ഭാരതം എന്ന ഇന്ത്യയുടെ പരമാധികാര ജാമ്യച്ചീട്ട് (സൊവറിന്‍ ഗ്യാരന്റി) പണയം വച്ച് ലോക ശതകോടീശ്വര ബിസിനസ് സമ്രാട്ടാകാന് പ്രധാനമന്ത്രി മോദി കനിഞ്ഞനുഗ്രഹിച്ചതായി രാഷ്ട്രീയ എതിരാളികള്‍ സംശയിക്കുന്ന ഗൗതം അദാനി എന്ന ഗുജറാത്തി ബിസിനസുകാരന്റെ വിജയഗാഥയിലെ കുഴപ്പം പിടിച്ച ദുരൂഹതയുടെ ചില ഏടുകള്‍ ചികഞ്ഞെടുത്ത് കഴിഞ്ഞ ജനുവരിയില്‍ ന്യൂയോര്‍ക്കിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന നിക്ഷേപ ഗവേഷണ സ്ഥാപനം വെളിപ്പെടുത്തിയ ”കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണത്തിന്റെ” ഒരു തുടര്പ്രകമ്പനമാണ് ഓഗസ്റ്റ് 31ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒസിസിആര്‍പി) എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ബഹുരാഷ്ട്ര ശൃംഖലയും ഫിനാന്‍ഷ്യല്‍ ടൈംസ്, ദ് ഗാര്ഡിയന് എന്നീ ബ്രിട്ടീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ച അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഓഫ്ഷോര്‍ ഷെല്‍ കറക്കുകമ്പനികള്‍ വഴിയുള്ള കള്ളപ്പണ ഇടപാടുകളുടെയും ഓഹരിത്തട്ടിപ്പിന്റെയും ഉള്ളറ രഹസ്യങ്ങള്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, അദാനിയുമായുള്ള മോദിയുടെ ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി, അദാനിയുടെ കടലാസ് കമ്പനികളിലേക്ക് 20,000 കോടി രൂപയുടെ നിക്ഷേപം എത്തിയത് എവിടെ നിന്നാണെന്ന ചോദ്യം ഒസിസിആര്‍പി കണ്ടെത്തലിനെ ആധാരമാക്കിയും ആവര്‍ത്തിക്കുന്നുണ്ട്. ലോക്സഭയില്‍ നിന്ന് അയോഗ്യത കല്പിച്ച് രാഹുലിനെ പുറത്താക്കിയ ഇടവേളയിലും ‘ഹം അദാനി കേ ഹേ കോന്‍?’ എന്ന പരമ്പരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാനമന്ത്രിയോട് ദിനംപ്രതി ചോദിച്ചുകൊണ്ടിരുന്ന നൂറു ചോദ്യങ്ങളില്‍ ഒന്നിനുപോലും മോദിയോ ബിജെപി ഭരണകൂടത്തിലെ ബന്ധപ്പെട്ട മന്ത്രിമാരോ ഒരു മറുപടിയും ഇനിയും നല്‍കിയിട്ടില്ല. ചങ്ങാത്ത മുതലാളിത്ത രാഷ്ട്രീയത്തിലെ അവിഹിത ബന്ധത്തിന്റെ ബൃഹദാഖ്യാനങ്ങളിലേക്കു കടക്കാതെതന്നെ, ഇന്ത്യന്‍ ഓഹരി വിപണിയെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും ബാങ്കിംഗ് മേഖലയെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയുമൊക്കെ നേരിട്ടു ബാധിക്കുന്ന അഴിമതിയുടെയും കള്ളപ്പണ ഇടപാടിന്റെയും കൊള്ളയുടെയും നികുതിവെട്ടിപ്പിന്റെയും അനിഷേധ്യമായ തെളിവുകള്‍ രാജ്യാന്തര ഏജന്‍സികള്‍ തന്നെ ഹാജരാക്കിയിട്ടും യാതൊരു അന്വേഷണത്തിനും വഴങ്ങേണ്ടതില്ല എന്ന മോദി ഗവണ്മെന്റിന്റെ നിലപാടില്‍ നിന്ന് കാര്യങ്ങളുടെ കിടപ്പ് ഏറക്കുറെ വ്യക്തമാണ്.
