വിനായക ചതുര്‍ത്ഥിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വലത്തുകാല് വച്ചുകയറി രണ്ടുനാള്‍ കൊണ്ട് 27 കൊല്ലം വിട്ടുമാറാതെ നിന്ന വിഘ്നങ്ങളെല്ലാം പുഷ്പം പോലെ നീക്കി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യാനുള്ള ഭരണഘടനയുടെ 128-ാം ഭേദഗതി ബില്‍ (‘നാരീ ശക്തി വന്ദന്‍ അധിനിയം’) പാസാക്കിയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു.
ലിംഗസമത്വവും സ്ത്രീശക്തിമത്കരണവും അധികാരപങ്കാളിത്തവും ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയവ്യവഹാരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് മോദിക്ക് ഇനി കൂടുതല്‍ വാചാലനാകാം. വനിതാ സംവരണം നടപ്പാക്കാനുള്ള സവിശേഷ ‘ഈശ്വരനിയോഗം’ തനിക്കു ലഭിച്ചതില്‍ വിനയാനതനാകുന്ന മോദിക്ക് പുത്തന്‍ സംസദ് ഭവനിലെ ആദ്യ നിയമനിര്‍മാണം ഇത്ര അനായാസം ഒരു ചരിത്രസംഭവമാക്കാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും ഊറ്റംകൊള്ളാം.
ലോക്സഭയിലെ അസദുദ്ദീന്‍ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസെ ഇത്തെഹാദുല്‍ മുസ് ലിമീന്‍ പാര്‍ട്ടിയുടെ രണ്ടു നിഷേധവോട്ടുകള്‍ ഒഴികെ പാര്‍ലമെന്റില്‍ ഇരുസഭകളിലെയും പ്രതി പക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയോടെയാണ് വനിതാസംവരണ ബില്‍ പാസായത്. കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനിടെ ബിജെപി നയിക്കുന്ന എന്‍ഡിഎ ഭരണത്തില്‍ ഇത്തരം രാഷ്ട്രീയ സമവായം ഒരു വിഷയത്തിലും ഉണ്ടായിട്ടില്ല. എന്നാല്‍ പ്രതിപക്ഷത്തോട് പാര്‍ലമെന്ററി ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നതില്‍ അത്ര കണ്ട് പ്രതിപത്തിയൊന്നും കാണിക്കാത്ത മോദി ഭരണകൂടം അഃ്യ ന്തം ഗോപ്യമായാണ് ഇത്ര സുപ്രധാനമായൊരു ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി അവതരിപ്പിച്ചത്. രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ ചോദിക്കുന്നതുപോലെ, ആര്‍മി കമാന് ഡോ ഓപ്പറേഷന്റെ മട്ടില്‍ അതീവ രഹസ്യമായി, സമ്മേളനകാര്യക്രമത്തിലോ സര്വകക്ഷിയോഗത്തി ലോ ഒരു സൂചനയും നല്‍കാതെ ഈ ഭരണഘടനാ ഭേദഗതി ബില്‍ പൊടുന്നനെ എടുത്തിട്ട് ജനങ്ങളെ ഞെട്ടിക്കേണ്ട സാഹചര്യമെന്തായിരുന്നു?
