ആരും കൊട്ടിഘോഷിക്കാത്ത ഒരു വാര്‍ത്തയുണ്ട്. 2017ല്‍ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൗളി വത്സന് ഈ വര്‍ഷം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമായതുകൊണ്ട് ആരും പരാതി പറഞ്ഞില്ല.
പൗളി ഒരു ഏകവചനമാണ്. ജീവിതത്തിലും നാടകത്തിലും ഇപ്പോള്‍ സിനിമയിലും. സമാനകളില്ലാത്ത ഒരു ഏകവചനം.
കൂട്ടുകാരികളോട് പലപ്പോഴായി കടമായി വാങ്ങിയ ഇരുപത്തിയഞ്ചു രൂപ മടക്കിനല്കാന് വഴിയേതുമില്ലാതിരിക്കുമ്പോഴാണ് പൗളി നാടകത്തെക്കുറിച്ചു ചിന്തിക്കുന്നത്. കടം വീട്ടാന്‍ നാടകത്തിലെത്തി. നാടകം കൊണ്ട് കടം വീട്ടി. പിന്നെ നാടകം മാത്രമായി ചിന്ത. രക്തത്തില്‍ അലിഞ്ഞുപോയ പോലൊരു ചിന്ത. കടലോര ഗ്രാമമായ വൈപ്പിനിലെ ഉപ്പുകാറ്റും വെള്ളക്കെട്ടും താണ്ടി വളര്‍ന്ന പൗളി ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ആ കയ്പുനീരില്‍ നിന്നു പിന്നോട്ട് നീന്തിയിട്ടില്ല. കഠിനമായ ദാരിദ്ര്യം, ജീവിതാവസ്ഥകള്‍, പഠനകാലത്തെ പ്രതികൂല സാഹചര്യങ്ങള്‍, പ്രണയകാലത്തിന്റെ വേദനകള്‍ നിറഞ്ഞ പരിസമാപ്തി, കഠിനമായ രോഗാവസ്ഥകള്‍…അങ്ങനെ എന്തൊക്കെ … പൗളി വത്സന് തന്റെ ജീവിതകഥ പറയുന്ന ഒരു പുസ്തകമുണ്ട്. ‘ചോര നേരുള്ള പകര്നാട്ടങ്ങള്’ പുസ്തകം പൗളി വത്സന് എന്ന നടി അനുഭവിച്ച കഠിനകഷ്ടകാലങ്ങളെക്കുറിച്ചല്ല, മറിച്ച് ജീവിതം തനിക്കുനേരെയെറിഞ്ഞ തീകളൊക്കെയും അനുഭവത്തിന്റെയും അഭിനയത്തിന്റെയും പ്രകാശരേഖകളാക്കി മാറ്റിയ ശക്തയായ ഒരു സ്ത്രീയെക്കുറിച്ചുള്ളതാണ്.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പൗളി സ്റ്റേജില്‍ എത്തുന്നത്. ആ കഥ കേള്‍ക്കുന്നത് പുസ്തകത്തില്‍ നിന്നാകട്ടെ.
‘1975ലാണ് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് എന്റെ രംഗപ്രവേശം. അതിനകം നാട്ടിലെ ഒട്ടുമിക്ക ക്ലബ്ബുകള്‍ക്കുവേണ്ടിയും ഞാന്‍ നാടകം കളിച്ചു കഴിഞ്ഞിരുന്നു. വൈപ്പിന്കരയിലെ എല്ലാ ക്ലബ്ബുകള്‍ക്കു വേണ്ടിയും രണ്ടും മൂന്നും തവണ നാടകം കളിച്ചു. കടേക്കുരിശിങ്കലിലെ ഒരു കപ്പേളയില്‍ പെരുന്നാളിനോടനുബ ന്ധിച്ച് കളിച്ച ഒരു നാടകം അക്കൂട്ടത്തില്‍ മറക്കാനാവാത്തതാണ്. നാടകകത്തിന്റന്ന് സന്ധ്യയോടെയാണ് അതില്‍ അഭിനയിക്കാമെന്നേറ്റിരുന്ന മുഖ്യനടി എന്തോ അസൗകര്യം മൂലം വരില്ലെന്നറിയുന്നത്. സംഘാടകര്‍ അതോടെ പരക്കം പാച്ചിലായി. രാത്രി 11നാണ് നാടകം നിശ്ചയിച്ചിരുന്നത്. അതിനകം പറ്റിയ നടിയെ എവിടെപ്പോയി തപ്പും; അഥവാ നടിയെ കിട്ടിയാല്‍ തന്നെ സംഭാഷണമൊക്കെ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ പഠിച്ചെടുക്കും, അതും റിഹേഴ്സല്‍ പോലുമില്ലാതെ.
