വിവാദമായ ഒരു നീക്കത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെയും (സിഇസി) തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും (ഇസി) തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ പാനലില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ (സിജെഐ) നീക്കം ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ അവതരിപ്പിച്ചു. ചീഫ് ജസ്റ്റിസിനു പകരം മൂന്നംഗ സമിതി രൂപീകരിക്കുമ്പോള്‍, ലോക്സഭയിലെ പ്രതിപക്ഷനോവിനെ കൂടാതെ ഒരു ക്യാബിനറ്റ് മന്ത്രിയും അതിന്റെ തലവനായ പ്രധാനമന്ത്രിയും ഉള്‍പ്പെടും.
മണിപ്പൂരിലെ കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതികള്‍ സംബന്ധിച്ച ബഹളങ്ങള്‍ക്കിടയിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) ബില്‍, 2023 നിയമമന്ത്രി അര്ജുന് റാം മേഘ്വാള് രാജ്യസഭയില്‍ അവതരിപ്പിച്ചു. റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണമീട്ടി രസിച്ച നെറോ ചക്രവര്‍ത്തിയെ അനുസ്മരിച്ചു പോകുന്നതില്‍ തെറ്റില്ല.
ഈ പുതിയ ബില്‍ 1991 ലെ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇലക്ഷന് കമ്മീഷണര്‍മാരുടെ സേവനവ്യവസ്ഥകളും ഇടപാടുകളും) എന്ന നിയമത്തെ റദ്ദാക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും (സിഇസി) രാഷ്ട്രപതി തീരുമാനിച്ചേക്കാവുന്ന മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (ഇസി) ഉള്‍ക്കൊള്ളുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന് എന്ന ഭരണഘടനാ സ്ഥാപനം. സിഇസിയെയും മറ്റ് ഇസിമാരേയും നിയമിക്കുന്നത്് രാഷട്രപതിയാണ്. ഒരു സെലക്ഷന് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സിഇസിയെയും മറ്റ് ഇസികളെയും രാഷ്ട്രപതി നിയമിക്കുമെന്നും ബില്ലില്‍
കൂട്ടിച്ചേര്‍ക്കുന്നു.
പ്രധാനമന്ത്രി ചെയര്‍പേഴ്സണ്‍ ആയിട്ടുള്ള സെലക്ഷന് കമ്മിറ്റിയില്‍ അംഗങ്ങളായി ലോക്സഭയിലെ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും ഉള്‍പ്പെടും. ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെ അംഗീകരിച്ചില്ലെങ്കില്‍ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റ പ്രതിപക്ഷ കക്ഷിയുടെ നേതാവ് ഈ ചുമതല ഏറ്റെടുക്കും.
ജനാധിപത്യപരമായ രീതിയില്‍ ഒരു സെലക്ഷന്‍കമ്മിറ്റി! മൂന്നു പേരുള്ള സെലക്ഷന് കമ്മിറ്റിയില്‍ പ്രധാനമന്ത്രിയും അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിയും ഒരുവശത്ത.് മറുവശത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ്.
ഭൂരിപക്ഷം ആണല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാന മാനങ്ങളില്‍ ഒന്ന്. പ്രതിപക്ഷ നേതാവ് എത്ര അലറിയാലും എതിര്‍ത്താലും കുതറിയാലും ആ കുതിരയെ തളക്കാന്‍ എത്ര എളുപ്പം. അതും ജനാധിപത്യപരമായ രീതിയില്‍ തന്നെ!(ജനാധിപത്യത്തെ ‘സമൂഹത്തിന്റെ സ്വീകാര്യമായ അരാജകരൂപം എന്ന് പ്ലേറ്റോ വിശേഷിപ്പിക്കുന്നു).
സെലക്ഷന് കമ്മറ്റിയുടെ പരിഗണനയ്ക്കായി ഒരു സെര്‍ച്ച് കമ്മിറ്റി അഞ്ച് പേരുടെ ഒരു പാനല്‍ തയ്യാറാക്കും. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെര്‍ച്ച് കമ്മറ്റി. തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട കാര്യങ്ങളില്‍ അറിവും അനുഭവപരിചയവുമുള്ള കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത മറ്റ് രണ്ട് അംഗങ്ങളും ഇതിലുണ്ടാകും. സെര്‍ച്ച് കമ്മറ്റി തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെടാത്ത സ്ഥാനാര്‍ഥികളേയും സെലക്ഷന് കമ്മറ്റി പരിഗണിച്ചേക്കാം. പിന്നെന്തിനീ സെര്‍ച്ച് കമ്മിറ്റി എന്ന
സംഗതി എന്നതാണ് വേറൊരു ചോദ്യം.
കേന്ദ്രസര്‍ക്കാരിന്റെ സെക്രട്ടറിക്ക് തുല്യമായ പദവികള്‍ വഹിക്കുന്നവര്‍ക്ക് സിഇസി, ഇസികള്‍ ആയി നിയമിക്കപ്പെടുന്നതിന് അര്‍ഹതയുണ്ട്. അത്തരം വ്യക്തികള്ക്ക്് തിരഞ്ഞെടുപ്പ് നടത്തിപ്പിലും വൈദഗ്ദ്യം ഉണ്ടായിരിക്കണം. ശമ്പളവും അലവന്‍സുകളും: 1991 ലെ നിയമപ്രകാരം ഇസികളുടെ ശമ്പളം ഒരു സുപ്രീം കോടതി ജഡ്ജിയുടെ ശമ്പളത്തിന് തുല്യമായിരിക്കും. സിഇസിയുടേയും മറ്റ് സിഇകളുടേയും ശമ്പളം, അലവന്‍സ്, സേവനവ്യവസ്ഥകള്‍ എന്നിവ ക്യാബിനറ്റ് സെക്രട്ടറിയുടേതിന് തുല്യമായിരിക്കുമെന്ന് ബില്‍ വ്യക്തമാക്കുന്നു.