ലോകത്ത് ആദ്യമായാകും ഏഴെട്ട് കൊല്ലം കഴിഞ്ഞ് നടപ്പാക്കുമെന്നു പറയുന്ന ഒരു നിയമം പാസാക്കാന്‍ ഇങ്ങനെയൊരു അടി യന്തര സമ്മേളനം വിളിച്ചുകൂട്ടുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളില്‍ നടക്കാ നിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനോ മുന്‍പ് ഈ വനിതാസംവരണ നിയമം നടപ്പാക്കാനാവില്ല. 2029-ലെ തിരഞ്ഞെടുപ്പില്‍ പോലും അത് സാധ്യമാകുമെന്ന് ഒരു ഉറപ്പുമില്ല. ദേശീയതലത്തില്‍ ജനസംഖ്യാ കണക്കെടുപ്പു നടത്തി അതിനെ ആധാരമാക്കി രാജ്യത്തെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തിയും എണ്ണവും പുനര്‍നിര്‍ണയിച്ചിട്ടു വേണം പൊതുവിഭാഗത്തിലും പട്ടികജാതി-വര്‍ഗ വിഭാഗത്തിലുമായി സ്ത്രീകള്‍ക്കു സംവരണം ചെയ്യേണ്ട മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നിശ്ചയിക്കാന്‍. 2024-ലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് അധികാരത്തിലേറുന്ന സര്‍ക്കാര്‍ എത്രയും വേഗം സെന്‍സസ് നടപടികള്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് മണ്ഡലങ്ങളുടെ പുനഃക്രമീകരണമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ സംവരണം എന്നു പ്രാബല്യത്തില്‍ വരുമെന്ന് കൃത്യമായി പ്രവചിക്കാന്‍ ആര്‍ക്കുമാകില്ല. ഇ തൊക്കെയാണെങ്കിലും, വനിതാ സംവരണ നിയമം കൊണ്ടുവന്നതിന്റെ ക്രെഡിറ്റില്‍ തിളങ്ങി, രാജ്യത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 94.50 കോടി വോട്ടര്‍മാരില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ മനം കവരുന്നതിന് 2024-ലെ തിരഞ്ഞെടുപ്പുപ്രചാരണതന്ത്രം ആവി ഷ്കരിക്കുകയാണ് ബിജെപി. ബില്ലവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അര്ജുന് രാം മേഘ്വാള് പറഞ്ഞു വച്ചതിന്റെ പൊരുള്‍ അതാണ്:” മോദി ഹോ തോ മുംകിന് ഹേ” (മോദിയുണ്ടെങ്കില്‍ സാധ്യമാണ്)!
ലിംഗസമത്വത്തോടൊപ്പം സാമൂഹികനീതിയുടെ രാഷ്ട്രീയവും കൂടിച്ചേരുമ്പോള്‍ ഉത്തര്‍പ്ര ദേശിലെയും ബിഹാറിലെയും പഴയ ‘മണ്ഡല്-കമണ്ഡല്‍’ സംഘര്‍ഷത്തിന്റെ മറ്റൊരു പരിവൃത്തി നാരീ ശക്തി വന്ദനത്തില്‍ രൂപപ്പെടുന്നുണ്ട്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) വനിതാസംവരണത്തില്‍ പ്രത്യേക ക്വാട്ട നിശ്ചയിക്കണമെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തെ ‘ഇന്ത്യ’ സഖ്യത്തിലെ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ജനതാ ദള്‍ (യുണൈറ്റഡ്) തുടങ്ങിയ പാര്‍ട്ടികളുടെയും ആവശ്യം ബിജെപി നിരാകരിക്കുകയാണുണ്ടായത്. പിന്നാക്ക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല് കമ്മിഷന് ശുപാര്ശകളിന്മേല് പ് ക്ഷോഭങ്ങള്‍ നയിച്ച സോഷ്യലിസ്റ്റ് നേതാക്കളായ മുലായം സിംഗ് യാദവും ശരദ് യാദവും ലാലുപ്രസാദ് യാദവും 13 വര്‍ഷം മുന്‍പ്, ഡോ. മന്മോഹന് സിംഗിന്റെ യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു പാസാക്കിയ വനിതാസംവരണ ബില്ലിനെ എതിര്‍ത്തത് ഒബിസി സംവരണത്തിന്റെ പേരിലാണ്. 1996-ല്‍ ദേവഗൗഡയുടെ ഐക്യമുന്നണി ഗവണ്മെന്റ് 81-ാമത് ഭരണഘടനാ ഭേദഗതി ബില്ലായി ലോക്സഭയില്‍ അവതരിപ്പിച്ചതിനു ശേഷം വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അടക്കം മാറിമാറി വന്ന ഭരണകൂ ടങ്ങള്‍ ഏഴുവട്ടം വനിതാസംവരണ നിയമനിര്‍മാണത്തിനു ശ്രമിച്ചു പ രാജയപ്പെട്ടതിനു പിന്നില്‍ മിക്കപ്പോഴും മണ്ഡല് രാഷ്ട്രീയം തന്നെയായിരുന്നു.
ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായിരുന്നു ‘കമണ്ഡല്‍.’ ഇന്ത്യയിലെ ജനസംഖ്യയില്‍ 40 ശതമാനം വരുന്ന ഒബിസി വിഭാഗങ്ങളുടെ വോട്ടുവിഹിതം കോണ്‍ഗ്രസില്‍ നിന്നും എസ്പി, ആര്‍ജെഡി, ജെഡിയു തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും അടർത്തിയെടുക്കാന്‍ കഴിഞ്ഞതാണ് കമണ്ഡല്‍ രാഷ്ട്രീയത്തില്‍ നിന്ന് ബി ജെപിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയ നിര്‍ണായകഘടകം. 1996-ല്‍ ബിജെപിയുടെ ഒബിസി വോട്ടുവിഹിതം 22% ആയിരുന്നത് 2014-ല്‍ 43 ശതമാനമായി ഉയര്‍ന്നു. ഒബിസി വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി എന്ന മോദിയുടെ പ്രതിച്ഛായയും അടുത്തകാലത്ത് പ്രഖ്യാപിച്ച വിശ്വകര്‍മ കൗശല്‍ സമ്മാന്‍ യോജന പോലുള്ള പല പദ്ധതികളും പിന്നാക്ക വിഭാഗങ്ങളെ സംഘ പരിവാറിനോട് അടുപ്പിക്കാനുള്ള ഉപാധിയായി. ഒബിസി വിഭാഗങ്ങളുടെ പിന്തുണ വീണ്ടെടുക്കാനുള്ള തീവ്രയജ്ഞത്തിന്റെ തുടക്കമായാണ് കോണ്‍ഗ്രസും ‘ഇന്ത്യ’ സഖ്യകക്ഷികളും വനിതാ സംവരണ സംവാദത്തെ പ്രയോജനപ്പെടുത്തുന്നത്. വനിതാസംവര ണത്തിനുള്ളില് ഒബിസി-മുസ്ലിം ന്യൂനപക്ഷ സബ്ക്വാട്ടയ്ക്കൊപ്പം ജാതി സെന്‍സസിന്റെ ആവശ്യകതയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. തൊഴില്‍ സംവരണത്തിലും അധികാരപങ്കാളിത്തത്തിലും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക അനീതിയുടെ യഥാര്‍ഥ ചിത്രം വെളിച്ചത്തു കൊണ്ടുവരാന്‍ ജാതി സെന്‍സസ് സഹായകമാകും. വനിതാസംവരണത്തിലെ ഒബിസി ക്വാട്ടയ്ക്കും അത് അത്യന്താപേക്ഷിതമാണ്.
ഒബിസി ജനസംഖ്യാ ഡേറ്റ ലഭ്യമല്ലാത്തതിനാല്‍ വനിതാ സംവരണത്തില്‍ ഒബിസി സബ് ക്വാട്ട നിര്ണയിക്കാനാവില്ലെന്നാണ് 2010-ല്‍ നിയമമന്ത്രിയായിരുന്ന വീരപ്പ മൊയ്ലി പറഞ്ഞത്. രാജ്യത്ത് 1931-നുശേഷം ജാതി തിരിച്ചുള്ള സെന്‍സസ് നടന്നിട്ടില്ല. മോദിയുടെ നാരീ ശക്തി വന്ദന്‍ നിയമം നടപ്പാക്കുന്നതിന് എന്തായാലും സെന്‍സസ് നടത്തണം. കൂട്ടത്തില്‍ ജാതി സര്‍വേ കൂടി വേണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പത്തുവര്‍ഷം കൂടുമ്പോള്‍ നടക്കേണ്ട ദേശീയ ജനസംഖ്യാ കണക്കെടുപ്പ് 2021-ല്‍ മോദി സര്‍ക്കാര്‍ മാറ്റിവച്ചത് കൊവിഡ് മഹാമാരിയുടെ പേരിലാണ്. ചൈനയും അമേരിക്കയും കൊവിഡ് കാലത്തും സെന്‍സസ് നടത്തുകയുണ്ടായി. സാധാരണ നിലയില്‍ അടുത്ത ദശവര്‍ഷ സെന്‍സസ് നടത്തേണ്ടത് 2031-ലാണ്. അതേസമയം, 2026-നു ശേഷമുള്ള ആദ്യ സെന്‍സസ് ഡേറ്റ ലഭിക്കുന്നതു വരെ, സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണത്തില്‍ 25 വര്‍ഷത്തേക്ക് മാറ്റം വരുത്തേണ്ട തില്ലെന്ന് 2002-ലെ ഡിലിമിറ്റേഷന്‍ ആക്ട് ഭേദഗതിയില്‍ നിര്‍ദേശിച്ചിരുന്നു. 