ഭയം വേണ്ട, ജാഗ്രത മതിയെന്നത് വൈറസ്സുകളുടെ കാര്യത്തില്‍ ശരിയാകാം.എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുമേല്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തില്‍ ഭയം വേണം, ശക്തമായ പോരാട്ടവും വേണമെന്ന് പറയേണ്ടിവരും.
ഇന്ത്യയില്‍ 1931 ലാണ് സെക്കുലര്സ്റ്റേറ്റ് എന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത്. എല്ലാ മതത്തിനും വിശ്വാസത്തിനും പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര സെക്കുലര്‍ സ്റ്റേറ്റ് ആണ് ലക്ഷ്യമെന്ന് നെഹ്റു അന്ന് പറഞ്ഞു.”ഇന്ത്യയില്‍ മതനിരപേക്ഷ വീക്ഷണം രാഷ്ട്രീയത്തിലേക്ക് വ്യാപിച്ചത് നെഹ്റു രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതോടെയാണ്. ഈ സാഹചര്യത്തിലാണ് 1950ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയില്‍ മതവിശ്വാസികള്‍ക്കെന്ന പോലെ മതരഹിതര്‍ക്കും വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ ചെയ്തത്. മന്ത്രിമാര്‍, എംഎല്‍എമാര്‍ തൊട്ടു ഭരണകൂടത്തിന്റെ ഏതു തലത്തിലും അധികാരമേല്ക്കുന്നവര് ചെയ്യേണ്ട സത്യപ്രതിജ്ഞയില്‍ മതവിശ്വാസികള്‍ക്ക് ഒന്നും, മതരഹിതര്‍ക്കു മറ്റൊന്നും എന്ന് രണ്ടു പ്രതിജ്ഞാ വാചകങ്ങള്‍ എഴുതിവെച്ചതിനെ സൂചിപ്പിച്ചു കൊണ്ട് ഇഎംഎസ് ഒരിക്കല്‍ ഇങ്ങനെ എഴുതി: ”ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സിഖ് മുതലായ വ്യത്യാസമില്ലാതെ എല്ലാ മതവിശ്വാസികളും ദൈവത്തെ പിടിച്ചാണയിടുമ്പോള് മതരഹിതര്‍ ദൃഢപ്രതിജ്ഞ എടുക്കുകയാണ് ചെയ്യുന്നത്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ മാത്രമല്ല അവരും മതരഹിതരും തമ്മിലും പൂര്‍ണ സമത്വമുണ്ടെന്നാണല്ലോ ഇതിനര്‍ത്ഥം. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്റു മതരഹിതര്ക്കുള്ള ദൃഢപ്രതിജ്ഞയാണ് എടുത്തിരുന്നതെന്ന് ഇവിടെ എടുത്തു പറയേണ്ടതുണ്ട് ‘.
ഇപ്പോള്‍, പുതിയ പാര്‍ലമെന്റിലേക്ക് മാറിയ ദിനത്തില്‍ എംപിമാര്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ‘മതനിരപേക്ഷതയും സോഷ്യലിസവും’ ഒഴിവാക്കിയത് വിവാദമായിരിക്കുന്നു. ഭരണഘടനയില്‍നിന്ന് മതനിരപേക്ഷതയും സോഷ്യലിസവും ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു . എന്നാല്‍, ആദ്യ ഭരണഘടനയുടെ പകര്‍പ്പാണ് എംപിമാര്‍ക്ക് നല്‍കിയതെന്നും അതുകൊണ്ടാണ് സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കിയതെന്നുമാണ് പരിവാര്‍ ഭരണകൂടത്തിന്റെ വിശദീകരണം.
കൈയെഴുത്തിലുള്ള യഥാര്‍ഥ ഭരണഘടനയുടെ പകര്‍പ്പാണ് എംപിമാര്‍ക്ക് കൈമാറിയതെന്ന് നിയമമന്ത്രി അര്ജുന് രാം മെഘ്വാള്‍ അവകാശപ്പെട്ടു. ഭരണഘടന തയ്യാറാക്കിയപ്പോള്‍ ഈ രൂപത്തിലായിരുന്നു. ഭേദഗതികള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്- മെഘ്വാള്‍ പറഞ്ഞു.
