തീയറ്ററില്‍ കളക്ഷന്‍ നേടുന്ന സിനിമകളെ എഴുതിതള്ളാന്‍ പാടില്ല. കാരണം, സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പു തന്നെ ഇത്തരം സിനിമകളാണ്. എന്നാല്‍ സിനിമ തുടങ്ങുമ്പോള്‍ മുതല്‍ ഇടിയോടിയും പുട്ടിനു പീരപോലെ വയലന്‍സും കുത്തിനിറച്ച് ചെറുബാല്യക്കാരെ ഇളക്കി മറിക്കുന്നത് എത്രമാത്രം ശരിയാണ്? സിനിമയില്‍ കാണുന്നത് ജീവിതത്തില്‍ പകര്‍ത്തി സ്വയവും മറ്റുള്ളവര്‍ക്കും ദുരിതം സമ്മാനിച്ച എത്രയോ പേരുടെ കഥകള്‍ ഇതിനോടകം കേട്ടിരിക്കുന്നു. മയക്കുമരുന്നിനോളം മാരകമല്ലേഇത്തരം സിനിമകളും ? താരരാജാവ് രജനീകാന്ത് തിരിച്ചുവരവു നടത്തിയെന്ന് അവകാശപ്പെടുന്ന ജയിലര്‍, ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത, ആന്റണി വര്‍ഗീസ്, ഷെയ്ന് നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന ഇടിക്കാരാകുന്ന ആര്‍ഡിഎക്സ് എന്നീ മൂന്നു സിനിമകളെ മുന്‍നിര്‍ത്തിയാണ് ഇവിടെ ചര്‍ച്ച.
തമിഴ്സിനിമയില്‍ വയലന്‍സ് ഒരു പുതുമയുള്ള കാര്യമല്ല. എണ്‍പതുകളില്‍ തമിഴ് സിനിമയിലെ അക്രമങ്ങള്‍ വിദേശസിനിമകളെ പോലും നാണിപ്പിച്ചിട്ടുണ്ട്. അതേസമയം അക്രമത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ മനുഷ്യപ്പറ്റുള്ള സിനിമകളും തമിഴില്‍ ഉണ്ടായിട്ടുണ്ട്. സുബ്രഹ്മണ്യപുരം പോലുള്ളവ ഉദാഹരണം. ഏതാനും വര്‍ഷങ്ങളായി പരാജയത്തിന്റെ ഗ്രാഫ് മാത്രം കൈവശമുള്ള സൂപ്പര്‍താരം രജനീകാന്ത് ജയിലറിലൂടെ ഒരു തിരിച്ചുവരവു നടത്തുമ്പോള്‍ പഴയകാല തമിഴ്സിനിമകള്‍ ഉള്‍ക്കിടിലം സൃഷ്ടിച്ച് മനസിലേക്കോടിയെത്തും.
ഏതുസിനിമയും വിജയിപ്പിക്കുന്ന വിജയിന്റെ എട്ടുനിലയില്‍ പൊട്ടിയ സിനിമയാണ് ബീസ്റ്റ്. നെല്‍സണ്‍ ദിലീപ് കുമാര്‍ എന്ന ബീസ്റ്റിന്റെ സംവിധായകനാണ് ജയിലര്‍ ഒരുക്കി സൂപ്പര്സംവിധായകനായിരിക്കുന്നത്. ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന കഥാപാത്രമായാണ് രജനീകാന്തിന്റെ വിലസല്. പാവത്താനായ ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് സിനിമയുടെ തുടക്കത്തില്‍ അദ്ദേഹത്തെ കാണിക്കുന്നതെങ്കിലും അധികം താമസിയാതെ തനിനിറം പുറത്തുവരും. ഒരാളില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന മറ്റൊരാള്‍. തമിഴില്‍ തന്നെ ജന്റില്മാനെന്ന ശങ്കര്‍ സിനിമയിലും രജനീകാന്തിന്റെ ബാഷയിലുമൊക്കെ ഈ കൂടുവിട്ട് കൂടുമാറലുണ്ട്. ജയിലറുടെ പ്രത്യേകത വയലന്‍സിന് ഒരു പഞ്ഞവുമില്ലെന്നതാണ്.
