ കാലത്തെ ചിലപ്പോഴൊക്കെ പ്രക്ഷുബ്ധമായ തിരമാലകള്‍ക്കിടയില്‍, ഈ സഭ നിരാശപ്പെടുന്നില്ല. പ്രത്യയശാസ്ത്ര പഴുതുകള്‍ തേടുന്നില്ല, നേടിയെടുത്ത ബോധ്യങ്ങള്‍കൊണ്ട് സ്വയം പ്രതിരോധം തീര്‍ക്കുന്നില്ല, സൗകര്യപ്രദമായ പരിഹാരങ്ങള്‍ക്ക് വഴങ്ങുന്നില്ല, തന്റെ അജണ്ട നിര്‍ദ്ദേശിക്കാന്‍ ലോകത്തെ അനുവദിക്കുന്നില്ല. ഇതാണ് സഭയുടെ ആത്മീയ ജ്ഞാനം, വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഇത് ഇങ്ങനെ സ്വച്ഛതയോടെ സംഗ്രഹിച്ചിരിക്കുന്നു: ‘പൂര്‍വ്വികരില്‍ നിന്നു ലഭിച്ച സത്യത്തിന്റെ വിശുദ്ധ പൈതൃകത്തില്‍ നിന്ന് സഭ ഒരിക്കലും അവളുടെ കണ്ണുകള്‍ മാറ്റാതിരിക്കേണ്ടത് പ്രഥമതഃ ആവശ്യമാണ്. അതോടൊപ്പം ലോകത്തില്‍ പുതിയ സാഹചര്യങ്ങളും പുതിയ ജീവിതരീതികളും സംജാതമാക്കുകയും കത്തോലിക്കാ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ വഴികള്‍ തുറന്നിടുകയും ചെയ്ത വര്‍ത്തമാനകാലത്തേയും നോക്കേണ്ടതുണ്ട്.”
സിനഡിന്റെ പ്രാഥമിക ദൗത്യം ഇതാണ്: മനുഷ്യകുലത്തെ കരുണയോടെ നോക്കുന്ന സഭയായിരിക്കുന്നതിന് നമ്മുടെ നോട്ടം ദൈവത്തിലേക്ക് വീണ്ടും കേന്ദ്രീകരിക്കുക.
ശ്രവിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്ന ഐക്യപ്പെട്ടതും സാഹോദര്യം വാഴുന്നതുമായ സഭ. ഐക്യവും സാഹോദര്യവും ഉള്ളതായിരിക്കാന്‍ പരിശ്രമിക്കുകയെങ്കിലും ചെയ്യുന്ന സഭ; അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, കര്‍ത്താവിനെ അന്വേഷിക്കുന്നവരെ സഹായിക്കുന്ന, നിസ്സംഗരെ ഗുണകരമാംവിധം ചലിപ്പിക്കുന്ന, വിശ്വാസത്തിന്റെ സൗന്ദര്യത്തിലേക്ക് ആളുകളെ നയിക്കുന്നതിനുള്ള പാതകള്‍ വെട്ടിത്തുറക്കുന്ന ഒരു സഭ. ദൈവം കേന്ദ്രമായുള്ളതും അതുകൊണ്ടുതന്നെ ആന്തരികമായി വിഭജിക്കപ്പെടാത്തതും പുറമെ ഒരിക്കലും കര്ക്കശമല്ലാത്തതുമായ ഒരു സഭ. യേശുവിനോടൊപ്പം സാഹസികമായി നീങ്ങുന്ന സഭ. ഇങ്ങനെയുള്ളൊരു സഭയെയാണ് യേശു ആഗ്രഹിക്കുന്നത് – പരിശുദ്ധ പിതാവ് പറഞ്ഞു.
ദൈവികപരിപാലനയ്ക്ക് സിനഡിനെ സമര്‍പ്പിച്ചുകൊണ്ട് ‘ലൗദെസ് റേജിയേ’ എന്ന പുരാതന ഗീതത്തിന്റെ ആധുനിക ആവിഷ്കാരത്തോടെയാണ് തിരുകര്‍മങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരും സിനഡ് പിതാക്കന്മാരും സഹകാര്‍മികരായിരുന്നു.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലാണ് ഒക്ടോബര്‍ 29 വരെ നീണ്ടുനില്‍ക്കുന്ന സിനഡ് ജനറല്‍ അസംബ്ലി നടക്കുന്നത്. 364 പ്രതിനിധികള്‍ ഭാഷാടിസ്ഥാനത്തില്‍ 12 പേര് വീതം വരുന്ന ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓരോ മേശയ്ക്കു ചുറ്റുമിരുന്ന് നവസാങ്കേതികവിദ്യയുടെ സഹായത്തോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
ഫ്രാന്‍സിസ് പാപ്പായുടെ ആമുഖ സന്ദേശത്തെ തുടര്‍ന്ന് പത്ത് ഡെലഗേറ്റ് പ്രസിഡന്റുമാരില്‍ ഒരാളായ കോപ്റ്റിക് കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഐസക്ക് സെഡ്രാക് ആദ്യ പ്രഭാഷണം നടത്തി. സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെക്ക്, റിലേറ്റര്‍ ജനറല്‍ കര്‍ദിനാള്‍ ഷോണ്‍ ക്ലോദ് ഓളറിഷ് എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക സിനഡല്‍ ചരിത്രത്തില്‍ ആദ്യമായി സന്ന്യാസിനീസഭാംഗങ്ങള് ഉള്‍പ്പെടെ 54 വനിതകള്‍ അടക്കം 70 അല്മായര് മെത്രാന്മാരോടൊപ്പം വോട്ടവകാശത്തോടെ പങ്കെടുക്കുന്ന മെത്രാന് സിനഡാണിത്. ജനറല്‍ അസംബ്ലിയുടെ രണ്ടാം ഘട്ടം 2024 ഒക്ടോബറില്‍ നടക്കും.