അദാനി ഗ്രൂപ്പ് നികുതിബാധ്യതയില്ലാത്ത വിദേശരാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കള്ളപ്പണ ഇടപാടു നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഗൗതം അദാനിയുടെ ജ്യേഷ്ഠന് സൈപ്രസ് പൗരത്വമുള്ള വിനോദ് ശാന്തിലാല്‍ അദാനിയുടെ ബിസിനസ് പങ്കാളികളും അദാനി ഗ്രൂപ്പ് കമ്പനികളിലെ മുന്‍ ഡയറക്ടര്‍മാരുമായ തയ് വാന്‍ സ്വദേശി ചാങ് ചുങ് ലിങ്ങും യുഎഇ സ്വദേശി നാസര്‍ അലി ഷബാന്‍ അഹ് ലിയും 2013 – 2018 കാലയളവില്‍ അദാനി പവര്‍, അദാനി ട്രാന്സ്മിഷന്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ് എന്നീ കമ്പനികളില്‍ ലക്ഷകണക്കിന് ഡോളറുകളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി ഒസിസിആര്‍പി അന്വേഷണത്തില്‍ കണ്ടെത്തി. ഷെല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ തന്നെ വന്‍തോതില്‍ വാങ്ങിക്കൂട്ടി ഓഹരിമൂല്യവും വിപണിവിലയും പെരുപ്പിച്ചുകാട്ടുകയും ഊതിപെരുപ്പിച്ച ഓഹരികള്‍ ഈടുവച്ച് കൂടുതല്‍ ബാങ്ക് വായ്പകളും ഉയര്‍ന്ന താരിഫുകളും നേടിയെടുക്കുകയും ചെയ്തു.
മൗറീഷ്യസ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്, യുഎഇ എന്നിവിടങ്ങളിലായി നാലു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ബര്‍മുഡയിലെ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിലേക്കും അവിടെ നിന്ന് മൗറീഷ്യസിലെ എമര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ട്സിലേക്കും ഇഎം റിസര്‍ജന്റ് ഫണ്ടിലേക്കും കള്ളപ്പണം എത്തിക്കാന്‍ ചാങ്ങും നാസര്‍ അലിയും അദാനി ഗ്രൂപ്പ് പ്രമോട്ടറായ വിനോദ് അദാനിയോടൊപ്പം പ്രവര്‍ത്തിച്ചു. 2017 ജനുവരിയില്‍ ചാങ്ങിനും നാസര്‍ അലിക്കും 430 ദശലക്ഷം ഡോളര്‍ (2,795 കോടി രൂപ) ഷെയര്‍ അദാനി കമ്പനികളിലുയിരുന്നു. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യുന്ന സ്വകാര്യ കമ്പനി പ്രമോട്ടര്‍ 75 ശതമാനത്തിലധികം ഷെയറുകള്‍ കൈവശം വയ്ക്കരുതെന്നാണ് നിയമം. അദാനി ഗ്രൂപ്പിന്റെ 25% ഫ്രീ ഫ്ളോട്ട് ഓഹരികളില്‍ 13 ശതമാനവും ഒരുഘട്ടത്തില്‍ നിയന്ത്രിച്ചത് ചാങ്ങും നാസര്‍ അലിയുമാണ്. ദുബായിലെ എക്സെല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് അഡൈ്വസറി സര്‍വീസസ് ലിമിറ്റഡ് എന്ന വിനോദ് അദാനിയുടെ കമ്പനി 2012 – 2014 കാലത്ത് 1.4 മില്യണ്‍ ഡോളര്‍ ഉപദേശക ഫീ ആയി മൗറീഷ്യസിലെയും ബര്‍മുഡയിലെയും മാനേജ്മെന്റ് കമ്പനികളില്‍ നിന്നു കൈപ്പറ്റിയിട്ടുണ്ട്. അദാനി പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 78% കവിഞ്ഞു എന്നത് നിയമലംഘനമാണ്.