1971-ലെ ജനസംഖ്യാ ഡേറ്റയെ ആധാരമാക്കി 1976-ലാണ് അവസാനമായി ഓരോ സംസ്ഥാനത്തെയും മണ്ഡലങ്ങളുടെ എണ്ണം നിശ്ചയിച്ചത്. അതിസങ്കീര്‍ണമായ സെന്‍സസ്, ഡിലിമിറ്റേഷന്‍ നടപ ടികളുമായി ബന്ധിപ്പിക്കാതെ വനിതാ സംവരണ നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന വെല്ലുവിളിയാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
2008-ലെ മണ്ഡലപുനര്‍ നിര്‍ണയ കമ്മിഷന്റെ കണക്കനുസരിച്ച് ലോക്സഭയില്‍ 412 ജനറല്‍ സീറ്റും 84 പട്ടികജാതി സീറ്റും 47 പട്ടികവര്‍ഗ സീറ്റുമുണ്ടായിരുന്നു. ജനറല്‍ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യുമ്പോള്‍ ഭരണഘടനാപരമായ സംരക്ഷണമുള്ള എസ് സി, എസ ് ടി ക്വാട്ടയിലും 33% സ്ത്രീകള്‍ ക്കായി മാറ്റിവയ്ക്കാനാണ് പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നത്. 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിന്റെ പേരില്‍ പട്ടികജാതി പദവി നഷ്ടപ്പെട്ട ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കും സംവരണം ലഭിക്കാന്‍ ഇനി സുപ്രീം കോടതി കനിയണം.
2011-ലെ സെന്‍സസിനു ശേഷം രാജ്യത്തെ ജനസംഖ്യയില്‍ 30 ശതമാനം വര്‍ധന ഉണ്ടായിട്ടു ണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ലോക്സഭയില്‍ നിലവിലുള്ള 543 സീറ്റുകളില്‍ 210 സീറ്റുകള്‍ വര്‍ധിച്ചേക്കും; മൊത്തം സീറ്റുകള്‍ 753 ആകും. ഇന്നത്തെ ജന സംഖ്യാ കണക്കുവച്ച് ലോക്സഭാ സീറ്റുകള്‍ പുനഃക്രമീകരിച്ചാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 32 സീറ്റുകള്‍ വര്‍ധിക്കുകയും ദക്ഷിണേന്ത്യയില്‍ 24 സീറ്റു കുറയുകയും ചെയ്യുമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. കേരളത്തിലെ 20 സീറ്റില്‍ നാലെ ണ്ണം കുറയും; തമിഴ്നാട്ടിലെ 39 സീറ്റില്‍ 11 എണ്ണം നഷ്ടപ്പെടും. ജന സംഖ്യാ നിയന്ത്രണത്തില്‍ രാജ്യത്തിനു മാതൃക കാട്ടിയതിന് നമുക്കു ലഭിക്കുന്ന പ്രതിഫലം! ഉത്ത രേന്ത്യയില്‍ സീറ്റു കൂടുന്നത് ഗുണം ചെയ്യുന്നത് അധികവും ബിജെപിക്കായിരിക്കും.