സംഗതി നേരാണ്. 1976 ഡിസംബര്‍ 18-ന് ഒരിക്കല്‍ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. അടിയന്തരവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഭരണഘടനയുടെ നാല്‍പ്പത്തിരണ്ടാം ഭേദഗതി നടത്തി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ ഭേദഗതിയിലൂടെ, പരമാധികാരം, ജനാധിപത്യം (sovereign and democratic) എന്നീ വാക്കുകള്‍ക്കിടയില്‍ സോഷ്യലിസ്റ്റ്, മതേതര (socialist and secular) എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തിന്റെ ഐക്യം (unity of the nation) എന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും(unity and integrity of the nation) എന്നാക്കി മാറ്റുകയും ചെയ്തു. ലോകത്തിന് മുന്നില്‍ ഇന്ദിരാഗാന്ധി അന്ന് ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഗരീബി ഹഠാവോ, എന്ന മുദ്രവാക്യം മാത്രമല്ല, ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെയും മറ്റും ഇന്ദിര സോഷ്യലിസ്റ്റ് ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അടിയന്തരാവസ്ഥ കാലത്തെ ഈ ഭേദഗതി.
2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതല്‍ ഭരണഘടനയിലെ സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകള്‍ക്കെതിരായി ബിജെപി പലവട്ടം രംഗത്തുവന്നിരുന്നു.
2015ല്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ട ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പിലും സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളുണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ ഒരു സംവാദം ഉയര്‍ന്നുവരുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു അന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്ത രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസവും മതനിരപേക്ഷതയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രാകേഷ് സിന്‍ഹ 2020ല്‍ രാജ്യസഭയില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
കൗശലപൂര്‍വം, സര്‍ക്കാര്‍ ആമുഖത്തിലെ വാക്കുകള്‍ ഒഴിവാക്കിയെന്ന കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനം സോണിയാഗാന്ധിയും ശരിവെയ്ക്കുന്നത് ഈ സാഹചര്യത്തിലാണ്. ആരോപണം തള്ളിയ സര്‍ക്കാര്‍ പഴയതും പുതിയതുമായ ഭരണഘടനയുടെ കോപ്പികള്‍ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു എന്ന് വിശദീകരിച്ചു.
നിലവിലുള്ള ഭരണഘടനയുടെ ആമുഖം ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നു. ഔദ്യോഗികമായി മതേതരത്വം എന്ന നിലപാടുള്ളതിനാല്‍ അത് എല്ലായ്പ്പോഴും ആധുനിക ഇന്ത്യയുടെ ആവേശമായിമാറിയിട്ടുണ്ട്. അതേസമയം മതേതരത്വത്തിന്റെ പാശ്ചാത്യ സങ്കല്പ്പങ്ങളില് നിന്ന് വ്യത്യസ്തമായുള്ള മതേതര സങ്കല്‍പ്പമാണ് ഇന്ത്യക്കുള്ളത്. അതയാത് ഇന്ത്യയുടെ മതേതരത്വം എന്നത് മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്നില്ല എന്നതാണ്. ഇന്ത്യന്‍ ഭരണഘടന മതപരമായ കാര്യങ്ങളില്‍ ഭരണകൂടത്തിന്റെ വ്യാപകമായ ഇടപെടല്‍ അനുവദിച്ചിട്ടുണ്ട്.
ഇന്ത്യ മതത്തെയും ഭരണകൂടത്തെയും ഭാഗികമായി വേര്‍തിരിക്കുന്നു. എന്നാലിപ്പോള്‍ ഭരണഘടനയുടെ സംരക്ഷകരും മനസാക്ഷി സൂക്ഷിപ്പുകാരുമായ ജുഡീഷ്യറിയില്‍ നിന്നുതന്നെ ഭരണഘടനയുടെ മതേതരസങ്കല്പത്തിന് കനത്ത പ്രഹരം ഏല്ക്കുന്ന ഭീതിദമായ കാഴ്ചയും കാണേണ്ടിവരുന്നു.
മേഘാലയ ഹൈക്കോടതിയാണ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന രീതിയില്‍ വിധിന്യായം എഴുതിയത്.
