ആത്മകഥകള്‍ പാഠപുസ്തകങ്ങളാണ്. ലോകത്തെക്കുറിച്ച്, മനുഷ്യന്റെ വിവിധ മേഖലകളിലുള്ള വളര്‍ച്ചകളെക്കുറിച്ച് , കലാസാഹിത്യ ചരിത്രത്തെക്കുറിച്ച് ഒക്കെ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍. ചില ആത്മകഥകള്‍ നമുടെ ജീവിതത്തിന് വഴിവിളക്കാകും. ജീവിതത്തിലും കലയിലും അസാധാരണത്വം കാഴ്ചവച്ച ഷെവലിയര്‍ ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന്റെ ആത്മകഥ അത്തരത്തില്‍ ഒന്നാണ്. ‘എന്റെ കലാജീവിതം’ എന്നാണ് പുസ്തകത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള ശീര്‍ഷകം. മലയാള സംഗീതനാടക ചരിത്രത്തെപ്പറ്റി ഇന്നത്തെ തലമുറയ്ക്ക് ആഴത്തിലുള്ള അറിവ് നല്‍കുന്നതാണ് ഈ പുസ്തകം. തമിഴ് നാടകങ്ങളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് 1905ലാണ് കെ.സി കേശവപ്പിള്ള മലയാളത്തില്‍ ‘സദാരാമ’ എന്ന സംഗീത നാടകം രചിക്കുന്നത്. അക്കാലത്ത് തന്നെ തമിഴിലും മലയാളത്തിലും സംഗീത നാടകങ്ങള്‍ രചിക്കുകയും അവ സംവിധാനം ചെയ്യുകയും ചെയ്ത ചെല്ലാനംകാരന്‍ വി.എസ് ആന്‍ഡ്രൂസ് ചരിത്രപുരുഷന് തന്നെയാണ്. മുതുകുളം രാഘവന് പിള്ള , ജി.എന്‍ പണിക്കര്‍, സ്വാമി ബ്രഹ്മാവൃതന് ഇവരൊക്കെ മലയാള നാടക ചരിത്രത്തിലെ കുലപതികളാണ്.
ചിത്രകാരനായി ജീവിതമാരംഭിച്ച ചെറിയാന് ലോകപ്രസിദ്ധനായ രാജാ രവിവര്‍മ്മയുടെ മകന് രാമവര്‍മ്മ തമ്പുരാന്റെ ശിഷ്യനായിരുന്നു. തൃശൂരില്‍ ഗുരുവിലാസം പെയിന്റിംഗ് സ്റ്റുഡിയോ സ്ഥാപിച്ച പി.ജെ. ചെറിയാന് ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് നാടക അഭിനയത്തിലേക്ക് തിരിയുന്നത്. പിന്നീട് എറണാകുളം ബ്രോഡ് വേയില്‍ സ്റ്റുഡിയോ സ്ഥാപിച്ചു. റോയല്‍ സിനിമ ആന്‍ഡ് ഡ്രാമാറ്റിക് കമ്പനി എന്ന സ്ഥാപനത്തിന് രൂപം നല്കി. ആ നാടക കമ്പനിയുടെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നു സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലക്കുട്ടിയും. പറുദീസ നഷ്ടം, ജ്ഞാനസുന്ദരി, നല്ല തങ്ക, കോവിലന്, സത്യവാന് സാവിത്രി തുടങ്ങിയ നാടകങ്ങള്‍ ഈ കമ്പനി രംഗത്ത് അവതരിപ്പിച്ചു. ഇവയില്‍ മൂന്നെണ്ണം പില്ക്കാലത്ത് സിനിമയുമായി മാറി.
നാടകങ്ങളുടെ വിജയത്തില്‍ സന്തോഷവാനായ അദ്ദേഹം കേരളത്തില്‍ ആദ്യമായി സ്ഥിരം നാടകവേദി സ്ഥാപിച്ചു. അഭിനേതാക്കള്‍ക്ക് മാസശമ്പളം ഏര്‍പ്പെടുത്തിയതും ചെറിയാനാണ്. ആര്‍ട്ടിസ്റ്റ് ചെറിയാന് അഭിനയിച്ച ‘മിശിഹാചരിത്രം’ നാടക ചരിത്രത്തിലെ മികവുറ്റ അധ്യായമാണ്.
ബ്രിസ്റ്റോ സായിപ്പ് വെല്ലിംഗ്ടണ്‍ ഐലന്‍ഡിന് രൂപം നല്കിയപ്പോള് ചിത്രകാരനായി കൂടെയുണ്ടായിരുന്നത് ആര്‍ട്ടിസ്റ്റ് ചെറിയാനാണ്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിന്റെ ആകാശദൃശ്യം അക്കാലത്ത് ചെറിയാന് വരച്ചു. അങ്ങനെ വാസ്തു ശില്പി എന്ന രീതിയിലും അദ്ദേഹം പ്രശസ്തനായി.
