ഒരുകൃതി കൊണ്ട് മലയാള സാഹിത്യത്തില്‍ എന്നെന്നേക്കുമായി ഇടം നേടിയ എഴുത്തുകാരനാണ് സെബാസ്റ്റ്യന്‍ പള്ളിത്തോട്. ജോസഫ് എന്ന വൈദികനും മംഗലപ്പുഴ സെമിനാരിയും വിമോചന ദൈവശാസ്ത്രവും കുന്തിരിക്കം മണക്കുന്ന അള്‍ത്താരകളും തീരത്തെ ദാരിദ്ര്യവും കണ്ണീരും കേരളത്തിലുണ്ടായ എണ്‍പതുകളിലെ മത്സ്യത്തൊഴിലാളി സമരവും അതിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഇടപെടലുകളും കത്തോലിക്ക യുവജനപ്രസ്ഥാനവും നോവലിന്റെ ഇതിവൃത്തമാകുന്നു.
ലാറ്റിനമേരിക്കന്‍ ദൈവശാസ്ത്രജ്ഞന് കമില്ലൊ തോറസിന്റെ സ്വാധീനം നോവലിലുണ്ട്. നീതിക്കുവേണ്ടി പൊരുതാത്തിടത്തോളം കാലം ഓരോ കത്തോലിക്കനും പുലരുന്നത് ചാവുദോഷത്തിലാണ് (The catholic who is not a revolutionary is living in mortal sin). നോവലിന്റെ പ്രക്ഷുബ്ധഘട്ടത്തില് തോറസിന്റെ ഈ വാക്യം തന്നെ എഴുത്തുകാരന് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ (1997) സമകാലിക മലയാളം വാരികയും ഫാക്ടും സംയുക്തമായി സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃതിയാണിത്. ആഞ്ഞൂസ് ദേയി സമകാലിക മലയാളം വാരികയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോഴും പുസ്തകരൂപത്തില്‍ ഇറങ്ങിയപ്പോഴും ഒരുപാട് പ്രതികരണങ്ങള്‍ അനുകൂലമായും പ്രതികൂലമായും ഉണ്ടായി.
നോവല്‍ വായിച്ചവരല്ല കേട്ടറിഞ്ഞവരാണ് ശത്രു നിരയില്‍ അധിക പങ്കുമെന്ന് നോവലിസ്റ്റ് പ്രതികരിച്ചിട്ടുണ്ട്.
മലയാളത്തില്‍ അതുവരെ പരിചിതമല്ലാത്ത ഭൂമികയില്‍ നിന്നുകൊണ്ടാണ് സെബാസ്റ്റ്യന്‍ തന്റെ നോവല്‍ രചന നടത്തിയത്. അതിമനോഹരമായ ഭാഷയാണ് നൂറുപേജുകള്‍ മാത്രമുള്ള നോവലിന്റെ മറ്റൊരു പ്രത്യേകത. എഴുത്തുകാരനില്‍ വാക്കുകള്‍ക്കായുള്ള വിശപ്പ് ഉണ്ടാക്കിയത് ഉള്ളിലെ കനല് തന്നെയാകാം. ഭര്‍ത്താവ് മരിച്ചുപോയ അമ്മയ്ക്ക് ജോസഫ് എന്ന ഒറ്റ മകന് മാത്രം. പുരോഹിതനാകാനുള്ള അവന്റെ തീരുമാനം ഗോതമ്പുമണികള്‍ അഴിയുന്നില്ല എന്ന അധ്യായത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘വിശുദ്ധ കന്യാംബയുടെയും ഉണ്ണിയേശുവിന്റെയും ചിത്രത്തിലെന്നോണം അമ്മയുടെ മടിയില്‍ അവന് തരളചിത്തനായിരുന്നു. വെണ്മഞ്ഞിന്റെ നിറമാര്‍ന്ന വസ്ത്രങ്ങള്‍ കാറ്റില്‍ പാറിക്കളിച്ചിരുന്നു. സ്വര്‍ഗത്തിന്റെ അതിരുകളോളം നീണ്ടുകിടക്കുന്ന അതിന്റെ നാടകള്‍. ഹല്ലേലൂയ പാടി വാനവീഥികളില്‍ ഒഴുകിനടക്കുന്ന സ്വര്ഗീയവൃന്ദങ്ങള്ക്കിടയില് നിന്നും മംഗലവാര്‍ത്തയുടെ മുഹൂര്ത്തങ്ങളിലെന്നോണം മുഖ്യദൂതനായ ഗബ്രിയേല്‍ വെളുത്തൊരു ഗോതമ്പുമണി അവനുനേര്‍ക്കു നീട്ടി. ഭൂമിയാകെ അപ്പോള്‍ വെണ്കതിരുകളുടെ പ്രകാശകാരുണ്യത്താല് നിറഞ്ഞു.’
മംഗലപ്പുഴ എന്ന അധ്യായത്തില്‍ മിഷണറിമാരായ രണ്ട് വിശുദ്ധ വൈദികരെ ഓര്‍ത്തെടുക്കുന്നുണ്ട്.
‘പുണ്യശ്ലോകരായ സക്കറിയാസച്ചനും ഔറേലിയനച്ചനും. കല്ലില്‍ നിന്നും യാക്കോബിന്റെയും മല്ക്കീസദേക്കിന്റെയും സന്തതികളെ സൃഷ്ടിച്ച മംഗലപ്പുഴയോരം. കരളില്‍ കവിയുന്ന വിശ്വാസതീക്ഷ്ണതയുമായി കടലുകള്‍ കടന്ന് അവര്‍ വന്നു. സേവിംഗ്സ് ബാങ്ക് പാസ്സ് ബുക്കുകളും നാള്‍വഴികളും അസ്വസ്ഥമാകാത്ത മനസ്സുമായി ഇടുങ്ങിയ ലക്ചര്‍ ഹാളുകളില്‍ അവര്‍ ലാറ്റിനും ഹീബ്രുവും പഠിപ്പിച്ചു. താല്മൂദുകളിലൂടെ, പഞ്ചഗ്രന്ഥിയിലൂടെ വചനത്തിന്റെ സിരമുറിഞ്ഞൊഴുകിയ കുരിശ്ശിന്റെ ദീര്‍ഘദര്‍ശനം, രാത്രിയുടെ വൈകിയ യാമങ്ങളില്‍ സ്വന്തം കാവിവസ്ത്രങ്ങള്‍ പുഴയില്‍ തല്ലിക്കഴുകി, അവര്‍ നിലാവില് തൂക്കിയിട്ടു; തീകാഞ്ഞു. അതിരാവിലെ ഉറക്കമുണര്‍ന്ന അവര്‍ ബക്കറ്റും ചൂലുമായി ചുറ്റിനടന്ന് പൊതു കക്കൂസുകള്‍ വൃത്തി യാക്കി; അകളങ്കിതരായി കര്‍ത്താവിന്റെ ബലിപീഠത്തിലെത്തി. അറിയാതെ ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് അവര്‍ പരിതപിച്ചു.
മേയാ കുള്‍പ്പാ, മേയാ കുള്‍പ്പാ, മേയാ മാക്സിമാ കുള്‍പ്പാ …
25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന നോവലിനെ കുറിച്ച് രണ്ടു പ്രമുഖ വൈദികരുടെ പഠനങ്ങള്‍ അതിന്റെ ആദ്യകാലങ്ങളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫാ. പോള്‍ തേലക്കാട്ടും ഫാ. ബോബി ജോസ് കട്ടിക്കാടുമാണ് നോവലിനെ വിശകലനം ചെയ്തിട്ടുള്ള പ്രമുഖര്‍.
