ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ അളവറ്റ സ്നേഹവായ്പിന്റെ പെരുത്ത കടംവീട്ടലായി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനു ലഭിച്ച 37,719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തെ വിലയിരുത്തുന്ന വൈകാരികതലത്തിനപ്പുറം,
ജനസമ്മതിയില്‍ രാജ്യത്ത് അഗ്രഗാമിയായി വാഴ്ത്തപ്പെടേണ്ട വന്ദ്യവയോധികനായ ഒരു നേതാവിനെ തേജോവധം ചെയ്ത് ഏറ്റവും നിന്ദ്യമായ ലൈംഗികാപവാദം കോടികള്‍ മുടക്കി കൊഴുപ്പിച്ചെടുത്ത് കേരളം ഇതേവരെ കണ്ടിട്ടില്ലാത്തവണ്ണം ജുഗുപ്സാവഹമായ രാഷ്ട്രീയ പ്രചാരണം നടത്തി ജനങ്ങളെ വികല്പ വിഭ്രാന്തിയിലാഴ്ത്തി അധികാരത്തിലേറിയ ഇടതുമുന്നണിയിലെ സമഗ്രാധിപത്യ കൊള്ളരുതായ്മയുടെ ഏനക്കേടിനുള്ള ഒടുക്കത്തെ പ്രഹരമായി അതിനെ വായിച്ചെടുക്കാനാകും.
ചാണ്ടി ഉമ്മന്റെ നിയമസഭാപ്രവേശം അവിസ്മരണീയമാകുന്നത്, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാന്‍ ഇടതുപക്ഷം ആയുധമാക്കിയ സോളാര്‍ ബ്ലാക്മെയില്‍ ‘സംരംഭകയായ’ വിവാദനായികയുടെ ലൈംഗികപീഡന കെട്ടുകഥയിലെ ക്രിമിനല്‍ ഗൂഢാലോചനയെ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് സഭയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി നിര്‍ബന്ധിതനാകുന്ന ദയനീയ സന്ദര്‍ഭത്തിലൂടെയാണ്. കാലം കാത്തുവച്ച നീതിയാണത്. ലൈംഗികപീഡനക്കേസ് തീര്‍ത്തും വ്യാജമാണെന്നു കണ്ടെത്തി എല്ലാ ആരോപണങ്ങളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ കഴിഞ്ഞ ഡിസംബറില്‍ സമര്‍പ്പിച്ച അന്തിമ റഫറല്‍ റിപ്പോര്‍ട്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടി വിടവാങ്ങി 42 ദിവസത്തിനുശേഷം, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് നിയമസഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷം വിഷയം അവതരിപ്പിച്ചത്. ”ലഭ്യമല്ലാത്ത റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന പരാമര്‍ശങ്ങളുടെ പേരില്‍” എങ്ങനെ അന്വേഷണം പ്രഖ്യാപിക്കും എന്ന മുടന്തന്‍ ന്യായം പറഞ്ഞ് തടിതപ്പാന്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ശ്രമിക്കുന്നത് എത്ര പരിതാപകരമായ ”മനോനിലയാണ്” സൂചിപ്പിക്കുന്നത്!
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ എസ്എന്‍സി ലാവലിന്‍ കേസ് ആറു വര്‍ഷമായി സുപ്രീം കോടതിയില്‍ നാലു ബെഞ്ചുകളിലായി 34 തവണ ലിസ്റ്റു ചെയ്തിട്ടും വാദം കേള്‍ക്കാതെ മാറ്റിവയ്ക്കപ്പെടുന്നതിന്റെ ‘ദേശീയ’ രഹസ്യം എന്തായാലും, ഉമ്മന്‍ ചാണ്ടിയെയും മറ്റ് അഞ്ചു കോണ്‍ഗ്രസ് നേതാക്കളെയും സോളാര്‍ ലൈംഗികപീഡനക്കേസില്‍ കുടുക്കാന്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചുരുളഴിക്കുന്ന വെളിപ്പെടുത്തലുകളുടെ പരമ്പരയിലെ ഉള്‍പ്പിരിവുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പു സീസണ് വരെയെങ്കിലും തഴച്ചു തിമര്‍ത്തു തിടംവച്ച് ഉദ്വേഗഭരിതമായി മുന്നേറാനാണ് സാധ്യത.
