കെ.ജി ജോര്‍ജിന്റെ സിനിമകള്‍ നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ മാത്രമല്ല കുടുംബങ്ങളിലേക്കു പ്രവേശിച്ച് അവിടെ നടക്കുന്ന അരുതായ്മകളേയും വെളിച്ചത്തുകൊണ്ടുവന്നു. പഞ്ചവടിപ്പാലം മലയാള സിനിമയിലെ പ്രഥമ ആക്ഷേപഹാസ്യരാഷ്ട്രീയ പ്രമേയമാകുന്നത് അങ്ങിനെയാണ്. വയലന്‍സ് നിറഞ്ഞു കവി ഞ്ഞ ഇരകള്‍ അടുത്ത കാലത്ത് ഇറങ്ങിയ ജോജി എന്ന സിനിമയ്ക്കു പോലും പ്രചോദനമായി. യവനിക, ആദാമിന്റെ വാരിയെല്ല്, ഈ കണ്ണി കൂടി എന്നീ സിനിമകളിലും മറച്ചുവയ്ക്കപ്പെട്ട തിന്മ കളാല്‍ അലംകൃതമായ പാരമ്പര്യ കുടുംബസങ്കല്പങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.
മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്ചകള്‍കൊണ്ട് സ മ്പുഷ്ടമാക്കിയ പ്രതിഭ എന്നതാണ് എല്ലാക്കാലവും കെ.ജി ജോര്‍ജിന് സിനിമാ ആസ്വാദകരുടെ മനസിലുള്ള സ്ഥാനം. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലര്‍ത്തുന്ന പേര് കൂടിയാണ് അത്. പുതുതലമുറ സിനിമാ സംവിധായകരില്‍ ഏറ്റവു മധികം പിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. ലിജോ ജോസ് പെല്ലിശേരി, ആഷിക് അബു തുടങ്ങി ക്രാഫ്റ്റ് കൊണ്ട് തങ്ങളുടെ സിനിമയെ സമ്പന്നമാക്കുന്ന സിനിമാക്കാരുടെയെല്ലാം ഇഷ്ട സംവിധായകന്.
സ്വന്തം തലമുറയിലെ പല എഴുത്തുകാരും കലാപ്രവര്‍ത്തകരും മുഴുകിയിരുന്ന മധ്യ വര്ഗമിഥ്യകളില്നിന്നും അദ്ദേഹം അകലം പാലിച്ചു. ഭൂതകാലസംസ്കാരത്തിന്റെ ഭാരമില്ലാതെ, ചുറ്റുമുള്ള ജീവിതം നിഷ്കരുണം നിരീക്ഷിക്കുന്നതിനും ആശയത്തിലും അവതരണത്തിലും അ വ്യക്തതയില്ലാത്ത ചലച്ചിത്ര ഭാഷയില്‍ താന്‍ കണ്ട ജീവിതം ആവിഷ്കരിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തിന്റെ പൊതുബോധത്തിലുള്ള മിഥ്യാ ധാരണകള്‍ ചോദ്യം ചെയ്യുന്നതും തുറന്നുകാണിക്കുന്നതും ഈ ആവിഷ്കാരത്തിന്റെ ഭാഗങ്ങളായിരുന്നു.
തന്റേതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പതിറ്റാണ്ടുകളായി പിന്തുടര്ന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു കെ.ജി ജോര്‍ജ്. സമീപനത്തിലും സങ്കേതികതയിലും മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനര്‍നിര്‍മ്മിക്കാന്‍ ധൈര്യപ്പെടുകയും ചെയ്ത അന്നത്തെ നവതലമുറ സംവിധായകനിലൊരാള്‍. 1976 ല്‍ റിലീസ് ചെയ്ത ആദ്യ സിനിമയായ സ്വപ്നാടനം മുതല്‍ അവസാനം പുറത്തിറങ്ങിയ ഇലവങ്കോട് ദേശം വരെയുള്ള സിനിമകള്‍ ഓരോന്നും പരിശോധിച്ചാല്‍ കെ ജി ജോര്‍ജ് എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാന്‍ഷിപ് മനസ്സിലാകും, ഓരോ സിനിമയും ഓരോ അവതരണ രീതികള്‍, വ്യത്യസ്ത പശ്ചാത്തലങ്ങള്‍, വ്യത്യസ്ത ശൈലിയിലുള്ള സിനിമകള്‍.
1976 ലെ വ്യത്യസ്തമായ സിനിമയായിരുന്നു സ്വപ്നാടനം. നായകനും നായികയും മരംചുറ്റി ഓടി നടന്നിരുന്ന കാലഘട്ടത്തില്‍ കാണികളെ വിസ്മയഭരിതരാക്കിയ പ്രണയസിനിമ.
സ്വപ്നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയ്ക്കും യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും കിട്ടി.
കെ.ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ആവര്ത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം.
സ്വപ്നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്ത ചില സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മണ്ണ്, ഇനി അവള് ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ല.പക്ഷേ പത്മരാജന്റെ തിരക്കഥയില്‍ കെ.ജി ജോര്‍ജ് ചെയ്ത ഒരേയൊരു സിനിമയായ ‘രാപ്പാടികളുടെ ഗാഥ’ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ യുവാക്കളില്‍ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം.
മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ഉള്‍ക്കടല്‍’, മലയാള സിനിമയിലെ ആദ്യത്തെ വ്യത്യസ്ത കുറ്റാന്വേഷണ സിനിമ ‘യവനിക’, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഇരകള്‍’, മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ ‘ആദാമിന്റെ വാരിയെല്ല്’ എന്നിവ ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചതായി നിലകൊള്ളുന്നു. സിനിമാവ്യവസായത്തിന്റെ വെളിച്ചം കുറഞ്ഞ ലോകം അനാവരണം ചെയ്യുന്ന ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക് അതുല്യമായ ഒരാവിഷ്കാരമായി ഇന്നും തുടരുന്നു.
ചെറുപ്പത്തില്‍ ചിത്രര ചനയിലും കൊമേര്‍ഷ്യല്‍ ആര്‍ട്ടിലും അദ്ദേഹത്തിനുണ്ടായ അഭിരുചി പിന്നീട് സിനിമയില്‍ വലിയ സഹായമായി. വിശാലമായ വായനയും ലോകസിനിമകളോടുള്ള ചങ്ങാത്തവും പുതിയ സിനിമാ കാഴ്ചപ്പാടുകള്‍ക്ക് സഹായകരമായി. സിനിമയുടെ കഥാവിഷ്കാരത്തിലും അഭിനയ മേഖലയിലും അദ്ദേഹം പുലര്‍ത്തിയ മിതത്വം ലോകസിനിമകളില്‍ നിന്നു ലഭിച്ച മികച്ച പാഠങ്ങളിലൊന്നായിരുന്നു. ബെര്ഗ്മാന്, ഫെലീനി, അന്റോണി യോണി, കുറോസാവ, സത്യജിത് റേ തുടങ്ങിയവര്‍ അദ്ദേഹത്തിനു ഗുരുതുല്യരായിരുന്നു.
സിനിമാ പ്രവര്‍ത്തനം കെ.ജി ജോര്‍ജ് അവസാനിപ്പിച്ചിട്ട് രണ്ടു ദശാബ്ദമായെങ്കിലും അദ്ദേ ഹത്തിന്റെ സിനിമകള്‍ പുതുതലമുറ സിനിമാക്കാര്‍ക്ക് ഇന്നും പ്രചോദനമായി തുടരുന്നു എന്നതു മാത്രം മതി ആ അതുല്യപ്രതിഭയുടെ മഹിമ മനസിലാക്കാന്‍.