പുസ്തകം നിവര്‍ത്തി. ആദ്യവാചകം വായിച്ചു. വളരും… വളര്‍ന്നു വലുതാകും…തരക്കേടില്ലല്ലോ…
കൈകള്‍ക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്ക്കാം. ‘ആരെടാ’ എന്നു ചോദിച്ചാല്‍ പരുങ്ങാതെ ഉറച്ച സ്വരത്തില്‍ പറയാം… ഞാനാണ് …. കോന്തുണ്ണി നായരുടെ മകന് അപ്പുണ്ണി!
എനിക്കും ഈ വരികള്‍ ഇണങ്ങുന്നു. പാഠഭേദം വരുത്തി പറഞ്ഞു നോക്കി. ആരെടാ എന്നു ചോദിച്ചാല്‍ പരുങ്ങാതെ ഉറച്ച സ്വരത്തില്‍ പറയാം. ഞാനാണ്… പൗലോസ് മാഷ്ടെ മകന് ജോണ്കുട്ടിയെന്ന ജോണ്‍പോള്‍
അതോടെ അപ്പുണ്ണിയുമായി ഒരു സാത്മീഭാവം.
കഥാപാത്രങ്ങള്‍ കഥ നിവര്‍ത്തിക്കുന്നത് എന്റെ കൂടി സാന്നിധ്യത്തിലാണെന്നു തോന്നി. സാക്ഷിയായോ പങ്കാളിയായോ ഈ കഥയില്‍ എവിടെയെല്ലാമോ ഞാനുമുണ്ട്. അപ്പുണ്ണിയുടെ വിചാരങ്ങളോട്, വാക്കുകളോട്, പ്രവൃത്തികളോട് ഒരു ഐക്യദാര്‍ഢ്യം. അപ്പുണ്ണിയെ നൊമ്പരപ്പെടുത്തുന്നവരോട് രോഷവും പകയും. അപ്പുണ്ണി സങ്കടപ്പെടുമ്പോള്‍ ദുഃഖം!
കഥാന്തരീക്ഷം ചിത്രങ്ങള്‍ പോലെ മനസ്സില്‍ തെളിച്ചു തരുന്ന വാക്കുകള്‍. ശബ്ദസൂചനകള്‍ കൂടി ചേരുമ്പോള്‍ ശരിക്കും കഥ നടക്കുന്നിടത്തു ഞാനുമുണ്ടെന്ന തോന്നല്‍! കഥയും മഹൂര്‍ത്തങ്ങളും മനസിലേക്കു പെയ്തിറങ്ങുന്നത് ഒരു പുതിയ അനുഭവമായി. വായനയ്ക്ക്, അക്ഷരക്കൂട്ടുകള്‍ക്ക്, അത്തരമൊരു അനുഭൂതി പകര്ന്നുതരാന് കഴിയുമെന്നത് പുതിയ അറിവായി.
നോവലിന്റെ പേര് ശ്രദ്ധിച്ചു.
നാലുകെട്ട്
എഴുത്തുകാരന്റെ പേര് : എം.ടി. വാസുദേവന്‍ നായര്‍. അതു കഴിഞ്ഞിട്ടിപ്പോള്‍ അരനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. കാലസന്ധികളിലൂടെയുള്ള അപ്പുണ്ണിയുടെ യാത്രയെ അനുധാവനം ചെയ്ത ആ ബാലന് ഇന്നും എന്റെയുള്ളില്‍ ഉണര്വോടെയുണ്ട്.
എംടി എന്ന രണ്ടക്ഷരം മലയാളിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അടുത്തനാളില്‍ തൊട്ടറിഞ്ഞവരാണ് നമ്മള്. വാസുദേവന്‍ നായരുടെ 90ആം ജന്മദിന ആഘോഷം കേരളം മറക്കാനാവാത്ത അനുഭവമാക്കി. എഡിറ്റോറിയലുകള്‍ പ്രത്യേക പതിപ്പുകള്‍ എന്നിവ കൊണ്ട് വായനയെ സമ്പന്നമാക്കിയ കാലത്താണ് ജോണ്‍പോള്‍ എഴുതിയ ‘കഥയിതു വാസുദേവം’ എന്ന പുസ്തകം നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.
പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ള യു.എ ഖാദര്‍ ‘അടുപ്പത്തിന്റെ സ്വര്‍ണ്ണത്തരികള്‍ ‘ എന്നാണ് ആത്മകഥാംശമുള്ള പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
എംടിയുടെ തിരക്കഥകളെ കുറിച്ചും സിനിമകളെക്കുറിച്ചും സമഗ്രമായ പഠനമുണ്ട് പുസ്തകത്തില്‍. എം.ടി. വാസുദേവന്‍ നായര്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് മലയാള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. എ. വിന്‍സന്റ് സംവിധാനം ചെയ്ത് പി.എന്‍. മേനോന് നിര്‍മ്മിച്ച മുറപ്പെണ്ണ് മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റ് വീശി.
സംവിധായകരായ കെ.എസ് മാധവന്, ഹരിഹരന്, ഐ.വി. ശശി, ഭരതന്, പി.എന്‍. മേനോന്, ബാലുമഹേന്ദ്ര എന്നിവരെല്ലാം എംടിയുടെ കഥകള്‍ അഭ്രപാളികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 90 സിനിമകള്‍ക്ക് തിരക്കഥ എഴുതിയ ജോണ്‍പോള്‍ എംടിയുടെ തിരക്കഥകളില്‍ വിരിഞ്ഞ സിനിമകളെ ‘കാണാവുന്ന സാഹിത്യം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
എംടി 1973ല്‍ നിര്‍മ്മാല്യം സംവിധാനം ചെയ്തു. എനിക്കെന്റെ ഗ്രാമത്തിന്റെ കഥ പറയണം. അത് അതിന്റേതായ എല്ലാ തനിമയോടും കൂടി. ആ താല്പര്യമാണ് സംവിധാന രംഗത്തേക്ക് എംടിയെ എത്തിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നായി നിര്‍മ്മാല്യം മാറി. നിര്‍മാല്യത്തിലൂടെ പി.ജെ.ആന്റണി അനശ്വരനായി. നിര്‍മ്മാല്യം എന്ന ചിത്രത്തിന് നിദാനമായ ‘പള്ളിവാളും കാല്‍ചിലമ്പും’ എന്ന കഥയെ ആസ്പദമാക്കി എംടിയെ ഉള്‍ക്കൊള്ളിച്ച് എ വോയേജ് എന്ന ഡോക്യുമെന്ററി ജോണ്‍പോള്‍ ചിത്രീകരിച്ചിട്ടുണ്ട്.
എംടിയുടെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത വൈശാലിയും താഴ് വാരവും പുസ്തകത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എംടിയുടെ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ചലച്ചിത്രമാക്കിയത് ഹരിഹരനാണ്. മറ്റൊരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ മുഖ്യധാരയില്‍ എംടിയുടെ തിരക്കഥകള്‍ക്ക് സ്വീകാര്യത നല്‍കിയത് ഹരിഹരനാണ്. ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, വളര്‍ത്തു മൃഗങ്ങള്‍, വെള്ളം, അമൃതംഗമയ, എവിടെയോ ഒരു ശത്രു, ആരണ്യകം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശിരാജ എന്നിങ്ങനെ 12 ചിത്രങ്ങള്‍. തൊട്ടു പുറകില്‍ ഐ.വി ശശി പതിനൊന്ന് ചിത്രങ്ങളുമായി നിലയുറപ്പിച്ചു.
എം.ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒരു ചെറുപുഞ്ചിരി. ജോണ്‍ പോള്‍ ആയിരുന്നു ആ സിനിമയുടെ നിര്‍മാതാവ്. ഈ സിനിമയിലൂടെ ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എംടി നേടി. അദ്ദേഹത്തിന് ലഭിക്കുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. ആ വേദിയില്‍ അസാധാരണമായ മറ്റൊരു സംഭവം കൂടി നടന്നു. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ജോണ്‍പോള്‍ ഏറ്റുവാങ്ങി. അതാകട്ടെ ജോണ്‍പോള്‍ എംടിയെ കുറിച്ച് എഴുതിയ പുസ്തകത്തിനും. ‘എം ടി ഒരു അനുയാത്ര’. മികച്ച പരിസ്ഥിതി പ്രമേയമുള്ള ചരിത്രത്തിനുള്ള ദേശീയപുരസ്കാരവും ഒരു ചെറുപുഞ്ചിരിക്ക് ലഭിച്ചു.