ക്ലിഫ്ഹൗസില്‍ നിന്ന് മുഖ്യമന്ത്രിക്കു പുറത്തിറങ്ങാനുള്ള ആത്മധൈര്യത്തിന് 42 വാഹനവ്യൂഹങ്ങളുടെ സുരക്ഷാ അകമ്പടിയും പുത്തന്‍ ഹെലികോപ്റ്ററും ദ്രുതകര്‍മസേനയുടെയും കമാന്‍ഡോ ബറ്റാലിയനുകളുടെയും കാവല്നിരയുമൊന്നും പോരാതെ വന്നേക്കും.
മനുഷ്യപ്പറ്റും കാരുണ്യവും സത്യസന്ധതയും മാന്യതയും ജനാധിപത്യമര്യാദയും മുതല്‍ക്കൂട്ടാക്കി 53 വര്‍ഷം ഉമ്മന്‍ ചാണ്ടി എന്ന അതുല്യനായ ജനനേതാവ് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും സ്നേഹാദരങ്ങള്‍ തന്റെ ഹൃദയത്തോടുചേര്ത്തുവച്ച് നന്മയുടെ രാഷ്ട്രീയപക്ഷത്ത് അതിവേഗം ബഹുദൂരം ഒരു ആപല്ശങ്കയുമില്ലാതെ ഒറ്റയ്ക്കു സഞ്ചരിക്കുക മാത്രമല്ല, 71 നിയമസഭാംഗങ്ങളുടെ നാമമാത്ര ഭൂരിപക്ഷവുമായി വന്‍ പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിലേതൊഴികെയുള്ള ബാറുകളെല്ലാം അടച്ചുപൂട്ടാനുള്ള ധീരത കാട്ടി ഭരണകാലാവധി പൂര്‍ത്തിയാക്കുകയും ചെയ്ത തെളിമയാര്‍ന്ന ചരിത്രം ജനങ്ങള്‍ മറക്കില്ലെന്ന ബോധ്യംകൊണ്ടാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്, പുതുപ്പള്ളിയില്‍ അപ്പയുടെ 13-ാമത്തെ തിരഞ്ഞെടുപ്പായാണ് തന്റെ കന്നിയങ്കനേട്ടത്തെ കാണുന്നതെന്ന്. 2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,225 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തെയും മറികടക്കുന്നതായി മകന്റെ 2023-ലെ ഉജ്വല വിജയം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നിന്ന് ഒരു പാഠവും പഠിക്കാതെയാവില്ല പുതുപ്പള്ളിയിലെ ജനവിധി പിണറായി ഭരണത്തിന്റെ റഫറണ്ടമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.വി ഗോവിന്ദന് ആദ്യമേ പ്രവചിച്ചത്. പിണറായി വെട്ടിലാകുമെന്ന് ഉറപ്പായപ്പോള്‍ ഗോവിന്ദന് സഹതാപ തരംഗത്തിന്റെയും ബിജെപി വോട്ടുചോര്ച്ചയുടെയും പല്ലവി പാടി തടിയൂരി. കേവലം 9,044 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി 2021-ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 2021-ലേതിനെക്കാള്‍ 12 ശതമാനം അധിക വോട്ട് ഇക്കുറി യുഡിഎഫിന് ലഭിച്ചു – പോള്‍ ചെയ്ത വോട്ടിന്റെ 61.21%. എല്‍ഡിഎഫിന് 32.64% വോട്ടും ബിജെപിക്ക് 5.02 ശതമാനവുമാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ എല്‍ഡിഎഫിന് ഒന്‍പതു ശതമാനവും (11,903 വോട്ട്) എന്‍ഡിഎയ്ക്ക് മൂന്നര ശതമാനവും (5,140) വോട്ടുകള്‍ നഷ്ടമായി.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ടില്‍ ആറു പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. മുഖ്യമന്ത്രി മൂന്നു തവണയായി എട്ടു പഞ്ചായത്ത് കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കുകയും മന്ത്രിമാരെല്ലാം മണ്ഡലത്തില്‍ തമ്പടിച്ച് ഭവനസന്ദര്‍ശനങ്ങള്‍ നടത്തുകയുമൊക്കെ ചെയ്തിട്ടും എല്ലാ പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം നേടി. ഒരിടത്തും 35 ശതമാനത്തിലേറെ വോട്ടുകള്‍ എല്‍ഡിഎഫിനു നേടാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസിന് സ്വന്തം ബൂത്തില്‍ പോലും ഭൂരിപക്ഷമില്ല. മണ്ഡലത്തിലെ റബര്‍ മേഖലയില്‍ 15,000 വോട്ടുകള്‍ സ്വന്തമായുണ്ടെന്ന് അവകാശപ്പെടുന്ന കേരളകോണ്‍ഗ്രസ്-എമ്മിന്റെ ശക്തികേന്ദ്രങ്ങളായ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലും യുഡിഎഫ് ഭൂരിപക്ഷത്തില്‍ 6,518 വോട്ടിന്റെ വര്‍ധനയുണ്ടായി. മൂന്നു കൊല്ലം മുന്‍പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്ത അകലക്കുന്നം പഞ്ചായത്തില്‍ ചാണ്ടി ഉമ്മന്‍ 4,151 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. ജില്ലയില്‍ കേരളകോണ്‍ഗ്രസ്-മാണി ഗ്രൂപ്പും സിപിഎമ്മും തമ്മിലുള്ള ഇടര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാകുന്ന നിലയിലേക്കാണ് പുതുപ്പള്ളി വോട്ടുവിഹിത തര്‍ക്കങ്ങള്‍ നീങ്ങുന്നത്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ വിഭജിക്കപ്പെട്ടുപോയ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് വീണ്ടെടുത്തതുപോലുണ്ട്.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍, സഹപ്രഭാരി രാധാ മോഹന്‍ദാസ് അഗര്‍വാള്‍, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരര്‍, വി. മുരളീധരന് തുടങ്ങിയവര്‍ക്കൊപ്പം അനില്‍ ആന്റണിയും കളത്തിലിറങ്ങിയിട്ടും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന് പുതുപ്പള്ളിയില്‍ കെട്ടിവച്ച കാശു പോയി. ആകെ 6,558 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തവണ ബെജിപിക്ക് 11,694 വോട്ടു ലഭിച്ചിരുന്നു. ഗണപതി ഒരു ‘മിത്ത്’ ആണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഒരു സ്കൂളില്‍ പ്രസംഗിച്ചതായുള്ള വിവാദം ഏറ്റുപിടിച്ച് എം.വി ഗോവിന്ദനും പൊല്ലാപ്പിലാവുകയും പിന്നീടത് മാറ്റിപ്പറയുകയും എന്‍എസ്എസിന്റെ നാമജപയാത്രയ്ക്കെതിരെ പൊലീസ് കേസെടുക്കുകയുമൊക്കെ ചെയ്തതിന്റെ പേരില്‍ പുതുപ്പള്ളിയില്‍ പ്രത്യേകിച്ച് ഒരു തരംഗവുമുണ്ടാക്കാന് ബിജെപിക്കായില്ല.
മണിപ്പുരിലെ ക്രൈസ്തവ ഗോത്രവര്‍ഗക്കാരുടെ വംശീയഹത്യ കേരളത്തില്‍ ബിജെപിയെ എത്രത്തോളം ബാധിക്കുമെന്നതിന്റെ സൂചനയും പുതുപ്പള്ളി നല്കുന്നു.
പാര്‍ട്ടി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്തിരുന്ന സംഘര്‍ഷങ്ങള്‍ താത്കാലത്തേക്കെങ്കിലും മറന്ന്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതു മുതല്‍ ഒത്തൊരുമയോടെ, ചിട്ടയോടെ പ്രചാരണപരിപാടികള്‍ ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞു. സംഘടനാ ദൗര്‍ബല്യങ്ങളെ മറികടന്ന് തൃക്കാക്കരയിലെ മാതൃക പുതുപ്പള്ളിയിലും ഏറെ കാര്യക്ഷമമായി നടപ്പാക്കാനായി എന്നതാണ് യാഥാര്‍ഥ്യം.