നായകനാര് വില്ലനാരെന്ന് പ്രേക്ഷകന് സംശയിച്ചുപോകും. പണ്ട് ജയിലറായി ജോലി ചെയ്തിരുന്ന കാലത്ത് തടവുകാരിലൊരാള്‍ മുറുമുറുത്തെന്ന കാരണത്താല്‍ അയാളുടെ ചെവി പരസ്യമായി മുറിച്ചെടുത്തയാളാണ് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്. ജയിലിലും പുറത്തും വച്ചുണ്ടായ ചില സുഹൃത്തുക്കളാണ് അയാളുടെ സഹായികള്‍. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്്റോഫ് തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിഗാര്‍ ഇടക്കിടെ പുകയ്ക്കുന്നതും ഇഷ്ടപ്പെടാത്തവരെ തല്ലിച്ചതക്കുന്നതും ബോംബു നിര്‍മാണവുമൊക്കെയായി ജീവിച്ചു പോകുന്ന പാവങ്ങളാണിവര്‍. വില്ലനായ വര്‍മന്റെ (വിനായകന്) പ്രധാന വിനോദം സള്‍ഫ്യൂരിക് ആസിഡില്‍ എതിരാളികളെ മുക്കിക്കൊല്ലുന്നതാണ്. ചുറ്റികക്കടിച്ചും ചിലപ്പോഴയാള്‍ മറ്റുള്ളവരുടെ കഥ കഴിക്കാറുണ്ട്. ഓരോ മൂഡ് പോലിരിക്കും. ബ്രൂസ് ലിയുടെ 70കളിലെ സിനിമ എന്റര്‍ ദ ഡ്രാഗണിലാണ് അത്തരമൊരു കാഴ്ച നേരത്തെ കണ്ടിട്ടുള്ളത്.
പൊലീസും പട്ടാളവും കോടതിയുമൊന്നുമില്ലാത്ത നാട്ടിലാണ് ജയിലറുടെയും കൂട്ടരുടേയും വിളയാടല് എന്നു തോന്നുന്നു.
തമിഴ് ജയിലര്‍ റിലീസായ ദിവസങ്ങളില്‍ തന്നെ മലയാളത്തിലും ഒരു പാവം ജയിലര്‍ പുറത്തുവന്നിരുന്നു. എന്തായി അതിന്റെ ഗതിയെന്ന് എല്ലാവര്‍ക്കുമറിയാം.
എണ്‍പതുകളിലെ ജയന്റേയും സുകുമാരന്റേയും സോമന്റേയും സിനിമകളെ ഓര്‍മപ്പെടുത്തുന്നതാണ് ആര്‍ഡിഎക്സ്. കരാത്തേ പഠിച്ചതിന്റെ പേരില്‍ കണ്ടവരെയൊക്കെ തല്ലിശരിപ്പെടുത്തുന്ന മൂന്നുപേര്‍. അവരുടെ ആശാനും അപ്പനുമെല്ലാം ഇടക്കിടെ അവരെ ഗുണദോഷിക്കുന്നുണ്ടെങ്കിലും ഒരു ഫലവുമില്ല; കാരണം വഴിയേ പോകുന്ന അടിയെല്ലാം അവരുടെ പിറകേ വന്നു കൂടുകയാണ്; അവരെന്തു ചെയ്യാനാണ്? സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ തല്ലോടു തല്ലാണ്. ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്പും അറിവും എന്ന തമിഴ് നാട്ടുകാരാണ് തല്ലുരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ പ്രതിഫലമാണ് ഇവരുടെ കൂലിയെന്നു കേള്‍ക്കുന്നു. അതു കൊടുത്താലും കുഴപ്പമില്ല, കാരണം സിനിമയില്‍ മറ്റൊന്നുമില്ല, വേറൊന്നിനും സമയവുമില്ല.