അദാനി പവര്‍ ട്രാന്സ്മിഷന് താപനിലയങ്ങള്‍ക്കായി ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ഇന്‍വോയ്സ് ദുബായിലെ ഇലക്ട്രോജെന് ഇന്‍ഫ്രാ കമ്പനി വഴി 400 ശതമാനം കണ്ട് പെരുപ്പിച്ചുകാട്ടി 6,278 കോടി രൂപ മൗറീഷ്യസിലേക്ക് കടത്തുകയും ആ പണം ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അദാനി ഗ്രൂപ്പ് ഓഹരിനിക്ഷേപവും ഓഹരിവിറ്റഴിക്കലുമായി തിരിച്ചെത്തിക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) മേധാവി നജീബ് ഷാ 2014 ജനുവരി 21ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്മാന് ഉപേന്ദ്രകുമാര്‍ സിന്‍ഹയ്ക്ക് എഴുതിയ കത്ത് ഒസിസിആര്‍പി റിപ്പോര്‍ട്ടിലുണ്ട്. 2009-2010 കാലത്ത് ഇതുപോലെ അധിക ബില്ലിംഗ് തുക സിംഗപ്പൂരിലേക്കു കടത്തിയതുമായി ബന്ധപ്പെട്ട് 2014 മേയില്‍ മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് അദാനി ഗ്രൂപ്പിന് ഡിആര്‍ഐ ഷോകോസ് നോട്ടീസ് അയക്കുകയുണ്ടായി. മോദി സര്‍ക്കാര്‍ രണ്ടുവട്ടം കാലാവധി നീട്ടിക്കൊടുത്ത് 2017 ഫെബ്രുവരി വരെ സെബി ചെയര്മാന് സ്ഥാനത്തു തുടര്‍ന്ന യു.കെ. സിന്‍ഹ ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തം മാധ്യമശൃംഖലയായ എന്‍ഡിടിവിയുടെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ചെയര്‍പേഴ്സണ്‍ ആണ്. അദാനി ഗ്രൂപ്പിനെക്കുറിച്ച് 2022നു മുന്‍പ് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നാണ് സെബി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ഡയമണ്ട് വ്യാപാരത്തില്‍ പെരുപ്പിച്ച ബില്ലിങ്ങിലൂടെ സിംഗപ്പുരിലേക്കും ദുബായിലേക്കും ഫണ്ട് കടത്തിയതിന് ഗൗതം അദാനിയുടെ അനുജന് രാജേഷ് അദാനിക്കും അളിയന് സമീര്‍ വോറയ്ക്കും അദാനി എന്റര്‍പ്രൈസസുമായി ബന്ധമുള്ള അഞ്ച് ഡയമണ്ട് വ്യാപാര കമ്പികള്‍ക്കും കസ്റ്റംസ് കമ്മിഷണര്‍ 2013-ല്‍ പിഴ ചുമത്തുകയുണ്ടായി.
ഇന്തൊനേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കല്‍ക്കരിക്ക് സിംഗപ്പുര്‍, ദുബായ്, ഹോങ്കോംഗ് കമ്പനികള്‍ വഴി 29,000 കോടി രൂപയുടെ അധിക ബില്ലിങ് നടത്തിയതുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ചില്‍ ഡിആര്‍ഐ ഇറക്കിയ സര്‍ക്കുലറില്‍ 10 അദാനി കമ്പനികളുടെ പേരുണ്ടായിരുന്നു.
എന്തെങ്കിലും ടെക്നോളജിക്കല്‍ വിപ്ലവം കൊണ്ടുവരികയോ നവീന ബിസിനസ് മാതൃക ആവിഷ്കരിക്കുകയോ ചെയ്യാതെ ഇത്ര ചുരുങ്ങിയ കാലയളവില്‍ അദാനിക്ക് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കല്ക്കരിഖനികള്, താപനിലയങ്ങള്‍, വൈദ്യുതി വിതരണശൃംഖലകള്‍, ഹൈവേകള്‍, സിമന്റ്, സൗരോര്‍ജ പാനല്‍, ആപ്പിള്‍ തോട്ടങ്ങള്‍, ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, പാക്കേജ്ഡ് ഗുഡ്സ്, അഗ്രിബിസിനസ്, ഡേറ്റ സ്റ്റോറേജ്, എനര്‍ജി പാര്‍ക്കുകള്‍, നഗര വികസന പദ്ധതികള്‍, നഗരങ്ങളിലെ പ്രകൃതിവാതക വിതരണം, ഹൈഡ്രജന്‍ ഇന്ധനം, ഡ്രോണുകള്‍, എയറോസ്പേസ്, ഡിഫന്‍സ്, ടിവി ചാനല്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്?