‘രണ്ട് വര്‍ക്കിമാര്‍ക്ക് ഇടയില്‍ പെട്ടുപോയിരുന്നു കേരളത്തിലെ പുരോഹിതന്. ആദ്യത്തേത് പൊന്‍കുന്നം വര്‍ക്കി. ഉണ്ണീശോയുടെ ജെന്‍ഡര്‍ പരിശോധിച്ചതിന്റെ പേരില്‍ ചെറുപ്പത്തിലെപ്പോഴോ ഒരു പള്ളീലച്ചനില്‍ നിന്നു കിട്ടിയ ചൂരല്‍ കഷായത്തിന്റെ കയ്പ് അയാള്‍ അവസാനം വരെ കൊണ്ടു നടന്നു. പുരോഹിതന്റെ ലിബിഡോയായിരുന്നു ടിയാന്റെ ഇഷ്ടവിഷയം. ഏറ്റവുമൊടുവില്‍ സി.വി. ബാലകൃഷ്ണന് വരെയുള്ളവര്‍ ആ പള്ളിക്കൂടത്തില്‍ പെടുന്നു. (ആയുസ്സിന്റെ പുസ്തകമെഴുതിയ ബാലകൃഷ്ണനല്ല; ആമേന്‍, ആമേനെഴുതിയ നമുക്ക് പരിചയമില്ലാത്ത മറ്റേതോ ബാലകൃഷ്ണന്, കാണെക്കാണെ താരാജൂണും അയാളും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നുണ്ട്!) മറ്റേത് മുട്ടത്തു വര്‍ക്കി. നസ്രാണി ദീപികയുടെ ശമ്പളത്തോട് കൂറുള്ളതു കൊണ്ട് ഒരുതരം പ്ലാസ്റ്റിക്കച്ചന്മാരെ സൃഷ്ടിച്ചുതന്നു. വഴക്കുകള്‍ പറഞ്ഞു തീര്‍ക്കുന്ന, പണക്കാരനായ ചെറുക്കനും പാവപ്പെട്ട പെണ്ണിനുമിടയില്‍ (തിരിച്ചും) കല്യാണത്തിന് ഇടനിലക്കാരനാവുന്ന, സമാധാനകാംക്ഷിയായ താറാവിറച്ചി മാത്രം കൂട്ടി ചോറുണ്ണുന്ന ഒരഴകിയ അച്ചന്. ദൃശ്യമാധ്യമങ്ങളിലും ഇതേ വാര്പ്പുരൂപങ്ങളുണ്ടായി. ആഴമില്ലാത്ത ആ മനുഷ്യര്‍ കോമാളികളെ പോലെ തോന്നിച്ചു. അടൂര്‍ ഭാസിയുടെയും ശങ്കരാടിയുടെയും നെടുമുടി വേണുവിന്റെയും മുഖകാന്തിയായിരുന്നു അവര്‍ക്ക്. ഈ രണ്ടുതരം വര്ക്കിമാരില്നിന്നും പുരോഹിതനെ രക്ഷിച്ചതിന് പള്ളിത്തോടിനു നന്ദി. പുരോഹിതന്റെ ആന്തരിക അടരുകളെയും പ്രതിസന്ധികളെയും ഗൗരവപൂര്‍വ്വം പരിശോധിക്കുന്ന മലയാളത്തിലെ ഏക പുസ്തകമാവണം ആഞ്ഞൂസ് ദേയി. (ഒരു നോവല്‍ പുരോഹിതനെ വായിക്കുമ്പോള്‍/ബോബി ജോസ് കപ്പൂച്ചിന്‍)
തേലക്കാട്ടച്ചന്റെ പഠനം പറയുന്നു: കത്തോലിക്കാ വൈദിക പരിശീലനത്തില്‍ മംഗലപ്പുഴ സെമിനാരി നല്കുന്ന ഉന്നതമായ ദൈവശാസ്ത്ര ആദര്‍ശങ്ങളും അത് ജീവിക്കാന്‍ ബാധ്യസ്ഥയായ സഭ അനുദിനം നടത്തുന്ന ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ജീര്‍ണതയും തമ്മിലുള്ള ബലാബലമാണ് ജോസഫ് എന്ന മുഖ്യ കഥാപാത്രത്തിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത നെരിപ്പോടാകുന്നത്. ആ ഏറ്റുമുട്ടല്‍ യാക്കോബിന്റെ മല്പിടുത്തംപോലെ നാം വായിച്ചനുഭവിക്കുന്നു. പള്ളി അതിന്റെ ചുമരുകള്‍ രത്നങ്ങള്‍കൊണ്ട് അലങ്കരിക്കുമ്പോള്‍ അതിന്റെ മക്കള്‍ തെരുവില്‍ തെണ്ടികളായി മാറുന്നത് ജോസഫ് എന്നവൈദികന് കാണുന്നു. തെരുവിന്റെ മക്കളെ മറന്ന് ആദര്‍ശങ്ങള്‍ കത്തിച്ചു കളഞ്ഞ് വലിയ ഇടവകകളിലോ സ്ഥാപനങ്ങളിലോ ജീവിതം സുരക്ഷിതമാക്കാം. പക്ഷേ, അദ്ദേഹം മക്കളുടെ പക്ഷം പിടിച്ചു. ആ കുരിശിന്റെ വഴിയിലെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും ഗന്ധം ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. ധാര്‍മ്മിക രോഷത്തിന്റെ അഗ്നിയില്‍ ചിലയിടങ്ങളില്‍ അനിയനിന്ത്രിതമായി നോവല്‍ ചില ക്ഷതങ്ങള്‍ വരുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
വീണ്ടും ബോബിയച്ചനിലേക്ക്… ആത്മാവില്‍ പഞ്ചക്ഷതങ്ങള്‍ കോറുന്ന ഈ ചെറുപുസ്തകത്തിന്റെ ശീര്‍ഷകം പോലും അപൂര്‍വ്വ ലാവണ്യമുള്ള ധ്വനിയും ധ്യാനവുമാണ്. ആഞ്ഞൂസ് ദേയി. അതിന്റെ അര്‍ത്ഥം ദൈവത്തിന്റെ കുഞ്ഞാട്. അര്പ്പകനെന്നു കരുതുന്ന ഇയാള്‍ യഥാര്‍ത്ഥത്തില്‍ ബലിയാടാണ്.
നീ തന്നെ ബലിയാട്, നിന്റെ ഏകാന്തത, ഹൃദയശൈത്യം പോലെ തണുത്ത അത്താഴം, ഒറ്റപ്പെടല്‍, തിരസ്കരണം, തെറ്റിദ്ധാരണയുടെ കനല്, പണിയാത്ത വീട്, അവശേഷിപ്പിക്കാത്ത ജനിതകമുദ്രകള്‍…ഒക്കെ ബലിവഴികളിലെ അനിവാര്യതയായി നോവല്‍ ചിത്രീകരിക്കുന്നു. പിന്നെ പള്ളിത്തോട് പറയുന്നു: ‘ഉയര്‍ത്താത്ത കാസയില്‍ തിളച്ചുയരുന്ന കണ്ണീരുപോലെ വീഞ്ഞ് സാന്ദ്രമായി കിടന്നു ….’
25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഞ്ഞൂസ് ദേയിയുടെ വീര്യം കുറഞ്ഞിട്ടില്ല. പുതിയ കാലത്തെ പ്രശ്നങ്ങളിലേക്ക് ആ വിളക്ക് മാറ്റിവെച്ചു വായിക്കണം എന്നു മാത്രം. അത് ചര്‍ച്ച ചെയ്യാന്‍ നട്ടെല്ലുള്ളവര്‍ അത് ചെയ്യട്ടെ.
നോവലും കഥകളും വിവര്‍ത്തനങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതി മലയാളിയെ ഇപ്പോഴും ഭ്രമിപ്പിക്കുന്ന സെബാസ്റ്റ്യന്‍ പള്ളിത്തോടിന് അഭിനന്ദനങ്ങള്‍.