ഞാന്‍ അപ്പോള്‍ മാലിപ്പുറത്ത് കൊച്ചാപ്പന്മാരുടെ വീട്ടിലാണ്. രാത്രി എട്ടു മണിയോടെ സംഘാടകര്‍ എന്നെ തേടിയെത്തി. കൊച്ചാപ്പന്മാരോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ക്കു സമ്മതം. അപ്പനെ കണ്ട് അനുവാദമൊന്നും വാങ്ങാന്‍ പിന്നെ കാത്തു നിന്നില്ല. കൊച്ചാപ്പന്മാര്ക്കൊപ്പം അപ്പോള്‍ തന്നെ കടേക്കുരിശിങ്കലിലെത്തി. എനിക്ക് അകമ്പടിയായി കൊച്ചാമ്മമാരുമുണ്ടായിരുന്നു കൂടെ.
ഒരു മുഴുനീള(ഫുള്‍ ലെങ്ത്) നാടകമായിരുന്നു അന്ന് അവിടെ കളിക്കേണ്ടിയിരുന്നത്. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന നാടകം. അതില്‍ നായിക റോളില്‍ അഭിനയം. ഞാന്‍ കൂടുതലൊന്നും ചിന്തി ച്ചില്ല. രാത്രി പതിനൊന്നിനകം സംഭാഷണമൊക്കെ പഠിച്ചെടുത്തു. ഡയലോഗുകള്‍ പഠിക്കുക പണ്ടേ എനിക്ക് എളുപ്പമാണ്; അതും വളരെ വേഗത്തില്‍ കുറഞ്ഞ സമയം കൊണ്ട്. പണ്ട് മുതലേയുള്ള ഒരു ശീലമാണത്. നാടക പുസ്തകം കൈയില്‍ കിട്ടുമ്പോള്‍ തന്നെ അതിലെ കഥാസന്ദര്‍ഭങ്ങളെ ഞാന്‍ രണ്ടായി വിഭജിക്കും കഥാപാത്രങ്ങളെ രണ്ടായി വേര്‍തിരിക്കും സിനിമയില്‍ നസീറും ഷീലയും എന്നപോലെ അല്ലെങ്കില്‍ മധുവും ശാരദയും എന്നപോലെ തുടര്‍ന്നങ്ങോട്ട് കഥാപാത്രങ്ങള്‍ ആയിട്ടാണ് ഞാന്‍ കഥ വായിക്കുന്നത്; സംഭാഷണങ്ങള്‍ ഉരുവിടുന്നത്. അതും നല്ല ഉച്ചത്തില്‍ തന്നെ. അതോടെ സംഭാഷണങ്ങളെത്രയും എന്റെ മനസ്സില്‍ പതിയും . മനസ്സില്‍ മായാതെ നില്ക്കും. അത് തന്നെയാണ് പിന്തുടര്ന്നത് രണ്ടുമണിക്കൂര്‍ നാടകത്തില്‍ നായികയായി ഞാന്‍ അന്ന് തകര്‍ത്തഭിനയിച്ചു.
പിറ്റേന്ന് 10ലെ പരീക്ഷയ്ക്ക് സ്കൂളില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങേണ്ട ദിവസമായിരുന്നു. ഞാന്‍ പക്ഷേ, പോയില്ല ടിക്കറ്റ് വാങ്ങിയില്ല പിന്നീട് ഒരു പരീക്ഷയും ഞാന്‍ എഴുതിയില്ല. എന്റെ വിദ്യാഭ്യാസം അവിടെ തീര്‍ന്നു.’