ജനാധിപത്യവിരുദ്ധതയും ജനദ്രോഹവും അധികാരമുഷ്ക്കും അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ പുതുപ്പള്ളിയിലെ ജനം ടെലിവിഷന്‍ ചാനലുകളുടെ പ്രാദേശിക ലൈവ്ഷോകളില് ആഞ്ഞടിച്ചപ്പോഴും ഇടതു സൈബര്‍ വെട്ടുക്കിളികള്‍ അച്ചു ഉമ്മനെയും മറ്റു കുടുംബാംഗങ്ങളെയും വ്യക്തിപരമായി ആക്ഷേപിച്ചാണ് പകരം വീട്ടിയത്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി’ വിവാദത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ച മാത്യു കുഴല്നാടന് എംഎല്‍എയുടെ പുരയിടം അളക്കാനും ചിന്നക്കനാലിലെ ഹോംസ്റ്റേയുടെ പട്ടയവും ലൈസന്‍സും തിരയാനും റവന്യു വകുപ്പും വിജിലന്‍സും മറ്റും നിയോഗിക്കപ്പെടുമ്പോഴാണ് ഇടുക്കിയില്‍ ഹൈക്കോടതി ഉത്തരവിനെ മറികടന്ന് ഒറ്റരാത്രികൊണ്ട് സിപിഎം ബഹുനില പാര്‍ട്ടി ഓഫിസ് പണി പൂര്‍ത്തിയാക്കിയത്. ഭൂപരിധി നിയമം ലംഘിച്ച പി.വി അന്‍വര്‍ എംഎല്‍എയുടെ 14.62 ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ താമരശേരി ലാന്‍ഡ് ബോര്‍ഡില്‍ ഓതറൈസ്ഡ് ഓഫിസര്‍ ഉത്തരവിടുമ്പോഴും പതിവുപോലെ ആ നേതാവ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ബെനാമി വായ്പാ തട്ടിപ്പുകേസില്‍ മുന്‍മന്ത്രി എ.സി മൊയ്തീന് എംഎല്‍എ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പുതുപ്പള്ളി വോട്ടെടുപ്പിന്റെ പേരില്‍ വഴങ്ങാതെ മാറിനില്‍ക്കയായിരുന്നു. സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം നെല്‍കര്‍ഷകര്‍ക്കു നല്‍കാത്തതിനെക്കുറിച്ച് രണ്ടു മന്ത്രിമാരെ സ്റ്റേജിലിരുത്തി സംസാരിച്ചതിന്റെ പേരില്‍ നടന് ജയസൂര്യയ്ക്കു നേരെ മന്ത്രിമാരും സൈബര്‍ സഖാക്കളും തിരിഞ്ഞു. 2023-ലെ ഓണക്കിറ്റ് ബിപിഎല്‍ വിഭാഗത്തിനു മാത്രമായി ചുരുക്കിയിട്ടും സമയത്തിനു കൊടുത്തുതീര്‍ക്കാനായില്ല. ഇതിനൊക്കെ പുതുപ്പള്ളി കണക്കുതീര്ത്തുവെന്നു വച്ചാല്‍ മതി.
ഏഴുമാസത്തിലേറെയായി മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ, പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും മറുപടി നല്‍കാതെ ധാര്‍ഷ്ട്യത്തോടെ തിരിഞ്ഞുനടന്നിരുന്ന മുഖ്യമന്ത്രിക്ക് പുതുപ്പള്ളിയില്‍ നിന്നു കിട്ടിയ ആഘാതത്തിന്റെ പാര്ശ്വഫലമാകണം, നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് വഴങ്ങാനും മകളുടെയും മകന്റെയും ബന്ധുക്കളുടെയും പേരില്‍ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ കേട്ട് ക്ഷോഭിക്കാതിരിക്കാനും പറ്റുന്നത്.
രാഷ്ട്രീയ ബന്ധുത്വം പറഞ്ഞ് പൊതുരംഗത്തില്ലാത്ത ‘സംരംഭക’യുടെ മാസപ്പടി വിവാദം സഭയില്‍ ഉന്നയിക്കുന്നതിലും, ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് അര്‍ധ ജുഡീഷ്യല്‍ സംവിധാനമാണെങ്കിലും ”കേന്ദ്ര ഗവണ്മെന്റിന്റെ മൂന്ന് ഉദ്യോഗസ്ഥരുടെ തീര്‍പ്പിന് ദിവ്യത്വം കല്പിക്കുന്നതിലും” തടസവാദം ഉയര്‍ത്തിക്കൊണ്ടുതന്നെ മുഖ്യമന്ത്രി, തന്റെ മകളും പൊതുമരാമത്തുമന്ത്രിയുടെ ഭാര്യയുമായ ടി. വീണയുടെ എക്സാലോജിക്ക് സൊലൂഷന്‍സ് എന്ന ഒറ്റയാള്‍ കമ്പനി (പേര് ഉച്ചരിക്കാതെ, സംരംഭക, സംരംഭകയുടെ സ്ഥാപനം എന്നേ നോക്കിവായിച്ച പ്രസ്താവനയിലുള്ളൂ) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്കു കൂടി ഓഹരി പങ്കാളിത്തമുള്ള കൊച്ചിയിലെ എസ്.