ആര്‍ട്ടിസ്റ്റ് ചെറിയാന്റെ കേരള ടാക്കീസ് എന്ന സ്ഥാപനം നിര്‍മ്മിച്ച ‘നിര്‍മല’ എന്ന സിനിമയാണ് മലയാളത്തിലെ ആദ്യത്തെ ജനപ്രിയ സിനിമ. അക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ നായികാ നായകന്മാരെ കിട്ടാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയുമാണ് സിനിമയില്‍ അഭിനയിച്ചത്. മലയാളത്തില്‍ ആദ്യമായി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതും ആ സിനിമയിലൂടെയാണ്. അതിലെ ഗാനങ്ങള്‍ രചിച്ചത് മഹാകവി ജി. ശങ്കരക്കുറുപ്പ് ആയിരുന്നു പ്രസിദ്ധ സാഹിത്യകാരനായ പുത്തേഴത്ത് രാമന് സംഭാഷണവും നിര്‍വഹിച്ചു. ജേക്കബ് മൂഞ്ഞപ്പിള്ളിയുടേതായിരുന്നു കഥ. ആ സിനിമ മലയാളക്കരയില്‍ വലിയ തരംഗം സൃഷ്ടിച്ചു.
ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന് ജനിച്ചത് 1891ലാണ്. 90വര്‍ഷങ്ങള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതത്തിന് ലഭിച്ച ബഹുമതികളില്‍ ഏറ്റവും ഉയര്‍ന്ന നില്‍ക്കുന്നത് 1965ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ നല്കിയ ഷെവലിയര്‍ ബഹുമതിയാണ്.
എറണാകുളം ബ്രോഡ് വേയില്‍ അദ്ദേഹം നടത്തിയിരുന്ന ഫോട്ടോ സ്റ്റുഡിയോ കത്തിനശിച്ചതും നാടക സംഘത്തില്‍ നിന്ന് ഓച്ചിറ വേലുക്കുട്ടിയുടെ തിരോധാനവും അതുമൂലം നാടക ട്രൂപ്പ് നിര്‍ത്തിവയ്ക്കേണ്ടി വന്നതും നിര്‍മ്മിച്ച സിനിമയ്ക്ക് വേണ്ടി കുടുംബ സ്വത്ത് നഷ്ടമാക്കേണ്ടി വന്നതും എല്ലാം ഈ കലാകാരന്റെ ജീവിതത്തിലെ ദുഃഖം നിറഞ്ഞ അനുഭവങ്ങളാണ്.
‘അധ്വാനം, അധ്വാനം, കൃത്യസമയങ്ങളില്‍ അധ്വാനിച്ചാല്‍ ശ്രീമാനാകാം’ എന്നത് ആപ്തവാക്യമാക്കി അദ്ദേഹം പൊരുതി. മലയാളത്തിന്റെ ശ്രേഷ്ഠമായ ആത്മകഥകളില്‍ ഒന്നായ എന്റെ കലാജീവിതത്തില്‍ ഇതൊക്കെ സവിസ്തരം രേഖപ്പെടുത്തിയിരിക്കുന്നു.
തന്റെ ആത്മകഥയുടെ ആദ്യ അധ്യായത്തിന്റെ തുടക്കത്തില്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് എഴുതിയ വാക്കുകള്‍ മാത്രം മതി പ്രകാശം പരത്തിയ ആ ജീവിതത്തിന്റെ മഹത്വമറിയാന്‍.
‘
ഇതെഴുതുമ്പോള്‍ പ്രായം എനിക്ക് ‘വൃദ്ധന്’ എന്നു പേര് നല്കിയിരിക്കുന്നു. ഓരോ ഋതുക്കളും എത്രയോ പ്രാവശ്യം വീതം എന്റെ മുന്നിലൂടെ കടന്നുപോയിരിക്കുന്നു.
ഞാന്‍ ചവിട്ടിക്കടന്നുപോന്ന കല്പ്പടവുകളിലേക്ക് ഒന്നുതിരിഞ്ഞുനോക്കുവാന് സ്വാഭാവികമായും ആഗ്രഹിച്ചുപോകുകയാണ്. കുടിച്ചുതീര്‍ത്ത മുന്തിരിച്ചാറിന്റെയും കൈപ്പുനീരിന്റെയും പാനപാത്രങ്ങള്‍ അങ്ങിങ്ങായി ഒഴിഞ്ഞുകിടപ്പുണ്ട്. ഒരിക്കല്‍ വസന്തം വന്നു തഴുകിത്താലോലിച്ച യൗവനാരാമം അങ്ങകലെകാണുന്നു. പൂക്കള്‍ കൊഴിഞ്ഞുവീണിട്ടുണ്ട്; ഇലകള്‍ വാടിക്കരിഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ തെല്ലും നിരാശനല്ല. കാരണം, ഞാന്‍ അതിജീവിച്ചു. ജിവിതത്തിന്റെ നേര്‍ക്കു പരിഭവപ്പെടാതെ, കര്മ്മമാര്ഗ്ഗത്തില്നിന്നു വ്യതിചലിക്കാതെ, ജീവിച്ചു.