എംടി എന്ന വായനാനുഭവത്തില്‍ നിന്ന് കാണുന്ന സാഹിത്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ജോണ്‍പോള്‍ അവിസ്മരണീയമായ പല സംഭവങ്ങളും പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. അതിലൊന്ന് എറണാകുളം മഹാരാജാസ് കോളജില്‍ എംടി പ്രസംഗിക്കാന്‍ വന്നതാണ്. അടുത്തകാലത്ത് മഹാരാജാസ് കോളജിലെ കാഴ്ചശക്തി കുറഞ്ഞ അധ്യാപകനെ വിദ്യാര്‍ഥികള്‍ അപമാനിച്ച വേദനയില്‍ ആ സംഭവം ഒന്നുകൂടി പങ്കുവെക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ കരുതുന്നു. ധാര്‍മികതയും സ്നേഹവും വിദ്യാര്‍ഥികളില്‍ നിന്ന് ഇല്ലാതാക്കരുത് എന്ന ചിന്തയിലാണ് എംടിയുടെ മഹാരാജാസ് കോളജിലെ വേദനിപ്പിക്കുന്ന സംഭവം ചേര്‍ക്കുന്നത്.1970ല്‍ ഭാഷാസാഹിത്യ മണ്ഡലം ഉദ്ഘാടനം ചെയ്യാന്‍ പ്രഫ. എം.കെ സാനുവിനോടൊപ്പം എംടി മഹാരാജാസ് കോളജില്‍ എത്തി. ജോണ്‍പോള്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നതും അവിടെവച്ചാണ്. ഇനി വിവരണം ജോണ്‍ പോളിന്റെ ഭാഷയില്‍ ആകട്ടെ.
മുണ്ടും അരക്കയ്യന്‍ സ്ലാക്ക് ഷര്‍ട്ടുമായിരുന്നു കഥാകാരന്റെ വേഷം. കൈയില്‍ ഒരുകെട്ടു ബീഡിയും തീപ്പെട്ടിയും, ഊഹിച്ചിരുന്ന പ്രായം കണ്ടാല്‍ തോന്നില്ല. എംടി സംസാരിക്കുവാനുള്ള ഊഴമായി, നിലയ്ക്കാത്ത കരഘോഷം പിന്നെ പരിപൂര്‍ണ്ണ നിശ്ശബ്ദത.
ആദരണീയനായ പ്രിന്‍സിപ്പല്‍,
എംടി. സംസാരിച്ചു തുടങ്ങി. ചെറിയൊരു കൂവല്‍, എംടി. സാരമാക്കിയില്ല.
അധ്യാപകരേ…
കൂവലിനു ശക്തിയേറി.
സാരമാക്കാതെ എംടി തുടര്‍ന്നു;
വിദ്യാര്‍ഥിനി വിദ്യാര്‍ഥികളേ… നിലയ്ക്കാത്ത കൂവല്‍.
എംടിയുടെ മുഖത്തു ചുണ്ടല്പം കോടി ഒരു പുച്ഛഭാവം. കൂവല്‍ പക്ഷേ, നിന്നില്ല. സംസാരിപ്പിക്കില്ല എന്ന വാശിയോടെ കൂടുതല്‍ ശക്തമായി.
എംടിയുടെ മുഖത്തു ക്ഷോഭമിരച്ചുകയറി. അപമാനിതനായതിന്റെ രോഷം മുഖത്തു സ്പഷ്ടം.
കൂവല്‍ മെല്ലെ ശ്രുതിതാഴ്ന്നു. ശബ്ദമുയര്‍ത്തി എംടി പറഞ്ഞു: ക്ഷണിച്ചതുകൊണ്ടാണു വന്നത്. എന്റെ പ്രസംഗം ആരുടെമേലും അടിച്ചേല്‍പ്പിക്കുവാന്‍ ഞാനുദ്ദേശിക്കുന്നില്ല.
ക്ഷുഭിതനായി എംടി തിരിഞ്ഞുനടന്നു സ്വന്തം സീറ്റില്‍ ചെന്നിരുന്നു.
ഒരു ബീഡി കൊളുത്തി ചുണ്ടില്‍ കടിച്ചുപിടിച്ചു. സദസ്സാകെ സ്തബ്ധമായി. കൂവല്‍ പെട്ടെന്നു നിന്നു. പ്രിന്‍സിപ്പലും അധ്യക്ഷനും വിദ്യാര്‍ത്ഥി പ്രതിനിധികളും മാറിമാറി വന്നു ക്ഷമ പറഞ്ഞു. കേണപേക്ഷിച്ചു. എംടി പക്ഷേ, തന്റെ നിലപാടുമാറ്റുവാന് തയ്യാറായില്ല. യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം സാനുമാസ്റ്ററോടൊപ്പം സ്ഥലം വിടുകയും ചെയ്തു. വലിയ നിരാശയായിപ്പോയി.