ഇന്ദിരാഗാന്ധി കൊണ്ടുവന്നുവെന്നത് മാത്രമല്ല, മതേതരത്വത്തോടും സോഷ്യലിസത്തോടും ബിജെപിയുടെ എതിര്‍പ്പിന് കാരണം. ആ രണ്ട് വാക്കുകള്‍ പേറുന്ന അര്‍ത്ഥം തന്നെയാണ്. സോഷ്യലിസവും മതേതരത്വവും. രണ്ടിനെതിരയുമാണ് ബിജെപിയുടെ പോരാട്ടം. 2008ല്‍ സോഷ്യലിസ്റ്റ് എന്ന വാക്ക് ആമുഖത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. സോഷ്യലിസ്റ്റ് എന്ന ആശയത്തെ കമ്യൂണിസവുമായി മാത്രം ചേര്‍ത്ത് വായിക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
2015ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഈ വാക്കുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം ഉപയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അന്ന് ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖമാണ് പങ്കുവെച്ചതെന്നായിരുന്നു കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വിശദീകരണം നല്‍കിയത്. അടിയന്തരാവസ്ഥക്ക് മുന്‍പ് നെഹ്റുവിന് മതേതരത്വത്തെക്കുറിച്ച് അറിവില്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ സോഷ്യലിസവും മതേതരത്വവുമില്ലാത്ത ഭരണഘടന പതിപ്പുകള്‍ നല്‍കിയത്.
ഭരണഘടനാ രൂപീകരണ സമയത്ത് സോഷ്യലിസമെന്ന വാക്ക് ഭരണഘടനയില്‍ വേണമെന്ന് ഭരണഘടന സഭയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് അംബേദ്ക്കര്‍ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന്റെ നയം എന്തായിരിക്കണം, ജനങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യസാമ്പത്തിക വശങ്ങളില് എങ്ങനെ സംഘടിപ്പിക്കപ്പെടണം എന്നത് അതാത് കാലഘട്ടങ്ങളില്‍ സാഹചര്യം അനുസരിച്ച് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടാണ് സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ രണ്ട് വാക്കുകള്‍ ഇല്ലാതെ തന്നെ ഭരണഘടനയുടെ ആദ്യ ഡ്രാഫ്റ്റ് പുറത്തിറക്കിയത്.
എന്നിരിക്കിലും മതേതരത്വം സോഷ്യലിസം എന്നീ രണ്ടു പദങ്ങള്‍ക്കപ്പുറം എല്ലാവരെയും തുല്യരായി കാണുന്ന, എല്ലാവര്ക്കും തുല്യ അവകാശങ്ങള്‍ ഉള്ള, എല്ലാ മതങ്ങളും തുല്യമായിരിക്കുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. ഈ ആശയങ്ങള്‍ ഭരണഘടയുടെ അടിസ്ഥാന തത്വങ്ങളായി നിലകൊള്ളുകയും ചെയ്യുന്നു. അതായത് സോഷ്യലിസവും മതേതരത്വവും ഭരണഘടനയില്‍ അന്തര്‍ലീനമാണ്. ആമുഖത്തില്‍ ഇല്ലെങ്കിലും ഭരണഘടനയില്‍ അതുണ്ട്. മതേതരത്വത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്ന ബിജെപിയുടെ യഥാര്‍ത്ഥ ശത്രു ആമുഖത്തില്‍ ഇന്ദിരാഗാന്ധി ഭേദഗതിയിലൂടെ എഴുതി ചേര്‍ത്ത വാക്കുകള്‍ അല്ല. ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന്റെയും തുല്യ പരിഗണനയുടെതുമായ ആശയങ്ങളാണ്.
ഈ ആശയങ്ങളുടെ കടയ്ക്കലാണിപ്പോള് കേന്ദ്ര സര്‍ക്കാര്‍ പലവിധത്തില്‍ കത്തിവച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ജാഗ്രത പോരാതെ വരും. പോരാട്ടം തന്നെ വേണ്ടിവരും. ഇന്ത്യാമുന്നണി ആ പോരാട്ടത്തിനെ ഏറ്റെടുക്കുമോ എന്നത് വലിയൊരു ചോദ്യമാണ്.