1991ലെ നിയമപ്രകാരം സിഇസികളും ഇസികളും ആറ് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസ് തികയുന്നതുവരേയോ ഏതാണോ ആദ്യം ആ കാലയളവുവരെ പദവിയില്‍ തുടരണമെന്നും നിഷ്കര്‍ഷിക്കുന്നു. ഒരു ഇസിയെ സിഇസിയായി നിയമിച്ചാല്‍, അയാളുടെ ആകെ കാലാവധി ആറ് വര്‍ഷത്തില്‍ കൂടരുത്. പുതിയ ബില്‍ ഇതേ കാലാവധി നിലനിര്‍ത്തുന്നു.
കൂടാതെ ബില്ലില്‍ സിഇസിക്കും മറ്റ് ഇസികള്ക്കും വീണ്ടും നിയമനത്തിന്് അര്‍ഹതയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ കാര്യങ്ങളും ഏകകണ്ഠമായി നടത്തേണ്ടതാണ്. ഏതെങ്കിലും വിഷയത്തില്‍ സിഇസിയും മറ്റ് സിഇകളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് ഭൂരിപക്ഷ തീരുമാനത്തിന് വിധേയമാകും.
ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം, സുപ്രീം കോടതി ജഡ്ജിയുടേതിന്് സമാനമായ രീതിയില്‍ മാത്രമേ സിഇസിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയൂ. പാര്‍ലമെന്റിന്റെ ഇരുസഭകളും ഒരേ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തെ അടിസ്ഥാനമാക്കി രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് ഇത് ചെയ്യുന്നത്. ഓരോ ഹൗസിലേയും മൊത്തം അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണയും ഹാജരായിരിക്കുന്നതും വോട്ടുചെയ്യുന്നതുമായ അംഗങ്ങളില്‍ നിന്ന് കുറഞ്ഞത് മൂന്നില്‍ രണ്ട് പിന്തുണയും നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കാന്‍ ആവശ്യമാണ്. സിഇസിയുടെ ശുപാര്‍ശയില്‍ മാത്രമേ ഒരു ഇസിയെ ഓഫീസില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയൂ. ഈ നീക്കംചെയ്യല്‍ നടപടിക്രമം ബില്‍ നിലനിര്‍ത്തുന്നു.
1991ലെ നിയമപ്രകാരം സിഇസിക്കും മറ്റ് ഇസികള്ക്കും അവരുടെ രാജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കാം. ബില്ലിലും ഇതേ വ്യവസ്ഥയുണ്ട്്. സെലക്ഷന് പാനലില്‍ പ്രധാനമന്ത്രി, ലേക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവര്‍ ഉള്‍പ്പെടണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന ഒരു ഉഭയകക്ഷി പാനല്‍ രൂപീകരിക്കാന്‍ ഇന്ത്യയുടെ പരമോന്നത കോടതി മാര്‍ച്ച് രണ്ടിന് വ്യാഴാഴ്ച ഉത്തരവിട്ടു. സര്‍ക്കാര്‍ അവരെ ‘ഫലപ്രദമായി തിരഞ്ഞെടുക്കുന്ന’ രീതി അവസാനിപ്പിച്ചു. ആഗസ്റ്റ് പത്തിലെ വേറൊരു വ്യാഴാഴ്ച സുപ്രീം കോടതി നിര്‍ദേശത്തെ മറികടന്നു കൊണ്ടുള്ള ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇലക്ഷന് കമ്മീഷന് എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ ചുക്കാന്‍ തങ്ങളുടെ കൈകകളില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ലക്ഷ്യം ഭരണഘടനയുടെ അന്തഃസത്തയ്ക്കൊത്ത ഒരു തിരഞ്ഞെടുപ്പ് കമ്മീഷനോ? അതോ തങ്ങളുടെ ഇംഗിത പൂരണം നടത്താനുള്ള വാലാട്ടികളോ?
തിരഞ്ഞെടുപ്പ് കമ്മിഷനെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഭയാനകമാണ്. (2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര അടുത്ത അടുത്തവര്‍ഷം ഫെബ്രുവരിയില്‍ സ്ഥാനമൊഴിയുന്നു എന്നീ കാര്യങ്ങള്‍ എന്റെ ജനാധിപത്യബോധത്തിലേക്ക് തിരനീക്കിയെത്തുന്നു).
എനിക്ക് ചോദിക്കാനുള്ള രണ്ട് ചോദ്യങ്ങള്‍-
ഒന്ന്, നിഷ്പക്ഷമായ ഒരു പാനല്‍ എന്ന സുപ്രീം കോടതിയുടെ നിലവിലുള്ള വിധിയില്‍ എന്താണ് അപാകത?
രണ്ട്, പക്ഷപാതപരമായി ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കണമെന്ന്് പ്രധാനമന്ത്രിക്ക് തോന്നുന്നത് എന്തുകൊണ്ട്?