എന്‍ ശശിധരന് കര്‍ത്തായുടെ കരിമണല്‍ കമ്പനിയില്‍ (സിഎംആര്‍എല്‍) നിന്ന് മൂന്നു വര്‍ഷം 1.72 കോടി രൂപ കൈപ്പറ്റിയത് ഉഭയകക്ഷി കരാര്പ്രകാരവും നികുതിയെല്ലാം ക്രമപ്രകാരം അടച്ചുകൊണ്ടുമാണെന്നും ഇതുപോലെ മറ്റു പല കമ്പനികളുമായും സംരംഭകയ്ക്ക് കരാറുണ്ടെന്നും ആദ്യമായി സഭയില്‍ വിശദീകരിക്കുന്ന അസാധാരണ രംഗവും മാലോകര്‍ക്കു കാണാനായി. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുള്ള കമ്പനിക്ക് സംസ്ഥാനത്തെ റോഡുകളിലെ എഐ ക്യാമറ പദ്ധതിയുടെ ഉപകരാര്‍ ലഭിച്ചതിലെ ക്രമക്കേടും അഴിമതിയും (”മോഷ്ടാക്കളെ പിടിക്കാന്‍ നിരീക്ഷണ ക്യാമറ വയ്ക്കാറുണ്ട്; എന്നാലിവിടെ മോഷ്ടിക്കാനായി ക്യാമറ വയ്ക്കുന്ന ലോകത്തെ ആദ്യത്തെ സംരംഭം;” ”60% നോക്കുകൂലി”), കെ. ഫോണ്‍ പദ്ധതിയില്‍ 1,628.35 കോടി ടെന്ഡറിംഗിലെ 500 കോടിയുടെ വെട്ടിപ്പ്, ചൈനയില്‍ നിന്നുള്ള ഓപ്റ്റിക്കല്‍ കേബിള്‍ ഉപയോഗിച്ചതിലെ നിയമവിരുദ്ധത എന്നിവയെക്കുറിച്ചും വിശദീകരിക്കാന്‍ അദ്ദേഹം മുതിര്‍ന്നു.
റിലയന്‍സ് ഡാറ്റാസെന്റര്‍ അഴിമതിക്കേസിലെ പഴയ പ്രതി, ന്യായാധിപന്മാരെ സ്വാധീനിക്കുന്ന വ്യവഹാര ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ സോളാര്‍ വിവാദനായിക ജയിലില്‍ വച്ച് എഴുതിയ കുപ്രസിദ്ധമായ കത്തുമായി തന്നെ വന്നു കണ്ടു എന്ന ആരോപണം നിഷേധിക്കാന്‍, ”വിജയന് ഡല്‍ഹിയിലെ കേരളഹൗസില്‍ തന്നെ കാണാന്‍ വന്ന അയാളോട് ഇറങ്ങിപ്പോടോ എന്നു പറഞ്ഞതു പോലെ സതീശനു പറയാനാവുമോ” എന്ന് പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുന്നുമുണ്ട്.
ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസംതന്നെ സോളാര്‍ വിവാദനായികയുടെ ലൈംഗികപീഡന പരാതിക്കെട്ടിലെ ക്രിമിനല്‍ ഗൂഢാലോചന അടിയന്തര പ്രമേയമായി അവതരിപ്പിച്ചതിനു പിന്നിലെ പ്രതികാരബുദ്ധിയെക്കുറിച്ചും ഗാലറിയില്‍ ചാണ്ടി ഉമ്മന്റെ അമ്മയും സഹോദരിമാരും ഇരിപ്പുണ്ടെന്ന പരിഗണന പോലും നല്‍കാതെ വിഷയം കുത്തിപ്പൊക്കിയതിലെ പോക്കണംകേടിനെക്കുറിച്ചും സിപിഎം മുഖപത്രം ധാര്‍മികരോഷം പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ജനാധിപത്യചരിത്രത്തിലെ മഹാദുരന്തമായി അടയാളപ്പെടുത്തേണ്ട അതിഘോരവും ബീഭത്സവുമായ രാഷ്ട്രീയ അശ്ലീല വ്യാജനിര്‍മിതിയിലൂടെ ജനങ്ങളെ കബളിപ്പിച്ച ഇടതുപക്ഷ വിപ്ലവകാരികളാണ് ഇന്ന് ‘സോളാറില്‍ കരിഞ്ഞ’ യുഡിഎഫിന്റെ മുഖമോര്‍ത്ത് പരിതപിക്കുന്നത്! ‘ദേശാഭിമാനി’ പറയുന്നതുപോലെ ബൂമറാങ് ആയി തിരിച്ചടിക്കുന്നത് ഈ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഒന്നാം പ്രതിയാകേണ്ട കാരണീഭൂതന്റെ ‘അവതാര’ ദൃഷ്ടാന്തകഥയാണെന്ന് തിരിച്ചറിയാത്ത ആരെങ്കിലുമുണ്ടാകുമോ ഇനി ഈ മലയാളദേശത്ത്?