പൗളി എന്ന പ്രതിഭയുടെ തിളക്കം ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിലും നമ്മള് കണ്ടു.
ദാരിദ്ര്യത്തോടും കഷ്ടതകളോടും പടപൊരുതി മലയാള നാടകവേദിയിലും സിനിമയിലും സ്വന്തം ഇടം കണ്ടെത്തി പൗളി വത്സന്. എറണാകുളം ജില്ലയിലെ വൈപ്പിന്‍ കരയില്‍ ഓച്ചന്തുരുത്ത് വളപ്പ് പുത്തന്‍പുരക്കല്‍ ജോണിന്റെയും റോസിയുടെയും മൂത്തമകളായി 1957 ഓഗസ്റ്റ് 5ന് ജനിച്ചു. പി.ജെ ആന്റണി, രാജന് പി. ദേവ് സേവര്‍ പുല്‍പ്പാട്ട്, കുയിലന്‍, സലിംകുമാര്‍ ആലംമൂടന്‍, ബെന്നി പി. നായരമ്പലം തുടങ്ങിയവരുടെ നാടക ട്രൂപ്പുകളിലൂടെ അവര്‍ ശ്രദ്ധേയയായി. മികച്ച നാടക നടിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. അണ്ണന് തമ്പി എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തി. ഈ. മ. യൗ., ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് 2017ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് പൗളി നേടിയത്.
ആ വര്‍ഷമാണ് പൗളി, പത്രപ്രവര്ത്തകന് ജോയ് പീറ്ററിന്റെ മനോഹരമായ എഴുത്തിന്റെ സഹായത്തോടെ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ അവതാരികയില്‍ ജോണ്‍പോള്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.
‘പൗളിയ്ക്കു പരിഭവമില്ല; പരാതിയില്ല. തന്നതുമാത്രമല്ല തരാത്തതും തരാമായിരുന്നതും കൂടി തിരിച്ചെടുത്തപ്പോഴും പൗളി വിധിയോടു കലഹിക്കുന്നില്ല. വിധിയെ നോക്കി, കാലത്തെ നോക്കി, ചുറ്റുവൃത്തങ്ങളെ നോക്കി, സഹയാത്രികരെ നോക്കി, അലിവോടെ ചിരിക്കുന്നു. ആ അലിവ് നിശിതവും തീക്ഷ്ണവും ദൃഢവുമായത് അനുഭവങ്ങളുടെ പ്രത്യക്ഷ പരങ്ങള്ക്കപ്പുറത്തെ അതീന്ദ്രിയാനുഭൂതിയാലാണ്. അതാവട്ടെ തികച്ചും ആത്മീയവുമാണ്. സൂര്യരശ്മികളുടെ മുനമൂര്ച്ചയോടെ അതില്‍ നിന്നു പ്രസരിക്കുന്നല് നൊമ്പരങ്ങളുടെ ആഴങ്ങളില്‍ ജ്ഞാനസ്നാനം ചെയ്തുണര്ന്ന ആഹ്ലാദത്തിന്റെ സായൂജ്യശകലങ്ങളാണ്. aching joys ന്റെ തീവ്ര വര്‍ഷം.’
തിരക്കില്ലാത്ത ദിവസങ്ങളില്‍ പൗളി ചേച്ചിയെ അന്വേഷിച്ച് ചെന്നാല്‍ അത് ഉച്ചസമയമാണെങ്കില്‍ വീടിനടുത്തുള്ള കപ്പേളയില്‍ അയല്‍വീടിലെ സഹോദരിമാരോടൊത്ത് കൊന്ത ചൊല്ലുന്ന പൗളി ചേച്ചിയെ കാണാം. ജീവിതത്തിന്റെ സങ്കടകടലുകളെ പ്രാര്‍ഥനയുടെ ശക്തിയാല്‍ തുഴഞ്ഞുകയറിയ പൗളി ചേച്ചി.
പൗളി ഒരു ഏകവചനമാണ്. സമാനതകളില്ലാത്ത ഏകവചനം.