ഗുജറാത്തിലെ മുന്ദ്രാ തുറമുഖം പ്രത്യേക സാമ്പത്തിക മേഖലയായി വികസിപ്പിച്ചതില്‍ നിന്നു തുടങ്ങി 15 തുറമുഖങ്ങളിലായി ഇന്ത്യയുടെ രാജ്യാന്തര കപ്പല്ചരക്കുഗതാഗതത്തിന്റെ 30 ശതമാനവും നിയന്ത്രിക്കുന്ന ഏറ്റവും വലിയ സ്വകാര്യ പോര്‍ട്ട് ഓപ്പറേറ്ററായി അദാനി മാറി. ഒരാളോടും മത്സരിക്കാതെ ആറു തുറമുഖങ്ങളാണ് ഒന്പതുവര്ഷത്തിനിടെ അദാനി ഇവിടെ സ്വന്തമാക്കിയത്. ഇസ്രയേലിലെ ഹൈഫ തുറമുഖവും ശ്രീലങ്കയില്‍ കൊളംബോയിലെ വെസ്റ്റേണ്‍ കണ്ടെയ്നര്‍ ടെര്‍മിനലും അദാനി നേടിയത് മോദിയുടെ സഹായത്താലാണ്. 2018-ല്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ ഒരു രാവുകൊണ്ടാണ് അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായത്. വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയം ആവശ്യമില്ല എന്ന ഇളവിലൂടെയാണ് ബിഡിംഗ് സാധ്യമായത്. മൂന്നു വിമാനതാവളങ്ങള്‍ മൂന്നിലൊന്ന് വിലയ്ക്കാണ് പിപിപി മോഡലില്‍ വികസിപ്പിക്കാന്‍ അദാനി ഏറ്റെടുത്തത്. 13,000 കോടി വിലമതിക്കുന്ന ഒരു എയര്‍പോര്‍ട്ട് അദാനിക്ക് ലീസിനു കിട്ടിയത് 500 കോടി രൂപയ്ക്കാണ്.
കല്‍ക്കരി ഖനികളുടെയും താപനിലയങ്ങളുടെയും മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സംരംഭകനാണ് അദാനി. രാജ്യത്തെ ഏറ്റവും ഘനസാന്ദ്രമായ ഝാര്‍ഖണ്ഡിലെ വനമേഖലയില്‍, 45 കോടി ടണ്‍ കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്ക് അദാനി എന്റര്‍പ്രൈസസിന് കിട്ടുന്നത്, കല്‍ക്കരി ബ്ലോക്ക് അലോട്ട്മെന്റ് റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതിന് 2015 മാര്‍ച്ചില്‍ മോദി സര്‍ക്കാര്‍ കല്‍ക്കരി ഖനി സവിശേഷ നിയമം കൊണ്ടുവന്ന് മൈന്‍ ഡെവലപ്പര്‍ ആന്‍ഡ് ഒപ്പറേറ്റര്‍ കരാറുകള്‍ പുനസ്ഥാപിച്ചതിലൂടെയാണ്.
മൂന്നു തവണ അദാനിക്കു വേണ്ടി സര്‍ക്കാര്‍ കല്‍ക്കരി നിയമം ഭേദഗതി ചെയ്തു. പതിനെട്ട് കല്‍ക്കരി ഖനികളും നാല് താപനിലയങ്ങളും ഇതിനിടെ അദാനിക്കു സ്വന്തമായി.
ഇന്ത്യയിലെ കല്‍ക്കരി ഇറക്കുമതിയുടെ നാലിലൊന്ന് നിയന്ത്രിക്കുന്നത് അദാനിയാണ്. ഝാര്‍ഖണ്ഡിലെ അദാനിയുടെ ഗോട്ടാ കല്‍ക്കരി താപനിലയത്തിലേക്ക് ഓസ്ട്രേലിയയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത് ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനുള്ള പദ്ധതി മോദിയുടെ 2015-ലെ ധാക്കാ സന്ദര്‍ശനത്തിലെ ചരിത്രനേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് 12 ദിവസം മുന്‍പാണ് ഗോട്ടായിലെ താപനിലയത്തിന് സ്പെഷല്‍ ഇക്കണോമിക് സോണ്‍ പദവി സമ്മാനിക്കുന്നത്. ആദിവാസികളുടെ പരമ്പരാഗത ഭൂമിയും പരിസ്ഥിതിമലിനീകരണ പിഴ അടക്കം കോടി കണക്കിനു രൂപയുടെ നികുതി ഇളവും അതിലൂടെ അദാനി നേടി. ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡില് 16 ബില്യണ്‍ ഡോളറിന്റെ കാര്‍മൈക്കള്‍ ഖനി അദാനിക്കായി പതിച്ചെടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ വായ്പ മോദിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്.
അദാനി എന്റര്‍പ്രൈസസ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഇറക്കുമതി കമ്പനിയാണ്. ആഗോളതലത്തില്‍ പരസ്ഥിതി മലിനീകരണത്തിന്റെ പര്യായമായ കല്‍ക്കരി ഖനനത്തിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന അദാനി ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ എനര്‍ജി സംരംഭകരില്‍ ഒരാള്‍ കൂടിയാകുന്നു. അദാനിയുടെ എട്ട് ജിഗാബൈറ്റ് സൗരോര്‍ജ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ റിന്യൂവബിള്‍ എനര്‍ജി പദ്ധതികളിലൊന്നാണ്. ഹരിതോര്‍ജ പദ്ധതികളില്‍ 100 ബില്യണ്‍ നിക്ഷേപമാണ് അദാനിക്കുള്ളത്.
ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുടെ 10 ശതമാനം കൈവശമുള്ള അദാനി ഗ്രൂപ്പ് മുംബൈയിലെ ധാരാവി, ഛത്തീസ്ഗഢിലെ ഹസ്ദേവ് അരണ്ഡ് വനപ്രദേശം തുടങ്ങി രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഭൂഭാഗങ്ങളുടെയും ഉടമയാണ്.
കൂട്ടത്തില്‍, രാജ്യത്തെ ബാങ്കുകളുടെയും എല്‍ഐസി പോലുള്ള പൊതുമേഖലാ നിക്ഷേപകരുടെയും വിഭവസ്രോതസുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നു. നവി മുംബൈയില്‍ പുതിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനുവേണ്ടി അദാനി ഗ്രൂപ്പിന് 12,770 കോടി രൂപ വായ്പയാണ് ലഭിച്ചത്. അംബുജ സിമന്റ് കമ്പനി ഏറ്റെടുക്കുന്നതിന് 41,000 കോടി രൂപ വായ്പയും, ചെമ്പ് പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്‍സോര്‍ഷ്യത്തിലൂടെ 6,071 കോടി രൂപയും വായ്പയായി കിട്ടി. 2022 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പിന്റെ വായ്പ 2,20,000 കോടി രൂപയായിരുന്നു; പിന്നീടത് 42% വര്‍ധിച്ചു. ഒസിസിആര്‍പി വിവാദത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ 10 സ്റ്റോക്കുകളില്‍ ഒറ്റദിവസം കൊണ്ട് 35,000 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ എല്‍ഐസിക്ക് ആറ് അദാനി കമ്പനികളിലായി 1,439.8 കോടി രൂപയുടെ മൂല്യം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.
യുഎസ്, ഓസ്ട്രേലിയ, ബ്രസീല്‍, ജപ്പാന്, ഫ്രാന്‍സ്, കാനഡ തുടങ്ങി പ്രധാനമന്ത്രിയുടെ പല പ്രധാന വിദേശയാത്രകളിലും ഔദ്യോഗിക സംഘത്തില്‍ ഗൗതം അദാനിയും ഒപ്പമുണ്ടാകും. ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇസ്രയേലിലും ചില വിവാദ പദ്ധതികള്‍ ഇന്ത്യയുടെ സൊവറിന്‍ ഗാരന്റിയില്‍ അദാനി കൈയടക്കിയത് അങ്ങനെയാണ്. ഏറ്റവുമൊടുവില്‍, ദക്ഷിണാഫ്രിക്കയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ നിന്നു മടങ്ങുമ്പോള്‍ ഗ്രീസില്‍ ഒരു മിന്നല്‍ സന്ദര്‍ശനത്തിന് മോദി പോയത് ഗ്രീസിലെ കവാല, വോലോസ്, അലക്സാന്ന്ദ്രോപൊളി തുറമുഖങ്ങളില്‍ ഏതെങ്കിലുമൊന്ന് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമെന്ന പേരില്‍ അദാനി ഗ്രൂപ്പിനു ചാര്ത്തിക്കിട്ടാനാണെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ ഊഹിക്കുകയുണ്ടായി.
ഇന്ത്യയുടെ പുത്തന്‍ മുതലാളിത്ത പ്രഭുവര്‍ഗത്തിന്റെ (കാപ്പിറ്റലിസ്റ്റ് ഒളിഗാര്‍ക്കി) പ്രതീകമായി അദാനി-മോദി കൂട്ടുകെട്ട് മാറിയതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ ഒസിസിആര്‍പി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇവിടെ സജീവമാകാതിരിക്കാനാണ് ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ അസാധാരണ പാര്‍ലമെന്റ് സമ്മേളനം പ്രഖ്യാപിച്ച് മോദി ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ചതെന്ന് ചിലര്‍ പറയുന്നു.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുന്നു; ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിലാകും; സനാതന ധര്‍മ്മ സംരക്ഷണം എന്നിങ്ങനെ ഹിന്ദുത്വ ദേശീയതയുടെ അജന്‍ഡകള്‍ മോദിപക്ഷ പ്രചാരകര്‍ വച്ചലയ്ക്കുന്നത് അദാനിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്.