നഹാസ് ഹിദായത്ത് എന്ന സംവിധായകന് അധികം പണിയൊന്നുമെടുക്കാതെ മാറി നിന്ന് തല്ലുകാണാന്‍ പറ്റിയിരിക്കും. ആന്റണി പെപ്പെയ്ക്ക് ഒരു ആക്ഷന്‍ ഹീറോയുടെ കെട്ടും മട്ടുമുണ്ടെങ്കിലും ഈര്‍ക്കില്‍ പോലിരിക്കുന്ന മറ്റു രണ്ടു പേര് പത്തോ ഇരുപതോ എതിരാളികളെ നേരിടുന്നത് കാണേണ്ട കാഴ്ചയാണ്. കരാത്തേക്കാര്ക്ക് എന്തുമാകാമല്ലോ എന്നതായിരിക്കണം അതിന്റെ ലോജിക്. പക്ഷേ കഥയും തിരക്കഥയുമൊന്നും കാര്യമായി സ്വാധീനം ചെലുത്താത്ത സിനിമയെ തന്റെ മേക്കിംഗ് കഴിവുകൊണ്ട് വലിയ വിജയത്തിലെത്തിച്ച പുതുമുഖ സംവിധായകനെ അഭിനന്ദിക്കേണ്ടതു തന്നെ; രക്തം പുഴപോലെ ഒഴുക്കിയാണെങ്കില് കൂടി.
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പേരുകളെടുത്താല്‍ അതിലൊന്ന് ദുല്‍ഖര്‍ സല്മാന്റേതാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജന്മസിദ്ധവും അനായാസവുമായ ഒരു ശൈലി അദ്ദേഹത്തിനുണ്ട്.
കിങ്ങ ഓഫ് കൊത്ത ആ കരിയറില്‍ എത്രമാത്രം കരിയാണ് തേച്ചുവച്ചതെന്ന് പറയാതിരിക്കാനാവില്ല.
കൊത്ത എന്ന സാങ്കല്പിക സ്ഥലത്തിലെ കിരീടം വയ്ക്കാത്ത രാജാവാണ് രാജു. രാജുവിന്റെ ഉയര്‍ച്ചയും വീഴ്ച്ചയും വാഴ്ചയുമാണ് കഥാതന്തു. ക്രിമിനലുകളാണ് കൊത്തയിലെ അന്തേവാസികള്‍. നേരത്തെ പറഞ്ഞ രണ്ടു സിനിമകള്‍ പോലെ യാതൊരു ലോജിക്കുമില്ലാത്ത സിനിമ. ഇടി, അടി, വെടി എന്നു പേരിടുന്നതായിരുന്നു നല്ലത്. വല്ലഭന് എന്തും ആയുധമാണല്ലോ. ഒരു പെന്‍സിലോ ബ്ലേഡോ കിട്ടിയാല്‍ മതി രാജുവിന്, എതിരാളിയുടെ കാര്യം കട്ടപ്പൊക.
മൂന്നു സിനിമയിലും സ്ത്രീകളുടെ ആവശ്യമേ ഇല്ലായിരുന്നു. എങ്കിലും ഇടയ്ക്ക് ചില ഇമോഷനുകള്‍ കൂടി ചേര്‍ത്തില്ലെങ്കില്‍ ആക്ഷന്‍ പ്രാധാന്യം കുറഞ്ഞുപോകുമെന്നറിയുന്ന രസതന്ത്രശാലികള് പ്രമുഖരായ നടിമാരെയെല്ലാം ഓരോ സിനിമയിലും വിളക്കിചേര്ത്തിട്ടുണ്ട്്. ഞങ്ങളെന്തു ചെയ്യും? എന്ന അവരുടെ നിസാഹായാവസ്ഥ തീയറ്റര്‍ സ്ക്രീനും കഴിഞ്ഞ് പുറത്തേക്ക് ഇടക്കിടെ വരുന്നുമുണ്ട്.
തല്ലുമാല എന്നൊരു സിനിമ കുറച്ചുനാള്‍ മുമ്പ് മലയാളത്തില്‍ ഇറങ്ങിയിരുന്നു. പേരിനോട് നൂറു ശതമാനം നീതിപുലര്‍ത്തിയ ആ സിനിമയുടെ പിന്‍ഗാമികളാണ് കൊത്തയും ആര്ഡിഎക്സുമെല്ലാം. അത്തരത്തില്‍ കുറച്ചെണ്ണമെങ്കിലും ഇനിയും ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍വി. ഇടിപ്പടങ്ങള്‍ തീയറ്ററുകള്‍ അടക്കിഭരിച്ചപ്പോള്‍ ചില നല്ല സിനിമകളോട് ‘കടക്കൂ പുറത്തെന്ന്’ പ്രേക്ഷകര്‍ തന്നെ പറഞ്ഞിട്ടുണ്ട്.