സംഗീതത്തിന്റെ പ്രാധാന്യമെന്നത് എല്ലാവരേയും സ്പര്‍ശിക്കാനുള്ള അതിന്റെ സവിശേഷമായ കഴിവാണ്! സംഗീതം സാര്‍വത്രികമാണ്, അത് ആര്‍ക്കും മനസിലാക്കാനാകും; മനുഷ്യര്‍ക്കുമാത്രമല്ല പക്ഷിമൃഗാദികള്‍ക്കും. ഒരു ചലനചിത്രത്തില്‍ പശ്ചാത്തല സംഗീതത്തിനും ഇതേ പ്രാധാന്യമുണ്ട്. കാഴ്ചക്കാരെ സിനിമയുമായി കോര്‍ത്തിണക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് പശ്ചാത്തല സംഗീതം. ഓരോ രംഗത്തിനും യോജിച്ച മികച്ച പശ്ചാത്തല സംഗീതമൊരുക്കുകയെന്നത് പ്രതിഭകള്‍ക്കു മാത്രം കഴിയുന്ന ഒന്നാണ്. പല സിനിമകളും ക്ലാസിക് തലത്തിലേക്കുയരാന്‍ പശ്ചാത്തല സംഗീതം നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്. സംഗീതലോകത്ത് ഒരിക്കല്‍ കാല്വച്ചവര്ക്ക് തിരിച്ചുപോക്കില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയ ഡോണ്‍ വിന്‍സെന്റും സംഗീതത്തിന്റെ ഉപാസകന് തന്നെ.
പ്ലസ് ടുവിനു പഠിക്കുന്ന കാലം മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും പെരുമാനൂര്‍ അംബികാപുരം പള്ളിയിലെ തിരുക്കര്‍മങ്ങളില്‍ ഗിറ്റാര്‍ അല്ലെങ്കില്‍ കീബോര്‍ഡ് വായിക്കാന്‍ ഡോണ്‍ വിന്‍സെന്റ് ഉണ്ടാകും. 16 വര്‍ഷമായി ഡോണ്‍ ഇതു തുടരുന്നു. ഇത്തവണത്തെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ പുരസ്കാരം ലഭിക്കുമ്പോഴും ഡോണ്‍ വിന്‍സെന്റ് വരാപ്പുഴ അതിരൂപതയിലെ പെരുമാനൂര്‍ ഇടവക ഗായകസംഘത്തിലെ സജീവ അംഗമാണ്.
‘ന്നാ താന്‍ കേസ് കൊട് ‘ എന്ന സിനിമയിലെ പശ്ചാത്തല സംഗീതമാണ് ഡോണിനു സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്. മുപ്പത്തിയഞ്ചു സിനിമകള്‍ക്കായി ഡോണ്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതസംവിധാനം, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈന്‍ എന്നീ മേഖലകളില്‍ സ്വന്തമായൊരു മേല്‍വിലാസം ഇതിനകം ഡോണ്‍ നേടിയെടുത്തു. സ്കൂള്‍ പഠനശേഷം കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് മീഡിയയില്‍ ബിടെക് ബിരുദം നേടിയ ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശബ്ദലേഖനത്തില്‍ ബിരുദാനന്തരബിദുരം നേടി.
പൂനെയിലെ പഠനകാലത്താണ് സഹപ്രവര്‍ത്തകരുടെ സിനിമാ മോഹവും ചര്‍ച്ചകളും ഡോണിനെ വലിയ സ്ക്രീനിനു പിന്നില്‍ എത്തിച്ചത്. 2015 ല്‍ അഡ്വെന്‍ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന സിനിമയിലാണ് ആദ്യം പ്രവര്‍ത്തിക്കുന്നത്. കമ്മട്ടിപ്പാടം, ഇബ്ലീസ്, ഈട, കള എന്നീ സിനിമകള്‍ക്ക് സൗണ്ട് ഡിസൈനും പശ്ചാത്തല സംഗീതവും നല്കി. 2018, ഹിഗ്വിറ്റ, അപ്പന്, കാപ്പാ, ടീച്ചര്‍, കുറ്റവും ശിക്ഷയും എന്നീ സിനിമകളിലെ പാട്ടുകള്‍ക്ക് സംഗീതം നല്കി. വൈറസ് എന്ന സിനിമയുടെ സൗണ്ട് എഡിറ്റര്‍ ആയിരുന്നു.
സംഗീതസംവിധായകന് ഫാ. ജോളി ചക്കാലക്കലുമായുള്ള സൗഹൃദം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് ഓര്ക്കസ്ട്രേഷന് നല്കാന് വഴിയൊരുക്കിയത് ഡോണ്‍ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍ ഏറ്റവും പ്രശസ്തമായ ഒരു പാട്ടാണ് ആത്മാവില്‍ ഒരു പള്ളിയുണ്ട് എന്നു തുടങ്ങുന്ന ഗാനം. (രചന : ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി, സംഗീതം: ഫാ. ജോളി ചക്കാലക്കല്‍, ആലാപനം : ചിത്രയും ഗാഗുലും).
നാലാം ക്ലാസ് മുതല്‍ പിയാനോ പഠിക്കുന്ന ഡോണ്‍ വിന്സെന്റിനു എല്ലാ പിന്തുണയുമായി മാതാപിതാക്കളായ വിന്‍സെന്റ് കുന്നലക്കാട്ട്, ഷീന വിന്‍സെന്റ്, ഭാര്യ പ്രിസില്ല, സഹോദരന് ഗായകന് കൂടിയായ നവീന്‍ വിന്‍സെന്റ് എന്നിവര്‍ കൂടെയുണ്ട്. പുതിയ പ്രതിഭകളോട് ഡോണിനു പറയാനുള്ളത്: കഠിനധ്വാനവും, കൃത്യമായ ഫോക്കസിങ്ങും ഇല്ലാതെ വിജയം നേടാന്‍ കഴിയില്ലായെന്നാണ്.