ഇന്ത്യയുടെ ഭരണ ഘടനാ നിര്‍മാണസഭയില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു വനിത കളുണ്ടായിരുന്നു – ആനി മസ്കരീന്, ദാക്ഷായണി വേലായുധന്, അമ്മു സ്വാമിനാഥന് എന്നിവര്‍. ജനസംഖ്യയില്‍ 52% സ്ത്രീകളുള്ള സംസ്ഥാനത്തു നിന്ന് ഇന്ന് ലോക്സഭയില്‍ ഒരു വനിതയേയുള്ളൂ – രമ്യ ഹരിദാസ്. വനിതാസംവരണം നടപ്പാകുമ്പോള്‍, ലോക്സഭയിലേക്കുള്ള 18 ജനറല്‍ സീറ്റുകളില്‍ ആറെണ്ണം വനിതകള്‍ക്കാകും. പട്ടികജാതി-വര്‍ഗ സംവരണ സീറ്റു കളില്‍ നിന്ന് ആറു തിരഞ്ഞെടുപ്പുകളിലായി രണ്ടു സ്ത്രീകള്‍ ലോക്സഭയിലെത്തും. കഴിഞ്ഞ 66 വര്‍ഷത്തെ കേരള നിയമസഭാ ചരിത്രത്തില്‍ ഒരിക്കല്‍ പോലും വനിതാ പ്രാതിനിധ്യം 10% ശതമാനം കടന്നിട്ടില്ല. ഇതുവരെ കേരള അസംബ്ലിയില്‍ അംഗങ്ങളായിട്ടുള്ള സ്ത്രീകള്‍ 52 പേര് മാത്രം. 1996-ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനിതാ എംഎല്‍എമാരുണ്ടായത് – 13 പേര്. ഇപ്പോള്‍ 12 പേരുണ്ട്. 1967-ലും 1977-ലും ഓരോ വനിത അംഗം മാത്രമായിരുന്നു. വനിതാസംവരണം വരുമ്പോള്‍ 140 അംഗ സഭയില്‍ ചുരുങ്ങിയത് 47 വനിതകള്‍ ഉണ്ടാകും. പട്ടികജാതിക്കായുള്ള 14 മണ്ഡ ലങ്ങളില്‍ അഞ്ചെണ്ണം സ്ത്രീ കള്‍ക്ക് സ്വന്തമാകും. മൂന്നു തിര ഞ്ഞെടുപ്പുകളിലായി ഊഴമനുസരിച്ച് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ നിന്ന് രണ്ട് ആദിവാസി വനിതകള്‍ അസംബ്ലിയിലെത്തും.
തദ്ദേശഭരണ മേഖലയില്‍ രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത് രാജ് സംവിധാനം 2010-ല്‍ കേരളത്തില്‍ നടപ്പാക്കിയത്ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും 50 ശതമാനം സ് ത്രീസംവരണം ഉറപ്പാക്കിക്കൊണ്ടാണ്. അധികാരപങ്കാളിത്തത്തിന്റെ മൗലിക ഉറവിടത്തില്‍ പി ന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം പര്യാപ്തമായ തോതില്‍ നേടിയെടുക്കുന്നതില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹം വേണ്ടത്ര ജാഗ്രത പുലര് ത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വാര്‍ഡ് തലം തൊട്ട് യുവജനങ്ങളെയും വനിതകളെയും മത്സരത്തിന് സജ്ജരാക്കാനുള്ള പരിശീലനവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും അര്‍ഹമായ പദവികള്‍ നേടാനുള്ള നേതൃപാടവവും പ്രവര്‍ത്തന നൈപുണിയും കൈവരിക്കാനുള്ള മാര്‍ഗദര്‍ശനവും വളരെ പ്രധാനപ്പെട്ടതാണ്. മുഖ്യധാരാ രാഷ്ട്രീയത്തിലെ പുരുഷാധിപത്യവ്യവസ്ഥിതിയിലെ അഴിമതികള്‍ക്കും അധാര്‍മികതയ്ക്കും അറുതിവരുത്താനും സമൂഹികപ്രതിജ്ഞാ ബദ്ധതയും കാരുണ്യവും കരുതലുമുള്ള പുതിയൊരു നേതൃനിര ഉയര്‍ന്നുവരാനും താമരത്തണ്ടിലെ കാല്പനിക വന്ദനത്തിനതീതമായി നാരീശക്തി പൂര്‍ണമായി നിര്മ്മുക്ത മാകേണ്ടതുണ്ട്.
മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി ലോക്സഭയിലെയും നിയമസഭകളിലെയും ആംഗ്ലോ- ഇന്ത്യന്‍ പ്രാതിനിധ്യം റദ്ദാക്കിയത് ഏതെങ്കിലും തരത്തില്‍ ഒബിസി വനിതാസംവരണത്തിലൂടെ പുനഃ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ എന്തൊരു മധുരപ്രതികാരമാകുമത്!