അക്കാലത്ത് ചവിട്ടുനാടകത്തിലടക്കമുള്ള സ്റ്റേജ് പ്രോഗ്രാമുകളില്‍ പെണ്‍വേഷം കെട്ടിയിരുന്നത് പുരുഷന്മാരാണ്. സ്ത്രീകളെ നാടകമോ മറ്റേതെങ്കിലും കലാരൂപമോ അവതരിപ്പിക്കാന്‍ സമൂഹം മടികാണിച്ചിരുന്ന സമയം. സ്ത്രീവേഷം ആടുന്ന ആട്ടക്കാരെ തോടയപ്പെണ്‍കള്‍ എന്നാണ് വിളിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ചവിട്ടുനാടകകലാകാരിയാണ് റോസി തുറവൂര്‍. അവര്‍ക്ക് 58 വയസായിരുന്നു. കേരളത്തിലെ ലത്തീന്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ദൃശ്യകലാരൂപം മധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതായിരുന്നു. കഥകളിയുടെ ആവിര്‍ഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ് പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല കേരളത്തില്‍ രൂപം കൊണ്ടത്. ഉദയംപേരൂര്‍ സുനഹദോസിനു ശേഷം വളരെ വേഗത്തില്‍ പ്രചരിച്ചു. യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും, കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് ചവിട്ടുനാടകവും പ്രശസ്തി നേടിയത്. പിന്നീട് മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുകയും സാവധാനത്തില്‍ അസ്തമിക്കാന്‍ തുടങ്ങുകയും ചെയ്തു. സബീന റാഫിയാണ് ചവിട്ടുനാടകത്തിന്റെ പുനരുദ്ധാരക. അവരുടെ ചവിട്ടുനാടകത്തെ കുറിച്ചുള്ള ഗ്രന്ഥം ഇന്നും ആധികാരികമാണ്.
പിന്നീട് സ്കൂള്‍ യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ചവിട്ടുനാടകം ഉയിര്‍ത്തെഴുന്നേറ്റത്.
വളരെ ചെറുപ്പത്തിലേ ചവിട്ടുനാടക വേദിയിലെത്തിയ കലാകാരിയാണ് റോസി തുറവൂര്‍. ചവിട്ടുനാടകം ഇപ്പോഴത്തേതു പോലെ പ്രശസ്തിയിലേക്കുയര്ന്നിട്ടില്ലാത്ത കാലത്താണ് റോസി വേദിയിലെത്തുന്നത്. സബീനാ റാഫിയെ പോലെ ചവിട്ടുനാടകരംഗത്ത് പ്രസക്തമായ പേരുകാരി. അക്കാലത്ത് ചവിട്ടുനാടകത്തിലടക്കമുള്ള സ്റ്റേജ് പ്രോഗ്രാമുകളില്‍ പെണ്‍വേഷം കെട്ടിയിരുന്നത് പുരുഷന്മാരാണ്. സ്ത്രീകളെ നാടകമോ മറ്റേതെങ്കിലും കലാരൂപമോ അവതരിപ്പിക്കാന്‍ സമൂഹം മടികാണിച്ചിരുന്ന സമയം. സ്ത്രീവേഷം ആടുന്ന ആട്ടക്കാരെ തോടയപ്പെണ്‍കള്‍ എന്നാണ് വിളിച്ചിരുന്നത്. സാവധാനത്തിലുള്ള ചുവടുകളാണ് ഇവര്‍ക്ക് നിര്‍ദേശിച്ചിരുന്നത്.
സഹോദരനും ചവിട്ടുനാടക കലാകാരനുമായ ക്ലീമി പള്ളിത്തോടാണ് റോസിയുടെ ആദ്യഗുരു. പള്ളിപറമ്പില്‍ വീട്ടില്‍ ജോസെയാണ് പിതാവ്. മാതാവ് വിരോണി. തികച്ചും യാഥാസ്ഥിതികമായ ഒരു കാലഘട്ടത്തില്‍ ചവിട്ടുനാടകത്തിലെ വീരോചിത കഥാപാത്രങ്ങളെ പോലെ നാടകരംഗത്തെത്താന് ധൈര്യം കാണിച്ചു എന്നതാണ് റോസിയുടെ പ്രത്യേകത. അവര്‍ ഒരു ശരാശരി കലാകാരിയായിരുന്നില്ല; മികച്ച കലാകാരിയായിരുന്നു. അല്‍ഫോന്‍സ് എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. മാര്‍ അല്ലേശ് നാടകത്തില്‍ അന്നപൂര്‍ണ്ണയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. വീരയോദ്ധാക്കളുടെ അന്ത്യയാത്ര, ഭക്ത മാര്‍ അല്ലേശ്, മക്കളിന്‍ കടമൈ എന്നീ നാടകങ്ങള്‍ക്ക് ചുവടുവച്ചും, നൃത്തമാടിയും കഥാപാത്രങ്ങളെ തന്മയത്വത്തോടെ വേദിയില്‍ വേറിട്ടു നിര്‍ത്തി.
നാടോടി നൃത്തത്തില്‍ നിന്നാണ് ചവിട്ടു നാടകത്തിലേക്കുള്ള പ്രയാണം. ചെറുപ്പം മുതല്‍ നൃത്തത്തില്‍ താല്പര്യം പ്രകടിപ്പിച്ചു. നാട്ടിന്‍പുറത്തെ വേദികളില്‍ സ്ഥിരമായി നൃത്തമാടി. കുട്ടികള്‍ക്കായി നൃത്തപഠന ക്ലാസ് ആരംഭിച്ചതിലൂടെ നിരവധി ശിക്ഷ്യഗണങ്ങള്‍ക്ക് നൃത്തത്തിന്റെ ബാലപാഠം പകര്‍ന്നു നല്‍കാനായെന്ന ആത്മസംതൃപ്തി റോസിക്കുണ്ടായിരുന്നു.
അവസാന നാളുകള്‍ അസുഖത്തിന്റെ പിടിയിലമര്ന്നെങ്കിലും കലയോടുളള ആവേശം മൂലം വീണ്ടും വീണ്ടും അവര്‍ സ്റ്റേജുകളില്‍ എത്തിക്കൊണ്ടിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ കാര്യമായ ബഹുമതികളൊന്നും അവരെ തേടിയെത്തിയില്ല; അവസാനകാലഘട്ടത്തില്‍ എംഎല്‍എ മാക്സി ആദരിച്ചതൊഴിച്ചാല്‍.
ലത്തീന്‍ സമുദായത്തിന്റെ മുഖമുദ്രയായ ഒരു കലാരൂപത്തില്‍ പ്രധാന കഥാപാത്രങ്ങളെ കാലഘട്ടത്തിന്റെ വെല്ലുവിളി നേരിട്ട് മികച്ച രീതിയില്‍ അവതരിപ്പിച്ച കലാകാരിയാണ് വിടവാങ്ങിയിരിക്കുന്നത്.
തുറവൂര്‍ മരിയപുരം പരിശുദ്ധ മോനിക്ക പളളി സെമിത്തേരിയില്‍ റോസി തുറവൂരിനെ സംസ്കരിച്ചു. ഭര്‍ത്താവ് ക്രിസ്തുദാസ്. മക്കള്‍; അഗസ്റ്റിന്, മില്ട്ടന്, മരുമകള്‍: നീനു, പേരക്കുട്ടി; ധ്യാന്‍.